സമ്പദ് മേഖലയിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ത്രൈമാസ ആഭ്യന്തര ഉദ്പാദന വളര്‍ച്ചയില്‍ തുടര്‍ച്ചയായ കുറവിന് പരിഹാരമായി മോദി സര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ അടുത്ത പാദത്തില്‍ തന്നെ ഫലം കാണുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍

ഗോവയിലെ പാനാജിയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു തൊട്ടുമുമ്പ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ വിഷയത്തില്‍ പൊതുവെ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് പരിഹാരം ഏകുന്നവയായിരുന്നു. സമ്പദ് വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നായ ഉത്പാദന മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു കോര്‍പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുന്ന തീരുമാനം.

പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വ്യാപാരനേട്ട ദിനമായി സെപ്തംബര്‍ 20 വെള്ളിയാഴ്ച ഓഹരി വിപണി അടയാളപ്പെടുത്തി. ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിന് സഹായകരരമാകുന്ന നിര്‍ണായകവും കരുത്തുറ്റതുമായ തീരുമാനമാണ് കോര്‍പറേറ്റ് നികുതിയിലെ ഇളവുകളിലൂടെ മോദി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആഗോള നിക്ഷേപ വിദഗ്ദ്ധര്‍ വിലയിരുത്തി.

ആഭ്യന്തര ഉത്പാദകര്‍ക്ക് ഗുണകരമാകുന്ന വിധം കോര്‍പറേറ്റ് നികുതി 22 ശതമാനവും പുതിയ സ്റ്റാര്‍ട് അപ്പുകള്‍ക്ക് 15 ശതമാനവും എന്ന നിലയിലാണ് നികുതി നിരക്ക് പരിഷ്‌കരിച്ചത്. സെസ്സും സര്‍ചാര്‍ജും ഇല്ലാതെ നിലവില്‍ മുപ്പതു ശതമാനമാണ് നികുതി. 400 കോടി വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ നിലവില്‍ സെസ്സും അധിക സര്‍ചാര്‍ജുമായി ഇപ്പോള്‍ നല്‍കുന്നത് 34.9 ശതാനം നികുതിയാണ് പുതിയ പ്രഖ്യാപനത്തോടെ ഇത് 25.17 ശതമാനമായി കുറയും.

പുതിയ കമ്പനികള്‍ക്ക് 29.12 ശതമാനമെന്നത് 17 ശതമാനമായും കുറയും. നികുതി നല്‍കിയ ശേഷമുള്ള അധിക വരുമാനം പുനര്‍ നിക്ഷേപത്തിനും വിപണി ഇളവുകള്‍ക്കും ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത.

ഏഷ്യയില്‍ വിയറ്റ് നാമും , സിഗപ്പൂരും ഹോങ്കോങ്ങുനാണ് ഇപ്പോള്‍ കുറഞ്ഞ കോര്‍പറേറ്റ് നികുതി ഇടാക്കുന്നത്. ഈ ഗണത്തില്‍ ഇപ്പോള്‍ ഇന്ത്യയുമെത്തി. സപ്ലൈ ചെയിനില്‍ ദൂരവ്യാപക ഗുണഫലം ഉണ്ടാക്കുന്നതാണ് ഈ തീരുമാനം.

രാജ്യത്തെ 400 ജില്ലകളിലായി വായ്പാ മേളകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കണം. ഡിമാന്‍ഡിലെ മാന്ദ്യം മറികടക്കാന്‍ ഇത് സഹായകമാകും. ദീപാവലി സീസണോട് അനുബന്ധിച്ച് രാജ്യമെമ്പാടും ലോണ്‍ മേളകള്‍ സംഘടിപ്പിക്കുക്കുന്നത് എല്ലാ വിപണികള്‍ക്കും ഊര്‍ജ്ജം രകരുമെന്നാണ് കരുതുന്നത്.

റീട്ടെയില്‍,കാര്‍ഷിക, മേഖലകള്‍ക്കൊപ്പം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെയും സഹായിക്കുകയാണ് വായ്പാ മേളകളുടെ ലക്ഷ്യം. ഇതിനൊപ്പം റിയല്‍ എസ്റ്റേറ്റ്, വാഹനം, ഗാര്‍ഹിക ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്കും ഗുണകരമാകുന്ന പാക്കേജുകള്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പ്രഖ്യാപിക്കും. പരമാവധി വായ്പൗ സൗകര്യം ഏവരിലേക്കും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ ഒരോ ഉപഭോക്താക്കള്‍ക്കൊപ്പം അഞ്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്തണമെന്ന് ധനമന്ത്രി ബാങ്കുകളുടെ തലവന്‍മാരുമായി നടത്തിയ യോഗ്തതില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വായ്പ അടയ്ക്കാത്ത എംഎസ്എംഇകളുടെ മേല്‍ അടുത്ത മാര്‍ച്ച് വരെ അധികം സമ്മര്‍ദ്ദം ചെലുത്തരുതെന്നും ധനമന്ത്രി നിര്‍ദ്ദേശം നല്‍കി. വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കുന്ന പ്രവണത അവസാനിപ്പിച്ച് വണ്‍ ടൈം സെറ്റില്‍മെന്റിനും കുടുതല്‍ സമയപരിധി നല്‍കിയും ഇളവുകള്‍ നല്‍കിയും കുടിശിക പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വെള്ളിയാഴ്ച നടന്ന ജിഎസ്ടി യോഗത്തില്‍ എടുത്ത തീരുമാനങ്ങളും സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുന്നതായിരുന്നു.

സെപ്തംബര് 15 ന് കോവളത്തു നടന്ന ടൂറിസം മന്ത്രിമാരുടെ കോണ്‍ക്ലേവില്‍ കേരളത്തിന്റെ ടൂറിസം ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കുറി ജിഎസ്ടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച നിര്‍മലാ സീതാരാമന്‍ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുന്ന നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുകയും ഇതിന് അനുകൂലമായി കൗണ്‍സില്‍ തീരുമാനം എടുക്കുകയും ചെയ്തു.

ഫെഡറിലസത്തിന് ഭീഷണി ഉണ്ടെന്ന് സദാസമയവും വിലപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൗ തീരുമാനത്തെ സ്വാഗതം ചെയ്യുകയോ ഇതിനു മുന്‍ കൈ എടുത്ത കേന്ദ്ര ധനമന്ത്രിയെ അഭിനന്ദിക്കുകയോ ചെയ്തില്ല. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ധനമന്ത്രിയും കേന്ദ്രത്തെ അഭിനന്ദിച്ചതായി അറിവില്ല.

പുതിയ നികുതി പരിഷ്‌കരണത്തിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് ഏകദേശം 1.45 ലക്ഷം കോടിയാണ്. ധനക്കമ്മി കുറയ്ക്കുന്നതിനുക്കാളെുപരി നിക്ഷേപവും ഉത്പാദനവും വര്‍ദ്ധിപ്പിക്കുകയെന്ന അടിസ്ഥാന പ്രമാണത്തിലൂന്നിയാണ് മോദി സര്‍ക്കാര്‍ ഫയര്‍ ഫൈറ്റിംഗ് മോഡില്‍ എടുത്ത ഈ തീരുമാനങ്ങളെ കാണേണ്ടത്.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ദിനങ്ങള്‍ക്കിടയില്‍ ഓഹരി നിക്ഷേപകരുടെ 12 ലക്ഷം കോടി വെള്ളത്തിലായെന്ന് പരിതപിച്ച വിമര്‍ശകര്‍ വെള്ളിയാഴ്ച കേവലം ഒരു മണിക്കൂറിനുള്ളില്‍ ഇതേ നിക്ഷേപകര്‍ക്ക് ആറു ലക്ഷം കോടി നേട്ടമുണ്ടാക്കാനായെന്ന വാര്‍ത്തകള്‍ വായിച്ചു സാമ്പത്തിക മേഖലയിലെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കണ്ട് വിസ്മയിച്ചു.

കോര്‍പറേറ്റ് നികുതിയിലെ ഇളവുകള്‍ നിലവില്‍ വ്യാപാര മാന്ദ്യം നേരിടുന്ന വാഹന വിപണിയെയും ഊര്‍ജ്ജ്വസ്വലമാക്കുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയില്‍ വെള്ളിയാഴ്ച നേട്ടം കൊയത കമ്പനികളില്‍ മാരുതിയും ഹീറോ മമോട്ടോഴ്‌സും ഉള്‍പ്പടെന്നു.

യുഎസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി മോദിക്ക് വേണ്ടി ഒരുക്കിയ ഹൗഡി മോഡി എന്ന ഗംഭീര സ്വീകരണ പരിപാടിയും ലോക നേതാവെന്ന നിലയില്‍ മോദിക്ക് ലഭിക്കുന്ന അംഗീകാരവും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ അലോസരപ്പെടുത്തുന്നുണ്ട്. ഈ പരിപാടിക്ക് മുമ്പാണ് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതെന്ന് ഒരു വശത്ത് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ മഹാരാഷ്ട്ര, ഹരിയാന എന്നീ വ്യവസായ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് മോദിസര്‍ക്കാര്‍ കോര്‍പറേറ്റുകളെ സ്വാധീനിക്കാന്‍ ഇളവു പ്രഖ്യാപിച്ചതെന്ന് ഈ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തുന്നു.

എന്നാല്‍, 2025 ഓടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ചു ട്രില്യണ്‍ യുഎസ് ഡോളറാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനെന്ന് അടിവരയിട്ട് പ്രഖ്യാപിക്കുകയാണ് മോദി ചെയ്യുന്നത്. ഇതിനായി സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിന് മുകളില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഈ ലക്ഷ്യപ്രാപ്തിക്കായി അക്ഷീണം പ്രയത്‌നിക്കുന്ന പ്രോ ആക്ടീവായ സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് ആഗോള സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ നിരീക്ഷകരും ഒരേ സ്വരത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here