കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനലിനു ബലക്ഷയം ഉണ്ടെന്നു ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടിയുടെ അന്തിമറിപ്പോർട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. കെട്ടിടത്തിന്റെ 90 ശതമാനത്തിൽ അധികം തൂണുകളും 80 ശതമാനത്തോളം ബീമുകളും സ്ലാബുകളും ബലപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബലപ്പെടുത്തൽ പ്രവർത്തനങ്ങൾക്കായി 29.6 കോടി രൂപ കൂടി ചെലവുവരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓരോ തൂണിലെയും വിള്ളലുകൾ അടയ്ക്കുകയും സിമന്റും നിശ്ചിത മിശ്രിതങ്ങളും ചേർത്ത് തൂണിനുള്ളിൽ നിറയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് റിപ്പോർട്ടിൽ പറയുന്നത്. കെട്ടിടത്തിന്റെ അരികിലുള്ള ഭാഗത്തിന് ബലമില്ലാത്തത് തൂണുകളെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
75 കോടി ചെലവിട്ട് 2015ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലിനാണ് ബലക്ഷയം കണ്ടെത്തിയത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ഐഐടിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്ന് 15 മാസങ്ങൾക്ക് ശേഷമാണ് അന്തിമ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് നൽകിയത്. ഐഐടി സ്ട്രക്ചറൽ വിഭാഗം മേധാവി പ്രൊഫസർ അളകു സുന്ദരമൂർത്തിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ബസ് ടെർമിനലിന്റെ അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ അനിശ്ചിതമായി നീളുമ്പോൾ ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാരും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വലിയ ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ടെർമിനലിനുള്ളിൽ കുറവാണ്. ബസ് സ്റ്റാന്റിന്റെ നിർമ്മാണത്തിൽ തന്നെ അപാകതയുണ്ടെന്ന കാര്യം ജീവനക്കാരുടെ സംഘടനകൾ തുടക്കത്തിൽ തന്നെ ഉന്നയിച്ചിരുന്നു.
ടെർമിനലിന്റ ബലക്ഷയം പഠിച്ച ചെന്നൈ ഐഐടി ബസ് സ്റ്റാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി എത്രയും വേഗം കെട്ടിടം അറ്റകുറ്റപ്പണി നടത്തണമന്ന് ഏഴുമാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐഐടി റിപ്പോർട്ട് പൂർണ്ണമായും മുഖവിലക്കെടുക്കാത സർക്കാർ മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. തൂണുകൾ ബലപ്പെടുത്തിയാൽ മാത്രം മതിയെന്നായിരുന്നു സമിതിയുടെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടേ എന്തെങ്കിലും ചെയ്യുവെന്ന നിലപാടിലാണ് കെ.എസ്.ആർ.ടിസിയും ടെർമിനലിന്റ നിർമ്മാണ ചുമതലയുള്ള കെ.ടി.ഡി.എഫ്.സിയും.
അധികൃതരുടെ കെടുകാര്യസ്ഥതയുടെ ബാക്കിപത്രമായി മാറുകയാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ.