ലഡാക്കും, ചേക്കും..പിന്നെ സാമ്പത്തിക മാന്ദ്യവും

1

ഓണം കൂടാന്‍ പട്ടാളത്തില്‍ നിന്ന് അവധിയെടുത്ത് എത്തിയപ്പോള്‍ ‘കുപ്പി കൊണ്ടുവന്നോ ? ‘ എന്നല്ലാതെ ‘ യുദ്ധം ഉണ്ടാകുമോ ? ‘ എന്ന് ആരും ചോദിച്ചില്ല. ആ വിഷമത്തില്‍ ഒരു പാല്‍ചായ കുടിക്കാനാണ് ഗോപാലേട്ടന്റെ കടയില്‍ എത്തിയത്. മാന്ദ്യം കാരണം കച്ചോടം കുറഞ്ഞെന്ന് ഗോപാലേട്ടന്‍ പറയുന്നു. സാമ്പത്തിക മാന്ദ്യമാണ് എങ്ങും ചര്‍ച്ച

കടയില്‍ വെടിവട്ടത്തിനുള്ള ആളുണ്ട്.

“ലഡാക്കില്‍ ഇപ്പോള്‍ തണുപ്പാണോ ? ” ആരോ ചോദിച്ചു.

“അല്ല മഴയാണ്..” ഞാന്‍ പറഞ്ഞു.

ദേശാഭിമാനിയാല്‍ മുഖം മറഞ്ഞ അശരീരിയാണ് ചോദ്യം ഉന്നയിക്കുന്നത്.

“മഴയെന്നു പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ പോലെ പ്രളയവും പേമാരിയും ഒക്കെയാണോ.. ?”

“അല്ല ചാറ്റല്‍ മഴ മാത്രം. പിന്നെ പ്രളയം വരാന്‍ അവിടെ ഡാം മണിയല്ലല്ലോ മന്ത്രി..ഇനി ഡാം തുറന്നാല്‍ ലഡാക്കിലൊന്നും സംഭവിക്കില്ല. പാക്കിസ്ഥാനിലെ ചില ഏരിയകളൊക്കെ വെള്ളത്തിനടിയിലാകും..”

ദേശാഭിമാനിയില്‍ നിന്നും സംപ്രേഷണം പെട്ടന്നു നിലച്ചു. പുട്ടിനൊപ്പം പുഴുങ്ങിയ മുട്ട വായില്‍വെച്ച് ചവച്ചരക്കുന്ന മുഖപരിചയമില്ലാത്ത ഒരാള്‍ ‘പാനി’ എന്നു പറയുന്നതു കേട്ടു. കെട്ടിടം പണിക്കു വന്ന ബംഗാളിയാണ്.

ഇയാളെ മാന്ദ്യം ബാധിച്ചിട്ടി്‌ല്ലെന്ന് ഭക്ഷണം കഴിക്കുന്ന മെനു ശ്രദ്ധിച്ചപ്പോള്‍ മനസിലായി. രണ്ട് ചിങ്ങന്‍ പഴം സൈഡില്‍ ഉണ്ട്. പൊറോട്ട പാഴ്‌സല്‍ വാങ്ങി്ച്ചിട്ടുണ്ട്. പോരെങ്കില്‍ പാല്‍ ചായയും.

ദേശാഭിമാനിയില്‍ നിന്ന് വീണ്ടും സംപ്രേഷണം തുടങ്ങി. “എല്‍ഐസിയില്‍ നിന്ന് പത്തു ലക്ഷം കോടി സര്‍ക്കാര്‍ അടിച്ചു മാറ്റി. ” തലക്കെട്ടൊക്കെ മൂപ്പര്‍ കൈയ്യില്‍ നിന്നും ഇടുകയാണെന്ന് മനസിലായി.

“എല്‍ഐ,സി ഇതോടെ പൊളിയും , പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ അംബാനിക്കും അദാനിക്കും വേണ്ടി തീറെഴുതി. രാജ്യം കുട്ടിച്ചോറാക്കും മോദിയും അമിത് ഷായും കൂടി…” ദേശാഭിമാനിയുടെ ഉള്‍പ്പേജ് കൈയ്യില്‍ വെച്ച് താടിതടവി കൊണ്ട്‌യുവാവ് പറഞ്ഞു. ഡിഫി തന്നെ… ഞാന്‍ ഉറപ്പിച്ചു.

മാന്ദ്യം കാരണം കച്ചവടം ഇല്ലെന്നു പരിഭവം പറഞ്ഞ ഗോപാലേട്ടന്റെ കടയില്‍ ഞാനുള്‍പ്പടെ പതിനൊന്ന് പേരുണ്ട്. എല്ലാം കാലിച്ചായക്കാര്‍ . പാതി പേരും പറ്റുപടിബുക്കില്‍ എഴുതി വെച്ച് പോകുന്നവര്‍. കാശുകൊടുത്ത് എന്തെങ്കിലും വാങ്ങിക്കഴിച്ചത് വരത്താനായ ബംഗാളി. നാട് നന്നായതു തന്നെ.. !

“എനിക്ക് പുട്ടും പഴവും .. “

“കടലക്കറി ഇന്നത്തെയുണ്ടോ.. ?” ഞാന്‍ ഉറക്കെ ചോദിച്ചു, അടുക്കളയില്‍ നിന്ന് -‘ഇറങ്ങി പോ എരണം കെട്ടവനെ’ എന്നൊരു ഒച്ച കേട്ടു. പുട്ടുമായി വന്ന ഗോപാലേട്ടന്‍ പൂച്ചയോട് പറഞ്ഞതാണെന്ന് ഒരു വിശദീകരണം എന്റെ മുന്നില്‍ നിരത്തി.

“ലഡാക്കില്‍ മാന്ദ്യമുണ്ടോ പുരുഷു.. ?”കുറച്ചു കടലമണികള്‍ക്കിടെ കുറെ മുളകു വെള്ളം ഒഴിച്ച പാത്രം മുന്നിലേക്ക് തള്ളി ഗോപാലേട്ടന്‍ ചോദിച്ചു.

“ഗോപാലേട്ടാ.. ലഡാക്കില്‍ ഉള്ളവര്‍ രാഷ്ട്രീയം പറഞ്ഞിരിക്കുന്നവരല്ല. നല്ലവണ്ണം പണിയെടുക്കും. ആളെപ്പറ്റിച്ച് ജീവിക്കുന്നവരല്ല.. കൃഷിക്കാരും കാലിവളര്‍ത്തുന്നവരും ഒക്കെയാണ് . ജമ്മുകാശ്മീരിലെ പ്രഥമ ആഗോള നിക്ഷേപ സംഗമം ലഡാക്കിലാണ് നടക്കാന്‍ പോകുന്നത്. ഇതര സംസ്ഥാനക്കാര്‍ക്കും വന്ന് നിക്ഷേപം നടത്താം. സ്ഥലം വാങ്ങിക്കാം. കല്ലേറില്ലാത്ത കാശ്മീരില്‍ വികസനം വരുകയാണ് “.

എന്റെ വാചകം കേട്ട്. പത്രവായനയില്‍ മുഴുകിയിരുന്ന ഡിഫി പരിഹാസം ചൊരിഞ്ഞു. “ഗോപാലേട്ടാ.. ചാണകത്തിന്റെ മണം അടിക്കുന്നണ്ടല്ലോ “.

അതു ഗൗനിക്കാതെ ഞാന്‍ ഗോപാലേട്ടനോടായി പറഞ്ഞു.. “പശുവിന്‍ പാലില്‍ ഉണ്ടാക്കിയ കടുപ്പത്തിലൊരു ചായ വേണം. പഞ്ചസാര കമ്മിയായാലും പാല്‍ കൂടുതലൊഴിച്ചോ..” ഡിഫിയുടെ തല വീണ്ടും പത്രത്തിലേക്ക് വലിഞ്ഞു.

താമസിയാതെ ചായ വന്നു . “വീട്ടില്‍ രണ്ടു നാടനുണ്ട്. ഒന്ന് ചുരത്തും. മറ്റേത് കറവ വറ്റി. പക്ഷേ, പടവലം മുതല്‍ ചീരവരെ കൃഷി നടത്തുന്നുണ്ട്. അതിന് പഞ്ചഗവ്യവളം അവള്‍ തരും. .” ഗോപാലേട്ടന്‍ പറഞ്ഞു.

“ചേട്ടന് അറിഞ്ഞിട്ട പേരാ ഗോപാലന്‍ ്..ആരോ പറഞ്ഞു.

“നല്ല നാടന്‍ പശുവിന്‍ പാലൊഴി്ച്ച ചായ ഉണ്ടെങ്കിലും ഇവരെല്ലാം കട്ടന്‍ ചായ കുടിക്കുന്നത് എന്താ ഗോപാലേട്ടാ..? “

എളിമ.. പാര്‍ട്ടി പഠിപ്പിച്ചതാ.. ഡിഫിയാണ് ഉത്തരം നല്‍കിയത്.

“ഈ എളിമ കാരണം ഗോപാലേട്ടനാണ് നഷ്ടം വല്ല വരത്തന്‍ ബംഗാളിയോ അവധിക്ക് നാട്ടില്‍ വരുന്ന എന്നെ പോലുള്ള പ്രവാസികളോ മാത്രമാണ് പണം ചെലവിടുന്നത്. “

“നോട്ടു നിരോധിച്ച ശേഷം കാശില്ല.. പുരുഷേട്ടാ പെയിന്റിംഗ് പണിക്ക് പോലും ആരും വിളിക്കുന്നില്ല. മേസ്തിരിപ്പണി മുതല്‍ തെങ്ങുകയറുന്നതുവരെ വരത്തരാണ്..” പ്രായത്തില്‍ ഇളയവനായ സിജോ പറഞ്ഞു.

‘നീ പട്ടാളത്തില്‍ ചേര്.. നല്ല തടിയും തന്റേടവും ഉണ്ടല്ലോ “

‘അതു വേണ്ട.. എനിക്ക് നാടാണ് ഇഷ്ടം. പിന്നെ പെട്ടിയും തൂക്കി പോയാല്‍ മടങ്ങിവരുന്നത് പെട്ടിയിലായാലോ വല്ല ഉറപ്പുമുണ്ടോ..? ” സിജോ ചോദിച്ചു.

“ഇല്ല. നീ ഇവിടെ വണ്ടിയില്‍ ചെത്തി നടന്നോ വല്ല വണ്ടിക്കടിയിലും പോയാല്‍ .. വല്ല ഉറപ്പുമുണ്ടോ.. ? “എനിക്ക് കലി വന്നു.

പുട്ടുകഴിച്ചെഴുന്നേറ്റ് പണം കൊടുക്കാന്‍ തുനിഞ്ഞ ഞാന്‍ നാട്ടിലെ മാന്ദ്യത്തെക്കുറിച്ച് എനിക്കറിയാവുന്ന തരത്തില്‍ ഒരു വിശദീകരണം നല്‍കി.

“രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെങ്കില്‍ ജനം വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയേനെ. ഖജനാവ് കാലിയാകും, ലോക ബാങ്കില്‍ നിന്നും ഐഎംഎഫില്‍ നിന്നും വായ്പ എടുക്കേണ്ടി വന്നേനെ. “

“റിസര്‍വ് ബാങ്കില്‍ നിന്നും എല്‍ഐസിയില്‍ നിന്നും പണം എടുത്തത് പൊതുമേഖലാ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനാണ്. അല്ലാതെ മോദിയുടേ വീട്ടിലേക്ക് കൊണ്ടുപോയതല്ല. എല്‍ഐസിയിലെ പണം ഓഹരി കമ്പോളത്തിലും സ്വകാര്യ കമ്പനികളിലും മുന്‍സര്‍ക്കാരുകള്‍ നിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ അതില്ല. “

“സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞതിനെ മാന്ദ്യമായി അവതരിപ്പിക്കരുത്. ചൈന, യുഎസ്, യൂറോപ്പ്, യുകെ എല്ലാവരും ഇതിലും പരിതാപകരമായ അവസ്ഥയിലാണ്. റഷ്യയ്ക്ക് 100 കോടി യുഎസ് ഡോളറിന്റെ വായ്പ ഇന്ത്യ നല്‍കുകയാണ്. എന്തു മാന്ദ്യമാണ് ഇവിടെയുള്ളത്. പത്രങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത്. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ മൂല്യം സാധാരണക്കാരന് മനസിലായത് മോദി അഞ്ചു ട്രില്യണ്‍ ഡോളറിന്റെ കാര്യം പറഞ്ഞപ്പോഴല്ലേ.. അല്ലാതെ ഹാര്‍ഡ് വാര്‍ഡ് പ്രഫസറുടെ വായില്‍ നിന്ന് വീണിട്ടല്ലല്ലോ.. നടക്കാത്ത സ്വപ്‌നമാണെന്ന് പറയാനല്ലേ.. അദ്ദേഹത്തിനായുള്ളു. സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നത് വലിയ കാര്യമാണ്. ”

“അടിവസ്ത്രങ്ങളുടെ വില്‍പ്പന കുറഞ്ഞെന്ന കണക്കുമായി മാധ്യമങ്ങള്‍ വരും. പക്ഷേ, ഇതേ മാധ്യമങ്ങള്‍ തന്നെ പറയും കേരളത്തിലെ ബിവറേജ് ഔട്ട് ലറ്റുകളില്‍ നിന്ന് ഇക്കുറി 487 കോടി രൂപയുടെ മദ്യം ഓണക്കാലത്ത് വിറ്റു പോയെന്ന്. മാന്ദ്യ കാലത്ത് 50 കോടിയുടെ അധിക മദ്യമാണ് മലയാളി കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ ഓണക്കാലത്ത് ഇത് 457 കോടി രൂപയായിരുന്നു.”

“കാശ്മീരില്‍ ആളുകള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ് തരിഗാമി.. ” ഡിഫിയുടെ ശബ്ദം ഉയര്‍ന്നു. എന്റെ ഫ്‌ളോ കളയാനുള്ള സൈക്കളോജിക്കല്‍ മൂവ് ആയിരുന്നു അത്.

“വെടിയുണ്ടയേറ്റും ബോംബ് സ്‌ഫോടനത്തിലും പെട്ടെന്ന് ആളുകള്‍ മരിക്കാത്തതിന്റെ വിഷമമാണ്.. ” ഞാന്‍ ആരോടൊന്നില്ലാതെ പറഞ്ഞു. തെക്ക് ആലപ്പുഴയിലും വടക്ക് കാശ്മീരിലെ കുലഗ്രാമിലും ആണ് രണ്ട് പ്രമുഖ തരികളുള്ളത്. അതിലെ പഴക്കം ചെന്ന തരിയാണ് തരിഗാമി.. കമ്യണിസമല്ല. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവരുടെ കൂടെനിന്ന ഒരാളെന്ന നിലയിലാണ് വടക്കിലെ തരി പതിവായി നിയമസഭയിലേക്ക് ജയിക്കുന്നത്. കാശ്മീരിലെ ഭീകരവാദത്തിന് ഇരയാണ് തരിഗാമി. ഇദ്ദേഹത്തിനെതിരെ പലവട്ടം വധശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇദ്ദേഹത്തെ ഫറൂഖ് അബ്ദുള്ള എത്രയോ വട്ടം ജമ്മു കാശ്മീര്‍ പബ്ലിക് സെഫ്റ്റി ആക്ട് പ്രകാരം ജയിലില്‍ അടച്ചിരിക്കുന്നു. പീഡിപ്പിച്ചിരിക്കുന്നു.

370 എടുത്തു കളഞ്ഞതിന്റെ ചൊരുക്ക് അവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ ഇപ്പോഴുമുണ്ട്. തരിഗാമിയും രാഷ്ട്രീയം കളിക്കുന്നു. വിഘടന വാദികളും അവരുടെ ആളുകളും എല്ലാം എവിടെ.. ?കല്ലെറിയല്‍ എവിടെ..? പട്ടാളത്തെ പഴി പറയണ്ട. ഒരു വെടിയുണ്ട പോലും സാധാരണക്കാരുടെ നേര്‍ക്ക് ഉതിര്‍ത്തിട്ടില്ല. ഭീകരരെ തുരത്തി. പാക്കിസ്ഥാന്റെ വിഷമം അവരുടെ ചെയ്തികളിലൊക്കെ പ്രതിഫലിക്കുന്നുണ്ട്. “

ഞാന്‍ പ്രസംഗം അവസാനിപ്പിച്ചു പുറത്തേക്ക് ഇറങ്ങാനൊരുങ്ങി. “ഹൊ.. തള്ളി തള്ളി കടമറിച്ചിടുമെന്നാ ഞാന്‍ കരുതിയേ.. ” ഡിഫിയുടെ അശരീരി പൊങ്ങി.

“ഉല്ലു കാ പട്ഡാ.. “ഞാന്‍ പറഞ്ഞു.

ഗോപാലേട്ടന്‍ ചോദിച്ചു. – “അതെന്ത് സാധനം പുരുഷു. “
“ലഡാക്കിലൊക്കെ കിട്ടുന്ന ഒരു കടിയാണ്.. ഉലുവയിട്ട പക്കവട. ” മൂപ്പര് ചിരിച്ചു.

“അമിത് ഷാ ഹിന്ദി പഠിക്കാന്‍ പറഞ്ഞപ്പോള്‍ ഇരുന്ന് കൊഞ്ഞനം കുത്തിയില്ലേ.. അത്രയൊക്കെ അറിഞ്ഞാല്‍ മതി. ആ ബംഗാളിയോട് ചോദിക്ക് അയാള്‍ പറഞ്ഞു തരും. “

ഡിഫിയുടെ ശബ്ദം വീണ്ടും കേട്ടു.

“ദോ.. ദോശ “

ഹിന്ദിയില്‍ മൊ്‌ഴിഞ്ഞതാണോ ? അതോ പഴയ നേതാവിനെ പോലെ വിക്കുണ്ടായോ.. ? ആവോ .. ? കുടലിലേക്ക് എത്തിയ കടലയുടെ ഉള്‍വിളികളുടതാളത്തിനൊപ്പം ഞാന്‍ ചേക്കിലെ കുണ്ടും കുഴിയുമെണ്ണി നടന്നു…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here