മതവെറിയും മോദിവിരോധവും ഒരു കൂടക്കീഴില്‍ അണിനിരന്നപ്പോള്‍

ശിശുസംരക്ഷണത്തിന്റെ ബാനറില്‍ ചില സംഘടനകള്‍ കുട്ടിക്കടത്തും ബാലഭിക്ഷാടനവും നടത്തുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. മെഡിക്കല്‍ കോളേജ് നടത്തുന്ന സ്വകാര്യ ട്രസ്റ്റ് വൃദ്ധസദനവും പാലിയേറ്റവ് കെയര്‍ സെന്ററും നടത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ മനുഷ്യ ശവശരീരം ലഭ്യമാക്കാനുള്ള എളുപ്പവഴിയാണത്രെ ഈ പാലിയേറ്റീവ് കെയര്‍ ബിസിനസ്.

ഇതുപോലെയാണ് ചില രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തികള്‍. രാജ്യത്തേയും അതിന്റെ ഭരണഘടനാ സ്ഥാപനങ്ങളയേും കരിവാരിത്തേയ്ക്കുക. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ കക്ഷി അധികാരത്തിലേറിയതിനെ എതിര്‍ക്കാന്‍ ഇത്തരം സംവിധാനങ്ങളെ ഇകഴ്ത്തുകയും സമ്മര്‍ദ്ദങ്ങളിലൂടെ തിരുത്തിക്കുകയും ചെയ്യുക. ഇല്ലാത്ത ഫാസിസത്തെ ചെറുക്കാന്‍ ഫാസിസം അടിസ്ഥാന തത്വമാക്കി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ-മതേതര വിരുദ്ധ സംഘടനകള്‍ ഇതിന്റെ മേലങ്കിയണിഞ്ഞ് സംരക്ഷകരായി അവതരിക്കുക.

കേരളത്തിലെ ഐയുഎംഎല്‍ എന്ന സംഘടനയും അതിന്റെ പോഷക കൂട്ടവും കഴിഞ്ഞ ദിവസം അവരുടെ ശക്തി കേന്ദ്രത്തില്‍ നടത്തിയ ഫാസിസ്റ്റു വിരുദ്ധ കുടമാര്‍ച്ച് മുന്നോട്ട് വെയ്ക്കുന്നത് ഇത്തരം പൊള്ളത്തരങ്ങളാണ്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയേയും നിയമ സംവിധാനത്തേയും മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുക ഓരോ പൗരന്റേയും കടമയാണ്. ജൂഡിഷ്യറിയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കില്‍ അതിന് നിയമ സംവിധാനത്തില്‍ വ്യവസ്ഥയുണ്ട്.

വിചാരണ കഴിഞ്ഞ് കോടതി ശിക്ഷിച്ച വ്യക്തിക്കായി മേല്‍ക്കോടതികളില്‍ നിയമ പോരാട്ടം നടത്താതെ ജൂഡിഷ്യറിയേയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളേയും അപമാനിക്കുന്നതിന് കാട്ടിക്കൂട്ടുന്ന ഇത്തരം വിക്രിയകള്‍ രാജ്യദ്രോഹത്തിലേക്കാണ് നയിക്കുന്നത്.

സന്‍ജീവ് ഭട്ട് എന്ന ഗുജറാത്ത് കേഡര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസിന്റെ പിണിയാളായി പ്രവര്‍ത്തിക്കുകയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തിയ വ്യക്തിയുമാണ്. ഇദ്ദേഹത്തിനെതിരെ, നരേന്ദ്ര മോഡി മുഖ്യമന്ത്രിയാകും മുമ്പ് ഉണ്ടായിരുന്ന ലോക്കപ്പ് മരണ കേസില്‍ അടുത്തിടെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിന്റെ ഉത്തരവാദിത്തമാണ് കോണ്‍ഗ്രസും വര്‍ഗീയ മത സംഘടനയായ ലീഗും മോദിയുടെ ചുമലില്‍ കെട്ടിവെയ്ക്കുന്നത്.

ഭട്ടിന്റെ ഭാര്യ ശ്വേത കോണ്‍ഗ്രസിന്റെ ഔദ്യേഗിക സ്ഥാനാര്ത്ഥിയായി മോദിക്കെതിരെ മണിനഗറില്‍ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ്. ഇവരാണ് ഇപ്പോള്‍ ഭര്‍ത്താവിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇതുമായി ഒരു ബന്ധവുമില്ലാത്ത കേരളത്തില്‍ വന്ന് കുടപിടിച്ച് മാര്‍ച്ച് നടത്തിയത്.

ഡെല്‍ഹിയില്‍ ജന്തര്‍മന്തറിലോ ഗുജറാത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലോ കുടപിടിച്ചോ പിടിക്കാതെയോ നടത്തേണ്ട മാര്‍ച്ചാണ് കോഴിക്കോട്ട് മാനാഞ്ചിറയില്‍ നടത്തിയത്. എന്തുകൊണ്ട് ഗുജറാത്തിലും ഡെല്‍ഹിയിലും ഈ പരിപ്പ് വേവുന്നില്ല.. കേരളത്തില്‍. അതും ലീഗ് കോട്ടയില്‍ സന്‍ജീവ് ഭട്ടിന് എന്തിനാണ് പിന്തുണ ലഭിക്കുന്നത്. കാരണം വ്യക്തം. രാജ്യം മുഴുവന്‍ മോദിക്ക് അനുകൂലമായി ജനവിധിയെഴുതി. ഗുജറാത്തിലും ഡെല്‍ഹിയിലും ബിജെപി എല്ലാ സീറ്റിലും വിജയിച്ചു. ബിജെപിയേയും മോദിയേയും തിരസ്‌കരിച്ചത് കേരളമാണ്.

കേരളത്തില്‍ മറ്റൊരു സംഘടനയും സന്‍ജീവ് ഭട്ടിന് പിന്തുണയുമായി ഇത്തരമൊരു മാര്‍ച്ച് നടത്തിയില്ല. പക്ഷേ, ശ്വേത ഭട്ടിനെ ക്ഷണിച്ചു വരുത്തി കുടപിടിച്ച് മാര്‍ച്ച് നടത്താന്‍ താല്‍പര്യം കാട്ടിയത് മുസ്ലീം ലീഗിന്റെ കിടാങ്ങള്‍ക്ക് മാത്രമാണ്. കാരണം പകല്‍ പോലെ വ്യക്തം – മോദി വിരോധം.

സന്‍ജീവ് ഭട്ടായാലും അഫ്‌സല്‍ ഗുരുവായാലും അബ്ദുള്‍ നാസര്‍ മദനിയായാലും ഇവരെയൊക്കെ ഒരുമിപ്പിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. അത് ഇന്ത്യാവിരുദ്ധതയാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയെ പോലും ചോദ്യം ചെയ്യുന്ന രാജ്യവിരുദ്ധതയാണ് ഇവരുടെ തത്വശാസ്ത്രം.

ഗുജറാത്തിലെ ജാംനഗര്‍ പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഭട്ടിനെ ജീവപര്യന്തം ശിക്ഷവിധിച്ചതിനെതിരെ കോഴിക്കോട്ട് കുടപിടിച്ച് മാര്‍ച്ച് നടത്തുന്നതു പോലെയുള്ള പ്രഹസനങ്ങളെ രാജ്യം അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളും.

കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടത്തി കോടതി ശിക്ഷിച്ചു കഴിഞ്ഞാല്‍ നീതിവേണമെന്ന് പറഞ്ഞ് കുടപിടിച്ച് തെരുവിലിറങ്ങുകയല്ല വേണ്ടത്. കീഴ്‌ക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുകയാണ് ചെയ്യേണ്ടത്.

ആരോപണത്തിന്റെ പേരിലല്ല അദ്ദേഹത്തെ ജയിലിലടച്ചത്. കുറ്റം കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ്. എന്നാല്‍, ആരോപണത്തിന്റെ പേരില്‍ തെളിവുകളൊന്നുമില്ലാതെ ജയിലിലില്‍ ക്രൂര പീഡനമേറ്റുവാങ്ങിയ പ്രജ്ഞ്യാ സിംഗ് താക്കൂര്‍ എന്ന സന്യാസിനിയെ അടുത്തിടെ കോടതി ജാമ്യത്തില്‍ വിടുകയും, അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ച പോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. നീതിബോധത്തെക്കുറിച്ചും മനുഷ്യവകാശത്തെക്കുറിച്ചും ബോധ്യമുള്ള മുസ്ലീം ലീഗ് സന്യാസിനിക്കെതിരെ വിമര്‍ശനത്തിന്റെ വാളോങ്ങുന്നുണ്ടല്ലോ.

കോടതി ശിക്ഷ വിധിച്ചവര്‍ക്ക് നീതി വേണമെന്ന് പറയുന്നതിന്റെയും ആരോപണവിധേയ മാത്രമായ സന്യാസിനിയെ തുറുങ്കിലടയ്ക്കണമെന്നും വാദിക്കുന്ന മുസ്ലീം ലീഗിന്റെ രാഷ്ട്രീയപാപ്പരത്തവും മതവിദ്വേഷവും ഇവിടെ വെളിപ്പെടുന്നു.

സന്‍ജീവ് ഭട്ട് എന്ന സാദാ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കസ്റ്റഡി മരണക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ ലീഗൊന്നും കുടപിടിക്കില്ലായിരുന്നു. മോദിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്നവനുമായി ഐക്യപ്പെടുന്നു അത്രമാത്രം. ഇനി അത് പാക്കിസ്ഥാനോ ഐഎസോ ആരുമായാലും ഇക്കൂട്ടര്‍ അവരുമായി മനസ്‌കൊണ്ടെങ്കിലും ഐക്യപ്പെട്ട് നിര്‍വൃതി അടയും .

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്വേഷണക്കമ്മീഷനു മുന്നില്‍ ഹാജരാകുകയും മൊഴി കൊടുക്കുകയും അന്വേഷണത്തോട് സര്‍വ്വാത്മന സഹകരിക്കുകയും ചെയ്ത വ്യക്തിയാണ് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി. തനിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഗൂഡാലോചനയാണെന്ന് ആരോപിച്ച് അന്ന് ജനങ്ങളെ കുടപിടിപ്പിച്ച് തെരുവിലിറക്കാന്‍ കഴിയാതിരുന്നിട്ടല്ല. പക്ഷേ, രാജ്യത്തെ നിയമ വ്യവസ്ഥയോടും ഭരണഘടനയോടും പ്രതിബദ്ധതയുണ്ടെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണകര്‍ത്താവെന്ന നിലയില്‍ നിയമത്തെയും വിചാരണയേയും അതിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അഭിമുഖികരിച്ച് കുറ്റവിമുക്തി നേടിയ വ്യക്തിയാണ് മോദി.

അതേ ഗുജറാത്തില്‍ ഇതേ നിമയവ്യവസ്ഥിതിയുടെ ശിക്ഷ ഏറ്റുവാങ്ങുമ്പോള്‍ സന്‍ജീവ് ഭട്ടിനു വേണ്ടി എന്തിന് ഇക്കൂട്ടര്‍ തെരുവിലിറങ്ങണം. മേല്‍ക്കോടതികളിലേക്ക് ചെന്ന് വിചാരണ നടത്തി നീതിതേടാമല്ലോ. ഫാസിസ്റ്റ് ഭരണം എന്ന ആരോപണവുമായി കോടതിയെ ലക്ഷ്യം വെച്ച് തെരുവിലെന്തിന് ഇറങ്ങണം.

മേല്‍ക്കോടതികളില്‍ ചെന്നാലും തെളിവുകള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന ഉത്തമ ബോധ്യമുണ്ടാകും ഇവര്‍ക്ക്. ഭട്ടിനെ വെച്ച് മുതലെടുക്കാനാകും മുസ്ലീം ലീഗിനെ പോലുള്ള അവസരവാദി രാഷ്ട്രീയ നേതൃത്വം ശ്രമിക്കുക. സന്‍ദീവ് ഭട്ടിന് നീതി ലഭിക്കുക എന്നതിലുപരി തങ്ങളുടെ രാഷ്ട്രീയ അജണ്ടയായ മോദി വിരോധം ഇന്ത്യാ വിരുദ്ധത ഒക്കെ അണികളിലേക്കും അനുഭാവികളിലേക്കും പകര്‍ന്ന് വോട്ടുബാങ്കിനെ സംരക്ഷിക്കുക എന്ന നാലാം കിട രാഷ്ട്രീയക്കളിയാണ് കുട മാര്‍ച്ചിലൂടെ ലീഗിന്റെ കിടാങ്ങള്‍ കോഴിക്കോട്ടെ സമുഹത്തിന് കാട്ടിക്കൊടുത്തത്.

ഗുജറാത്തിലെ മാധ്യമങ്ങള്‍ ഇതിന് ഒരു പ്രാധാന്യവും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാര്‍കിസ്റ്റ് അനുകൂല, രാജ്യവിരുദ്ധ, മോഡി വിരോധ, മാധ്യമങ്ങളാണ് ഇതിന് വലിയ പ്രാധാന്യം നല്‍കിയത്.

ദ ഹിന്ദു എന്ന പേരുമിട്ട് ആന്റി ഹിന്ദു അജണ്ടയുമായി പുറത്തിറങ്ങുന്ന ദിനപത്രമൊക്കെയാണ് ഇത് വലിയ വാര്‍ത്തയാക്കിയത്.. നേരത്തെ പറഞ്ഞതു പോലെ ശിശുസംരക്ഷരുടെ ലേബലില്‍ ബാലഭിക്ഷാടന മാഫിയ പ്രവര്‍ത്തനം നടത്തുന്നതിനു സമാനമാണ് ദ ഹിന്ദു ദിനപത്രത്തിന്റെയൊക്കെ നടപടികള്‍. പേരില്‍ മുസ്ലീം ലീഗ് എന്ന മതപ്രാതിനിധ്യം നിലനില്‍ക്കെ മതേതര പാര്‍ട്ടിയാണെന്ന് വിളിച്ചു കൂവുന്നതും മറ്റൊരു പൊള്ളത്തരമാണ്. ഇത്തരം കപടനാടകങ്ങളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു. ഇത്തരം പരിപ്പൊക്കെ വേവുന്നത് ഈ കാപട്യ രാഷ്ട്രീയകുശിനിപ്പുരയില്‍ മാത്രമാണ്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികളും യഥാര്‍ത്ഥ മതേതരവാദികളും ഈ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ഇനിയും വൈകരുതെന്ന് മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here