പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്ത്‌ന് ഒടുവില്‍ അറുതിയായി. ശ്രീരാമ ജന്മഭൂമിയെന്ന് ഹൈന്ദവജനത വിശ്വസിക്കുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയരണമെന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി വിധി പ്രസ്താവിച്ചു.
വിധിയെത്തിയപ്പോള്‍ ഏവരും സര്‍വാത്മനാ അതിനെ സ്വാഗതം ചെയ്തു. ചില സംഘടനകള്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും വിധിയുടെ സത്ത ഉള്‍ക്കൊള്ളാന്‍ അവരും തയ്യാറായി.
സ്ഥലത്തിന്റെ കൈവശാവകാശം ഉണ്ടായിരുന്ന സുന്നിവഖഫ് ബോര്‍ഡിന് മറ്റൊരിടത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും കോടതി തയ്യാറായി.
ക്ഷേത്രം നിര്‍മിക്കാനുള്ള സ്ഥലം കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കുകയും ഒരു ട്രസ്റ്റ് രൂപികരിച്ച് ക്ഷേത്രം നിര്‍മിക്കാന്‍ നിര്‌ദ്ദേശിക്കുകയും ചെയ്തു. ഇതോടെ അയോദ്ധ്യ വിഷയം അടഞ്ഞ അദ്ധ്യായമായി മാറി.
ഇത്രയും നാള്‍ അയോദ്ധ്യ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വന്ന ഇടതു -കപട മതേതര ശക്തികള്‍ക്കേറ്റ തിരിച്ചടിയുമാണ് ഈ വിധി. കാലാകാലങ്ങളായി ഒരു വലിയ സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെയാണ് പരമോന്നത കോടതി ചരിത്രപരമായ ഈ വിധിയിലൂടെ അംഗീകരിച്ചത്.
വൈദേശിക ആക്രമണങ്ങളില്‍ ഭാരതത്തിലെ ഹൈന്ദവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നുവെന്നത് ചരിത്ര സത്യമാണ്.
അയോദ്ധ്യയിലും കാശിയിലും മഥുരയിലും സോമനാഥത്തിലും എല്ലാം ഈ ദുരവസ്ഥയുണ്ടായി. അയോദ്ധ്യയില്‍ ഇന്ത്യയുടെ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് നടത്തിയ ഉത്ഖനനത്തിലും ഗവേഷമത്തിലും പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
കോഴിക്കോട് സ്വദേശിയും പുരാവസ്തു വകുപ്പ് റീജിയണല്‍ ഡയറക്ടറുമായിരുന്ന കെ കെ മുഹമദ് ഖനന ഗവേഷണത്തില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ ‘ഞാന്‍ ഭാരതീയന്‍’ എന്ന ആത്മകഥയില്‍ അയോദ്ധ്യ ഖനനത്തില്‍ ഇടത് ചരിത്ര ഗവേഷകന്‍മാര്‍ ചില തീവ്രമുസ്ലീംസംഘടനകളുമായി ചേര്‍ന്ന് സത്യം മൂടിവെയ്ക്കാന്‍ ശ്രമം നടത്തിയത് വിവരിക്കുന്നുണ്ട്.
ഗസ്‌നിയും ഗോറിയും ബാബറുമെല്ലാം ആരായിരുന്നുവെന്ന് മനസിലാക്കാന്‍ ശത്രുരാജ്യമായ പാക്കിസ്ഥാന്റെ ആണവ പോര്‍മുന വഹിക്കുന്ന മിസൈലുകളുടെ പേര് തിരഞ്ഞാല്‍ മതിയാകും. അടിമത്തം വ്യക്തിത്വത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍ക്ക് മാത്രമേ വൈദേശിക ആക്രമണത്തിന്റെ അടയാളങ്ങളെ ആദരിക്കാന്‍ കഴിയു. ഇന്ത്യാക്കാരനെന്ന് അഭിമാനിക്കുന്ന ഒരാളും ഇത്തരം ആക്രമണങ്ങളേയും അതിന്റെ നീക്കിയിരുപ്പുകളേയും അംഗീകരിക്കാനാവില്ല.
എഴു പതിറ്റാണ്ടായുള്ള അയോദ്ധ്യ തര്‍ക്കം ആരാധാന സ്വാതന്ത്ര്യത്തിന്റേയും വിശ്വാസത്തിന്റേയും പ്രശ്‌നമായിരുന്നു. ഇതിനെ വെറുമൊരു ഭൂമി തര്‍ക്കമായി കാണാന്‍ സുപ്രീം കോടതിക്കും കഴിഞ്ഞില്ലെന്നാണ് നവംബര്‍ ഒമ്പതിലെ ചരിത്ര വിധി സൂചിപ്പിക്കുന്നത്.
1949 മുതല്‍ ഇവിടെ ഹൈന്ദവര്‍ ആരാധന നടത്തിയിരുന്നുവെന്ന തെളിവും രാംഛബുത്ര, സീതാ രസോയി തുടങ്ങിയവ പരശതസംവത്സരങ്ങളായി തുടര്‍ന്നു വരുന്ന വിശ്വാസത്തിന്റെ അടിത്തറകളാണെന്നും കോടതി നിരീക്ഷിച്ചു,
തര്‍ക്കമന്ദിരം നിലനിന്നിരുന്നതിന്റെ അടിയില്‍ ഇതരമത ആരാധനാലത്തിന്‌റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നും ആര്‍ക്കിയോളജി ഗവേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് കോടതി പ്രസ്താവിച്ചു. ഇതേ സ്ഥലത്തുതന്നെ രാംഛബുത്രയും സീതാ കി രസോയിയും ഉണ്ടെങ്കില്‍ ഇത് ആരാധാനലയമാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടന്നെതും ഒരു വസ്തുതയാണ്.
കെ കെ മുഹമദ് പറയുന്നതു പോലെ ഗൂഢലക്ഷ്യമുള്ള ഇടത് ചരിത്രകാരന്‍മാരാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും ഇതുവഴി നിരന്തരം ഇരു സമൂദായങ്ങള്‍ തമ്മില്‍ ശത്രുതയും കലഹവും തുടരാന്‍ വഴിമരുന്നിട്ടതെന്ന് വ്യക്തം. ഇക്കുറി വിധി വന്ന ശേഷം ഇരു സമുദായത്തിലേയും നേതൃത്വം കാണിച്ച സംയമനവും രാജ്യഭരണാധികാരികള്‍ അവലംബിച്ച ക്രമസമാധാനപാലന കരുതലുകളും പക്വതയോടെയുള്ള പ്രസ്താവനകളും പ്രതികരണങ്ങളും ഇന്ത്യയുടെ പരമ്പരാഗതമായ സഹിഷ്ണുതയുടേയും സംവേദന ക്ഷമതയുടേയും പ്രത്യക്ഷ, ഉദാഹരണങ്ങളായി മാറി.
കേസില്‍ പരമോന്നത കോടതി സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധേയമായിരുന്നു. ഒരു ജനതയുടെ വിശ്വാസം, ആചാരം എന്നിവ കോടതികളുടേയും നിയമ വ്യവസ്ഥയുടെയും പരിധിക്ക് പുറത്താണെന്ന വലിയ യഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഭരണഘടനാ ബെഞ്ച് അയോദ്ധ്യാ വിധി പ്രസ്താവിച്ചത്. മതവിശ്വാസത്തിലോ, ആചാരത്തിലൊ കോടതി ഇടപെടുന്നത് നീതിയുക്തമല്ലെന്നും വിശ്വാസ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ നിന്നും കോടതികള്‍ വിട്ടുനില്‍ക്കണമെന്നും ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെടുന്നു. ഭരണഘടനയുടെ 25 ാം അനുച്ഛേദം അനുശാസിക്കുന്ന മത സാതന്ത്ര്യം അനുവദിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും കോടതി നിരീക്ഷിക്കുന്നു. വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന നടപടികളെില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ബെഞ്ച് അടിവരയിട്ട് പറയുന്നു.
ശബരിമല യുവതി പ്രവേശന കേസിലെ വിധിയില്‍ വിയോജന കുറിപ്പ് എഴുതിയ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ സമീപനത്തോട് യോജിച്ച് നില്‍ക്കുന്നതാണ് അയോദ്ധ്യ വിധിയിലെ പ്രസക്ത ഭാഗങ്ങള്‍. ഒരു ക്ഷേത്രത്തിലെ വിശ്വാസങ്ങളെയോ ആചാരങ്ങളയൊ കോടതി വിധിയിലൂടെ മാറ്റി മറിക്കാനാവില്ലെന്ന നിലപാടിനോട് പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇവിടെ യോജിക്കുന്നു.
രാജ്യത്തകമാനം ആരാധനാ വിഷയത്തില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന പരാതിയായിരുന്നെങ്കിലും വിശ്വാസികള്‍ ഇതിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും സാമൂഹിക വിഷയം എന്ന പരിഗണന നല്‍കി കോടതി ഇതു പരിഗണിക്കുന്നത് യുക്തിക്ക് നിരക്കുമായിരുന്നു. ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ മാത്രം നിലനില്‍ക്കുന്ന അതും പ്രത്യേക പ്രായപരിധിക്കുമാത്രം വിലക്കുള്ളതിനെ ലിംഗ വിവേചനം എന്ന് എങ്ങിനെ നിര്‍വചിക്കാനാകും. സ്ത്രീകള്‍ക്ക് വിലക്ക് എന്ന പ്രയോഗം തന്നെ തെറ്റാണെന്നും അമ്പതു വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് വിലക്കില്ലെന്നും കോടതി എവിടേയും പരാമര്‍ശിക്കാതിരുന്നതും ശബരിമല വിധിയിലെ പോരായ്മയായിരുന്നു.
ശബരിമല വിധി വീണ്ടും റിവ്യു പെറ്റീഷനായി പരിഗണനയ്ക്കു വരുമ്പോള്‍ ഇക്കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് വീണ്ടുവിചാരത്തോടെ ആചാരത്തെയും വിശ്വാസത്തേയും വെറുതെ വിടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അയോദ്ധ്യാവിധി ഇത്തരം പല കേസുകളിലും റഫന്‍സ് കേസായി പരിഗണിക്കപ്പെടുമെന്നും പ്രത്യാശിക്കാം.