ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയും ജനം അനുകൂല വിധി നല്‍കുകയും ചെയ്ത ശേഷം മൂപ്പിളമ തര്‍ക്കവുമായി വിലപേശല്‍ രാഷ്ട്രീയം കളിച്ച ശിവസേനയ്ക്ക് കുടുംബവാഴ്ചക്കാരുടെ കൂട്ടിലേക്ക് ചേക്കാറാന്‍ അധിക നേരം വേണ്ടിവന്നില്ല.
മഹാരാഷ്ട്ര വാദവും ഛത്രപതി ശിവജിയുടെ പാരമ്പര്യവും അവകാശപ്പെട്ടവര്‍ 2014 നു ശേഷം മറാഠയുടെ മണ്ണില്‍ അടിപതറുന്ന കാഴ്ചയാണ് കാണുന്നത്. ബാലാ സാഹേബ് എന്ന് ഏവരും വിളിക്കുന്ന ബാല്‍ താക്കറെയുടെ പാര്‍ട്ടി അദ്ദേഹത്തിന്റെ കാല ശേഷം മകന്‍ ഉദ്ദവിന്റെ നേതൃത്വത്തില്‍ നൂലു പൊട്ടിയ പട്ടം പോലെ അലയുകയാണ്.
മകനും മകന്റെ മകനും അധികാരത്തിലേറുന്ന ജനാധിപത്യത്തിന്റെ പ്രതിനിധികളാണ് ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും. ജനങ്ങളും നാടും ഒന്നും അവരുടെ അജണ്ടയില്‍ എവിടേയുമില്ല. ശിവസേനയുടെ തത്വസംഹിതയും മറ്റൊന്നല്ല. ഇതുവരെ ഒരു പഞ്ചായത്ത് പോലും ഭരിച്ചിട്ടില്ലാത്ത അച്ഛനും മകനുമാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ പ്രധാനമന്ത്രി പദം വരെ എത്തിച്ച ബിജെപിയുടെ മുന്നില്‍ ശിവസേന ഒരു പാര്‍ട്ടിയെന്ന നിലയില്‍ വട്ടപ്പൂജ്യമാണ്.
അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം ബിജെപിക്കും ശിവസേനയ്ക്കും ജനം വീണ്ടും അനുകൂലമായ വിധിയെഴുതിയപ്പോള്‍ തലകുനിച്ച് ജനവിധിയെ സ്വീകരിക്കുകയായിരുന്നു ശിവസേന ചെയ്യേണ്ടിയിരുന്നത്. സഖ്യകക്ഷികളായി തെരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിലെവിടെയും പറയാതിരുന്ന ഒരു വിഷയം തെരഞ്ഞെടുപ്പു ഫലം വന്ന് കേവല ഭൂരിപക്ഷം നേടിയ ഉടനെ ഉയര്‍ത്തിക്കാണ്ടുവരികയും കൂട്ടുക്കക്ഷി ഭരണത്തിന്റെ ധാര്‍മികതയിലോ ഗണിത ശാസ്ത്രത്തിലോ ഉള്‍ക്കൊള്ളാനാവത്ത ആവശ്യങ്ങള്‍ നിരന്തരം ഉയര്‍ത്തി സഖ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ശിവസേന പ്രവര്‍ത്തിച്ചു.
മുഖ്യമന്ത്രി പദം രണ്ടര വര്ഷം വീതം പങ്കിടണമെന്ന ആവശ്യം സേന ഉയര്‍ത്തുന്നത് ഫലം വന്ന ശേഷമാണ്. ഇതിനു മുമ്പ് ജനങ്ങളുടെ ഇടയില്‍ ഈ വിഷയം അവതരിപ്പിച്ചതായി ആര്‍ക്കും അറിവില്ല. ബിജെപിയുമായി ലോക്‌സഭാ തെറഞ്ഞെടുപ്പു സമയത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നും വാക്കാല്‍ ഇതിന് സമ്മതം ലഭിച്ചെന്നുമുള്ള വാദമാണ് ശിവസേന നിരത്തുന്നത്.
എന്നാല്‍, ബിജെപി ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ രണ്ടര വര്‍ഷം അധികാരം പങ്കിടണമെങ്കില്‍ ഇരു കക്ഷികള്‍ക്കും തുല്യമായ അംഗബലം നിയമസഭയില്‍ ലഭിക്കേണ്ടിയിരുന്നു. മത്സരിക്കുന്ന സീറ്റുകളും ഇത്തരത്തിലാകുമായിരുന്നു. എന്നാല്‍, നിലവിലെ സഭയിലെ അംഗബലം അനുസരിച്ചായിരുന്നു സീറ്റ് ഷെയറിംഗ് നടന്നത്. ദേവന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഉയര്ത്തിക്കാട്ടിയാണ് എന്‍ഡിഎ സഖ്യം പ്രചാരണം നടത്തിയിരുന്നത്. അന്ന് ഇത് തെറ്റാണെന്നും രണ്ടര വര്‍ഷം കഴിഞ്ഞ് താനോ മകന്‍ ആദിത്യ താക്കറെയോ മുഖ്യമനന്ത്രിയാകുമെന്ന് ശിവസേന ഒരിക്കലും പറഞ്ഞിരുന്നില്ല.
105 സീറ്റുമായി ബിജെപി വ്യക്തമായ മേല്‍ക്കൈ നേടുകയും കേവലം 56 സീറ്റുകളില്‍ മാത്രം വിജയിക്കുകയും ചെയ്ത ശിവസേന സ്വാഭാവികമായി ആവശ്യപ്പെടടാവുന്നത് ഉപമുഖ്യമന്ത്രിസ്ഥാനം ആയിരുന്നു. ബിജെപി ഇക്കാര്യത്തില്‍ അനുകൂല തീരുമാനവും എടുക്കുമായിരുന്നു.
എന്നാല്‍, സേനയുടെ വക്താവ് സന്ജയ് റാവത്ത് തങ്ങള്‍ക്ക് 174 അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നും വേറെ വഴിനോക്കുമെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ ശിവസേനയുടെ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നുവെന്നും എല്ലാം തട്ടിവിട്ടുകൊണ്ടിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ സേനയുടെ മുഖ്യമന്ത്രിയെ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ജനം ശിവസേനയ്ക്ക് 100 ല്‍ അധികം സീറ്റുകള്‍ നല്‍കുമായിരുന്നു. ബിജപിക്ക് 25.75 ശതമാനം പോപ്പുലര്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക ലഭിച്ചതാകട്ടെ കേവലം 16 ശതമാനം വോട്ടുകള്‍ മാത്രം. ബിജെപി മത്സരിച്ചത് 152 സീറ്റുകളിലും വിജയിച്ചത് 105 ഇടത്തുമാണ് അതേസമയം, ശിവസേന മത്സരിച്ചത് 124 സീറ്റുകളിലും വിജയിച്ചത് കേവലം 56 മണ്ഡലങ്ങളിലുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഏറ്റവും അധികം വോട്ടു കുറവ് ലഭിച്ചത് ശിവസേനയ്ക്കാണ്. 11,86,183 വോട്ടുകളാണ് ശിവസേനയ്ക്ക് ഇക്കുറി നഷ്ടമായത്. ഇങ്ങിനെയാണ് കണക്കുകളെങ്കിലും സത്യം അംഗീകരിക്കാന്‍ അധികാര ദുരമൂത്ത ശിവസേന നേതൃത്വത്തിന് കഴിഞ്ഞില്ല.
രാഷ്ട്രപതി ഭരണത്തിലേക്ക് നയിച്ച വസ്തുതകള്‍
മഹാരാഷ്ട്രയിലെ അനിശ്ചിതത്വം അവസാനിക്കാതെ നീണ്ടപ്പോള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് ഖോഷിയാരി ഔദ്യോഗികമായി ഇടപട്ടു. ഏറ്റവും അധികം സീറ്റുകള്‍ നേടിയ മൂന്നു പാര്‍ട്ടികള്‍ക്ക് അംഗബലമനുസരിച്ച് അവസരമൊരു്ക്കി. അനുവദിച്ച സമയത്തിനു മുമ്പേ സര്‍ക്കാര്‍ രൂപികരണത്തിന് തങ്ങള്‍ക്ക് അംഗമില്ലെന്ന് ബിജെപി ഗവര്‍ണറെ ധരിപ്പിച്ചു. തുടര്‍ന്ന് ശിവസേനയുടെ ഊഴമെത്തി. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ പിന്തുണയ്ക്കുന്നവരുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 24 ന് ഫലം വന്നതു മുതല്‍ ബിജെപിയുമായി മുഖ്യമന്ത്രി പദത്തിനു വേണ്ടി വിലപേശല്‍ നടത്തിവരുകയും തങ്ങള്‍ക്ക് 174 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെടുകയും ചെയ്ത ശിവസേന പിന്തുണക്കത്തിന് കൂടുതല്‍ സമയം ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഇതോടെ ശിവസേനയുടെ വാദം പൊള്ളയാണെന്ന് പൊതുസമക്ഷം തെളിഞ്ഞു. എന്‍സിപിയുമായി ചര്‍ച്ച നടത്തിയ സേന അവരുടെ വല്യേട്ടനായ കോണ്‍ഗ്രസിനെ ആദ്യം സമീപിക്കേണ്ടതായിരുന്നു. ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തി പരിചയ സമ്പന്നത ഇല്ലാതിരുന്ന ഉദ്ദവും അദ്ദേഹത്തിന്റെ വലംകൈ സന്‍ജയ് റാവത്തും ടെന്‍ ജനപഥില്‍ നിന്നുള്ള പിന്തുണക്കത്തിനായി പിന്നീട് കാത്തിരുന്നു.
തീവ്ര ഹിന്ദുത്വ ആശയമുള്ള ശിവസേനയെ കൂടെക്കൂട്ടുന്നത് കേരളം ഉള്‍പ്പടെ ഇപ്പോള്‍ അവശേഷിക്കുന്ന വിലരിലെണ്ണാവുന്ന ഇടത്തും തിരിച്ചടിയാകുമെന്ന് സോണിയയെ ഏകെ ആന്റണിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഓര്‍മിപ്പിച്ചു,
എന്നാല്‍, അഹമദ് പട്ടേലിനെ പോലുള്ള ഉപദേശകരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ശിവസേനയുമായി സഖ്യത്തിന് സമ്മതം മൂളാന്‍ സോണിയ നിര്‍ബന്ധിതതയായി. ഇതിനിടെ സേനയ്ക്കും പിന്നീട് അടുത്ത വലിയ കക്ഷിയായ എന്‍സിപിക്കും നല്‍കിയ 24 മണിക്കൂര്‍ വീതമുള്ള സമയം അവസാനിച്ചിരുന്നു. എന്‍സിപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ അംഗബലം ഇല്ലെന്ന് സമ്മതിച്ചു. കൂടുതല്‍ സമയം വേണമെന്ന സേനയുടേയും എന്‍സിപിയുടേയും ആവശ്യം ഗവര്ണര്‍ നിരാകരിച്ചു, തുടര്‍ന്ന്, നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപികരിക്കാന്‍ ആവശ്യമായ അംഗബലമില്ലെന്നും രാഷ്ട്രപതി ഭരണമാണ് അഭികാമ്യമെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം, ഈ ഇടവേളയില്‍ കോമാണ്‍ മിനിമം പരിപാടിയുമായി ഏതു പാര്‍ട്ടിക്കും സര്ക്കാര്‍ രൂപികരണത്തിനുള്ള അവസരവും നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍, ഇക്കാര്യം മറച്ചുവെച്ച് ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്.
മാധ്യമങ്ങള്‍ പോലും ഇക്കാര്യം മറച്ചുവെയ്ക്കുകയും ഗവര്‍ണര്‍ എന്‍സിപിക്കും ശിവസേനയ്ക്കും സര്‍ക്കാര്‍ രൂപികരണത്തിന് സമയം നല്‍കിയില്ലെന്ന നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഫലം വന്ന ശേഷം ലഭിച്ച 18 ദിവസവും ഈ പറയുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം തുല്യ അവസരമാണ് ലഭിച്ചിരുന്നത്. ശിവസേനയും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്ത നിമിഷം തന്നെ എ്ന്‍സിപിക്കും കോണ്‍ഗ്രസിനും ബദല്‍ മാര്‍ഗത്തിനുള്ള നീക്കം ആരംഭിക്കാമായിരുന്നു. ശിവസേന നേതാക്കള്‍ പലവട്ടം എന്‍സിപി നേതാക്കളുമായും എന്‍സിപി നിരന്തരം കോണ്‍ഗ്രസ് നേതൃത്വവുമായും നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയതായുള്ള വാര്‍ത്തകള്‍ അച്ചടിച്ച് അതിന്റെ മഷ്ി ഉണങ്ങും മുമ്പെയാണ് ശിവസേനയ്ക്കും എന്‍സിപിക്കും കോണ്‍ഗ്രസിനും സമയം ലഭിച്ചില്ലെന്ന വിചിത്ര നുണ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
ജമ്മു കാശ്മീരിലെ പിഡിപി -ബിജെപി സര്‍ക്കാര്‍ രൂപികരണവുമായുള്ള താരതമ്യം
മഹാരാഷ്ട്രയിലേയും രാജ്യത്തേയും ജനങ്ങള്‍ ഈ പൊറാട്ടു നാടകങ്ങള്‍ മൗനമായി വീക്ഷിക്കുകയാണ്. എന്‍ഡിഎ എന്ന മുന്നണിയുടെ ഭാഗമായി നിന്ന് പ്രകടന പത്രികയുമായി ജനങ്ങളെ അഭിമുഖീകരിച്ച ശേഷം കേവല ഭൂരിപക്ഷം സമ്മാനിച്ച ജനതയോടും ജനാധിപത്യത്തിനോടും സര്‍വ്വോപരി തങ്ങളുടെ അടിസ്ഥാനമായ രാഷ്ട്രീയ ആശയങ്ങളോടും വഞ്ചന കാണിച്ച് കേവലം സ്വാര്‍ത്ഥമായ കുടുംബവാഴ്ച സ്ഥാപിച്ചു കിട്ടാന്‍ ശിവസേന കാട്ടിക്കൂട്ടിയ ഈ നടപടിക്ക് ജനങ്ങളുടെ കോടതിയില്‍ നിന്ന് അര്‍ഹിക്കുന്ന തിരിച്ചടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
തങ്ങളുടെ അധാര്‍മിക നടപടിക്ക് ഉദ്ദവ് താക്കറെ ന്യായീകരണം കണ്ടെത്തിയത് ബിജെപി പണ്ട് ജമ്മു കാശ്മീരിലെ തെരഞ്ഞെടുപ്പിനു ശേഷം ശത്രുവായ പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചത് ചൂണ്ടിക്കാട്ടിയാണ്.
തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച സഖ്യകക്ഷിയെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഭുരിപക്ഷം ലഭിച്ച ശേഷം ഉപേക്ഷിച്ച് ശത്രുനിരയിലെത്തി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അവസരവാദ സഖ്യത്തിലേര്‍പ്പെട്ട് സര്‍ക്കാര്‍ രൂപികരിക്കുകയല്ല ബിജെപി ചെയ്തത്. പരസ്പരം മത്സരിച്ച പാര്‍ട്ടികളിലാര്‍ക്കും കേവല ഭുരിപക്ഷം ലഭിക്കാതെ വന്ന അവസരത്തില്‍ കോമണ്‍ മിനിമം പ്രോഗ്രാം ആവിഷ്‌കരിച്ച് സര്‍ക്കാര്‍ രൂപികരിക്കുകയാണ് ചെയ്തത്.
കേവല ഭൂരിപക്ഷം ജനവിധിയില്‍ ലഭിച്ച ശേഷവും അധികാരക്കൊതിയുടെ പേരില്‍ സഖ്യം ഉപേക്ഷിച്ച് ധാര്‍മികത മറന്ന് ശത്രുവുമായി ഒന്നിക്കുകയല്ല ഉണ്ടായത്. ഒറ്റയ്ക്ക് മത്സരിച്ച ശേഷം ഫലപ്രഖ്യാപനത്തില്‍ ആര്‍ക്കും ഭുരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യം ഉണ്ടായപ്പോഴാണ് കോമണ്‍ മിനിമം പദ്ധതിയുടെ അടിസ്ഥാനത്തില്‍ എതിരാളിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചത്. ഇവിടെ ജനവിധി അട്ടിമറിക്കപ്പെട്ടിരുന്നില്ല. ഇതു മനസിലാക്കാനുള്ളസാമാന്യ ബോധം ശിവസേനയ്ക്ക് നഷ്ടപ്പെട്ടെങ്കിലും മഹാരാഷ്ട്രയിലെ ജനതയ്ക്ക് ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം ഉണ്ടെന്നത് ഈ കുടുംബവാഴ്ചക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
പുത്ര വാത്സ്യല്യം മൂത്ത് തങ്ങളുടെ അനുയായി വൃന്ദത്തെ വിസ്മരിച്ച ഉദ്ദവ് താക്കറെയ്ക്ക്, പിതൃസഹോദരി പുത്രനും മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെ അദ്ധ്യക്ഷനുമായ രാജ് താക്കറെയുടെ ഗതിയായിരിക്കും സംഭവിക്കുക.
ബിജെപി -സേന സഖ്യ സര്‍ക്കാരിനുള്ള ജനവിധിയെ അട്ടിമറിച്ച് ശത്രുവിനൊപ്പം ചേര്‍ന്ന ഉദ്ദവിനെ പാര്‍ട്ടി അനുഭാവികളും വോട്ടര്‍മാരും വരും തെരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന സ്ഥാനത്തിരുത്തും. സഖ്യകക്ഷിയുടെ വഞ്ചനയില്‍ അധികാരത്തിലേറാന്‍ സാധിക്കാതിരുന്ന ബിജെപിക്ക് ഇതിനകം ലഭിച്ച അനുകമ്പയും സഹതാപവും വലിയ താമസമില്ലാതെ സംഭവിക്കാവുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ ഗുണമായി ഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.