ചൈനയുടെ ഹിമാലയന്‍ വങ്കത്തരം – ഒരിക്കലും പഴയതു പോലെയാവില്ല ഇനി ബന്ധം

ചൈനയുടെ വ്യാപാര കോളനിവത്ക്കരണമാണ് ലോകമെമ്പാടുമായി നടക്കുന്നത്. പണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വം ഭൂപടങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ച് സൂര്യന്‍ അസ്തമിക്കാത്ത ചക്രവാളങ്ങള്‍ പിടിച്ചടുക്കി വെണ്‍കൊറ്റക്കുട ചൂടിയതിനെ അനുസ്മരിപ്പിക്കുന്നതാണ് ചൈനയുടെ സാങ്കേതിക തികവിലൂന്നിയ വ്യാപാര മേല്‍ക്കോയ്മയുടെ കോളനിവല്‍ക്കരണം. ആഗോള സാമ്പത്തിക രംഗം കാലിടറി വീഴുമ്പോള്‍ കൈത്താങ്ങെന്നപോലെ എത്തി യൂറോപ്യന്‍- ഏഷ്യാ -പസഫിക് -അമേരിക്കന്‍ ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്ന ചൈന ഓരോ ഭൂപ്രദേശങ്ങളിലും ഇത്തരത്തില്‍ സാമ്രാജ്യം പണിയുകയാണ്.

വിദൂരഭാവിയില്‍ ചൈനയെ ലോകത്ത് എതിര്‍ക്കാന്‍ കേല്പുള്ള ഒരേയൊരു സാമ്പത്തിക ശക്തി ഇന്ത്യ മാത്രമായിരിക്കുമെന്ന് അവര്‍ ഊഹിക്കുന്നു. ജപ്പാനേയും കടത്തിവെട്ടി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുന്നത് ദീര്‍ഘവീക്ഷണത്തോടെ ചൈന കാണുന്നു. പാക്കിസ്ഥാനേയും അവരുടെ ഭീകരസംഘടനകളേയും മുന്‍നിര്‍ത്തി കളിക്കുന്ന തിരശ്ശീലയ്ക്ക് പിന്നിലുള്ള നാടകങ്ങളുടെ കാലം കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കാശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയുടെ മഹാനഗരങ്ങളില്‍ എത്തി ആക്രമം നടത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.

ഇതിന്നിടയിലാണ് ഇന്ത്യ സൗഹൃദഹസ്തം നീട്ടിയപ്പോള്‍ സ്‌നേഹം നടിച്ച ചൈന ഇപ്പോള്‍ എക്കാലത്തും ചെയ്യുന്നതു പോലെ പിന്നില്‍ നിന്നും കുത്തിയത്. എന്നാല്‍, പഴയപോലെ അടിമേടിച്ച് മറുകരണം കാണിക്കുന്ന ക്ഷമായും ശാന്തതയുമുള്ള ഇന്ത്യയയേ അല്ല ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ഇക്കുറി കണ്ടത്.

അപ്രതീക്ഷിത തിരിച്ചടികളും അങ്ങോട്ട്കയറിയുള്ള ആക്രമണങ്ങളും അടിക്കടി അരങ്ങേറുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പലപ്പോഴും സൂചിപ്പിക്കാറുള്ള ഒഫന്‍സീവ് ഡിഫന്‍സ് എന്ന തന്ത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ നയം. ശത്രുവിന്റെ ആക്രമണങ്ങള്‍ക്കു ശേഷം അതിനെ അപലപിക്കുന്നതുമായ ഇന്ത്യയുടെ പരമ്പരാഗതമായ രാഷ്ട്രതന്ത്രത്തിന് മാറ്റം സംഭവിച്ചതായി ചൈന മനസ്സിലാക്കിയത് ദോക് ലാം സംഘര്‍ഷകാലത്താണ്. എഴുപതു ദിവവവും കഴിഞ്ഞ് അത് നീണ്ടപ്പോള്‍ ഇന്ത്യയുടെ പ്രതിരോധ ശക്തിയില്‍ തളര്‍ന്ന് ചൈനീസ് പട്ടാളം ഭൂട്ടാന്‍ അതിര്‍ത്തി വിട്ട് പിന്‍മാറി.

ഇതിനു ശേഷവും ഇന്ത്യയും ചൈനയും സൗഹൃദം തുടര്‍ന്നു. ചൈനീസ് രാഷ്ട്രത്തലവനെ ചെന്നൈയില്‍ മഹാബലിപുരത്ത് എത്തിച്ച് പല്ലവ-ചോള കാലത്തെ ഇന്ത്യയുടെ ആധിപത്യം ഓര്‍മപ്പെടുത്തി മോദി നയതന്ത്ര താക്കീത് നല്‍കി. അതിരു മാന്തുകയും അയല്‍രാജ്യങ്ങളെ അധീനതയില്‍പ്പെടുത്തി സ്വന്തം ഭൂമണ്ഡലം വിസ്തൃതമാക്കുകയും ചെയ്യുന്ന ചൈനയ്ക്ക് എക്കാലവും ഇന്ത്യയെ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ സാധിച്ചിരുന്നു.

നെഹ്‌റുവിന്റെ കാലത്തായാലും ഇന്ദിരയുടെ കാലത്തായാലും ചൈനയ്ക്ക് ഭൂമിദാനം ചെയ്തുവന്ന ഇന്ത്യയെയാണ് അവര്‍ക്കറിയാവുന്നത്. സിയാന്‍ജിയാംഗം -ടിബറ്റ് ഹൈവേയ്ക്കടുത്ത് ലഡാക്കിലെ തങ്ങളുടെ ഭൂമിയില്‍ ഇന്ത്യ റോഡ് നിര്‍മാണം നടത്തുന്നത് തടയാന്‍ ചൈന ശ്രമിച്ചു വരവെയാണ് കഴിഞ്ഞ ആഴ്ചകളില്‍ സംഘര്‍ഷം രൂക്ഷമായത്.

ചൈനയുടെ കടന്നു കയറ്റം ഫലപ്രദമായി തടഞ്ഞ ഇന്ത്യന്‍സേന തോക്കുകളെടുക്കാതെയാണ് നേരിട്ടുവന്നത്. എന്നാല്‍, വടികളും കല്ലുകൊണ്ടുണ്ടാക്കിയ കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ച് ആഴ്ടകള്‍ക്കുമുമ്പ് ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യവുമാായി നേരിട്ട് ഏറ്റുമുട്ടി. പരിക്കേറ്റിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഹെലികോപ്റ്ററില്‍ ജമ്മുവിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചു.

ഇതിനു ശേഷം ഇന്ത്യയും ചൈനയും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. മറുവശത്ത് നേപ്പാളിനെ ഉപയോഗിച്ചും ചൈന ചില നീക്കങ്ങള്‍ നടത്തിവരുകയുമാണ്. എന്നാല്‍., തിങ്കളാഴ്ച വൈകീട്ടോടെ ഇരുസൈനിക സംഘങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുകയാണ് ഉണ്ടായത്.

ചൊവ്വാഴ്ചയാണ് ഇതിന്റെ വാര്‍ത്തകള്‍ പുറം ലോകമറിഞ്ഞത്. കേണലടക്കം മൂന്നു ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ എത്തി. പിന്നാലെ അഞ്ചോളം ചൈനീസ് പട്ടാളക്കാരും മരിച്ചതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍, രാത്രി വൈകിയതോടെ സംഘര്‍ഷത്തിന്റെ ഗൗരവം വലുതായിരുന്നുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുരത്തുവന്നത്. ഇന്ത്യയുടെ ഭാഗത്ത് ഇരുപതോളം സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചതായും ചൈനയുടെ ഭാഗത്ത് നാല്‍പതോളം സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളെത്തി.

ചര്‍ച്ചകളും നയതന്ത്രനീക്കങ്ങളും പൊടുന്നനെ നിലച്ചു. ചൈനയെ അക്ഷരാര്‍്തഥത്തില്‍ ഇന്ത്യ പാഠം പഠിപ്പിച്ചതായാണ് ആഗോളതലത്തിലുള്ള പ്രതിരോധ വിദഗ്ദ്ധരും ജിയോപൊളിറ്റിക്‌സ് മേഖലയിലെ പ്രഗത്ഭരും പറയുന്നത്.

ചൈനീസ് പട്ടാളത്തിന് ഇത്രയും അധികം ആൾ‌നാശം അടുത്തെങ്ങും ഉണ്ടായ ചരിത്രമില്ല. തങ്ങളുടെ സൈനിക മേല്‍ക്കോയ്മ കാട്ടി ഇന്ത്യയെ വിരട്ടി നിർത്താമെന്ന വ്യാമോഹത്തിനാണ് ഇപ്പോള്‍ തിരിച്ചടിയേറ്റത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വിമാനത്താവളം നിര്‍മിച്ചുകൊണ്ടിരുന്ന ചൈനക്ക് അതിര്‍ത്തിക്കു സമീപം ഇന്ത്യ റോഡ് പാലം എന്നിവ നിര്‍മിക്കുന്നത് വലിയ അലോസരമുണ്ടാക്കി. ലഡാക്കിന്റെ ഭാഗമായ അകസായി ചിന്‍ പണ്ട് ചൈനയ്ക്ക് നെഹ്‌റുവിന്റെ കാലത്ത് വെള്ളിത്താലത്തില്‍ വെച്ചു നീട്ടിയതാണ്. ആ ഓര്‍മയിലാകും ചൈന വീണ്ടും യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്നു കയറിയത്. എന്നാല്‍. ചൈനീസ് പട്ടാളത്തെ ബലപ്രയോഗത്തിലൂടെ ആയിരത്തോളം വരുന്ന ഇന്ത്യന്‍ പട്രോളിംഗ് സേന പുറത്താക്കുകയായിരുന്നു.

ഗല്‍വാന്‍ സെക്ടര്‍ ചൈനയ്ക്ക് തന്ത്ര പ്രധാനമാണ്. വലിയതാഴ് വാരവും നദിയും ഉള്ളതിനാല്‍ സുരക്ഷിതവും. ഈ ഭാഗത്ത് ഇന്ത്യ റോഡ് നിര്‍മിക്കുന്വത് ചൈനയുടെ ഭാവി പദ്ധതികള്‍ക്ക് വിഘാതമാകുമെന്ന് അവര്‍ മുന്‍കൂട്ടിക്കണ്ടു. ഇതാണ് പുതിയ പ്രകോപനങ്ങള്‍ക്ക് കാരണം. നേപ്പാളിന്റെ അതിര്‍ത്തിയിലും ഇന്ത്യ റോഡ് നിര്‍മിച്ചതാണ് ചൈനീസ് സ്‌പോണ്‍സേര്‍ഡ് പ്രതിഷേധത്തിന് നേപ്പാളീസ് കമ്യൂണിസ്റ്റ് ഭരണകൂടവും തുനിഞ്ഞ് ഇറങ്ങിയത്.

ചൈന നിയമവിരുദ്ധമായി കൈവശപ്പെടുത്തിവെച്ചിരിക്കുന്ന അക്‌സായി ചിന്‍ പ്രദേശവും പടിഞ്ഞാറ് പാക് അധിനിവേശ കാശ്മീറും തിരിച്ചുപിടിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കവും ചൈന മണത്തറിയുന്നു. ഇതൊക്കെയാണ് ചൈനീസ് പ്രകോപനങ്ങള്‍ക്ക് കാരണം. എന്നാല്‍, പഴയ പോലെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി ഒതുങ്ങിയിരുന്ന ഇന്ത്യയെയല്ല ഇക്കുറി ചൈനക്കാര്‍ കണ്ടത്. വലിയ ആത്മവീര്യത്തോടെ കടന്നാക്രമിക്കുന്ന സിംഹശക്തിയാണ് അവര്‍ അനുഭവിച്ചറിഞ്ഞത്.

നെഹ്‌റുവിന്റെ കാലത്ത് 1961 ല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ ഭാഗമായ കാംങ്ക ലാ യില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഭടന്‍മാര്‍ക്കു നേരെ ഷെല്ലാക്രമണം നടത്തി. 33 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനി കമാന്‍ഡറിനെ പിടിച്ചുകൊണ്ടു പോയി. പോരാട്ടത്തില്‍ ആധിപത്യം നേടിയ ചൈന ആ ഭൂഭാഗങ്ങളെല്ലാം കൈവശപ്പെടുത്തി. 1956 ലെ കരാര്‍ പ്രകാരം ഇന്ത്യയുടെ ഭാഗമായിരുന്ന ഈ ഭൂഭാഗം ഇതോടെ ചൈനീസ് നിയന്ത്രണത്തിലുമായി.

ഗാല്‍വാന്‍ എന്ന ഈ താഴ് വാരത്തില്‍ ചൈന 2016 ലാണ് റേഡ് നിര്മാണം ആരംഭിച്ചത്. ഇന്ത്യയുടെ നിരന്തരമായ പ്രതിഷേധങ്ങള്‍ ചൈന മുഖവിലയ്ക്ക് എടുത്തില്ല. ഇതേത്തുടര്‍ന്നാണ് ഇന്ത്യയും യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചൈര്‍ന്ന് റോഡ് നിര്‍മാണം വലിയതോതില്‍ ആരംഭിച്ചത്.

1960 ലെ ഭൂപടവും ഇപ്പോഴത്തെ ഭൂപടവും പരിശോധിച്ചാല്‍ ചൈന കഴിഞ്ഞ 60 വര്‍ഷം കൊണ്ട് നടത്തിയ കൈയ്യേറ്റങ്ങള്‍ വ്യക്തമാകും. ഇതുകൊണ്ടാണ് ഇന്ത്യ ഈ മേഖലയില്‍ വലിയ തോതില്‍ സേനാ വിന്യാസവും നിർമ്മാണ പ്രവർത്തനങ്ങളും നടത്തി വന്നത്. ചൈനയാണ് അതിര്‍ത്തി കടന്നെത്തി നിയമ ലംഘനം നടത്തിയത്. ഇന്ത്യ ഇവരെ തുരത്തുന്നതിനാണ് ശ്രമിച്ചത്.

എന്നാല്‍, പതിറ്റാണ്ടുകള്‍ക്കു ശേഷം വെടിവെപ്പില്ലാതെ സൈനികര്‍ ഇരുഭാഗത്തും മല്ലയുദ്ധം നടത്തുകയായിരുന്നു. ആദ്യം തോക്ക് ഉപയോഗിച്ച് അക്രമിക്കില്ലെന്ന വാഗ്ദാനം കാത്തുസൂക്ഷിക്കുന്നതിനാണ് ഇരു വിഭാഗവും തോക്ക് പിന്നില്‍ വെച്ച് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. എന്നാല്‍. ഇത് ബാറ്റണും കല്ലു ചെത്തിയുണ്ടാക്കിയ ആയുധങ്ങളുമപയോഗിച്ചുള്ള യുദ്ധമായി മാറുകയായിരുന്നു.

ആള്‍ നാശം കൂടാന്‍ കാരണം നദിയിലേക്ക് വീണതുമൂലമകാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. ഇരു വിഭാഗത്തുമായി ആയിരത്തോളം സൈനികര്‍ ഉണ്ടായിരുന്നു മൂന്നു മണിക്കൂറിലേറെ നേരം ഈ പോരാട്ടം തുടർന്നു. എന്നാല്‍ പരിക്കേറ്റ് നിരവധി പേര്‍ വീണതോടെ ചൈനീസ് സേന പിന്‍വാങ്ങിയെന്നാണ് സൂചനകള്‍. പക്ഷേ, സംഘര്‍ഷത്തിന് തെല്ലും അയവു സംഭവിച്ചിട്ടുമില്ല.

വിദേശകാര്യ മന്ത്രിതലത്തിലോ രാഷ്ട്രത്തവന്‍മാര്‍ നേരിട്ടോ ഇടപെടാതെ ഈ സംഘര്‍ഷം അയയില്ലന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാലും ഇന്ത്യാ ചൈന ബന്ധം വരും കാലങ്ങളില്‍ കൂടുതല്‍ വഷളാകാനാണ് സാദ്ധ്യത. സംഘര്‍ഷമയുമെന്നും ചൈന ഇന്ത്യയുമായി ഒരു ദീര്‍ഘകാലം സംഘര്‍ഷ അന്തരീക്ഷം ആഗ്രഹിക്കുന്നില്ലെന്നും സമാധാനം പുസ്ഥാപിക്കുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. പക്ഷേ, ഇനി ഒരിക്കലും പഴയതു പോലെ സൗഹൃദം ഉണ്ടാകാനിടയില്ലെന്നും ഇവര്‍ പറയുന്നു.

ചൈന നടത്തിയത് 2020 ലെ ഹിമാലയന്‍ വങ്കത്തരമാണെന്നും ഇൗ സംഭവം കോവിഡാനന്തര ലോകത്ത് ചൈനയെ വലിയതോതില്‍ റ്റെപ്പെടുത്തുമെന്നും ഇത് ചൈനയുടെ തകര്‍ച്ചയുടെ ആരംഭമാണെന്നും വിലയിരുത്തുന്നു. നരേന്ദ്ര മോദിയെ വിലയിരുത്തുന്നതില്‍ ചൈനയ്ക്ക് വീഴചപ്പറ്റിയെന്നും സമാധാനത്തിന് ചൈനയാകും മുന്‍കൈ എടുക്കുകയെന്നും വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ പ്രധാനമന്ത്രി മോദിക്കും നിര്‍ണായകമാണ്. നെഹ്‌റു വിന്റെ നയതന്ത്രവും പ്രതിരോധവുമല്ല തന്റേതെന്ന് തെളിയിക്കാനുള്ള മറ്റൊരു അവസരവുമാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്.

നയതന്ത്ര തലത്തില്‍ മാത്രമായിരിക്കില്ല വ്യാപാര തലത്തിലും ചൈനയ്ക്ക് ഈ വങ്കത്തരത്തിന് വന്‍ വിലകൊടുക്കേണ്ടിവരുമെന്നതും ഉറപ്പായിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളുടെ തള്ളിക്കയറ്റത്തെ ഇന്ത്യന്‍ ജനത പ്രതിരോധിച്ചു തുടങ്ങിയിരുന്നു. ധോക് ലാം കാലത്ത് തുടക്കമിട്ട ബോയ്‌ക്കോട്ട് ചൈനീസ് ആഹ്വാനം പുതിയ സംഘര്‍ഷവും ആള്‍ നാശത്തിലും സമാനതകളില്ലാത്ത തലത്തില്‍ എത്തിയിരിക്കുകയാണ്. ഈ സംഘര്‍ഷവും സംഭവങ്ങളും ഇന്ത്യക്കാരെ ചൈനയുടെ ഉത്പന്നങ്ങളെ ബഹിഷ്‌ക്കരിക്കുന്നതിന് പ്രേരിപ്പിക്കും. മൊബൈല്‍, ഐടി രംഗത്തെ ചൈനയുടെ തള്ളിക്കയറ്റം തടയാനാകാതെ പകച്ചു നില്‍ക്കുകയാിരുന്നു ഇന്ത്യ ഇതുവരെ.

പുതിയ സംഘര്‍ഷത്തോടെ ഇതിന് മാറ്റം വന്നു. ചൈനീസ് ആപുകള്‍ക്ക് പകരം ഇന്ത്യന്‍ യുവത്വം സമാന്തര സംവിധാനങ്ങളും ബദലുകളും കണ്ടെത്തുകയോ പുതിയവ നിര്‍മിക്കുകയോ ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു. ചാണകത്തില്‍ നിന്ന് നിര്‍മിക്കുന്ന ദേശീ അഗര്‍ബത്തികള്‍ക്ക് പകരം കെമിക്ക ലാബില്‍ സുഗന്ധ എസന്‍സുകള്‍ ചേർത്ത് നിര്‍മിക്കുന്ന ചൈനീസ് അഗര്‍ബത്തി വരെ സ്വീകരിക്കുന്ന മനോഭാവത്തിന് മാറ്റം വരുത്തുമെന്നാണ് കരുതുണ്ടേത്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മോദിയുടെ നയം ആത്മാര്‍ത്ഥതയോടെ ഓരോ ഇന്ത്യക്കാരനും സ്വയം നടപ്പിലാക്കേണ്ട സമയവുമിതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here