ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തെ ചൊല്ലിയും വിവാദമുയരുന്നു. ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റിനായി സമർപ്പിച്ച പ്രബന്ധത്തിൽ കവിത ‘വാഴക്കുല ” യുടെ രചയിതാവ് `വൈലോപ്പള്ളി ‘യെന്നാണ് ചിന്ത എഴുതിയിരിക്കുന്നത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്ത രചനയാണ് വാഴക്കുല. മാത്രമല്ല, വൈലോപ്പിള്ളി ശ്രീധര മേനോന്റെ പേര് വൈലോ ‘പ്പള്ളി ” യെന്നാണ് ചേർത്തിട്ടുള്ളത്. ഗുരുതര തെറ്റുകൾ പരിശോധനാ ഘട്ടങ്ങളിലൊന്നും തിരിച്ചറിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകൾ എന്നൊക്കെ പറഞ്ഞു വരുന്നതിനിടെയാണ് ‘ വാഴക്കുല ബൈ വൈലോപ്പള്ളി” എന്ന പരാമർശം.
കമ്മ്യൂണിസത്തിന്റെ ഉണർത്തു പാട്ടായി പോലും ഏറ്റെടുത്തിരുന്നതാണ് ജന്മിത്വത്തിനെതിരായ പോരാട്ടം പ്രതിപാദിക്കുന്ന ‘വാഴക്കുല “. പണം ചെലവിട്ട് വർഷങ്ങളെടുത്ത് പൂർത്തിയാക്കിയ പ്രബന്ധം വിവിധ കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും തെറ്റ് ആരും കണ്ടില്ല. ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്തയുടെ മറുപടി. ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഗവേഷണ ഗൈഡും കേരള യൂണിവേഴ്സിറ്റി പ്രോ വി. സിയുമായിരുന്ന അജയ കുമാറിന്റെ മറുപടി.
അതേസമയം ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് കേരള സർവകലാശാലാ വൈസ്ചാൻസലർക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതി നൽകി. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘ വാഴക്കുല ‘ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് സമർത്ഥിച്ച പ്രബന്ധത്തിലെ പിഴവും പരാതിയിൽ ചൂണ്ടിക്കാട്ടി. കേരള സർവകലാശാല മുൻ പി.വി.സി ഡോ. പി. പി. അജയകുമാറിന്റെ മേൽ നോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. വൈലോപ്പിള്ളിയുടെ പേരും അക്ഷരത്തെറ്റോടെയാണ് പ്രബന്ധത്തിൽ ഉൾപ്പെടുത്തിയത്. സമാനമായ നിരവധി തെറ്റുകളുണ്ടെന്നും ഗവേഷണത്തിന് മേൽ നോട്ടം വഹിച്ച പി. വി. സി യോ മൂല്യനിർണയം നടത്തിയവരോ പ്രബന്ധം പൂർണമായും പരിശോധിക്കാതെയാണ് ഗവേഷണ ബിരുദം നൽകാൻ ശുപാർശ ചെയ്തതെന്നും പരാതിയിൽ പറയുന്നു.