തൊഴിലുറപ്പു തൊഴിലാളി ഇനി ബിജെപിയുടെ നിയമസഭാംഗം

0

ബംഗാളിലെ വികസനം എത്തിനോക്കാത്ത ബംഗുറ ജില്ലയിലെ സല്‍ത്തോറയില്‍ ബിജെപിയ്ക്കു വേണ്ടി മത്സരം നയിച്ചത് മുപ്പതുകാരിയായ ചന്ദന ബൗരിയായിരുന്നു. സിപിഎമ്മും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസും വിജയിച്ചു വന്ന സംവരണ മണ്ഡലം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി സ്വപന്‍ ബൗരി 82,597 വോട്ടു നേടി വിജയിച്ച മണ്ഡലം. സിപിഎം സ്ഥാനാര്‍ത്ഥി 69,900 വോട്ടുകള്‍ നേടി രണ്ടാമത് എത്തിയപ്പോള്‍ ബിജെപി നേടിയത് കേവലം 10,741 വോട്ടുകള്‍ മാത്രം.

ഇക്കുറി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ഏതാനും ബിജെപി പ്രവര്‍ത്തകര്‍ ചന്ദനയുടെ വീട്ടിലെത്തി സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടു. കല്‍പ്പണിക്കാരനായ ഭര്‍ത്താവിനോട് ആലോചിക്കട്ടെയെന്നായിരുന്നു ചന്ദനയുടെ മറുപടി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഭര്‍ത്താവ് പാര്‍ട്ടിയില്‍ നിന്നേറ്റ പീഡനങ്ങളെ തുടര്‍ന്ന് അനുഭാവം പോലും ഉപേക്ഷിച്ച് നില്‍ക്കുന്ന സമയം. ചന്ദനയുടെ ആഗ്രഹം പോലെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ചന്ദന നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ച് സമര്‍പ്പിച്ചു. ഇതിനൊപ്പം നല്‍കിയ സത്യവാങ് മൂലത്തില്‍ തനിക്ക് 31,985 രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് ചന്ദന വെളിപ്പെടുത്തിയത്. ഭര്‍ത്താവിന്റെ സ്വത്തുവിവരത്തില്‍ 30,311 രൂപയും നല്‍കിയിട്ടുണ്ട്. സ്വന്തമായുള്ള വീട് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചതാണെന്നും കൈയ്യിലുള്ളത് ജന്‍ധന്‍യോജന പ്രകാരം ലഭിച്ച ആറായിരം രൂപയാണെന്നും ഭര്‍ത്താവിന്റെ ബാങ്കിലുള്ള 1200 രൂപ കൂലിപ്പണി ചെയ്തു കിട്ടിയ വരുമാനത്തിന്റെ ഭാഗമാണെന്നും നല്‍കിയിട്ടുണ്ട്.

മൂന്നു മക്കളുടെ അമ്മയായ ചന്ദനയ്ക്ക് ഇനിയുള്ള സ്വത്തുവിവരങ്ങളില്‍ മൂന്ന് പശുവും മൂന്നു ആടുകളുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയം എസ് സി എസ്ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പദ്ധതി പ്രകാരം ലഭിച്ചതാണ് ഇതും. വൈദ്യുതി പോലും ഇല്ലാത്ത വീടാണ് ഇവരുടെ ഭര്‍ത്താവിന്റേത്.

ചന്ദനയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ സമീപവാസികളും തൊഴിലുറപ്പിന് കൂടെ വരാറുള്ള വലിയൊരു വിഭാഗം സ്ത്രീകളും പ്രചാരണത്തിനിറങ്ങി. അധികാരവും പണവും ഉപയോഗിച്ച് തൃണമൂലിന്റെ സന്തോഷ് കുമാര്‍ മൊണ്ടല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചപ്പോള്‍, ബിജെപി സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരു സ്ത്രീയെ കളത്തിലിറക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി നന്ദുലാല്‍ ബൗരിയെയും സ്ഥാനാര്‍ത്ഥിയാക്കി.

ടിഎംസിയുടെ സിറ്റിംഗ് സീറ്റില്‍ സിപിഎമ്മിനും പിന്നില്‍ പതിനായിരം വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നിട്ടും ബിജെപി തുടക്കത്തില്‍ തന്നെ വിജയപ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ടിഎംസി ഗുണ്ടകളുടെ ഭീഷണിയായിരുന്നു ആദ്യവെല്ലുവിളി.

പോസ്റ്ററുകള്‍ നശിപ്പിക്കുക, തിരഞ്ഞെടുപ്പു പ്രചാരണം അലങ്കോലമാക്കുക. ആക്രമണ ഭീഷണി ഉയര്‍ത്തുക തുടങ്ങിയ അവഹേളന പരമ്പരകളെ അതിജീവിച്ചാണ് ചന്ദനയും സംഘവും പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പു റാലിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജില്ലയില്‍ എത്തിയപ്പോള്‍ ചന്ദനയും വേദിയിലെത്തി. പ്രധാനമന്ത്രിയില്‍ നിന്ന് ആശീര്‍വാദം വാങ്ങി.

2016 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലമായിരുന്നുവെങ്കിലും ബിജെപിക്ക് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ലഭിച്ച സ്വീകാര്യത മുതല്‍ക്കൂട്ടായിരുന്നു. കാര്യമായ പ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്. ചന്ദനയുടെ വരവോടെ ജനം ബിജെപിക്കു പിന്നില്‍ അണിനിരന്നു. സംസ്ഥാനമൊട്ടാകെ പോരാട്ടം ബിജെപിയും തൃണമൂലും തമ്മില്‍ നേരിട്ടായിരുന്നു. സിപിഎം കോണ്‍ഗ്രസ് സഖ്യവും മത്സരത്തില്‍ സജീവമായിരുന്നു.

വാശിയേറിയ മത്സരത്തിനു ശേഷം ഫലം വന്നപ്പോള്‍ തൃണമൂലിന്റെ സന്തോഷ് കുമാറിനെ നാലായിരം വോട്ടുകള്‍ക്ക് ചന്ദന പരാജയപ്പെടുത്തുകയായിരുന്നു. ചന്ദനയ്ക്ക് 91,648 വോട്ടുകളും മുഖ്യഎതിരാളി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സന്തോഷ് കുമാര്‍ മണ്ടലിന് 87503 വോട്ടുകളും ലഭിച്ചു. അതേസമയം, കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്ത് എത്തിയ സിപിഎം ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎം സ്ഥാനാര്‍ത്ഥി നന്ദുലാലിന് കേവലം 14084 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ശക്തിചരണിന് 69,900 വോട്ടുകള്‍ ലഭിച്ചിടത്താണ് ഇക്കുറി പാര്‍ട്ടി 50000 വോട്ടുകളുടെ കുറവുമായി മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി പിന്തള്ളപ്പെട്ടത്. സിപിഎമ്മിന് ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുകള്‍ ഇക്കുറി ബിജെപിക്കാണ് ലഭിച്ചത്.

ചന്ദനയുടെ വിജയത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ബിജെപിയുടെ ഈ വനിതാ ജനപ്രതിനിധിയെ അഭിനന്ദിച്ചു.

യഥാര്‍ത്ഥ വനിതാ ശാക്തീകരണം ബിജെപി നടപ്പിലാക്കുന്നത് ഇങ്ങിനെയാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതര പാര്‍ട്ടികളില്‍ സീറ്റുവിഭജനവും മറ്റും പണക്കൊഴുപ്പിന്റേയും ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവും മറ്റും സ്ഥാനാര്‍ത്ഥിത്വത്തിന് മാനദണ്ഡമാകുമ്പോഴാണ് ബിജെപി ഇതില്‍ നിന്നും വ്യത്യസ്തമാകുന്നത്.

നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും മറ്റും ഇതേ പോലെ സാഹചര്യങ്ങളില്‍ നിന്നും വന്നവരെ പാര്‍ട്ടി ടിക്കറ്റ് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here