ഞാൻ കണ്ട ഈട !

0

ഈട കണ്ടു! അതിന്റെ സന്ദേശത്തെ ഞാൻ വിലയിരുത്തുന്നത്, ഇപ്രകാരമാണ്:

കേരളത്തിന്റെ ചില ഭാഗങ്ങളിൽ, ചില രാഷ്ട്രീയ പാർട്ടികൾ സംഘടനാപ്രവർത്തനം എന്ന പേരിൽ നടത്തുന്ന പല കോപ്രായങ്ങളും തീർത്തും മാനവവിരുദ്ധമാണ്. മാനുഷിക പരിഗണനകളേയോ യുക്തി ചിന്തയേയോ പ്രത്യയശാസ്ത്രങ്ങളേയോ പോലും അപ്രസക്തമാകുന്ന രീതിയിലുള്ള പ്രാകൃതമായ കുടിപ്പകയാണ് അവരുടെ രാഷ്ട്രീയം. അതാണവർക്ക് ഊർജ്ജം പകരുന്നത്. അതാണവരെ മുന്നോട്ട് നയിക്കുന്നത്.

വെറുപ്പിന്റേതും വിദ്വേഷത്തിന്റേതുമായ ഈ രാഷ്ട്രീയം, കേരളത്തിലെ വളർന്ന് വരുന്ന പുതുതലമുറ അനുഭവിച്ചറിയുന്നത്, അവരുടെ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കും ആശയാഭിലാഷങ്ങൾക്കും കടകവിരുദ്ധമായിട്ടാണ്. അവർക്കിതിൽ മനം മടുത്തു കഴിഞ്ഞു. ഈ തീരാശാപത്തിൽ നിന്നും ഒരു മോചനം നേടുവാൻ അവർ അദമ്യമായി ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഇജ്ജാതി പാർട്ടികളുടെ തിട്ടൂരത്തിന് പുല്ല് വില കല്പിച്ചു കൊണ്ട്, തങ്ങളുടേതായ രീതിയിൽ താന്താങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ തന്നെയാണ് അവരുടെ തീരുമാനം.

കേരളത്തിനെ നിശ്ചലമാക്കാറുള്ള ഹർത്താൽ ദിനങ്ങളിലൊന്നിൽ, നാട്ടുകാരുടെ ഭീതി ഒന്ന് കൊണ്ടുമാത്രം വിജനമായ ഒരു തെരുവിലൂടെ, പിന്തിരിപ്പൻ രാഷ്ട്രീയക്കാരുടെ എല്ലാ എതിർപ്പുകളേയും, അക്രമ ഭീഷണികളേയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ട്, ഒത്തൊരുമയോടെ കൈകോർത്ത് പിടിച്ച് സധൈര്യം നടന്ന് നീങ്ങുന്നതിലൂടെ, നമുക്കും ജീവിക്കണം എന്നുള്ള അവരുടെ ആ തീരുമാനം അവർ കേരള മനഃസാക്ഷിയുടെ മുമ്പിൽ അസന്ദിഗ്ദ്ധമായി വിളിച്ചു പറയുകയും ചെയ്യുന്നു.

ഒരു പാർട്ടിയുടേയും സൈഡ് പിടിക്കാതെ കണ്ണൂരിലെ അക്രമരാഷ്ട്രീയസംസ്കാരത്തെ മാത്രം തുറന്നെതിർത്തു കൊണ്ടുള്ളൊരു ഹൃദയസ്പർശിയായ ചലച്ചിത്രം.

ഈട സിനിമയിലെ ഒരു രംഗം

ഇന്നത്തെ കാലത്തിന്റെ ആവശ്യമായ ഇത്തരമൊരു സിനിമയെ എല്ലാ രാഷ്ട്രീയ പാർട്ടികളും തുറന്ന മനസ്സോടെ എതിരേറ്റ്, അതുയർത്തുന്ന ചോദ്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത്, താന്താങ്ങളുടെ പ്രവർത്തന രീതിയെ ഉടച്ചു വർക്കുമെന്നാണ് നിങ്ങൾ കരുതിയതെങ്കിൽ നിങ്ങള്ക്ക് തെറ്റി.

“പൊതുസമൂഹം കണ്ണൂർ എന്ന പ്രദേശത്തെ കുറിച്ച് നിർമ്മിച്ചിട്ടുള്ള വാർപ്പ് മാതൃകാ ചിത്രങ്ങളെ അതേപോലെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു ബിജെപി അനുഭാവ ചിത്രം എന്നേ ഈടയെ വിശേഷിപ്പിക്കാൻ സാധിക്കൂ.”

അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കണ്ണും കാതും കരളുമായ ദേശാഭിമാനി പത്രം ആൾറെഡി വിധിയെഴുതി കഴിഞ്ഞു.

അക്രമ വിരുദ്ധ സന്ദേശമെങ്ങനെ ബിജെപി അനുകൂല സന്ദേശമാകും?

അതിലേക്ക് കടക്കും മുമ്പ് ഈ സിനിമയിലെ ചില കെപിഎം വിരുദ്ധ കോമഡികളിലൂടെ പെട്ടെന്നൊന്ന് കണ്ണോടിക്കാം. ഇത് പോലെ തന്നെ കെജെപി വിരുദ്ധ കോമഡികളും ഒരുപാടുണ്ട്. അത് നമ്മുടെ സഖാക്കൾ തന്നെ ചികഞ്ഞെടുക്കട്ടെ. അതല്ലേ ഹീറോയിസം! 

1. സിനിമയിലെ ഒരു കല്യാണപ്പാർട്ടിക്കിടയിൽ, ജിമിക്കി കമ്മൽ പാട്ടുകൾക്കിടയിൽ ഒരു പഴയ വിപ്ലവ ഗാനം തിരുകി കയറ്റാൻ ശ്രമിച്ച മൈക്ക് സെറ്റ് ഓപ്പറേറ്ററോട് മാർക്സിസ്റ്റ് വിപ്ലവ കുടുംബത്തിൽ ജനിച്ചു വളർന്ന്, തരം കിട്ടിയാൽ അമേരിക്കയിലേക്ക് പറക്കാൻ തക്കം പാർത്തിരിക്കുന്ന നായിക അലോസരത്തോടെ പറയുന്നു: “ഇനിയെങ്കിലും അതൊന്ന് നിറുത്തി കൂടെഡോ?” വളരെ ശരിയാണ്. “തലയ്ക്ക് മീതെ ശൂന്യാകാശം താഴേ മരുഭൂമി” എന്ന സൈസിലുള്ള പാട്ടുകളൊക്കെ കേട്ട് ഏതാണ്ട് അറം പറ്റിയ മാതിരിയായിട്ടുണ്ട് കേരളത്തിലെ സ്ഥിതിവിശേഷം. നിറുത്താനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.

2. ഒരു പുതുപുത്തൻ രക്തസാക്ഷിയുടെ പേരിലുള്ള ബക്കറ്റ് പിരിവ് ഉത്ഘാടനം ചെയ്യുന്നതിനായി പാർട്ടിയുടെ തീപ്പൊരിനേതാവ് ആദ്യ ചെക്ക് വാങ്ങുന്നത്, അക്രമരാഷ്ട്രീയം കാരണം വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത, ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ കയ്യിൽ നിന്നും. ഈ ദുരന്ത കഥാപാത്രം, വേറൊരവസരത്തിൽ തന്റെ വീട്ടിൽ സഖാക്കളെ പേടിച്ച് ഒളിച്ച് താമസിക്കുന്ന കെജെപി പ്രവർത്തകനായ നായകനോട് ഇങ്ങനെ പറയുന്നുമുണ്ട്. “ഇവിടെ നീ സഖാക്കളെ പേടിക്കുകയേ വേണ്ട. ഇപ്പൊ തെരെഞ്ഞെടുപ്പ് കാലത്ത് മാത്രമേ അവരിങ്ങോട്ട് തിരിഞ്ഞു നോക്കാറ് പോലുമുള്ളൂ”.

3. ഒരു പഴയ കാല കമ്മ്യൂണിസ്റ്റായ നായികയുടെ അച്ഛൻ, തന്റെ വകയിലെ അന്തരവനായ പുതുതലമുറയിലെ വിപ്ലവ കമ്മ്യൂണിസ്റ്റുകാരനോട് ഇങ്ങനെ ചോദിക്കുന്നു: “ഫാസിസത്തെ എതിർക്കാൻ എന്നും പറഞ്ഞ് ആക്രമം അഴിച്ചു വിടുന്നതിന് പകരം, ജനങ്ങളിലുള്ള ജനാധിപത്യ വിശ്വാസം ശക്തിപ്പെടുത്താനുള്ള മാർഗ്ഗം സ്വീകരിക്കുകയല്ലേ വേണ്ടത്. അതല്ലേ ശരിയായ വഴി?” ആരോട് പറയാൻ? ആര് കേൾക്കാൻ?

4. വ്യക്തി സ്വാതന്ത്ര്യങ്ങളെക്കുറിച്ച് നാഴികയ്ക്ക് നാല്പത് വട്ടം വച്ച് കവലപ്രസംഗമൊക്കെ നടത്തുമെങ്കിലും, കെപിഎം പാർട്ടി ഗ്രാമങ്ങളില്, ആര്, ആരെ, എവിടെ വച്ച്, എങ്ങനെ കല്യാണം കഴിക്കണം എന്ന് പോലും തീരുമാനിക്കുന്നത് പാർട്ടിയാണത്രേ. “Where’s the party tonight?” എന്നൊക്കെ ചോദിച്ചോണ്ട് തുള്ളിച്ചാടി നടക്കുന്ന യുവതീയുവാക്കളുടെ അടുത്തൊന്നും ഇപ്പണി ഇനി നടക്കൂല്ല എന്നുള്ള നഗ്നസത്യം തുറന്ന് കാട്ടുന്നുമുണ്ട് ഈ സിനിമയുടെ ക്ലൈമാക്സ്.

കെജെപി യെ അനുകൂലിക്കുന്നവർക്കും സന്തോഷത്തിന് വകയുണ്ട് ഈ തിരൈപടത്തിൽ.

1. ഗോമൂത്രത്തിന് വ്യക്തമായ ചില പരിമിതികളുണ്ടെന്നും. നമ്മളെ ക്ളിയോപാട്രയെ പോലെ സുന്ദരിയാക്കാനൊന്നും അതിന് കഴിയില്ലെന്നും കെജെപി പ്രവർത്തകർ മനസ്സിലാക്കുന്നതായുള്ള സ്പഷ്ടമായ ചില സംഭാഷണങ്ങളുണ്ട് ഈ സിനിമയിൽ. ഹാവൂ. ആശ്വാസമായി. ആ ലൈനിലുള്ള ട്രോളുകൾക്ക് ഒരു പക്ഷേ ഇതോടെ ഒരു സമാധാനമുണ്ടായേക്കാം. ഹിയർ! ഹിയർ!

2. വിവരവും വിദ്യാഭ്യാസവുമുള്ള നമ്മുടെ നായകന്മാരെ പോലുള്ളവരാണ് ഈ നാടിൻറെ ഭാവിയെന്നും അവരെ കൂടെ നിറുത്തണമെന്നും, ഭഗവദ്ഗീത അരച്ച് കലക്കി കുടിച്ചിട്ടുള്ള കെജെപിയുടെ താത്വികാചാര്യൻ, കെജെപിയുടെ ലോക്കൽ നേതാവിനെ വ്യക്തമായ ഭാഷയിൽ ഉദ്ബോധിപ്പിക്കുന്നു. വെൽ സെഡ്!

3. കാവി മുണ്ടുടുത്ത് അഭിനയിക്കുകയാണെങ്കിൽ, സഖാവ് അലൻ സിയറിന് പോലും മുണ്ട് പൊക്കി കാണിക്കാതെ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുവാനും തന്റെ ടാലന്റ് അവരെ ബോധ്യപ്പെടുത്തുവാനും സാധിക്കുമെന്നുള്ളതിന് ഒരു ഉത്തമ ദൃഷ്ടാന്തമാണ് ഈ സിലിമ. 

ഈട സിനിമയിൽ നിന്ന്

അപ്പൊ ഇനി നമുക്ക് നമ്മുടെ പ്രധാന വിഷയത്തിലേക്ക് വരാം. അക്രമ വിരുദ്ധ സന്ദേശത്തെയെങ്ങനെയാണ് സഖാക്കൾ ബിജെപി അനുകൂല സന്ദേശമായി വിലയിരുത്തുന്നത്?

ബിജെപിയെ നേരിടാൻ തങ്ങളുടെ കയ്യിൽ അക്രമം മാത്രമേ ഉള്ളൂ, എന്നവർ ഉറച്ചു വിശ്വസിക്കുന്ന ഒരു സ്ഥതിവിശേഷത്തിൽ മാത്രമല്ലേ, അവർക്ക് അങ്ങനെ വിലയിരുത്താൻ സാധിക്കുകയുള്ളൂ.

അതെ. അപ്പൊ അതാണ് കാര്യം.

അക്രമം ഉപേക്ഷിച്ചാൽ, മാർക്സിസ്റ്റ് പാർട്ടിക്കിന്ന് കേരളത്തിൽ പോലും, ബംഗാളികൾ മാത്രം ഉപയോഗിക്കുന്ന അരിവാളും, ചുറ്റികയും, ചെഗുവേരയുടെ ടി-ഷർട്ടുമല്ലാതെ, സാധാരണ ജനങ്ങൾക്കുപയോഗപ്രദമായ എന്തുണ്ട്?

ബിജെപിക്ക് കേന്ദ്രത്തിലും, പത്തൊമ്പത് സംസ്ഥാനങ്ങളിലും ഭരണമുണ്ട്, ദേശീയരംഗത്ത് വരെ തലമുതിർന്ന നേതാക്കളുണ്ട്, വിശ്വമാനവികതയിലൂന്നിയ പ്രത്യയശാസ്ത്രമുണ്ട്, രാഷ്ട്രസ്നേഹത്തിലധിഷ്ഠിതമായ ദേശീയതയുണ്ട്, സ്വയം സേവനത്തിലൂന്നിയ സാമൂഹിക ഉദ്ധാരണ പദ്ധതികളുണ്ട്, എല്ലാത്തരം വിശ്വാസികളേയും ഏകോദര സഹോദരങ്ങളെ പോലെ ഏകോപിപ്പിച്ച് കൊണ്ടുപോകാനുതകുന്ന ആര്ഷഭാരതത്തിലധിഷ്ഠിതമായ ആത്മീയതയുണ്ട്, ഭാരതത്തിന്റെ സുഭദ്രവും സമ്പത്സമൃദ്ധവുമായ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്, അതിലേക്ക് കോടാനുകോടി വരുന്ന ഭാരതീയരെ നയിക്കാനുള്ള കർമപരിപാടികളുണ്ട്.

ആലോചിച്ച് നോക്കണം. അപ്പോളറിയാം, കമ്മ്യൂണിസ്റ്റുകൾക്ക് എന്തിനാണീ അക്രമണവും പേടിപ്പെടുത്തലുമൊക്കെയെന്ന്! ആകെക്കൂടെ ഉള്ളതും കൂടെ കയ്യീന്ന് പോകാതെ പിടിച്ചു നിറുത്താൻ… അതിന് വേണ്ടി മാത്രം! പക്ഷേ ആ അടവുനയമിനി ഈട വിലപോവില്ലെന്ന് ഈ ചിത്രം കണ്ടിറങ്ങുന്നവർക്ക് എളുപ്പം മനസ്സിലാകും. നിങ്ങളും കാണുക. കഴിയുന്നത്ര ആളുകളിൽ ഈ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കാൻ ശ്രമിക്കുക.

ഈ ചിത്രമുയർത്തിപിടിക്കുന്ന അക്രമരാഹിത്യം എന്ന സന്ദേശവും അതിനോടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നിഷേധാത്മക നിലപാടും ഇന്നാട്ടിലെ നല്ലവരായ ജനങ്ങൾ ചർച്ച ചെയ്തേ മതിയാവൂ. പണ്ടിറങ്ങിയ സന്ദേശവും ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും’ പോലെ ഈ സിനിമയും തീയേറ്ററുകളിൽ പരാജയപ്പെടുവാൻ നമ്മൾ അനുവദിച്ചു കൂടാ. ഇതീ കാലഘട്ടത്തിന് അനിവാര്യമായ മാറ്റത്തിന്റെ സിനിമയാണ്! ഇതിനെ നമുക്ക് പരമാവധി സപ്പോർട്ട് ചെയ്യാം!

ജയ് ഹിന്ദ്!

~ബിജു നായർ

ഈട സിനിമയുടെ ട്രൈലെർ –

LEAVE A REPLY

Please enter your comment!
Please enter your name here