മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വിവാദമായി. ഇന്ത്യയിലുള്ളവർ ഇന്ത്യൻ ഭരണഘടനാ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്ന് അനിൽ ട്വിറ്ററിൽ കുറിച്ചു. എഐസിസിയുടെയും കെപിസിസിയുടെയും ഡിജിറ്റൽ കമ്യൂണിക്കേഷൻസ് വിഭാഗത്തിലാണ് അനിൽ ആന്റണി പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. അനിലിന്റെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നു. താൻ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി കൂട്ടിച്ചേർത്തു. അനിലിനെ പദവികളിൽ നിന്ന് മാറ്റിയേക്കും,. അതിനിടെ താൻ നടത്തിയ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അനിൽ ആന്റണി ആവർത്തിച്ചു. ഇന്ത്യയുടെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നുതന്നെ കരുതുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ തെറ്റില്ല, ഡോക്യുമെന്ററി നിരോധിക്കുന്നതിനോടു യോജിപ്പില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
അനിൽ ആന്റണിക്കെതിരെ നടപടി വേണമെന്ന് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. അനിൽ ആന്റണി കെപിസിസി ഡിജിറ്റൽ സെല്ലിന്റെ ഭാഗമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സംസ്ഥാന വ്യാപകമായി കെപിസിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.
മുമ്പ് ഏകെ ആന്റണിയെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നൂവെന്ന അഭ്യൂഹം ശക്തമായിരുന്നു. ബിജെപിയിലെ തന്നെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നൂ. രണ്ടാം യുപിഎ ഗവണ്മെന്റിലെ ഹെലിപ്‌കോപ്ടർ അഴിമതി കേസിലുൾപ്പെടെ ഏകെ ആന്റണിയുടെ പേര് വന്നതിനാൽ ആന്റണിയെപ്പോലുള്ളവരുമായി സഹകരിക്കുന്നത് ബിജെപിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നായിരുന്നു കണക്കു കൂട്ടൽ. കെപിസിസി ഡിജിറ്റൽ സെല്ലിന്റെ ചുമതല വഹിച്ചിട്ട് പോലും ഭാരത് ജോഡോ യാത്രക്ക് അനിൽ ആന്റണി അർഹിക്കുന്ന പ്രാധ്യാന്യം നൽകിയില്ലെന്ന വാദവും കോൺഗ്രസിൽ പുകയുന്നുണ്ട്. അതിന് പുറമെയാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററിയെ എതിർത്ത് മോദിക്ക് പിന്തുണയുമായി അനിൽ ആന്റണിയുടെ ട്വീറ്റ്. ഇതോടെ എ.കെ ആന്റണിയും പുത്രനും ബിജെപി പാളയത്തിലേക്കാണോ എന്ന സംശയം കോൺഗ്രസ്സിൽ ശക്തമാകുകയാണ്.