നവോത്ഥാനവും കമ്മ്യൂണിസ്റ്റ് ഇരട്ടത്താപ്പും

0

നവോത്ഥാനം എന്നത് ജാതിയെ നന്നാക്കുക എന്നതല്ല , ഒരു സമൂഹത്തിത്തെ ഉന്നത നിലവാരത്തിൽ എത്തിക്കുക എന്നതാണ്. അതായിരുന്നു  നമ്മുടെ ഭാരതത്തിൽ കാലകാലങ്ങളിൽ നടന്നു പോരുന്നതും. എന്നാൽ ഇന്ന് നവോത്ഥാനം എന്നാൽ അത് ജാതികളെ നന്നാക്കുക എന്ന് ദുർവ്യാഖ്യാനിക്കയാണ് .

ഭാരതത്തിലെ നവോത്ഥാനത്തിന്റെ ആദ്യത്തെ പ്രമുഖ നേതാവ് രാജാറാം മോഹൻ റായ് ആണ്. ടാഗോർ രാജാറാം മോഹൻ റായ് യെ വിശേഷിപ്പിച്ചത് ഭാരതത്തിത്തിൽ ആധുനിക കാലഘട്ടത്തിനു തുടക്കംകുറിച്ച വ്യക്തി എന്നാണ്. ഇസ്ലാമിന്റെയും ക്രിസ്തു മതത്തിന്റെയും തത്വങ്ങൾ അദ്ദേഹം ഉൾക്കൊണ്ടുകൊണ്ട് നവോത്ഥാനം ആശയങ്ങൾ നടപ്പിലാക്കുമ്പോൾ അദ്ദേഹം ഹിന്ദു മതം നശിപ്പിക്കുവാനോ, ഹൈന്ദവത തള്ളിക്കളയുവാനോ നോക്കിയിട്ടില്ല. അവയെ ഉയർത്തി കൊണ്ട് വരിക മാത്രം ആണ് രാജാറാം മോഹൻ റായ് ചെയ്തത്. സംവാദ കൗമുദിയിലൂടെ അദ്ദേഹം നല്ല ആശയങ്ങൾ പ്രചരിപ്പിച്ചു. സതിക്കും നരബലിക്കും എതിരെ അദ്ദേഹം പ്രതികരിച്ചു. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം എന്ന വാദത്തിലും അന്ന് രാജാറാം മോഹൻ റായ് അടിയുറച്ചു നിന്ന് , ആധുനിക വിദ്യാഭ്യാസം ജനങ്ങളിൽ എത്തിക്കുന്ന സമയത്തും 1827 ലെ ജൂറി ആക്ട് നു എതിരെ പ്രക്ഷോഭം നടത്തുന്ന വേളയിലും ബ്രഹ്മസമാജം ഉണ്ടാക്കിയ വേളയിലും അദ്ദേഹം ഹിന്ദുമതത്തെ തള്ളി പറയുകയോ ചെയ്തിട്ടില്ല. ജാതി പറഞ്ഞു തമ്മിൽ അടിപ്പിച്ചില്ല ഒരു ജനതയെ മുഴുവൻ ഉന്നതിയിലേക്ക് കൊണ്ടുവരുവാൻ ആണ് ശ്രമിച്ചത് .

1870 കളിൽ ബ്രഹ്മസമാജം പോലെ പ്രാർത്ഥന സമാജം ഉണ്ടാക്കിയ മഹാ ഗോവിന്ദ റാനഡെയും ഹിന്ദുമതത്തെ തള്ളി കളയുകയോ അതിനെ ഉന്മൂലനം ചെയ്യുകയോ ചെയ്തിട്ടില്ല, മറിച്ചു ഹിന്ദുത്വത്തിന്റെ അന്തസ്സ് നിലനിർത്തിക്കൊണ്ടു സാമൂഹിക മാറ്റമാണ് അദ്ദേഹവും നടത്തിയത്.

ഇവരുടെയെല്ലാം കാലഘട്ടങ്ങളിൽ ജീവിച്ച വ്യക്തി ആയിരുന്നു ആനി ബസന്റ്. വിദേശി ആയി ജനിച്ചു മറ്റു മത വിശ്വാസി ആയി വളന്നു, എന്നാൽ ഹൈന്ദവതയെ അടുത്ത് അറിഞ്ഞപ്പോൾ അവർ ഹിന്ദു മതം സ്വീകരിക്കുകയും സമൂഹത്തിൽ അവജ്ഞ അനുഭവിച്ച ജനവിഭാഗത്തിന് വേണ്ടി പോരാടിയ വ്യക്തി കൂടിയാണ്. അപ്പോൾ പോലും അവർ ഹൈന്ദവതയെ ജാതി തിരിച്ചു കാണുവാനോ ഹൈന്ദവത എന്നത് മോശം ആണ് എന്ന് പറയുകയോ ചെയ്തിട്ടില്ല. ആനി ബസന്റ് ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയം ശ്രദ്ധിക്കുക .

സാമൂഹികപരിഷ്കരണം എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിൽ ആദ്യം എത്തുക ശ്രീ രാമകൃഷ്ണ പരമഹംസനും അദ്ദേഹത്തിന്റെ ശിഷ്യനായ വിവേകാനന്ദ സ്വാമിജികളും ആണ്. ഇരുവരെയും കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞുതരേണ്ട ആവശ്യം ഇല്ല. അത്രത്തോളം ഭാരതീയ ചിന്തകളിൽ ഇടകലർന്ന വ്യക്തിത്വം ആണ് സ്വാമിജിയുടേത്. എന്നാൽ ഏറ്റവും അപകടകാരികള്‍ ആയ കമ്മ്യൂണിസ്റ്റ് വാദികൾ ഇന്ന് ആ സ്വാമിജിയുടെ വചനങ്ങളെ ദുർവ്യാഖ്യാനിക്കുകയാണ് സമൂഹത്തിൽ ചെയ്യുന്നത്. ഒരിക്കൽ പോലും ഹൈന്ദവ സമാജം നശിച്ചു പോകരുത് എന്ന് പറഞ്ഞ സ്വാമിജികളെ മുന്നിൽ നിർത്തിയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് കൾ ഹൈന്ദവത നശിപ്പിക്കുവാൻ ശ്രമിക്കുന്നത്. നമ്മുടെ സമൂഹത്തിൽ പോലും സ്വാമിജി ചാതുർവർണ്യത്തിന്റെ വക്താവ് ആണെന്ന് പറയുന്ന തരത്തിൽ നുണകൾ പ്രചരിപ്പിക്കുന്നുണ്ട്.

രാധകാന്ത് ദേവ്, ദേവേന്ദ്രനാഥ്‌ ടാഗോർ, ഈശ്വരാചന്ത് വിദ്യാസാഗർ, ദയാനന്ദ സരസ്വതി, ജ്യോതിറാവു, റാനഡെ, ഗോപാൽ ഗണേഷ് അഗാക്കർ എന്ന് വേണ്ട ഒട്ടനവധി ആളുകളുടെ ശ്രമഫലം ആണ് ഇന്ന് നാം കാണുന്ന ഭാരതത്തിന്റെ മാറ്റത്തിനു കാരണമായി തീർന്നത്. സാമൂഹിക പരിഷ്കരണം നടക്കുന്ന കാലത്തെങ്ങും ഇവർ ഹൈന്ദവത ഇവിടെ നിന്ന് നശിച്ചു പോകണം എന്ന് ഒരിക്കലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല എന്നത് നമ്മൾ മറന്നു പോകരുത് .

ഇനി നമ്മുടെ കേരളത്തിലെ സാഹചര്യത്തിൽ നോക്കിയാൽ – ഒട്ടനവധി പ്രശ്നങ്ങൾ ഹിന്ദു സമൂഹത്തെ അലട്ടിയിരുന്നു. അത് കണ്ടു മഹാനായ വിവേകാനന്ദ സ്വാമിജിക്കുപോലും കേരളത്തെ ഭ്രാന്താലയം എന്ന് വിളിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ സമൂഹത്തിൽ നിലനിന്നിരുന്ന ആ വ്യവസ്ഥകളെ ഇവിടെ നിന്ന് മാറ്റിയത് ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, മന്നം, അയ്യൻങ്കാളി, ശങ്കരാചാര്യൻ, ചിന്മയാനന്ദ സ്വാമികൾ എന്നീ ശക്തർ മുന്നിൽ നിന്ന് നയിച്ച ഒരു നിര ആയിരുന്നു. ഒട്ടനവധി സന്യാസി പ്രമുഖർ അന്ന് ഇവർക്കൊപ്പം അണിചേരുകയുണ്ടായി.

കേരളത്തിന്റെ സാമൂഹിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകൾ, കേരളത്തിൽ നടന്ന പ്രധാന സംഭവങ്ങൾ ഇവയൊക്കെയാണ്.

എന്നാൽ ഇന്ന് ഇവയുടെയെല്ലാം പിതൃത്വം ഏറ്റെടുത്തു ഞങ്ങളാണ് കേരളം പോലും ഉണ്ടാക്കിയത് എന്ന് അവകാശപ്പെടുന്നവർ ആണ് ഇവിടെ ഉള്ള ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ് പ്രസ്ഥാനങ്ങൾ. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയർച്ചക്കായി കഷ്ടപ്പെട്ട ഒരു മനുഷ്യൻ പോലും ഹൈന്ദവതയെ തള്ളി പറഞ്ഞിട്ടില്ല എന്നത് മറന്നു പോകരുത്. ഹിന്ദു മതത്തെ നശിപ്പിക്കാൻ വന്ന മത പരിവർത്തകരെ പോലും രൂക്ഷമായ ഭാഷയിൽ വിമർശിച്ച ആളുകൾ ആണ് ഇന്ന് നമുക്ക് ചുറ്റും ഉള്ള സാമൂഹിക പരിഷ്കർത്താക്കൾ. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ചട്ടമ്പി സ്വാമികൾ. “വിദ്യയും വിത്തവും ഉണ്ടങ്കിലേ മനുഷ്യ പുരോഗതി സാധ്യം ആകുക ഉള്ളൂ എന്ന പറഞ്ഞത് സാമികൾ ആയിരുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ കേരളത്തിലെ പ്രവർത്തങ്ങൾ രൂക്ഷമായി വിമർശിച്ചുകൊണ്ട് സ്വാമിജി എഴുതിയ ക്രിതുമതഛേദനം മാത്രം നോക്കിയാൽ മതി അവർ ഹിന്ദുമതത്തിന് എത്രത്തോളം പ്രാധാന്യം നൽകി എന്ന് മനസ്സിലാക്കുവാൻ.

എന്നാൽ ആധുനിക നവോത്ഥാനവാദികൾ ഇവയെല്ലാം ബോധപൂർവ്വം ഒഴിവാക്കി സമൂഹത്തിൽ സ്പർദ്ധ വർധിപ്പിക്കുന്ന തരത്തിൽ ആണ് നവോത്ഥാനം എന്ന ആശയം പ്രചരിപ്പിക്കുന്നത്. അതിനുപരിയായി ഹിന്ദു മതത്തെ നന്നാക്കിയ വസ്തുത ആയി മാത്രം ആണ് നവോത്ഥാനത്തെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നതും.

കേരളത്തിൽ ക്രിസ്ത്യൻ കത്തോലിക്കാ വിഭാഗത്തിന്റെ നവോത്ഥാനത്തിനായി പാത വെട്ടിത്തുറന്ന ആളായിരുന്നു കുര്യാക്കോസ് ഏലിയാസ് ചാവറ. എന്നാൽ വാഴ്തപെട്ടവൻ എന്ന് വിളിച്ച വേളയിലും ക്രിസ്താനികളുടെ ഇടയിലെ അനീതികൾക്ക് ചോദ്യം ചെയ്ത ഈ മനുഷ്യനെ അവരുടെ ആരുടേയും നവോത്ഥാന നേതാവായി വാഴ്ത്തുന്നത് നമ്മൾ കണ്ടിട്ടില്ല. ജാതീയത എന്നത് ഹിന്ദുവിന്റെ മാത്രം ആണ് എന്ന നുണ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ഈ കാലത്തു ആരും പറയാത്ത ചില വസ്തുതകൾ ഉണ്ട്. ക്രിസ്തുമതത്തിൽ പോലും ജാതി നിന്ന സമയത്തു ദളിത് ക്രിസ്താനികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തി ആയിരുന്നു പൊയ്കയിൽ യോഹന്നാൻ. ദളിത് ക്രിസ്താനികൾക്കു സവർണ്ണ പള്ളികളിൽ പ്രവേശനം നിഷേധിക്കുകയും സവർണ്ണ ക്രിസ്താനികളുടെ ശവകുടീരത്തിൽ താഴ്ന്ന ക്രിസ്താനികളുടെ ശവം അടക്കം ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നതിനെ എതിർത്ത, ദളിത്-സവർണ്ണ ക്രിസ്താനികൾ തമ്മിലുള്ള വിവാഹം നടത്തണം എന്ന് പറഞ്ഞു പ്രക്ഷോഭം നടത്തിയ പൊയ്കയിൽ യോഹന്നാൻ എന്ത് കൊണ്ട് മലയാളി സമൂഹം മറന്നു പോയി എന്ന് മനസ്സിലാകുന്നില്ല. അതോ ബോധപൂർവ്വം ഇവ ഒക്കെ മറന്നുപോകുന്നത് ആണോ എന്നും മനസ്സിലാകുന്നില്ല. സവർണ്ണ ക്രിസ്താനികളും അവർണ്ണ ക്രിസ്താനികളും എന്ന പുസ്തകം എഴുത്തു ക്രിസ്താനികളിലെ ജാതി വ്യവസ്ഥയെ വെല്ലു വിളിച്ച നേതാവ് ആയിരുന്നു പാമ്പാടി ജോൺ ജോസഫ്. പള്ളിക്കുള്ളിൽ കുമ്പസാരം അവസാനിപ്പിക്കണം എന്നും മരണശേഷം ഉള്ള പ്രാർത്ഥന അവസാനിപ്പിക്കണം എന്ന് പറഞ്ഞ പാലക്കുന്നതു അബ്രഹാം മൽപ്പാണ് എന്ന നേതാവിനെ എന്ത് കൊണ്ട് പൊതു സമൂഹം മറക്കുന്നത്? എന്ത്കൊണ്ട് ക്രിസ്താനികളുടെ ഇടയിൽ നിലനിന്നിരുന്ന അനീതികൾക്കെതിരെ പോരാടിയ വ്യക്തികളെ എന്ത് കൊണ്ട് നവോത്ഥാനത്തിന്റെ നായകർ എന്ന് വിശേഷിപ്പിക്കുന്നില്ല ?

കേരളത്തിലെ മുസ്ളീം നവോത്ഥാനത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന വ്യക്തി ആയിരുന്നു മക്തി തങ്ങൾ. മുസ്ളീം  സമുദായത്തിന് ഇടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും മൃഗബലി എതിർക്കുകയും ചെയ്ത നവോത്ഥാന നേതാവ് ആയിരുന്നു മക്തി തങ്ങൾ.

മക്തി തങ്ങൾക്കു ശേഷം മുസ്ളീം  സമുദായത്തിന് ഇടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്ത മറ്റൊരു ആളായിരുന്നു വക്കം മൗലവി. മുസ്ളീം സ്ത്രീകൾ ഭർത്താക്കന്മാരുടെ പേര് ഉച്ചരിക്കാത്ത അന്ധവിശ്വാസം നിലനിന്നിരുന്ന ആ കാലത്തു തൻ്റെ  പേര് തൻ്റെ മകനും നൽകി കൊണ്ട് ആ അനാചാരത്തെ എതിർത്ത വ്യക്തി ആയിരുന്നു വക്കം മൗലവി. മുസ്ളീം മേലാളന്മാർ എതിർത്തതിനു അന്നത്തെ സവർണ്ണ മുസ്ലീങ്ങൾ വക്കം മൗലവിയെ വിളിച്ചിരുന്നത് കാഫിർ, വഹാഞ്ചി എന്നായിരുന്നു.

ഇത് പോലെ സമൂഹത്തിന്റെ താഴെതട്ടിൽ കിടന്ന ക്രിസ്താനികളെയും, മുസ്ലീങ്ങളെയും ഉയർത്തിക്കൊണ്ടുവന്ന ഒട്ടനവധി നേതാക്കൾ ഈ കേരളത്തിൽ ഉണ്ട്. എന്നാൽ അവയെല്ലാം ബോധപൂർവ്വം മറച്ചുവെച്ച്കൊണ്ട് നാട്ടിൽ നടന്ന എല്ലാ അനാചാരങ്ങളും ഹിന്ദുവിൽ മാത്രം ഒതുക്കി ഇന്ന് നാട്ടിൽ നടന്നിരുന്നത് ഹിന്ദു നവോത്ഥാനം മാത്രം ആണ് എന്ന് നുണ പറഞ്ഞു പരത്തുകയാണ് ചെയ്യുന്നത് .

ഇനി പ്രധാന വിഷയത്തിലേക്കു വരാം. കേരളത്തിൽ കെട്ടുന്ന നവോത്ഥാന മതിൽ സ്ത്രീ ശാക്തീകരണം നടത്തുവാൻ ആണ് എന്ന് വാദിക്കുന്ന ആധുനിക നവോത്ഥാന നായകന്മാർ എന്ത് കണ്ടിട്ട് ആണ് ഇങ്ങനെ ഒന്ന് നടത്തുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല.

രണ്ടു മാസം പ്രായമുള്ള തന്റെ മകളും ഒന്നിച്ചു നീണ്ടകാലം ജയിൽ ശിക്ഷ അനുഭവിച്ച ഒരു സ്ത്രീ ഇവിടെ ഉണ്ടായിരുന്നു. മലബാറിൽ സ്വദേശി പ്രസ്ഥാനത്തിനായും ഖാദി പ്രസ്ഥാനത്തിനായും സ്ത്രീ ശാക്തീകരണം നടത്തുവാനും പുറപ്പെട്ട കുട്ടിമാളു അമ്മ .

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു ആദ്യകാലത്തു ശ്രീമതി എന്ന മാഗസീൻ എഴുതിയ വ്യക്തി ആയിരുന്നു അന്നാചാണ്ടി. കല്ലയും മാലയും ഉപേക്ഷിച്ചു സ്ത്രീകളെ ബ്ലൗസ് ധരിച്ചു നടക്കുവാൻ പ്രേരിപ്പിച്ച വനിത ആയിരുന്നു ആര്യ പള്ളം. അക്കാലത്തു സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു പോരാടിയവരിൽ പ്രമുഖ ആയിരുന്നു പാർവതി നെന്മേലി മംഗലം.

ആധുനിക കേരളത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യം  ഇട്ടു വനിതാ മതിൽ കെട്ടാൻ പുറപ്പെടുന്ന നേതാക്കളോട് ഒരു ചോദ്യം സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഈ നേതാക്കളുടെ ഇന്നത്തെ തലമുറയിൽ പെട്ട എത്ര ആളുകളെ നിങ്ങൾ വനിതാ മതിലിനു നേതൃത്വം നൽകുവാൻ ക്ഷണിച്ചു? ആരെയൊക്കെ നിങ്ങൾ ഉയർത്തി കാട്ടി? ഒന്നും ചെയ്തിട്ടില്ല.. എന്നിട്ടു പറയുന്നത് വനിതാ മതിൽ എന്നും സ്ത്രീ ശാക്തീകരണം എന്നും.

ഇനി നവോത്ഥാന ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക ആണ് ലക്‌ഷ്യം എങ്കിൽ എന്ത് കൊണ്ട് അനാചാരങ്ങൾ നിലനിന്നിരുന്ന ക്രൈസ്തവ മുസ്ളീം  സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച നവോത്ഥാന നായകരെ നിങ്ങൾ ഉയർത്തി കാണിക്കുന്നില്ല?

നിങ്ങളുടെ ലക്ഷ്യം വനിതാ മതിലോ , സ്ത്രീ ശാക്തീകരണമോ , നവോത്ഥാന ആശയ പ്രചാരണമോ ഒന്നുമല്ല. ബിജെപി സംഘ പരിവാർ പേര് പറഞ്ഞു ന്യൂന പക്ഷങ്ങളെ പേടിപ്പിച്ചു ന്യൂനപക്ഷ വോട്ടുകൾ സ്വന്തമാക്കുക, നവോത്ഥാന പേര് പറഞ്ഞു ഹിന്ദുവിനെ ജാതി പറഞ്ഞു തമ്മിൽ തല്ലിച്ചു അതിൽ നിന്നും കിട്ടുന്ന വോട്ടുകൾ കരസ്ഥമാക്കി അധികാരം ഉറപ്പിക്കുക എന്ന ലക്‌ഷ്യം മാത്രമാണ്.

നിങ്ങൾ ഇപ്പോൾ പണിയുന്ന ഈ മതിൽ വനിതാ മതിൽ അല്ല, സമൂഹത്തെ തമ്മിൽ വേർതിരിപ്പിക്കുവാൻ പണിയുന്ന ഒരു അന്ധകാരത്തിന്റെ മതിൽ ആണ്!

LEAVE A REPLY

Please enter your comment!
Please enter your name here