കണ്ടവരുണ്ടോ, നമ്മുടെ സാംസ്‌കാരിക നായകരേ?

0

മൂന്ന് ക്ഷേത്രങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെ മൃതദേഹം കൊണ്ടുപോകാനും അത് ഒരു മഹാ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പ്രദര്‍ശിപ്പിക്കാനും അടുത്തിടെ ശ്രമമുണ്ടായി. ചില ഭക്തര്‍ക്ക് അത് സഹിച്ചിരിക്കില്ല. അതിന്റെ പേരില്‍ എന്തൊക്കെയാണ് കോലാഹലമുണ്ടായത്. അന്നൊക്കെ ഹാലിളകി കൂകിവിളിച്ചുകൊണ്ട് ഹിന്ദുക്കളെയും അവരുടെ വികാരങ്ങളെയും അധിക്ഷേപിക്കാന്‍ മാത്രമല്ല, അതിലൊക്കെ സ്വാതന്ത്ര്യം ഹനിക്കുന്നത് ദര്‍ശിക്കാനും തയ്യാറായ ‘നവോത്ഥാന- സാംസ്‌കാരിക നായകരു’ണ്ടല്ലോ. എന്തേ അവര്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്?

മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിള പാട്ടിന്റെ ലോകത്തിന് സുപരിചിതമായ ഗാനം. പ്രവാചകന്റെയും ഖദീജയുടെയും പ്രണയം വര്‍ണ്ണിക്കുന്ന പാട്ട്.  ഒരു മലയാള സിനിമയില്‍, അതും ഒരു മുസ്ലിം  സംവിധായകന്റെ, ഒമര്‍ ലുലുവിന്റെ,   ചിത്രമായ  ‘ഒരു അഡാര്‍ ലൗ’ -ല്‍ ആ ഗാനം ഉള്‍പ്പെടുത്തി.  ദിവസങ്ങള്‍ക്കകം അത് ഒരു സൂപ്പര്‍ ഹിറ്റ് .  അതിലെ നായിക, തൃശൂര്‍ പൂങ്കുന്നത്ത് കാരി പ്രിയ പ്രകാശ് വാരിയര്‍ എന്ന  വിദ്യാര്‍ഥിനി അതിനേക്കാള്‍ ഹിറ്റ്.  പക്ഷെ അത് ചിലര്‍ക്ക് സഹിക്കുന്നില്ല. അവര്‍ പരാതിയുമായി നേരെ പോയത് ഹൈദരാബാദില്‍.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ്  295എ പ്രകാരം പരാതിയും കേസും; അതായത് മതവികാരം വ്രണപ്പെടുത്തിയതിന്.

കേരളത്തിലെ ഒരു വിഷയത്തെ മുംബൈയിലേക്കും ഹൈദരാബാദിലേക്കും എത്തിച്ചത്  ചെറിയ കാര്യമല്ലല്ലോ. അതിലെ ആഗോള താല്‍പര്യങ്ങള്‍ കാണേണ്ടിയിരിക്കുന്നു. അതൊന്നുമല്ല അല്ലെങ്കില്‍ അത് മാത്രമല്ല  ഇവിടെ പ്രശ്‌നം…. ഇതിത്രയൊക്കെയായിട്ടും സഹിഷ്ണുതയുടെ പ്രവാചകന്മാര്‍ എന്ന് പറഞ്ഞുനടക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരുടെ, ജ്ഞാനപീഠ ജേതാവ് മുതല്‍ സാഹിത്യ അക്കാദമിയെ സ്വന്തമാക്കിവെച്ചിരുന്നവര്‍ വരെയുള്ളവരും ഇടത് കൂലിയെഴുത്തുകാരും വരെയുള്ളവരുടെ    ഭാഗത്തുനിന്നുണ്ടാവുന്ന മൗനമാണ് ശ്രദ്ധിക്കേണ്ടത്.   ഇസ്ലാമിക – കമ്മ്യൂണിസ്റ്റ് പ്രതിസന്ധികളില്‍ അവര്‍ പതിവായി സ്വീകരിക്കുന്ന മൗനം ഇവിടെയും തുടരുന്നു. നോട്ട് റദ്ദാക്കിയപ്പോള്‍ കാണിച്ച വികാരപ്രകടനമെങ്കിലും ഇപ്പോള്‍ പുറത്തുവരണ്ടേ  ?

മാപ്പിളപ്പാട്ടുകള്‍ മലയാളത്തിലെ ഒരു സാഹിത്യ ശാഖ തന്നെയാണ്. എത്രയോ സുന്ദര  ഗീതങ്ങള്‍. അതില്‍ അറബിയുണ്ട്, പേര്‍ഷ്യന്‍, കന്നഡ, തമിഴ്, ഹിന്ദി എന്നിവയുടെ അംശവുമുണ്ട്; എന്തിന് സംസ്‌കൃതം പോലുമുണ്ട്.  അത് ഒരു വലിയ വിഭാഗത്തിന്റെ  സംസ്‌കാരവും ചിന്തയും മറ്റും പ്രകടിപ്പിക്കുന്നു.  മുസ്ലിം ആഘോഷങ്ങളില്‍ അതൊരു അനിവാര്യതയായി ഇന്ന് മാറിയിട്ടുമുണ്ട്.  ഈ പാട്ടുകളില്‍  അനവധിയെണ്ണത്തില്‍ പ്രവാചകന്‍ പരാമര്‍ശിക്കപ്പെടുന്നു.   ഭാര്യമാരോടുള്ള പ്രവാചകന്റെ പ്രണയം പലതിലും കടന്നുവരുന്നുമുണ്ട്. വിവാഹ വേദികളില്‍ മുഴങ്ങുന്നതും അത്തരം ഗാനങ്ങളാണ് എന്ന് മാപ്പിള പാട്ട് പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ വിവാദമായിട്ടുള്ള പാട്ട് 1978 -ല്‍ പിഎംഎ ജബ്ബാര്‍ എഴുതി തലശ്ശേരി റഫീഖ് ചിട്ടപ്പെടുത്തിയതാണ്. അതായത് കഴിഞ്ഞ മുപ്പത് വര്‍ഷമായി അതിവിടെ ജീവിക്കുന്നു. നമ്മുടെ മുസ്ലിം സുഹൃത്തുക്കള്‍ അത്  പാടുകയും അത് കേട്ട്  ആനന്ദിക്കുകയും ചെയ്യുന്നു.  അതിനെ ഇപ്പോള്‍ കേസും മതവിദ്വേഷവുമാക്കുന്നത്   അസംബന്ധമല്ലേ?

ഈ പുതിയ നീക്കത്തിന് പിന്നില്‍ മതമൗലിക വാദികളാണ് ഉള്ളതെന്ന കാര്യത്തില്‍ സംശയമില്ല. സിറിയയിലേക്കും ഐഎസിലേക്കും റിക്രൂട്ട്‌മെന്റ് നടത്തിയതും, ഭീകരകര്‍ക്ക്  അരങ്ങൊരുക്കിയതും, പരിശീലനക്കളരി തയ്യാറാക്കിയതും കോളേജ്  അധ്യാപകന്റെ കൈ വെട്ടിയതും ലൗ ജിഹാദിന്റെ മറവില്‍   ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍  ചെയ്തുകൂട്ടിയതും സമൂഹത്തില്‍ അന്തച്ഛിദ്രം സൃഷ്ടിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചതും ഒക്കെ നമ്മുടെ മുന്നിലുണ്ട്. സൈന്യത്തില്‍ വീരമൃത്യു വരിക്കുന്നവരെ ജാതി-മതം തിരിച്ച് മുതലെടുപ്പ് നടത്താന്‍ പോലും തയ്യാറാവുകയാണിവര്‍ ഇന്നിപ്പോള്‍. അതേ കൂട്ടര്‍ തന്നെയാണ് ഇപ്പോള്‍  അഡാര്‍ ലൗവിനെതിരെ ഇറങ്ങിത്തിരിക്കുന്നത് എന്നുവേണം വിലയിരുത്താന്‍. അതായത് കഴിഞ്ഞ കുറേക്കാലമായി നടന്നുവരുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖം.

ഇവിടെ ഏറെ സന്തോഷം പകരുന്നത്,  ഇതിലെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ഇസ്ലാമിക ലോകത്ത്‌നിന്ന് തന്നെ ചിലരെങ്കിലും എത്തി എന്നതാണ്.  എം. എന്‍. കാരശ്ശേരി, അഷറഫ് കടയ്ക്കല്‍, ജാമിദ ടീച്ചര്‍ തുടങ്ങിയവര്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയം. മാപ്പിളപ്പാട്ട് കലാകാരന്മാരില്‍ ചിലരും  ഇത്തരം നീക്കങ്ങളില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.  ജാമിദ ടീച്ചര്‍ പറയുന്നത്, ഇതിനേക്കാള്‍  വിവാദമായേക്കാവുന്ന കുറെ മാപ്പിള പാട്ടുകള്‍ ഇസ്ലാമിക ലോകത്ത് ഇന്നുണ്ട് എന്നാണ്.  അതൊക്കെ പതിവായി, പ്രത്യേകിച്ചും നബി ദിന ഘോഷയാത്രയിലും മറ്റും,  മുഴങ്ങാറുണ്ട് എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തെ വസ്തുതാപരമായ ഒരു വിശകലനത്തിന് വഴിയൊരുക്കിയത്  തീര്‍ച്ചയായും മേല്‍സൂചിപ്പിച്ചവരുടെ വിലയിരുത്തലുകളും അഭിപ്രായ പ്രകടനങ്ങളുമാണ്.  അവര്‍ കാണിച്ച മര്യാദ പക്ഷെ, നമ്മുടെ സെക്കുലര്‍ സാംസ്‌കാരിക നായകന്മാരില്‍ നിന്നുണ്ടായില്ല എന്നതാണ് മറന്നുകൂടാത്തത്.

അടുത്തിടെയാണ് കൊല്ലത്തുള്ള ഒരു ‘മഹാകവി’ ഒരിടത്ത് പോയിട്ട്  സാംസ്‌കാരിക നിലവാരം കാണിച്ചുതന്നത്.  ഹിന്ദു ദേവീദേവന്മാരെയും    മതവികാരത്തെയും  അധിക്ഷേപിക്കാനും മറ്റും തയ്യാറായതാണ് ആ കവി പുംഗവന്‍. ആരും ഒന്നും ചെയ്തില്ല എന്നാണ് അവിടെനിന്ന് കേട്ട വിവരം. ഇങ്ങനെയൊക്കെ പ്രസംഗിക്കുന്നത് മോശമാണ്,  അതൊന്നുമല്ല തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നകാര്യം ചിലര്‍ പറഞ്ഞു. പക്ഷെ അത് പ്രശ്‌നമായി. തന്നെ ആക്രമിച്ചു എന്നായി ‘മഹാകവി’യുടെ പ്രചാരണം.  തന്നെ ആരും ഒന്നും ചെയ്തില്ലെന്ന് അയാള്‍തന്നെ പറയുന്നത്  വിഡിയോയില്‍ ഉണ്ട് എന്നിരിക്കെയാണ് കേസും അറസ്റ്റും റിമാന്റുമൊക്കെ. മറ്റൊന്ന് എറണാകുളം ശിവ ക്ഷേത്രത്തിന്റെ തിരുനടയിലുണ്ടായ സംഭവമാണ്. ആരും ഒരു ക്ഷേത്ര നടയിലും മൃതദേഹം കൊണ്ടുവന്ന്  കിടത്താറില്ല.   ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടില്‍ മരണമുണ്ടായാല്‍, ക്ഷേത്രത്തിലെ പൂജകള്‍ കഴിഞ്ഞ് നടയടച്ചശേഷമേ മൃതദേഹം സംസ്‌കരിക്കാന്‍ നടപടി ഉണ്ടാവാറുള്ളൂ. അതാണ് ഹിന്ദു ആചാരം, വിശ്വാസം.  ഇവിടെ മൂന്ന് ക്ഷേത്രങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെ  മൃതദേഹം കൊണ്ടുപോകാനും അത് ഒരു മഹാ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പ്രദര്‍ശിപ്പിക്കാനും ശ്രമമുണ്ടായി.  ചില ഭക്തര്‍ക്ക് അത് സഹിച്ചിരിക്കില്ല. മുന്‍പ് പതിവില്ലാത്ത കാര്യമായത് കൊണ്ടുകൂടിയാണത്.  അതിന്റെ പേരില്‍ എന്തൊക്കെയാണ് കോലാഹലമുണ്ടായത്.   അറസ്റ്റും കേസും ഒക്കെ. അന്നൊക്കെ ഹാലിളകി കൂകിവിളിച്ചുകൊണ്ട് ഹിന്ദുക്കളെയും അവരുടെ വികാരങ്ങളെയും അധിക്ഷേപിക്കാന്‍ മാത്രമല്ല അതിലൊക്കെ  സ്വാതന്ത്ര്യം ഹനിക്കുന്നത് ദര്‍ശിക്കാനും തയ്യാറായ ‘നവോത്ഥാന- സാംസ്‌കാരിക  നായകരു’ണ്ടല്ലോ. എന്തേ അവര്‍ ഇപ്പോള്‍  മിണ്ടാതിരിക്കുന്നത്.

ഇതെല്ലാം  ഇക്കൂട്ടരുടെ സ്വഭാവമായി മാറിയിരിക്കുന്നു… ഒരുതരം  ഇരട്ടത്താപ്പ്.  അതില്‍ ജ്ഞാനപീഠ ജേതാവ് മുതല്‍ പുരഗോമന കലാസാഹിത്യ പരമ്പരയിലെ കീഴാളന്‍ വരെയുണ്ട്. സച്ചിദാനന്ദന്‍, സക്കറിയ, ബി.ആര്‍.പി. ഭാസ്‌ക്കര്‍, രാമനുണ്ണി …തുടങ്ങി സാറാ ജോസഫും കെഇഎന്നും  വരെയുള്ളവര്‍. അടുത്തകാലത്ത് അസഹിഷ്ണുത പരിധിവിട്ടെന്നു പറഞ്ഞുകൊണ്ട് രൂപം കൊണ്ടതാണ് ‘സര്‍വ്വധര്‍മ്മ സമഭാവന’ എന്ന കൂട്ടായ്മ . ഉന്നതന്മാരൊക്കെയുണ്ടതില്‍; എംടി വാസുദേവന്‍ നായരടക്കമുള്ളവര്‍.   അവരുടെ മനസ്സിലെന്താണ് ഇതൊക്കെ എത്തിപ്പെടാതെ പോകുന്നത്? സ്വന്തം നില മറന്നുകൊണ്ട് ആര്‍ക്കൊക്കെയോ വേണ്ടി എന്ത് വിടു പണിയും എടുക്കാനുള്ള പെടാപ്പുറപ്പാട്  എന്ന് ഇക്കൂട്ടരുടെ സംരംഭങ്ങളെ വിശേഷിപ്പിക്കണോ?  ഏതാനും ചില  പുരസ്‌കാരങ്ങള്‍ കിട്ടുന്നുണ്ടാവാം. അതിന്റെ മറവില്‍ കുറച്ച്  ചില്ലിക്കാശുകള്‍;  വല്ലപ്പോഴും ഒന്നോരണ്ടോ  സര്‍ക്കാര്‍ സ്റ്റേജുകള്‍  അവര്‍ക്കായി തുറക്കുന്നുമുണ്ടാവാം. പുരോഗമനം എന്നാല്‍   പണ്ടൊക്കെ ഇടതുപക്ഷമാണ് എന്നാണ് പറയാറുള്ളത്.  ഇന്നതല്ല അവസ്ഥ. ഇന്നിപ്പോള്‍ ഇടതുപക്ഷ നിലപാട് മാത്രം കൊണ്ട് പുരോഗമനമാവില്ലെന്ന് ഇക്കൂട്ടര്‍  കരുതുന്നു.  മറിച്ച് ഇടത് -ഇസ്ലാമിക കൂട്ടുകെട്ടാണ് വേണ്ടതെന്നും.  ചില ഗള്‍ഫ് യാത്രകള്‍,  സ്വീകരണങ്ങള്‍, കുറെ സ്വകാര്യ നിമിഷങ്ങള്‍….ഇടയ്‌ക്കൊക്കെ ഹിന്ദുത്വ- ദേശീയ ശക്തികളെ അധിക്ഷേപിച്ചാല്‍ മതി;  ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ മതി.  ഗള്‍ഫില്‍ വാതില്‍ തുറക്കപ്പെടും….ഇതിനൊപ്പം ഒന്നുകൂടി സൂചിപ്പിക്കട്ടെ, പഴയകാലത്ത് ഇക്കൂട്ടര്‍ക്കൊപ്പം നടന്നു നീങ്ങിയിരുന്ന  ചിലര്‍, കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാവണം,  വഴിമാറി നടക്കുന്നുണ്ട് ; ചുരുങ്ങിയത് ഇവരുടെ പല ചെയ്തികളില്‍ നിന്നും  അകലമെങ്കിലും പാലിക്കുന്നു. എം. മുകുന്ദനെ ആ ഗണത്തില്‍ ഉള്‍പ്പെടുത്താമെന്ന് തോന്നുന്നു. പി. വത്സലയെപ്പോലെ മാറി നടന്നവര്‍ വേറെയുമുണ്ട്.

ഗള്‍ഫ് യാത്ര കഴിഞ്ഞുമടങ്ങി വന്നാല്‍ ദേശീയവികാരം കൈമോശം വരുന്നതും ചില സാംസ്‌കാരിക നായകരില്‍ എങ്കിലും  കാണുന്നില്ലേ. ബിജെപി ഭരിക്കുന്ന ഒരു  സംസ്ഥാനത്ത് ഒരു പിന്നാക്കക്കാരനോ  ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടയാളോ മരണമടഞ്ഞാല്‍, ഏതെങ്കിലും വിധത്തില്‍ കൊല്ലപ്പെട്ടാല്‍,  എന്താണ് പ്രതികരണമുണ്ടാവാറുള്ളത്. അത് ആ പ്രാദേശികമോ മറ്റോ ആയുണ്ടായ  ഒരു സംഘര്‍ഷത്തിന്റെ പേരിലുണ്ടായ പ്രശ്‌നമേ ആവാറുള്ളൂ. എന്നാല്‍ കേരളത്തില്‍ നിന്ന് പോലും സാംസ്‌കാരിക നായകന്മാര്‍ അവിടേക്ക് പ്രവഹിക്കാറുണ്ട്. വിദേശത്തുനിന്നും സ്വദേശത്തു നിന്നും പണം ഒഴുകിയെത്താറുമുണ്ട്.  ഏറ്റവുമൊടുവില്‍ ഒരു മലയാളി സാംസ്‌കാരിക നായകന്‍ തന്റെ അവാര്‍ഡ് തുകയുമായി തീര്‍ത്ഥയാത്ര നടത്തിയതും  കണ്ടുവല്ലോ.  എന്നാല്‍ അവരാരും കണ്ണൂരില്‍, മട്ടന്നൂരില്‍, ഒരു പാവം ഷുഹൈബ് കൊലചെയ്യപ്പെട്ടത്  കേട്ടതായി നടിച്ചില്ലല്ലോ. ഷുഹൈബും മുസ്ലിമല്ലേ?  തൊട്ടു മുന്‍പ് ഒരു വിദ്യാര്‍ഥി, ശ്യാമപ്രസാദ്,  അതെ പ്രദേശത്ത് നിഷ്‌കരുണം കൊല്ലപ്പെട്ടപ്പോഴും അവര്‍ അറിഞ്ഞതായി നടിച്ചില്ല. അവിടെ അവര്‍ക്ക് കൊടുക്കാന്‍ ആരുടെ പക്കലും അവാര്‍ഡ് തുകയില്ലായിരുന്നു……

അവാര്‍ഡുകള്‍  തിരികെ നല്‍കാന്‍ കൂട്ടമായെത്തിയവരെ ഏതാനും വര്‍ഷം മുന്‍പ് നാം കണ്ടു.  യോഗ്യതയില്ലാത്തതിന് ലഭിച്ച  പുരസ്‌കാരമായത് കൊണ്ടുകൂടിയാവാം  ചിലരെല്ലാം തിരികെ നല്‍കി ; അത് തനിക്ക് കിട്ടാന്‍ വഴിവിട്ട്  സഹായിച്ചവര്‍ തന്നെ തിരികെ കൊടുക്കാന്‍ പറയുമ്പോള്‍ എന്താ ചെയ്യുക എന്ന് കരുതിയവരെയും അന്ന് കണ്ടു.   അങ്ങിനെ മറ്റൊരു  മാര്‍ഗ്ഗവുമില്ലാതായ ചിലര്‍. പക്ഷെ അന്നൊക്കെ ഇക്കൂട്ടര്‍  ഉറപ്പാക്കിയ രണ്ട് കാര്യങ്ങളുണ്ട് ; ഒന്ന്, അവാര്‍ഡിനൊപ്പം കിട്ടിയ പണം തിരികെ കൊടുക്കില്ല. മറ്റൊന്ന്, ഈ ‘തരംതാണ രാഷ്ട്രീയ നാടക’ത്തിന് തയ്യാറാവുന്നതിന് വേണ്ടുന്ന ‘പ്രതിഫലം’ വേണം. അങ്ങിനെ അവാര്‍ഡ്  തിരികെ നല്‍കാന്‍ ഒരുക്കം  നടത്തിയവര്‍ എത്രയോപേര്‍ക്ക്   കൊട്ടക്കണക്കിന്  പണം നല്‍കി എന്നത് പരസ്യമായ രഹസ്യമാണിന്ന്. അതാണ് നമ്മുടെ സാംസ്‌കാരിക ലോകം. ലജ്ജ തോന്നുന്നു. പ്രസിദ്ധമായ മാപ്പിളപ്പാട്ട് പാടിയവരെയും അതില്‍ അഭിനയിച്ചവരെയും അത് നിര്‍മ്മിച്ചവരെയും സംവിധാനം ചെയ്തവരെയും ജയിലില്‍ അടച്ചാലും ഇക്കൂട്ടര്‍ നാവനക്കില്ല.

~ കെവിഎസ് ഹരിദാസ്

LEAVE A REPLY

Please enter your comment!
Please enter your name here