“നന്മയുള്ള ലോകമേ…” കോവിഡിനെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ട് വന്ന പി ആർ പാട്ടാണിത്. പി ആർ എന്നത് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകൾക്ക് ലോകത്തെവിടെയും ഒഴിവാക്കാൻ സാധിക്കാത്തതാണ്. കേരളം കോവിഡിനെ നേരിടുന്നതിൽ ഏറെ മുന്നിലാണെന്ന് ദിവസവും മൂന്ന് നേരം അകത്തുനിന്നും പുറത്തുനിന്നും നമ്മളെ ഓർമ്മിപ്പിക്കാൻ പലരീതിയിൽ ശ്രമിക്കുന്നുണ്ട്. അതിൽ അവർ ഏറെക്കുറെ വിജയിക്കുന്നുമുണ്ട്. ഇതെല്ലാം കണ്ട് അന്തം വിട്ട് നിസ്സഹായരായി നിൽക്കുന്നത് പ്രവാസി മലയാളികളാണ്. പ്രവാസികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഗൾഫ് മലയാളികളെ മാത്രമല്ല മറ്റ് രാജ്യങ്ങളിലും, അന്യ സംസ്ഥാനങ്ങളിലും ജീവിതം കരുപിടിപ്പിക്കാൻ കേരളം വിടേണ്ടി വന്ന വലിയൊരു വിഭാഗം കേരളീയരെയാണ്.
ബംഗളൂരുവിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി മുതൽ ഗൾഫിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന മലയാളിയെ വരെ കമ്മ്യുണിസ്റ് ആരാധകരായി നമുക്ക് കാണാൻ കഴിയും.ഏതോ കാല്പനികതയുടെ ലോകത്തിൽ കമ്മ്യൂണിസ്റ്റ് കനൽ തരിയുടെ ഭാഗമാണെന്നതിൽ അഭിമാനിക്കുന്ന മലയാളി. കേരളം ഒന്നാമതാണെന്ന് ഇടയ്ക്കിടെ സ്വയവും സോഷ്യൽ മീഡിയയിലും ആവർത്തിക്കുന്ന മലയാളി. HDI സൂചികയും , SDI സൂചികയും നോക്കി അതിൽ മുന്നിൽ നിൽക്കുന്ന കേരളത്തെ നോക്കി അഭിമാനിക്കുന്ന മലയാളി. കമ്മ്യൂണിസമാണ് ഇതിനെല്ലാം കാരണമെന്ന് കമ്മ്യൂണിസം നിരോധിക്കപ്പെട്ട രാജ്യങ്ങളിലെ തങ്ങളുടെ കുടുസു മുറിയിലെ ഒറ്റവരി കിടക്കിയിൽ ഇരുന്ന് കരുതുന്ന മലയാളി. കോവിഡ് എന്ന മഹാമാരി വരുന്നത് വരെ മലയാളി അന്യനാട്ടിലിരുന്ന് കമ്മ്യൂണിസ്റ്റ് കാല്പനികതയിൽ രമിച്ചു. എന്നാൽ ഇന്ന് അവർക്ക് തിരിച്ചു വരാതെ വയ്യ എന്ന നിലയിൽ എത്തിയിരിക്കുന്നു. HDI സൂചികയിൽ മുന്നിൽ നിൽക്കുന്ന SDI സൂചികയിൽ നിൽക്കുന്ന കോവിഡിനെ പിടിച്ചു കിട്ടിയെന്ന് കരുതുന്ന കേരളമെന്ന സ്വന്തം നാട്ടിലേക്ക് അവർക്ക് തിരിച്ച് വരണം.
സ്വന്തം നാട്ടിൽ ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നങ്ങളിൽ ഒന്നാണ്. കളിച്ചു വളർന്ന സ്വന്തം നാട്ടിൽ ഉത്സവങ്ങളിൽ പങ്കെടുത്ത് , സിനിമകൾ സുഹൃത്ത്ക്കൾക്കൊപ്പം കണ്ട് , വൈകുന്നേരങ്ങളിൽ ഒന്നിച്ചിരുന്ന് ഇതൊക്കെയാണ് ഏതൊരു മലയാളിയുടെയും സ്വപ്നം. എന്നാൽ മലയാളിക്ക് ഇങ്ങനെ ജീവിക്കാൻ സാധ്യമല്ല. പ്രവാസം എന്നത് അവന് ഒഴിച്ച് കൂടാൻ സാധിക്കാത്തതാണ്. കാരണം മറ്റൊന്നുമല്ല, അവന് കേരളത്തിൽ തൊഴിലവസരമില്ല. തൊഴിൽ ഇല്ലാത്ത നാട്ടിൽ എങ്ങിനെയാണ് ജീവിക്കുക ? ആരാണ് കേരളത്തെ തൊഴിൽ ഇല്ലാത്ത, വ്യവസായങ്ങൾ ഇല്ലാത്ത നാടാക്കിയത് ? ആരാണ് മലയാളിക്ക് പ്രവാസമെന്ന നിർബന്ധിത ശിക്ഷ നൽകിയത് ? കമ്മ്യൂണിസമെന്ന കാല്പനികതയ്ക്ക് മലയാളി നൽകിയ വിലയാണ് പ്രവാസം. അതിന് അവൻ നൽകിയ വിലയാണ് അവന്റെ യവൗനം ഗൾഫിലെ ഒറ്റ വരി കിടക്കയിൽ ഹോമിക്കുന്നത്. കോവിഡ് എന്നത് ഇന്ന് ഈ പ്രവാസിക്ക് മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു. അന്യദേശത്ത് കിടന്ന് മരിക്കണോ അതോ സ്വന്തം നാട്ടിൽ ജീവിക്കണോ.
സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന മലയാളികൾക്ക് HDI സൂചികയും SDI സൂചികയും കൊണ്ട് ജീവിക്കാനാകില്ല. അവർക്ക് തൊഴിൽ വേണം. ഇനിയും അന്യരാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ അവൻ മുതിർന്നെക്കില്ല. അവർക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ ജീവിക്കണം. എങ്ങിനെ? എവിടെ തൊഴിൽ ? പ്രവാസം മതിയാക്കി വർക്ക് ഷോപ്പ് തുടങ്ങാൻ ശ്രമിച്ച മലയാളി തൂങ്ങി മരിക്കേണ്ടി വന്ന നാട്ടിൽ, പ്രവാസ ജീവിതം കൊണ്ട് ഉണ്ടാക്കിയ പണം നാട്ടിൽ ഒരു ഓഡിറ്റോറിയം പണിയാൻ ശ്രമിച്ചു അവസാനം ആത്മഹത്യ ചെയ്യേണ്ടി വന്നവരുടെ നാട്ടിൽ, ഏത് വ്യവസായം തുടങ്ങിയാലും മൂന്നാം നാൾ കൊടി കുത്തുന്ന നാട്ടിൽ , എന്തിനും ഏതിനും ഹർത്താൽ നടത്തുന്ന നാട്ടിൽ എങ്ങിനെ മലയാളിക്ക് തൊഴിൽ ലഭിക്കും ?
കോവിഡ് മൂലം ചൈനയിൽ നിന്നും കമ്പനികൾ ഇന്ത്യയിലേക്ക് വരും എന്ന വാർത്തയോട് പാലക്കാട് മുൻ എം പി സഖാവ് രാജേഷ് പ്രതികരിച്ചത് കേരളത്തിലേക്ക് അവരെ കയറ്റില്ല എന്ന് പറഞ്ഞാണ്. തൊഴിലാളികളെ ചൂഷണം ചെയ്യാനാണത്ര അവർ വരുന്നത്. കേരളം ഹെൽത്ത് കെയറിൽ ഇന്ത്യയിൽ മുന്നിലാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവാസിയോട് മുംബൈയിലെ മറാത്തികാരൻ പറഞ്ഞത് പക്ഷെ നീയും കുടുംബവും മുബൈയിലല്ലേ എന്നാണ്. വ്യവസായങ്ങൾ ഒന്നുമില്ലാത്ത കേരളം ഇന്നൊരു റിട്ടയർമെന്റ് ജീവിതം നയിക്കാനുള്ള സംസ്ഥാനമാണ്. നല്ല കാലം മുഴുവൻ പ്രവാസിയായി അവസാനം വയസാം കാലം വന്നു ചേരാനുള്ള ഇടം. കമ്മൂണിസം മലയാളിക്ക് നൽകിയത് ഇതാണ്. പ്രവാസം അപ്രാപ്യമാകാൻ പോകുന്ന വരും വർഷങ്ങളിൽ മലയാളികൾ എങ്ങിനെ ജീവിക്കും? .
കോവിഡ് എന്നത് ഒരവസരമാണ്, നമുക്ക്, വരും തലമുറയ്ക്ക് ഈ നാട്ടിൽ തന്നെ ജോലി ചെയ്ത് ജീവിക്കാൻ കഴിയണം. കമ്മ്യൂണിസ്റ്റ് കാല്പനികതയും കൊണ്ട് ഇനിയും മുന്നോട്ട് പോയാൽ മലയാളിക്ക് ജീവിതം നഷ്ടപ്പെടും. ലോട്ടറിയും മദ്യവും മാത്രം വരുമാനമായുള്ള കേരളത്തിൽ ജീവിക്കുക എന്നത് ദുസഹമാവും. വ്യവസായങ്ങൾ തുടങ്ങാൻ അനുവദിക്കാത്ത, ഉള്ള വ്യവസായങ്ങൾ സമരം ചെയ്ത പൊട്ടിക്കുന്ന ഈ ദുഷിച്ച ഇസം ഇവിടുന്നു കെട്ടുകെട്ടിക്കണം. വരവേൽപ് എന്ന സിനിമയിൽ ബസ് വാങ്ങി, കമ്മ്യൂണിസ്റ്റ്കാർ അത് നശിപ്പിച്ച് അവസാനം തിരിച്ചു ഗൾഫിലേക്ക് പോകുന്ന മുരളിയെ അല്ല നമുക്ക് വേണ്ടത്..കോവിഡിൽ നിന്ന് രക്ഷപെട്ട് കേരളത്തിൽ എത്തുന്ന മലയാളികൾക്ക് ഇവിടെ നിന്ന് തിരിച്ചു പോകാതെ , ഇവിടെ തന്നെ ജീവിക്കാൻ കഴിയണം. അതിന് ആദ്യം കമ്മ്യൂണിസമെന്ന മഹാമാരിയെ നാം തോൽപിക്കണം.ഇത് അവസരമാണ്..പാഴാക്കരുത്