ഇന്ത്യൻ രാഷ്ട്രീയത്തിൽ “നിറഞ്ഞുനിൽക്കുന്ന” കുറെ നേതാക്കളുണ്ട്; അടിവേരുകൾ തീരെയില്ലാത്ത ഒരു കൂട്ടർ. ഇന്ത്യൻ രാഷ്ട്രീയം നിർണ്ണയിക്കുന്നത്, ചലിപ്പിക്കുന്നത് തങ്ങളാണ് എന്നാണ് അവരുടെ വിശ്വാസം; അതാണ് അവർ പറഞ്ഞുനടക്കുന്നത്. എവിടെയും നുഴഞ്ഞുകയറി വന്ന് നേതാവ് ചമയുന്നവർ…. അതെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ; കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സിപിഎമ്മുകാരും സിപിഐക്കാരും. അവർക്ക് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ ഒരു റോളുമില്ലാതാവുന്നു എന്നത് ആവർത്തിച്ചുകാണിക്കുന്നതാണ് ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ. ‘നോട്ട’-യെക്കാൾ പിന്നിൽ വോട്ട് നേടിക്കൊണ്ട് അവർ പലയിടത്തും ചരിത്രം രചിച്ചിരിക്കുകയാണ്. രാഷ്ട്രീയരംഗത്തെ സൂരി നമ്പൂതിരിപ്പാടുമാരായി വേണമെങ്കിൽ അവർക്ക് കുറേനാൾ കൂടി കഴിയാനാവുമായിരിക്കും. അതിനപ്പുറം ഒന്നുമില്ല തന്നെ.
അഞ്ച് സംസ്ഥാന നിയമസഭകളിലെ 678 മണ്ഡലങ്ങളിലേക്ക് ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് പേരെ ജയിപ്പിക്കാൻ അതിലെ ഒരു ആഗോള പാർട്ടിക്കായി എന്നത് മറക്കുന്നില്ല ; തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങളനുസരിച്ച് സിപിഎമ്മിനും സിപിഐക്കുമായി ഇത്തവണ ആകെ കിട്ടിയത് 6. 56 ലക്ഷം വോട്ടുകൾ. ഇന്ത്യ ഭരിക്കാൻ തയ്യാറായി നിൽക്കുകയാണിവർ…….. ഈ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടപ്പോൾ വല്ലാതെ ആഘോഷിച്ച ഇക്കൂട്ടർ സ്വന്തം സ്ഥിതി എന്താണ് എന്നൊന്ന് സ്വയം വിലയിരുത്തിയിരുന്നു എങ്കിൽ……… കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് നിലനില്പില്ലാത്ത രാജ്യമാണ് ഇന്ത്യ എന്നത് ഒരിക്കൽ കൂടി സംശയലേശമന്യേ തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ അവർ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു; തൃപുരയിൽ ഇത്തവണ സംസ്ഥാന സമ്മേളനത്തിന് ഒരു റാലി നടത്താൻ പോലും അവർക്കായില്ല എന്നുപറഞ്ഞാൽ എല്ലാമായില്ലേ. കേരളത്തിലാണ് ഇപ്പോൾ ആ പാർട്ടി ബാക്കിയുള്ളത്; അതാവട്ടെ അവിടത്തെ നേതാക്കളുടെ കർമ്മ ഫലം കൊണ്ടും; പക്ഷെ ഇന്നിപ്പോൾ സ്വന്തം കോർ വോട്ടർമാരെപ്പോലും വെറുപ്പിച്ചുകൊണ്ടുള്ള ഒരു ഭരണകൂടമാണുള്ളത് എന്നത് പറയാതെ വയ്യതാനും. .
രാജസ്ഥാനിൽ നിന്നാണ് സിപിഎമ്മിന് രണ്ട് എംഎൽഎ മാരെ വിജയിപ്പിക്കാനായത്. അവിടെ 2008 -ൽ അവർക്ക് ആ നിയമസഭയിൽ മൂന്ന് അംഗങ്ങളുണ്ടായിരുന്നു. അന്ന് അവർ രാജസ്ഥാനിൽ 34 മണ്ഡലങ്ങളിൽ മത്സരിച്ചു; ഏതാണ്ട് 3,90,440 വോട്ടും കിട്ടി. അവിടെയാണ് പത്ത് വര്ഷം കഴിഞ്ഞപ്പോൾ രണ്ടു സീറ്റും 4. 34 ലക്ഷം വോട്ടും കൊണ്ട് തൃപ്തരാവുന്നത്. പത്ത് വര്ഷം കൊണ്ട് സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുക്കുമ്പോൾ സിപിഎമ്മിന് അവിടെ ജനപിന്തുണ ഗണ്യമായി കുറയുകയാണ് ഉണ്ടായത് എന്നത് കാണാതെ പോകാനാവുമോ. 2008- ൽ അവർക്ക് ലഭിച്ചത് 1. 62 ശതമാനം വോട്ടാണ്; ഇത്തവണ അത് 1. 20 ശതമാനമായി കുറയുകയായിരുന്നു.
ഇനി തെലങ്കാനയിലെ അവസ്ഥ ഒന്ന് നോക്കാം. ഒരു കാലത്ത് കേരളവും ബംഗാളും കഴിഞ്ഞാൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലേറുമെന്ന് അവർ വിലയിരുത്തുകയും പറഞ്ഞു നടക്കുകയും ചെയ്തത് തെലങ്കാനയെ മനസിലേറ്റിക്കൊണ്ടാണ്. പി സുന്ദരയ്യയുടെയും സാക്ഷാൽ സീതാറാം യെച്ചൂരിയുടെയും സ്വന്തം നാട്. അവിടെ, സംയുക്ത ആന്ധ്ര പ്രദേശിൽ, തെലങ്കാന രൂപപ്പെടുന്നതിന് മുൻപ്, രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഓരോ എംഎൽഎമാരുണ്ടായിരുന്നു. അതും ഇത്തവണ ഇല്ലാതായി. അവിടെ സിപിഎമ്മിനെ കൂടെച്ചേർക്കാൻ രാഹുൽ ഗാന്ധിയോ ചന്ദ്രബാബു നായിഡുവോ തയ്യാറായില്ല എന്നതും ഓർക്കേണ്ടതുണ്ട്; അതേസമയം സിപിഐയെ മുന്നണിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. നിരോധിത സംഘടനകൾ എന്ന് നാം പറയാറുള്ള ചില മാവോയിസ്റ്റുകളുമായി ചേർന്നാണ് ഇത്തവണ സിപിഎം ജനവിധി തേടിയത്. എന്നിട്ടും വെറും 0. 40 ശതമാനം വോട്ടാണ് അവർക്ക് അവിടെ കിട്ടിയത്; മുന്നണിയുടെ ഭാഗമായിട്ടും സിപിഐക്ക് ഒരൊറ്റ സീറ്റിലും ജയിക്കാനായില്ല; കിട്ടിയതാവട്ടെ സിപിഎമ്മിന് സമാനമായ 0. 40 ശതമാനം വോട്ട്. കമ്മ്യുണിസ്റ്റ് ഈറ്റില്ലത്തിൽ അവരുടെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. 91,000 ഓളം വോട്ടാണ് സീതാറാം യെച്ചൂരിക്ക് സ്വന്തം സംസ്ഥാനത്ത് കരസ്ഥമാക്കാനായത്; സിപിഐക്ക് ലഭിച്ചതാവട്ടെ 83, 200 വോട്ടും. നമ്മുടെ കേരളത്തിൽ കടന്നപ്പള്ളിയുടെ പാർട്ടിക്ക് പോലും ഇതിലേറെ ജനപിന്തുണ ഉണ്ടാവണം. ഒരു പഞ്ചായത്തിൽ ഒരു സാധാരണ രാഷ്ട്രീയ കക്ഷിക്ക് ഇവിടെ കിട്ടുന്ന വോട്ട് പോലും തെലങ്കാന സംസ്ഥാനത്ത് മുഴുവനായി സിപിഐക്കും സിപിഎമ്മിനും ഇല്ലാത്ത അവസ്ഥയായി എന്നതല്ലേ പ്രധാനം.
ഛത്തീസ് ഗഡ് ആണ് കമ്മ്യുണിസ്റ്റ് കൊടി ഇത്തവണ ഉയർന്നുകണ്ട മറ്റൊരു സംസ്ഥാനം; സിപിഐ അവിടെ അജിത് ജോഗിക്കും മായാവതിക്കുമൊപ്പം ജനവിധി തേടുകയായിരുന്നു. എന്നാൽ ആകെ കിട്ടിയത് 0. 30 ശതമാനം വോട്ട്; കൃത്യമായി പറഞ്ഞാൽ 48, 255 വോട്ടുകൾ. മാവോയിസ്റ്റ് – കമ്മ്യുണിസ്റ്റ് കേന്ദ്രമായിരുന്നു ആ സംസ്ഥാനം എന്നതോർക്കുക. മാവോയിസ്റ്റുകൾ അടക്കിവാണിരുന്ന പ്രദേശങ്ങൾ അവിടെ എത്രയോ ഉണ്ടായിരുന്നു. മനുഷ്യരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റും കൊന്നൊടുക്കുന്ന സമ്പ്രദായമായിരുന്നു അവർക്ക്. അതിനൊക്കെയൊപ്പം നിന്നിരുന്നവരാണ് സിപിഐ. കേരളത്തിൽ നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നപ്പോൾ സിപിഐ ഉണ്ടാക്കിയ വിവാദങ്ങൾ ഓർക്കുക. അവിടെ ഇപ്പോൾ അത്രയെങ്കിലും വോട്ട് കിട്ടിയത് അജിത് ജോഗിയുടെയും മായാവതിയുടെയും ഔദാര്യം കൊണ്ട്. ഏറെ രസകരം ഈ രണ്ട് കമ്മ്യുണിസ്റ്റ് പാർട്ടികളും സഖ്യത്തിനായി കോൺഗ്രസിന്റെ പിന്നാലെ കുറെയേറെ നാൾ നടന്നിരുന്നു എന്നതാണ് ; പക്ഷെ അവർ അടുപ്പിച്ചില്ല. അവസാനം സിപിഐ എങ്ങിനെയൊക്കെയോ മായാവതിക്കൊപ്പം അണിനിരന്നു; സിപിഎമ്മിന് അവിടെയും സ്ഥാനമുണ്ടായിരുന്നില്ല; ജോഗിക്കും സിപിഎമ്മിനെ വേണ്ടായിരുന്നു എന്നർത്ഥം.
ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം ഇതൊന്നുമല്ല. കഴിഞ്ഞ കുറേക്കാലമായി നാമൊക്കെ, പ്രത്യേകിച്ചും കേരളത്തിൽ, കേൾക്കാറുള്ള കർഷക പ്രക്ഷോഭങ്ങളുടെ വീരകഥകളുണ്ട്. ഉത്തരേന്ത്യ മുഴുവൻ കർഷകരുടെ പ്രക്ഷോഭമാണ് എന്നാണല്ലോ സഖാക്കൾ വിളിച്ചുകൂവിയിരുന്നത്. തെരുവീഥികൾ കര്ഷകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നും മറ്റും അവർ വിളിച്ചുകൂവാറുണ്ട്. അതിന് നേതൃത്വം നല്കിയതാവട്ടെ ഇടത് പാർട്ടികളും, പ്രത്യേകിച്ചും സിപിഎം. ലോങ്ങ് മാർച്ചുകൾ, കർഷക മാർച്ചുകൾ, ചുവപ്പൻ മാർച്ചുകൾ……. അങ്ങിനെ എന്തൊക്കെ നാം ഇതിനിടെ കേട്ടു. ഗുജറാത്തിൽ യു.പിയിൽ രാജസ്ഥാനിൽ മധ്യപ്രദേശിൽ ഛത്തീസ് ഗഢിൽ മഹാരാഷ്ട്രയിൽ ഹരിയാനയിൽ …… അങ്ങിനെ സാർവത്രികമായും കർഷക പ്രക്ഷോഭങ്ങൾ തന്നെ. ഇതൊക്കെ നടന്നു കഴിഞ്ഞിട്ടാണ് ഈ തിരഞ്ഞെടുപ്പ് അരങ്ങേറുന്നത് . മദ്ധ്യപ്രദേശിൽ സിപിഐയുടെയോ സിപിഎമ്മിന്റെയോ പേര് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് പട്ടികയിൽ കാണാനില്ല. അവർ അവിടെയൊന്നുമില്ല എന്നതല്ലേ ഇത് കാണിക്കുന്നത്. ഇത്ര വലിയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് നയിച്ചവർക്ക് ഓരോ മണ്ഡലങ്ങളിലും ആയിരം വോട്ടെങ്കിലും കിട്ടേണ്ടതല്ലേ; പക്ഷെ, മത്സരിക്കാൻ സ്ഥാനാർഥികളെ നിർത്താൻ പോലുമായില്ല എന്നതാണ് വസ്തുത. മധ്യപ്രദേശിലെ അതാണല്ലോ കണ്ടത്. വെറും കള്ളപ്രചാരണം കൊണ്ട് എവിടെയുമെത്താൻ കഴിയില്ലെന്ന് കമ്മ്യുണിസ്റ്റുകൾ ഇനിയെങ്കിലും തിരിച്ചറിയുമോ?. ഒരു കാര്യം കൂടി; മധ്യപ്രദേശിൽ ഇക്കൂട്ടരുടെ കർഷക സമരത്തിന് സാക്ഷ്യം വഹിച്ച പ്രദേശമാണ് മാന്ഡസൗർ. രാഹുൽ ഗാന്ധി വന്നതും പാൽ റോഡിൽ ഒഴുക്കിയതും വെടിവെപ്പിലേക്ക് അക്രമം നീണ്ടതുമൊക്കെ ഓർക്കുക. അവിടത്തെ എട്ട് സീറ്റുകളിൽ ഏഴും നേടിയത് ബിജെപിയാണ്; ഒന്ന് കോൺഗ്രസിനും. ഇതാണ് ബിജെപി വിരുദ്ധ കാർഷിക സമരങ്ങളുടെ ബാക്കിപത്രം.
ശരിയാണ്, ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായി. എന്നാൽ പതിനഞ്ച് വർഷമായി ഭരിച്ചുവരുന്ന മധ്യപ്രദേശിൽ ഇപ്പോഴും കോൺഗ്രസിനേക്കാൾ വോട്ട് കൂടുതൽ ലഭിച്ചത് ബിജെപിക്കാണ് എന്നത് മറക്കരുത്. രാജസ്ഥാനിൽ കോൺഗ്രസ് വിജയിച്ചുവെങ്കിലും വോട്ടിലുള്ള വ്യത്യാസം വെറും അര ശതമാനത്തിന്റേത് മാത്രം. ആ സംസ്ഥാനങ്ങളിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം കാഴ്ചവെക്കാൻ ബിജെപിക്കാവും എന്നത് അവരുടെ രാഷ്ട്രീയ പ്രതിയോഗികൾ പോലും ഇന്ന് സമ്മതിക്കുന്നു എന്നതും കാണാതെ പോയിക്കൂടാ. ഈ സംസ്ഥാനങ്ങളിൽ ഒന്നിലും കർഷക പ്രശ്നമോ സിപിഎമ്മിന്റെ മാർച്ചുകളോ ഒന്നും തിരഞ്ഞെടുപ്പിനെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്നത് ബോധ്യമാവാൻ വേറെന്ത് വേണം. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് അവരിപ്പോൾ ഇത്തരം കലാപരിപാടികൾ നടത്തുന്നത്; അതാവട്ടെ വെറും നാടകമായിരുന്നു എന്നതല്ലേ തെളിഞ്ഞത്. അതുകൊണ്ടാണ് സൂചിപ്പിച്ചത് സിപിഎമ്മിന് ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട എന്ന്. വേണമെങ്കിൽ ദൽഹി രാഷ്ട്രീയ ദർബാറിൽ ഒരു കാര്യസ്ഥന്റെ റോളിൽ യെച്ചൂരിക്ക് കയറിയിറങ്ങി നടക്കാം. ഒരു സൂരി നമ്പൂതിരിപ്പാടിന്റെ വേഷം അദ്ദേഹത്തിന് ചേരുകയും ചെയ്യും. വലത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാവട്ടെ അതിനുപോലും കഴിയാത്ത അവസ്ഥയാണല്ലോ. ‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ’ എന്ന് കവി പാടിയതാണ് ഓർമ്മവരുന്നത്. ലാൽ സലാം, സഖാക്കളേ.
—– കെവിഎസ് ഹരിദാസ്