സിബിഐ-യിലെ ശുദ്ധികലശം

0

അവസാനം സിബിഐ ഡയറക്ടർ അലോക് വർമ്മ രാജിവെച്ചൊഴിഞ്ഞു. അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കാനും പകരം വേറൊരു ചുമതല നൽകാനും തീരുമാനിച്ചത് പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയും ലോകസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവും ( എൽഒപി )ഉൾപ്പെട്ട സമിതിയാണ് ( കൊളീജിയം). അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിൽ പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടർ കൊളീജിയത്തിനെതിരെ ആക്ഷേപം ഉന്നയിക്കുകയായിരുന്നു; അതിന് പിന്നാലെ രാജി പ്രഖ്യാപനവും. ഇവിടെ തിരിച്ചറിയേണ്ടത്, ഇതേ വ്യക്തി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്, ഈ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാൻ സർക്കാരിനോ സെൻട്രൽ വിജിലൻസ് കമ്മീഷനോ (സിവിസി) അധികാരമില്ലെന്നും അത് ചെയ്യേണ്ടത് അദ്ദേഹത്തെ നിയമിക്കാൻ ശുപാര്ശ ചെയ്ത കൊളീജിയത്തിനാണ് എന്നുമാണ്. അത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി അദ്ദേഹത്തെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചത്. അതേസമയം തന്നെ, അലോക് വർമ്മക്കെതിരായ പരാതിയിൽ തീർപ്പ് കൽപ്പിക്കാൻ കൊളീജിയത്തിന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് നിർദ്ദേശവും നൽകി. അങ്ങിനെയാണ് പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ മുതിർന്ന ജഡ്ജി, എൽഓപി എന്നിവർ രണ്ടു ദിവസം യോഗം ചേർന്നതും തീരുമാനമെടുത്തതും. സിബിഐയിൽ ഒരു ശുദ്ധികലശത്തിന്റെ തുടക്കമാണിത് എന്ന് വേണം കരുതാൻ.

ഏതാനും നാൾ മുൻപ്, കഴിഞ്ഞ ഒക്ടോബർ 23 ന്, സിവിസി നൽകിയ ശുപാർശ കണക്കിലെടുത്താണ് സർക്കാർ അലോക് വർമ്മയെ സിബിഐ ഡയറക്ടർ പദവിയിൽ നിന്ന് നീക്കിയത്. യഥാർഥത്തിൽ അന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നില്ല; മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലെ വഴക്ക് സിബിഐ-യെ ബാധിക്കുന്നു എന്ന തോന്നലുണ്ടായപ്പോൾ വർമ്മയോടും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോടും അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. പകരം എം നാഗേശ്വര റാവുവിന് ഡയറക്ടരുടെ താൽക്കാലിക ചുമതലയും നൽകി. അതായത്, സാങ്കേതികമായി, സിബിഐ ഡയറക്ടറെ സർക്കാർ നീക്കിയിരുന്നില്ല. അതാണ് കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടും. എന്നാൽ സിബിഐ ഡയറക്ടർക്ക് മിനിമം കാലാവധി ഉണ്ടെന്നും അത് രണ്ടുവർഷമാണ് എന്നും അതിന് മുൻപേ പുറത്താക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണ് എന്നും എതിർപക്ഷം നിലപാടെടുത്തു. അതിന്മേലാണ് സിബിഐ ഡയറക്ടറെ പുറത്താക്കുന്നതിന്, അദ്ദേഹത്തെ നിയമിക്കാൻ ശുപാര്ശ ചെയ്യാൻ നിയോഗിക്കപ്പെട്ട, മൂന്നംഗ കോളീജിയത്തിനെ അധികാരമുള്ളൂ എന്ന് സുപ്രീം കോടതി പറഞ്ഞത്.

ഇതുപോലൊരു പ്രശ്നം മുൻപ് ഉയരാതിരുന്നതിനാലാണ് സർക്കാർ ഇക്കാര്യത്തിൽ സിവിസിയുടെ നിർദ്ദേശം കണക്കിലെടുത്ത് തീരുമാനമെടുത്തത്. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. സിബിഐ ഡയറക്ടറെ കോടതി വീണ്ടും നിയമിച്ചുവെങ്കിലും അധികാരങ്ങൾ ഒന്നും നൽകിയില്ല; അത് കൊളീജിയം ഭാവി സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം മതി എന്നതായിരുന്നു കോടതി നിലപാട്. സിവിസി നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങൾ കോടതി കണ്ടതാണ്….. കാര്യങ്ങൾ അപകടകരമാണ് എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്തിരിക്കണം. ഒരാഴ്ചക്കകം ഈ മൂന്നംഗ സമിതി യോഗം ചേർന്ന് തീരുമാനമെടുക്കാൻ നിർദ്ദേശിച്ചത് അതൊക്കെക്കൊണ്ടാവണം.

മൂന്നംഗ സമിതിയിലേക്ക് ചീഫ് ജസ്റ്റിസ് തനിക്ക് പകരമായി ജസ്റ്റിസ് എകെ സിക്രിയെ നിയോഗിച്ചു. പിന്നെ പ്രധാനമന്ത്രിയും എൽഒപിയും. അവർക്ക് മുന്നിൽ സിവിസി റിപോർട്ടാണ് വന്നത്; അത് തയ്യാറാക്കിയതാവട്ടെ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എകെ പട് നായിക്കിന്റെ സാന്നിധ്യത്തിലും. സിവിസി-ക്ക് മുന്നിലുണ്ടായിരുന്ന വസ്തുതകൾ, പരാതികൾ എന്നിവയൊക്കെ മുൻ ജഡ്ജി കാണുകയും ബോധ്യപ്പെടുകയും ചെയ്തതാണ് എന്നർത്ഥം. അതൊക്കെ കൊണ്ടുതന്നെ ഈ മൂന്നംഗ സമിതിയിൽ അത് സംബന്ധിച്ച സംശയങ്ങൾ ഉയർന്നിരിക്കില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. പക്ഷെ മല്ലികാർജുൻ ഖാർഗെക്ക് (എൽഒപി) എതിർപ്പുണ്ടായിരുന്നു; അതിൽ അസ്വഭാവികതയൊന്നുമില്ല; കോൺഗ്രസിന്റെ നിലപാടുകൾ, ബന്ധങ്ങൾ ഒക്കെ വ്യക്തവുമാണ്. സുപ്രീം കോടതി ജഡ്ജിയും പ്രധാനമന്ത്രിയും അലോക് വർമ്മക്കെതിരെ നടപടി വേണം എന്ന് നിർദേശിക്കുകയും ചെയ്തു. യഥാർഥത്തിൽ അലോക് വർമ്മ ആവശ്യപ്പെട്ട പ്രകാരം നടപടിയെടുക്കുകയായിരുന്നു. അതുകൊണ്ട് അക്കാര്യത്തിൽ ഇനി പരാതി പറയാൻ അവർക്കാവുകയില്ലല്ലോ.

അലോക് വർമ്മ പുറത്തുപോയിക്കഴിഞ്ഞപ്പോൾ ഇടക്കാലത്ത് സിബിഐ-യിൽ കയറി കളിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരും അവരുടെ ദല്ലാളന്മാരും ഓരോ കാരണങ്ങൾ [പറയാൻ തുടങ്ങി. വിശദീകരണം നല്കാൻ സിബിഐ ഡയറക്ടർക്ക് അവസരം നൽകിയില്ല, മൊഴിയെടുത്തില്ല തുടങ്ങിയതൊക്കെയായിരുന്നു അത്. എന്നാൽ അതൊന്നും ഈ സമിതിയുടെ ജോലിയിൽ വരുന്നില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒക്കെ ഇരുന്ന് ഒരു ഉദ്യോഗസ്ഥറ്നെ മൊഴിയെടുക്കണോ ?. അതൊക്കെ നടക്കുമോ, അതൊക്കെ കോടതി പ്രതീക്ഷിക്കുമോ?. തങ്ങളുടെ മുന്നിലുള്ള ഒരു റിപ്പോർട്ട് പരിശോധിച്ച് ഒരാൾ തെറ്റുകാരനാണോ അല്ലയോ എന്നതല്ലേ സമിതിക്ക് പരിശോധിക്കാനാവൂ. അത്രയേ സുപ്രീം കോടതിയും ഉദ്ദേശിച്ചിരിക്കുള്ളൂ. പിന്നെ വേറൊന്നുള്ളത്, ഇവിടെ ഒരാളെ സർവീസിൽ നിന്ന് പുറത്താക്കുന്നൊന്നുമില്ല; ഒരാളെ ഒരു തസ്തികയിൽ തുടരാൻ അനുവദിക്കാമോ എന്ന് വിലയിരുത്തിയിട്ടേ ഉള്ളു.

പക്ഷെ, അലോക് വർമ്മക്ക് വിശദീകരണം നല്കാൻ അവസരം നൽകേണ്ടതായിരുന്നു എന്നതാണ് കോൺഗ്രസുകാർ പറഞ്ഞുനടന്നത്. മോഡി അദ്ദേഹത്തെ പുറത്താക്കി എന്ന് കുറ്റപ്പെടുത്തുന്ന ചിലരെയും കണ്ടു. എന്നാൽ അതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ?. ഇവിടെ ആശ്രയിക്കാവുന്നത്, സമിതിയിലുണ്ടായിരുന്ന സുപ്രീം കോടതി ജഡ്ജിയുടെ നിലപാട് മനസിലാക്കുക എന്നതാണ്. അത് സാധാരണ നിലക്ക് അസാധ്യവുമാണ്. എന്നാൽ ഇത്തവണ ഈ രാജ്യത്തെ ജനതക്ക് ഒരു സൗഭാഗ്യമുണ്ടായി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ജസ്റ്റിസ് സിക്രിയുടെ മനോഗതം മനസിലാക്കി; അത് പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.

‘ ജസ്റ്റിസ് സിക്രിയോട് താൻ രാവിലെ സംസാരിച്ചിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഇക്കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അത് ഇങ്ങനെയൊക്കെയാണ്: സിവിസി ഗുരുതരമായ ചില ആക്ഷേപങ്ങൾ കണ്ടെത്തിയിരുന്നു; അതുസംബന്ധിച്ച് തീരുമാനമെടുക്കും മുൻപ് സിവിസി അലോക് വർമ്മക്ക് വിശദീകരണം നല്കാൻ അവസരം കൊടുത്തിരുന്നു; ഗുരുതരമായ ആക്ഷേപങ്ങളുടെയും തെളിവുകളുടെയും പശ്ചാത്തലത്തിൽ അതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ് എന്നും ആ സമയത്ത് അലോക് വർമ്മ സിബിഐ ഡയറക്ടറായി തുടർന്നുകൂടെന്നും ജസ്റ്റിസ് സിക്രി നിലപാടെടുത്തു. അലോക് വർമ്മയെ പുറത്താക്കുന്നില്ല, സസ്‌പെൻഡ് പോലും ചെയ്യുന്നില്ല, അതേ ശമ്പളവും അലവന്സുമൊക്കെയുള്ള മറ്റൊരു തസ്തികയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്; ബന്ധപ്പെട്ടയാളുടെ മൊഴിയെടുക്കാതെയും അഭിപ്രായം ആരായാതെയും സസ്പെന്ഷൻ പോലും ആവാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്; ഇവിടെ വർമ്മയെ സസ്‌പെൻഡ് ചെയ്തിട്ടുപോലുമില്ല; മറ്റൊരു തസ്തികയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത് …….. അതുതന്നെ വേണ്ടിവന്നത് സിബിഐയുടെ ഡയറക്ടർ അഴിമതിയാരോപണം നേരിടുമ്പോൾ ആ കസേരയിൽ ഇരുന്നുകൂടാ എന്നത് കൊണ്ടും. അതൊക്കെക്കൊണ്ട് വർമ്മയുടെ വിശദീകരണം കേട്ടില്ല എന്നആക്ഷേപത്തിന് ഒരു പിൻബലവുമില്ല; അതിൽ കാര്യവുമില്ല. ……

എന്നാൽ അതുകൊണ്ട് പ്രശ്നങ്ങൾ തീരുന്നില്ല. അലോക് വർമ്മയുടെ നീക്കങ്ങൾ, നടപടികൾ, സിബിഐയിലെ ചേരിപ്പോരുകൾ, ഉദ്യോഗസ്ഥരുടെ ചില കരുനീക്കങ്ങൾ എന്നിവയൊക്കെ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇതിൽ ആദ്യമായി പരിശോധിക്കേണ്ടത്, എങ്ങിനെയാണ് ഇത്തരമൊരാൾ സിബിഐ ഡയറക്ടർ പദവിയിലേക്ക് ശുപാര്ശചെയ്യപ്പെട്ടത്‌ എന്നത് തന്നെയാണ്. വർമ്മയുടെ ആസ്തികൾ സംബന്ധിച്ച ചില വാർത്തകൾ പുറത്തുവന്നത് കാണാതെ പോകാനാവില്ലല്ലോ. ദൽഹിയിൽ മാത്രം അഞ്ച്‌ വലിയ വസതികളാണ്; അക്ഷരാർഥത്തിൽ ഒരു ബഹു കോടിപതി. അനവധി വാണിജ്യ സ്ഥാപനങ്ങളിൽ താല്പര്യം.

സിവിസി ഓരോ അപേക്ഷയും പരിശോധിച്ച ശേഷമാണ് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. ആ വേളയിൽ എന്തുകൊണ്ട് ഇതൊക്കെ ശ്രദ്ധയിൽ പെട്ടില്ല?. നേരത്തെ മറ്റ്‌ ചില ചുമതലകൾ വഹിക്കവെ അദ്ദേഹത്തിൽ നിന്നുണ്ടായ നടപടികളും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ജയിൽ വകുപ്പിൽ ജോലി നോക്കവേ ഉണ്ടായ ആക്ഷേപങ്ങളും പറഞ്ഞുകേൾക്കുന്നു. പലതും പുറത്തുവരുന്നുണ്ട്. ഇനി പലതും പുറത്ത് വന്നേക്കും. ‘ വലിയ ധനാഢ്യന്മാരായ പ്രതികൾ ജയിലിലെത്തിയാൽ കുശാലാണ് …. ഡൽഹിയിൽ പോലീസ് മേധാവിയായിരിക്കെ നടത്തിയ സ്ഥലം മാറ്റങ്ങൾ ‘ …… ഇതൊക്കെ ശരിയാണോ എന്നതറിയില്ല; എന്നാൽ ഒന്നുമില്ലാതെ പുക പുറത്തേക്ക് വരില്ലല്ലോ എന്നല്ലേ സാധാരണ പറയാറുള്ളത്. ഇനി ഇത്തരം തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ സ്വീകരിക്കേണ്ട ജാഗ്രത എത്രത്തോളമാവണം എന്നത് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. തീർച്ചയായും പ്രധാനമന്ത്രി ഇതിനെക്കുറിച്ചൊക്കെ ബോധവാനാവും എന്നാണ് കരുതേണ്ടത്.

രാജ്യം വളരെ പ്രധാനപ്പെട്ട കുറെ അഴിമതി- തട്ടിപ്പ് കേസുകൾക്ക് കാതോർത്തിരിക്കുമ്പോഴാണ് അലോക് വർമ്മ ഒരുതരം വില്ലൻ വേഷമണിയുന്നത് എന്നത് മറന്നുകൂടാ . ആ തട്ടിപ്പുകളിൽ ഉൾപ്പെട്ടത് വലിയ ആൾക്കാരാണ് എന്നതുംവായിക്കേണ്ടതുണ്ട് . ആ സിബിഐ മേധാവിയെ എന്തൊക്കെയോ അലട്ടിയിരുന്നു എന്ന് സിവിസി- യുടെ റിപ്പോർട്ട് നമ്മെ പഠിപ്പിക്കുന്നു . എല്ലാ ആരോപണങ്ങളും ശരിവെക്കപ്പെട്ടു എന്നല്ല, പക്ഷെ, പലതിലും കഴമ്പുണ്ട് എന്ന് ബോധ്യമാവുന്നു; പലതും വിശദമായി അന്വേഷിക്കപ്പെടേണ്ടതുണ്ട് എന്നും. മറ്റൊന്ന്, ചില കള്ളക്കളികൾ അദ്ദേഹം നേരിട്ടോ അല്ലാതെയോ നടത്താൻ ശ്രമിച്ചതും വ്യക്തം. പുറത്തുപറയാൻ പാടില്ലാത്ത രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പോലും ……. ഏത് വിധത്തിലായാലും അഴിമതിക്കാരെ സംരക്ഷിക്കാൻ സിബിഐ മേധാവി തയ്യാറാവുക എന്നത് അതിശയകരമാണല്ലോ; പ്രത്യേകിച്ചും അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, അഴിമതി തൊട്ടുതീണ്ടാത്ത ഒരു ഭരണം കൊണ്ടുനടന്ന ഒരു പ്രധാനമന്ത്രിയും സർക്കാരും ഉള്ളപ്പോൾ. അത്തരക്കാരുടെ ബന്ധങ്ങൾ, ചെയ്തികൾ ഒക്കെത്തന്നെ അന്വേഷണവിധേയമാക്കേണ്ടതുണ്ട്.

അലോക് വർമ്മക്ക് രാജിവെച്ച് മാന്യമായി ഇറങ്ങിപ്പോകാൻ ഒരു അവസരം ലഭിച്ചിരുന്നു എന്നത് ദൽഹിയിലെങ്കിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിവുകൾ ഒക്കെ വർമ്മക്ക് ബോധ്യമുണ്ടായിരുന്നു എന്ന്. രാജിക്കത്ത് കൊടുക്കാൻ തയ്യാറായ അദ്ദേഹം പിന്നീട് പ്രതിപക്ഷ നിരയിലേക്ക് കടന്ന് ‘കളിക്കാൻ ശ്രമിക്കുക’ യായിരുന്നുവത്രെ. ആ കളിയിലാണ് വർമ്മ കാല് വഴുതി വീണത്; അപകടത്തിൽ പെട്ടത്. ഇപ്പോൾ രാജിവെച്ചുപോയാലും, കേസുകൾ പലതും വിടാതെ പിന്തുടരാനല്ലേ സാധ്യത.

സിബിഐ-യിൽ ഇനി എന്ത് എന്ന ചോദ്യം ബാക്കിനിൽക്കുന്നുണ്ട്. ഗൗരവമുള്ള പ്രശ്നമാണിത് എന്നതിൽ സംശയമില്ല. പോലീസ് സേനയിൽ സത്യസന്ധർ ഇന്നിപ്പോൾ കുറവാണ് എന്നത് ഒരു പരമാർത്ഥമാണ് . രാഷ്ട്രീയക്കാരുടെയും അഴിമതിക്കാരുടെയും എന്തിനേറെ രാഷ്ട്രവിരുദ്ധ ശക്തികളുടെ പോലും പാദസേവകരായി മാറിയവരാണ് പലരും എന്നതാണ് പരക്കെ പറയപ്പെടുന്നത് . അതിൽ കുറെയൊക്കെ കഴമ്പുണ്ടുതാനും. അധികാരത്തിൽ ഇല്ലെങ്കിലും ഇത്തരക്കാരിൽ കോൺഗ്രസിനുള്ള സ്വാധീനവും ചെറുതല്ല. അഴിമതിയും ദല്ലാൾ ജോലിയും പോലീസുമൊക്കെ കൂട്ടുകമ്പനിയായിട്ടല്ലേ പലപ്പോഴും അറിയപ്പെടാറുള്ളത്. നാലോ അഞ്ചോ വർഷം കോൺഗ്രസ്സിതരർ ഭരിക്കുന്നത് കൊണ്ട് ഇതൊക്കെ നന്നായി വരും എന്ന് കരുതുന്നത് അബദ്ധവുമാണ് . അത് നരേന്ദ്ര മോദിക്ക് അറിയാത്തതാവില്ല. പക്ഷെ, ഇതൊക്കെ ഇങ്ങനെ സംഭവിച്ചു …….. എന്നാൽ നാളെ അത് ആവർത്തിച്ചുകൂടാ എന്ന് രാജ്യം ഒറ്റക്കെട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജൻസിയാണ് സിബിഐ; അത് ആ നിലക്ക് തലയുയർത്തി നിൽക്കേണ്ടതുണ്ട്. അത് രാജ്യത്തിന്റെ അഭിമാനവുമാവണം; എന്നാൽ അഴിമതിക്കാർക്ക് പേടിയുണ്ടാവൂ; സത്യവും ധർമ്മവും നിലനിൽക്കൂ. തീർച്ചയായും ഇപ്പോൾ തുടങ്ങിയത് ഒരു ശുദ്ധീകരണമാണ്; ശുദ്ധികലശം. അത് പൂർത്തിയാക്കേണ്ടതുണ്ട്. അലോക് വർമ്മ മാത്രമല്ല അവിടെ ഇതൊക്കെ കാട്ടിക്കൂട്ടിയത് എന്നതോർക്കുക. തട്ടിപ്പുകാർക്കും അഴിമതിക്കാർക്കും ശക്തമായ താക്കീതായും അലോക് വർമ്മ പ്രശ്നം മാറേണ്ടതുണ്ട്.

—- കെവിഎസ് ഹരിദാസ്

LEAVE A REPLY

Please enter your comment!
Please enter your name here