ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ കാല്‍ക്കീഴില്‍ പെട്ട് ഞെരിഞ്ഞമരുമ്പോള്‍ പ്രതിരോധത്തിന്റെ ഉരുക്കു കോട്ടകള്‍ തീര്‍്ത്ത് തങ്ങള്‍ മുന്നേറുകയാണെന്ന് യൂണിയന്‍ ബജറ്റ് 2021 അവതരിപ്പിച്ച് ലോകത്തിന് ഒരിക്കല്‍ കൂടി കാട്ടികൊടുക്കുകയാണ് ഇന്ത്യ .
അപ്രതീക്ഷിതമായി എത്തി സകല സ്വപ്‌നങ്ങളും അവസാനിപ്പിച്ച കോവിഡ് 19 നെതിരെ അതിശക്തമായ നടപടികളിലൂടെ ഇന്ത്യ പ്രതിരോധിച്ചു. ആദ്യം ലോക് ഡൗണും പിന്നീട് സാമ്പത്തിക ഉത്തേജക പാക്കേജും രോഗമുക്തിക്കായി വാക്‌സിനും എല്ലാം സന്തുലിതമായി കൈകാര്യം ചെയ്ത ഇന്ത്യ രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുടെയും യുഎന്‍ പോലുള്ള സംഘടകനകളുടേയും സര്‍വ്വോപരി ലോകരാജ്യങ്ങളുടേയും കൈയ്യടി നേടിയിരിക്കുകയാണ്.
2020-21 യൂണിയന്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ തന്റെ പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളവയായിരുന്നു. 35000 കോടി രൂപ കോവിഡ് വാക്‌സിന് വേണ്ടി നീക്കി വെച്ചതായി ധനമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്.
ആരോഗ്യ മേഖലയ്ക്ക് ഇത്രയും അധികം പ്രാധാന്യം നല്‍കിയ മറ്റൊരു ബജറ്റ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കോവിഡ് വാക്‌സിന് നീക്കിവെച്ച 35,000 കോടി ഉള്‍പ്പടെ ഇക്കുറി ആരോഗ്യ മേഖലയ്ക്കും ക്ഷേമത്തിനുമായി നീക്കിവെച്ചിരിക്കുന്നത് 2,23,846 കോടി രൂപയാണ്. ആത്മനിര്‍ഭര്‍ സ്വാസ്ഥ് ഭാരതം എന്ന പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിലായി മുപ്പതിനായിരത്തോളം പബ്ലിക് ഹെല്‍ത്ത് വെല്‍നെസ് സെന്ററുകള്‍ ആരംഭിക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 64,180 കോടി രൂപ നീക്കിവെച്ചു.
ബജറ്റില്‍ പ്രാധാന്യം ലഭിച്ച രണ്ടാമത്തെ മേഖല കൃഷിയും അനുബന്ധ വ്യവസായങ്ങളുമാണ്. 75,000 കോടി രൂപ കര്‍ഷകര്‍ക്കു മാത്രമായി നീക്കിവെച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. 16.5 ലക്ഷം കോടി രൂപയുടെ വായ്പാ സൗകര്യങ്ങളാണ് കാര്‍ഷിക മേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ ഉദ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി വില ഉറപ്പു നല്‍കുന്ന താങ്ങുവില നയം പ്രഖ്യാപിച്ചതു വഴി കൃഷിക്കാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ്.
നിലവിലെ കാര്‍ഷിക ബില്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ നടപടികള്‍ കര്‍ഷകരുടെ ആശങ്കകള്‍ അസ്ഥാനത്താണെന്നും സര്‍ക്കാര്‍ തെളിയിച്ചു. താങ്ങുവില എടുത്തുകളയുമെന്നും കര്‍ഷകരെ ദ്രോഹിക്കുന്നതുമാണ് പുതിയ നിയമങ്ങളുമെന്ന പ്രചാരണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഇതുവഴി നല്‍കിയിരിക്കുന്നത്.
പോയവര്‍ഷം ഗോതമ്പു കര്‍ഷകര്‍ക്ക് 75,000 കോടി രൂപയിലധികമാണ് താങ്ങുവില നല്‍കി വിള സംഭരിച്ചിരിക്കുന്നത്. രാജ്യത്തെ 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. താങ്ങുവില നല്‍കി നെല്‍ സംഭരിച്ചതും റെക്കോര്‍ഡ് തുകയായി. പോയ വര്‍ഷം 1.72 ലക്ഷം കോടി രൂപ താങ്ങുവില നല്‍കി നെല്‍സംഭരിച്ചതായും നിര്‍മല സീതാരാമന്‍ അറിയിച്ചു.
കൃഷി, ജലസേചനം, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ കര്‍ഷകര്‍ക്ക് ഫലപ്രദമായ പരിഷ്‌കാരങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഇക്കുറി ബജറ്റില്‍ നല്‍കിയ പ്രാധാന്യം യാഥാര്‍ത്ഥ്യ ബോധത്തോടെ ക്ഷേമ രാഷ്ട്ര സങ്കല്‍പം എന്ന ആശയത്തില്‍ അധിഷ്ഠിതമായി സ്വാകരിച്ച നയങ്ങള്‍ പ്രകടമാക്കുന്നതാണ്.
സാമ്പത്തിക മേഖലയുടെ മൊത്തത്തിലുള്ള ഉന്നമനം ലക്ഷ്യമിട്ട് 1.75 ലക്ഷം കോടി രൂപ പൊതുവിപണിയില്‍ നിന്ന് ഓഹരി വിറ്റഴിച്ച് കണ്ടെത്തുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. എല്‍ഐസിയുടെ പത്തു ശതമാനം ഓഹരികള്‍ ഐപിഒ വഴി ഇറക്കിയുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടും ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനേയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനേയും പിന്നിലാക്കി എല്‍ഐസി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനിയായി മാറുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.
രണ്ടു പൊതു മേഖലാ ബാങ്കുകലുടെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടേയും ഓഹരികള്‍ വിപണിയില്‍ ഇക്കുറി എത്തുമെന്നും ധനമന്ത്രി സൂചിപ്പിച്ചു,
എയര്‍ ഇന്ത്യ, ഹെലികോപ്ടര്‍ നിര്‍മാണ കമ്പനിയായ പവന്‍ഹാന്‍സ്, ബിപിസിഎല്‍, ബിഇഎംഎല്‍, ഐഡിബിഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഓഹരികള്‍ വില്‍ക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍പദ്ധതികളാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇന്ത്യയുടെ വികസന ചക്രത്തെ ത്വരിതഗതിയില്‍ തിരിക്കാന്‍ പര്യാപ്തമായതാണ്. ദേശീയപാതകള്‍ക്കും ഗ്രാമീണ, നഗര ഗതാഗതത്തിനും മുമ്പെങ്ങുമില്ലാത്ത വിധമുള്ള പരിഗണന ഇക്കുറി ബജറ്റില്‍ ലഭിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ക്കും വന്‍തുകയുടെ നീക്കിയിരിക്കുണ്ട്.
പെട്രോളിനും ഡീസലിനും മേല്‍ 2.50 രൂപയുടേയും 4രൂപയുടേയും അഗ്രി സെസ്സ് ഏര്‍പ്പെടുത്തിയെങ്കിലും ബേസിക് എക്‌സൈസ് തീരുവ കുറച്ച് തത്വത്തില്‍ ഉപഭോക്താക്കള്‍ക്ക് വില വര്‍ദ്ധനവ് ഇല്ലാത്ത വിധം ക്രമീകരിച്ചതും ശ്രദ്ധേയമായി.
ധനക്കമ്മി ലക്ഷ്യമിട്ടതില്‍ നിന്നും ക്രമാതീതമായി ഉയര്‍ന്നുവെന്ന വസ്തുത ധമന്ത്രി മറച്ചുവെച്ചില്ല. റവന്യുസ്റ്റേറ്റ്‌മെന്റുകളും സര്‍ക്കാരിന്റെ ചെലവുകളും സുതാര്യമായെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. മഹാമാരിമൂലം സാമ്പത്തിക മേഖലയെ തളര്‍ച്ചയില്‍ നിന്നും രക്ഷിക്കായി സര്‍ക്കാര്‍ പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ മൂലമാണ് ധനക്കമ്മി വര്‍ദ്ധിച്ച് 9.5 ശതമാനമായത്. മൂലധനച്ചെലവാണ് ഇതിനുകാരണം. രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം ചെലവിട്ടു എന്നതാണ് ഇത് മനസ്സിലാക്കിത്തരുന്നത്. ഇതിന്റെ പ്രതിഫലനമാണ് 2021 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 11 ശതമാനത്തിലേറെയാകുമെന്നത്. രാജ്യാന്തര നാണയ നിധി പ്രവചിച്ചത്.
ചൈനയുടേത് പോലും എട്ട് ശതമാനമാണെന്നിരിക്കെയാണ് ഇന്ത്യ ഡബിള്‍ ഡിജിറ്റ് വളര്‍ച്ച കൈവരിക്കുന്നത്. 2022 ലും ഇന്ത്യക്ക് ചൈനയേക്കാള്‍ വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനമായി നിയന്ത്രിച്ചു കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസവും ധനമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നു. പ്രതിരോധ ബജറ്റില്‍ ആറായിരം കോടിയുടെ വര്‍ദ്ധനവു മാത്രാമണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഊന്നി നിരവധി പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കാനാവുന്നതും ഇടനിലക്കാരെ ഒഴിവാക്കി രാജ്യങ്ങള്‍ തമ്മില്‍ നേരിട്ട് കരാറുകള്‍ ഉണ്ടാകുന്നതും പ്രതിരോധ പാഴ്ച്ചിലവുകള്‍ കുറയ്ക്കാനായി എന്നതിന്റെ നേട്ടവുമാണ്.
അടുത്ത നൂരുവര്‍ഷത്തേക്ക് ഓര്‍മിക്കുന്നതാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റ് എന്ന് പല പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നതും ഈ ബജറ്റിന്റെ മികവും അംഗീകാരവുമായി കണക്കാക്കാം.