ഇടതുപക്ഷവും ഇരട്ടത്താപ്പും

1

1996 മെയ് മാസത്തിലാണ് ആദ്യത്തെ ബിജെപി മന്ത്രിസഭ അധികാരമേൽക്കുന്നത്. പതിമൂന്നു ദിവസം മാത്രം നീണ്ടു നിന്ന ഭരണം. ബിജെപി അധികാരത്തിലേറിയപ്പോൾ അതു വരെ എതിരാളികളായിരുന്ന, തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച, കക്ഷികളെയെല്ലാം ബിജെപിക്കെതിരെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരികയും ബിജെപിയെ തോൽപിക്കുകയും ചെയ്തു. ബിജെപി തോൽക്കും എന്നുറപ്പായിരുന്ന അവിശ്വാസപ്രമേയത്തിന്റെ ചർച്ചയ്‌ക്കൊടുവിൽ അന്നു പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് പ്രസംഗിക്കാനെഴുന്നേറ്റു. പി എ സാംഗ്‌മയായിരുന്നു അന്ന് സഭാദ്ധ്യക്ഷൻ. “ബിജെപിയെ ഇന്നു നിങ്ങൾക്ക് സാങ്കേതികമായി തോൽപ്പിക്കാൻ സാധിച്ചേക്കും. ഈ സഭയ്ക്കകത്തു ബിജെപി തോറ്റേക്കാം. എന്നാൽ ഈ രാജ്യത്തിന്റെ മനസ്സിൽ തോൽക്കുന്നത് ഞങ്ങളാവില്ല. ഭാരതത്തിന്റെ മനസ്സിൽ നിങ്ങളാണ്, നിങ്ങളുടെ അധാർമ്മികതയാണ്, തോൽക്കാൻ പോവുന്നത്”, വാജ്‌പേയ് പറഞ്ഞു.

രാഷ്ട്രീയമായ തത്വദീക്ഷകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട്, ആദർശരാഷ്ട്രീയത്തെ തന്നെ പ്രഹസനമാക്കി മാറ്റിക്കൊണ്ട്, അന്ന് ആദ്യമായി ഭാരതത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും ബിജെപിക്കെതിരെ യോജിച്ചു. അതുവരെ എതിർത്തു നിന്നിരുന്നവർ, പരസ്പരം അതിനിശിതമായി വിമർശിച്ചിരുന്നവർ, രൂക്ഷമായി പോരാടിയിരുന്നവർ, എല്ലാവരും അധികാരത്തിന്റെ അപ്പക്കഷണം രുചിക്കാൻ തങ്ങളുടെ മുന്നിൽ തടസ്സമായി നിൽക്കുന്നത് ബിജെപി മാത്രമാണ് എന്ന വസ്തുത മനസ്സിലാക്കി. ഇടതുപക്ഷവും കോൺഗ്രസുമുൾപ്പെടെ എല്ലാവരും ഒത്തു ചേരുകയും ഒരു കോമാളി ഭരണകൂടത്തെ തട്ടിക്കൂട്ടിയെടുക്കുകയും ചെയ്തു, ഐ കെ ഗുജ്‌റാൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി.

ബിജെപിയോടു കോൺഗ്രസോ ഇടതുപക്ഷമോ കാണിക്കുന്ന അസ്‌പൃശ്യതയല്ല വിവക്ഷ. പാർലിമെന്ററി രാഷ്ട്രീയത്തിലും കക്ഷിരാഷ്ട്രീയത്തിലുമെല്ലാം ഏറിയോ കുറഞ്ഞോ അസ്‌പൃശ്യതയുണ്ടാവും എന്നതാണു വാസ്തവം. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തക്കാലത്തും രാഷ്ട്രീയമായി രണ്ടു പ്രധാനകക്ഷികൾ അസ്‌പൃശ്യത കാണിക്കുന്നതിലും വലിയ തെറ്റു പറയാനാവില്ല. പറഞ്ഞു വന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ചാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുക എന്ന ഒരേയൊരു അജണ്ടയാണ്, തെരഞ്ഞെടുപ്പു കഴിഞ്ഞാൽ, ഇടതുപക്ഷത്തിനുള്ളത്. അതിനുവേണ്ടി അവർ ഏതു ചെറുകക്ഷികളുമായും യോജിക്കും, ഏത് അഴിമതിയും കണ്ടില്ലെന്നു നടിക്കും, ഏതളവു വരെയും പോവും, എന്ത് ആദർശവും ബലി കഴിക്കും. ഇടതുപക്ഷരാഷ്ട്രീയത്തിന്റ കാതൽ, തത്വത്തിലെങ്കിലും, അതിന്റെ സാമ്പത്തികദർശനത്തിൽ അധിഷ്ഠിതമാണ്. ആ സാമ്പത്തികദർശനത്തിന്റെ മറ്റേയറ്റത്തു നിൽക്കുന്ന, ഇടതുപക്ഷസാമ്പത്തികദർശനത്തിനു കടകവിരുദ്ധമായ, മ്പത്തികനയങ്ങളാണ് കോൺഗ്രസിന്റേത്. ഈ അടിസ്ഥാനപരമായ വൈരുദ്ധ്യത്തെപ്പോലും അവഗണിച്ചു കൊണ്ട് എല്ലാ ആദർശങ്ങളും മറന്ന് ഇടതുപക്ഷവും കോൺഗ്രസും പലവട്ടം ഒന്നു ചേർന്നു.

ഇനി, ഇക്കഴിഞ്ഞയാഴ്ച ബിജെപിക്കെതിരെ കേരളത്തിൽ ഉയർന്നു കേട്ട വിമർശനങ്ങളിലൊന്നിലേക്കു നോക്കൂ. ഏതു സംസ്ഥാനത്തും, സഭാംഗങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ പോലും, അധികാരത്തിലേറാൻ ബിജെപി പരിശ്രമിക്കുന്നതിനെ ഇടതുക്ഷചിന്തകരും എഴുത്തുകാരും രൂക്ഷമായി വിമർശിക്കുന്നു. ഒൻപതുമണി ചർച്ചക്കാരിലെ ഇടതുപക്ഷക്കാർ അതു പറയുന്നു, ഫേസ്ബുക്കിലെ ഇടതുപക്ഷതാത്വികാചര്യന്മാർ അതു പറയുന്നു, കൂടെച്ചേർന്ന് കോൺഗ്രസ് നേതാക്കളും വാചകമടിയ്ക്കുന്നു. അമിത് ഷാ ചെയ്യുന്നത് രാഷ്ട്രീയധാർമ്മികതയ്ക്കു നിരക്കുന്നതാണോ എന്ന ചോദ്യം വലിയ മുഴക്കത്തോടെ കമ്യൂണിസ്റ്റ് നേതാക്കളും താത്വികരും തൊടുത്തുവിടുന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടി വിരുദ്ധധ്രുവത്തിൽ നിൽക്കുന്ന ഏതു ചെറുകക്ഷിയുമായും യോജിക്കാൻ മടിയില്ലാത്ത, എന്ത് അഴിമതിയും കണ്ടില്ലെന്നു നടിക്കുന്ന, ഏതളവു വരെയും പോവാൻ ലജ്ജയില്ലാത്ത, തങ്ങളുടെ സൈദ്ധാന്തികതയെയും ആദർശത്തെ തന്നെയും ബലി കഴിക്കാൻ മടിയില്ലാത്ത, നികൃഷ്ടരാണ് ഈ ചോദ്യം തൊടുത്തുവിടുന്നത് എന്നതാണു കൗതുകകരം!

ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റിനിർത്താൻ “ഏതറ്റം വരെയും പോവാൻ മടിയില്ല” എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെങ്കിൽ, അതേ നിലപാടിന്റെ മറുവശം ബിജെപിക്കും സ്വീകരിച്ചുകൂടേ? ഭരണത്തിലെത്താൻ “ഏതറ്റം വരെയും പോവാൻ മടിയില്ല” എന്ന നിലപാടു ബിജെപി സ്വീകരിക്കുന്നതിൽ എവിടെയാണു തെറ്റ് എന്നതാണു ചോദ്യം. ഈ ചോദ്യത്തെ ബിജെപി അനുഭാവികൾ കേരളം മുഴുവനും ഉയർത്തേണ്ട സമയമായി. അമിത് ഷായുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മാത്രം അധാർമ്മികവും, സ്വന്തം സൈദ്ധാന്തികതയിൽ വരെ വെള്ളം ചേർക്കുന്ന ഇടതുപക്ഷതന്ത്രങ്ങൾ ധാർമ്മികവുമാകുന്നതിന്റെ യുക്തിയെന്താണ്? തങ്ങൾക്കു മാത്രം “ഏതറ്റം വരെയും” പോവാം എന്നും ബിജെപിക്ക് അതായിക്കൂടാ എന്നും പറയുന്നതിലെ ഇരട്ടത്താപ്പ് പരിഹാസ്യമാണ്.

ഈ ഇരട്ടത്താപ്പ് സഖ്യങ്ങളിലോ തെരഞ്ഞെടുപ്പു തന്ത്രങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല. കഴിഞ്ഞ ദിവസങ്ങളിൽ ത്രിപുരയിൽ നിന്നു വന്ന വാർത്തകൾ നോക്കൂ. ലെനിന്റെ പ്രതിമ തകർക്കുന്ന ചിത്രം ഷെയർ ചെയ്യുന്നതും, അതിനെ ഇടതുപക്ഷക്കാരിൽ ചിലർ ബാമിയാൻ ബുദ്ധപ്രതിമ തകർക്കുന്നതുമായി താരതമ്യം ചെയ്യുന്നതും നോക്കൂ. ലെനിന്റെ പ്രതിമകൾ തകർക്കപ്പെടുന്നത് ആദ്യമായല്ല. യുഎസ്‌എസ്‌ആറിന്റെ തകർച്ചയ്ക്കു ശേഷം തകർന്നു വീണ ലെനിൻ പ്രതിമകൾക്കു കൈയും കണക്കുമില്ല. വീണ ലെനിൻ പ്രതിമകളുടെ ചിത്രങ്ങളിൽ ചിലത് ഐക്കോണിക് ആണ്, ചരിത്രത്തെ അടയാളപ്പെടുത്തുന്നത്.

മഴു കൊണ്ട് ലെനിൻ ചിത്രം ചീന്തിക്കളയുന്ന സോവിയറ്റ് പ്രജ

 

തകർത്ത ലെനിൻ പ്രതിമക്ക് മുകളിൽ ഇരിക്കുന്ന സോവിയറ്റ് പെൺകുട്ടി

ഗുലാഗിന്റെ, അസ്വാതന്ത്ര്യത്തിന്റെ, പട്ടിണിയുടെ, അടിച്ചമർത്തലിന്റെ, ഭരണകൂടഭീകരതയുടെ ഓർമ്മകളാണ് യുഎസ്‌എസ്‌ആറിലെ ജനങ്ങളെക്കൊണ്ടതു ചെയ്യിച്ചത്. സമാനമായ കാരണങ്ങളാ‍യിരുന്നു ത്രിപുരയിലും ജനങ്ങളെക്കൊണ്ടതു ചെയ്യിച്ചത്. ലെനിന്റെ പ്രതിമകൾ തകർത്തവരോട്  – യുഎസ്‌എസ്‌ആറിലാണെങ്കിലും ത്രിപുരയിലാണെങ്കിലും –  “ലെനിൻ വെറുമൊരു പ്രതിമയല്ലാ” എന്നു പറഞ്ഞു നോക്കിയാൽ അവർ കാലുമടക്കിത്തൊഴിക്കുകയേയുള്ളൂ.

ത്രിപുരയിൽ ലെനിൻ പ്രതിമ കടപുഴകിയപ്പോൾ..

ഭരണകൂടഭീകരതയെയും മുരടിപ്പിനെയും തൊഴിലില്ലായ്മയെയും പ്രതിനിധീകരിക്കുന്ന ഒരു ശിലയെ ബാമിയാൻ ബുദ്ധശിലകളുമായി താരതമ്യം ചെയ്യുന്ന വിഡ്ഢിത്തത്തിന്റെ ആഴം ആലോചിച്ചു നോക്കൂ! അധികാരലബ്ധിക്കു ശേഷം പ്രതിമകളെയല്ല, ജീവസ്സുറ്റ മനുഷ്യരെത്തന്നെ യഥേഷ്ടം കൊന്നുരസിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയും ആ കക്ഷിയുടെ കാലുനക്കുന്നവരും, ഇപ്പോൾ ലെനിന്റെ പ്രതിമകൾ തകർക്കുന്നത് ഫാഷിസമാണ് എന്നു പറഞ്ഞു വിമർശിക്കുന്നതിലെ ഇരട്ടത്താപ്പ് ആലോചിച്ചു നോക്കൂ!

ഇതെല്ലാം വിടൂ, ഗുജറാത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റുപോയി എന്നു സങ്കൽപ്പിക്കൂ. അവിടെ വീർ സവർക്കറിന്റെയോ ഗോൾവൽക്കറിന്റെയോ പ്രതിമകൾ ചിലർ തകർക്കുന്നു എന്നും വിചാരിക്കൂ. ഇനി, അങ്ങനെയൊരു രംഗം എത്ര ഊർജ്ജസ്വലതയോടെ, എത്ര സന്തോഷത്തോടെ, എത്ര ആഘോഷത്തോടെ മാദ്ധ്യമങ്ങളും ഇടതുപക്ഷ ക്ഷുദ്രജീവികളും ചിത്രീകരിക്കുമെന്നു വിചാരിച്ചു നോക്കൂ! എന്തെല്ലാം വിധത്തിൽ അത് ആഘോഷിക്കപ്പെടുമായിരുന്നു! അതു “മതേതരത്വത്തിന്റെ വിജയമായും” “ജനങ്ങളുടെ ആഹ്ലാദപ്രകടനമായും” എത്രയെളുപ്പത്തിൽ ചിത്രീകരിക്കപ്പെടുമായിരുന്നു! ആഘോഷിക്കപ്പെടുമായിരുന്ന (വാസ്തവത്തിൽ ആഘോഷിക്കപ്പെടേണ്ട) ഒരു ചിത്രം എത്ര പ്രകോപനപരമായും എത്ര ക്ഷോഭത്തോടെയുമാണ് ഇന്ന് മാദ്ധ്യമങ്ങളും ഇടതുപക്ഷക്ഷുദ്രജീവികളും ചിത്രീകരിക്കുന്നതെന്നു നോക്കൂ!

ഈ ഇടതുപക്ഷക്ഷുദ്രരുടെ മറ്റൊരു രോദനം ബിജെപി ചരിത്രം നിർമ്മിക്കുന്നു എന്നാണ്. ഹിന്ദുത്വവും ഹിന്ദുത്വചരിത്രകാരന്മാരും ചരിത്രത്തെ വികലമാക്കുന്നു എന്നും വികൃതമാക്കുന്നു എന്നും ഇന്നോ ഇന്നലെയോ കേട്ടുതുടങ്ങിയതല്ല. ഇതിലെ ഇരട്ടത്താപ്പ് കണ്ണുതള്ളിക്കുന്നതാണ്.

കേരളത്തിലെ നിഷ്പക്ഷമതിയായ ഒരാളോട് ഒരു ചോദ്യം ചോദിച്ചുനോക്കൂ: ‘കേരളത്തിലെ ജാതീയതയെ തുടച്ചുനീക്കിയത്, കേരളത്തിലെ സാമൂഹ്യരംഗത്തെ വികസിതമാക്കിയത്, കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന്റെ ഉന്നതിക്കു കാരണമായത്, ഏതു രാഷ്ട്രീയകക്ഷിയാണ്?’ തൊണ്ണൂറ്റൊൻപതു ശതമാനവും അയാൾ പറയുക, ഇതെല്ലാം ചെയ്തത് കമ്യൂണിസ്റ്റു പാർട്ടിയാണെന്നായിരിക്കും. ഇങ്ങനെയൊരു വങ്കത്തം എങ്ങനെയാണു കേരളത്തിന്റെ പൊതുബോധത്തിൽ വേരുറച്ചു പോയത്? കേരളത്തിലെ ജാതീയതയെ ഉടച്ചത്, ഈഴവർക്കും മറ്റു പിന്നോക്കജാതികൾക്കും ബഹുമാന്യമായ സ്ഥാനം സമൂഹത്തിൽ ഉണ്ടാക്കിയത്, ശ്രീനാരായണഗുരുവും അയ്യൻകാളിയും പണ്ഡിറ്റ് കറുപ്പനും സഹോദരനയ്യപ്പനുമെല്ലാം അടങ്ങുന്ന നവോത്ഥാന നായകരാണെന്ന ലളിതസത്യം സാധാരണക്കാരനു മനസ്സിലാവാതെ പോവുന്നതെന്തുകൊണ്ടാവും?

കമ്മ്യൂണിസ്റ്റു മേലാളന്മാർ കുത്തിയിരുന്നു പടച്ചുവിടുന്ന കഥകൾ ചരിത്രമായിത്തീർന്നതു കൊണ്ടു വന്ന അപകടമാണിത്. ഇങ്ങനെ കഥകൾ പടച്ചുവിട്ടാണ് കേരളത്തിന്റെ പൊതുബോധത്തെ അവർ മാറ്റിത്തീർക്കുന്നത്. കമ്മ്യൂണിസം ജനിക്കുന്നതിനു മുൻപ്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധമാവുന്നതിനു പോലും മുൻപ്, വൈകുണ്ഠസ്വാമികളെ പോലുള്ള പരിഷ്കർത്താക്കൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്. എന്നാൽ ഈ മാറ്റമെല്ലാം തങ്ങളുണ്ടാക്കിയതാണ് എന്ന് ഇന്നും നാണമില്ലാതെ കമ്മ്യൂണിസ്റ്റുകാർ പാടി നടക്കുന്നു. അതുപതുക്കെ കേരളത്തിന്റെ ചരിത്രബോധത്തിൽ രൂഢമൂലമാവുന്നു.

ഇങ്ങനെ വികലമായ ഒരു ചരിത്രത്തെ നിർമ്മിച്ചു കൊണ്ടേയിരിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒരു ഓൺഗോയിങ് പ്രോസസ്സാണ്. ‘മുലക്കര’ത്തെയും മുല പറിച്ചെറിഞ്ഞ നങ്ങേലിയെയും കുറിച്ച് ഇവർ കെട്ടിച്ചമച്ച കഥ കേട്ടിട്ടില്ലേ? കേരളത്തിലെ സ്ത്രീകൾക്ക് മാറു മറയ്ക്കണമെങ്കിൽ രാജാവിനു കരമൊടുക്കണമായിരുന്നുവെന്നും കരം ചോദിച്ചു വന്ന രാജകിങ്കരനു മുന്നിൽ നങ്ങേലി എന്നൊരു സ്ത്രീ മുല പറിച്ചെറിഞ്ഞുകൊടുത്തു എന്നും ആ കഥ പറയുന്നു. ഒരു ജനതയുടെ ചരിത്രത്തെ അപമാനിക്കാൻ വേണ്ടി കഴിഞ്ഞ പത്തു വർഷം മുൻപ് ആരോ മെനഞ്ഞുണ്ടാക്കിയ വസ്തുതാവിരുദ്ധമായ കള്ളക്കഥ മാത്രമാണത്. (‘മുലക്കരം’ എന്ന പേരിൽ ഒരു കരം ചിലയിടങ്ങളിൽ നിലവിലുണ്ടായിരുന്നു എന്നതു വസ്തത തന്നെയാണ്. എന്നാൽ അതിനു മാറുമറയ്ക്കലുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പുരുഷന്മാരുടെ കൈയിൽ നിന്ന് ഈടാക്കുന്ന കരത്തിനു ‘മീശക്കരം’ എന്നും സ്ത്രീകളുടെ കൈയിൽ നിന്ന് ഈടാക്കുന്ന കരത്തിനു ‘മുലക്കരം’ എന്നുമായിരുന്നു പറഞ്ഞിരുന്നത്.) ഈ തെമ്മാടിക്കഥയെ അടിസ്ഥാനമാക്കി സെമിനാറുകളും പ്രബന്ധരചനകളും നടക്കുന്നു. അടുത്ത മാസം ഈ ആഭാസക്കഥയെ അടിസ്ഥാനമാക്കി അരങ്ങേറുന്ന സമ്മേളനത്തിൽ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ സംബന്ധിക്കുന്നുമുണ്ട്. ബിആർപി ഭാസ്കറിനെ പോലുള്ളവർ, കവി സച്ചിദാനന്ദനെ പോലുള്ളവർ, ഇവരെല്ലാം പലപ്പോഴായി ഈ കെട്ടുനാറുന്ന തോന്നിവാസക്കഥയെ ചരിത്രവസ്തുതയാണെന്ന മട്ടിൽ അവതരിപ്പിച്ചിട്ടുള്ളവരാണ്. പതുക്കെപ്പതുക്കെ അതു ചരിത്രമാക്കാനാണ് ഇവരുടെയെല്ലാം ശ്രമം.

ഇന്നും ഇന്നലെയുമായി, മൈനാപ്പള്ളിൽ ഭഗവതിക്ഷേത്രഭാരവാഹികളുടേത് എന്ന മട്ടിൽ ഒരു നോട്ടീസ് (ഒരേയൊരു നോട്ടീസ്; ആ നോട്ടീസിനു വേറെ കോപ്പികളോ ചിത്രങ്ങളോ ഇല്ല) പ്രചരിക്കുന്നുണ്ട്. ക്ഷേത്രകാര്യങ്ങൾക്ക് പിന്നോക്കജാതിക്കാരെ ആവശ്യമില്ല എന്നതാണാ നോട്ടീസിന്റെ ഉള്ളടക്കം. ആ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ മുഴുവൻ ആ നോട്ടീസ് നിഷേധിച്ചുവെങ്കിലും ഇപ്പോഴും കവി സച്ചിദാനന്ദൻ ഉൾപ്പെടെ ഉള്ളവർ ആ നോട്ടീസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. “മാവേലി നാടുവാണീടും കാലം” എന്ന പാട്ട് ജാതീയതയെ വിമർശിച്ചു കൊണ്ട് സഹോദരൻ അയ്യപ്പൻ എഴുതിയ പാട്ടാണെന്നും കേരളത്തിലെ സവർണ്ണർ അതിലെ ജാതീയതാവിരുദ്ധമായ വരികളെ ഉപേക്ഷിച്ച് ആ പാട്ടു പ്രചരിപ്പിക്കുകയായിരുന്നെന്നും ഫേസ്ബുക്കിൽ പ്രചരിപ്പിച്ചവരിൽ ഒരാൾ ബിആർപി ഭാസ്കറാണ്. അതു ഭീമാബദ്ധമാണ് എന്നും സഹോദരനയ്യപ്പനല്ല ആ പാട്ടെഴുതിയത് എന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിഞ്ഞിട്ടും അയാൾ അയാളുടെ തെറ്റു തിരുത്തിയില്ല. ഈ കള്ളക്കഥകളെല്ലാം പിന്നീടൊരിക്കൽ പതുക്കെ ചരിത്രത്തിലേക്കു നടന്നുകയറുമെന്ന പ്രതീക്ഷ ഈ കള്ളക്കഥകളെ പ്രചരിപ്പിക്കുന്നവർക്കുണ്ട്. ഇങ്ങനെയെല്ലാമാണ് അവർ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചരിത്രം രചിച്ചത്. എങ്ങനെയാണ് ചരിത്രം നിർമ്മിക്കേണ്ടത് എന്ന് ഇടതുപക്ഷത്തിനറിയാം. ഇങ്ങനെയെല്ലാം ചരിത്രം നിർമ്മിച്ചുകൊണ്ടാണ്, ഏതെങ്കിലും ചരിത്രകാരൻ ഈ രാജ്യത്തിന്റെ ഹൈന്ദവസംസ്കാരത്തെ കുറിച്ചു നല്ലതെന്തെങ്കിലും പറഞ്ഞാൽ, “ഹിന്ദുത്വത്തിന്റെ ചരിത്രനിർമ്മാണം” എന്ന കുറ്റച്ചാർത്തുമായി ഇവർ വരുന്നത്.

ഇതാണ് കേരളത്തിന്റെ വിഖ്യാതമായ ‘ഇടതുമനസ്സ്’. ഈ കള്ളത്തരവും ഇരട്ടത്താപ്പുമാണ് ഇടതുമനസ്സിന്റെ അടിത്തറ. തങ്ങളുടെതന്നെ ആദർശങ്ങളെയും തത്വങ്ങളെയും സൈദ്ധാന്തികതയെയും പരിഹാസ്യമാക്കുന്ന നിലപാടുകളെടുത്തു കൊണ്ടാണ് അവർ ബിജെപിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെ വിമർശിക്കുന്നത്. ചരിത്രത്തെ വികലമാക്കി ചിത്രീകരിച്ചും ചരിത്രപുരുഷന്മാരെ ഹൈജാക്ക് ചെയ്തുമാണ് കേരളത്തിലെ ഇടതുപക്ഷം സ്വന്തം ചരിത്രത്തെ നിർമ്മിച്ചു വെച്ചിരിക്കുന്നത്. കേരളത്തിലെ ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന കള്ളക്കഥകളാണ് ഹിന്ദുത്വത്തെ വിമർശിക്കാനും ജിഹാദിഭീകരതയ്ക്ക് ചൂട്ടുപിടിച്ചുകൊടുക്കാനും വേണ്ടി അവർ നിർമ്മിച്ചുകോണ്ടേയിരിക്കുന്നത്.

ഫേസ്ബുക്കിൽ കള്ളക്കഥകൾ മെനയുന്നത് ഏതെങ്കിലും എസ്‌എഫ്‌ഐക്കാരൊന്നുമല്ല എന്നതാണ് ഇതിനെ ഞെട്ടിക്കുന്നതാക്കുന്നത്. മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെയും സാംസ്കാരികനായകരുടെയും സജീവമായ പിന്തുണയോടെയാണ് ഇതു നടക്കുന്നത്. ഇടതുപക്ഷം നാളെ എറിഞ്ഞു കൊടുത്തേക്കാവുന്ന ഇറച്ചിത്തുണ്ടം സ്വപ്നം കണ്ടായിരിക്കണം ഇവർ കേരളത്തിന്റെ ചരിത്രത്തെ അപമാനിക്കുന്ന കള്ളക്കഥകൾക്കു മേൽ സെമിനാറുകൾ നടത്തുന്നത്.

ഇടതുപക്ഷവും, ഇടതുപക്ഷത്തിന്റെ വാതിൽക്കൽ ഭിക്ഷാപാത്രവുമായി നിൽക്കുന്ന കവികളും മുതിർന്ന പത്രപ്രവർത്തകരും സാംസ്കാരികനായകരുമടങ്ങുന്ന ഇടതുപക്ഷക്ഷുദ്രജീവികളും കേരളത്തിന്റെ ചരിത്രത്തെ അപമാനിക്കാനും ലജ്ജയില്ലാത്തവരാണ്. ഇവരുടെ ഇരട്ടത്താപ്പ് കേരളം ഇനിയും തിരിച്ചറിഞ്ഞില്ല എങ്കിൽ അത് ഈ നാട്ടിനുണ്ടാക്കുന്ന അപകടം ചെറുതൊന്നുമായിരിക്കില്ല.

മണ്മറഞ്ഞു പോയ ലെനിന്റെയോ എകെജിയുടെയൊ വിഗ്രഹങ്ങളല്ല; ജീവിച്ചിരിക്കുന്ന ഈ വിഗ്രഹങ്ങളെയാണ്, ഇവരുടെ ഇരട്ടത്താപ്പാണ്, കേരളം ആദ്യം ഉടയ്ക്കേണ്ടത്.

By പ്രിയജാ മധു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here