രാജ്യത്ത് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണെന്നും എതിര്‍ക്കാനായി ഒന്നുമില്ലെങ്കിലും എതിര്‍പ്പിന്റെ പേരില്‍ വെറുതെ എതിര്‍ക്കണമെന്നും അജണ്ടയുള്ളവര്‍ ഉണ്ട്. ശത്രുരാജ്യങ്ങളുടെ പിണിയാളുകളായി ഇക്കൂട്ടര്‍ സിഎഎ- എന്‍ആര്‍സി പ്രക്ഷോഭം നടത്തിയതും ഇതിന് കള്ളക്കടത്തിലൂടെ മെറ്റല്‍ കറന്‍സി ഉപയോഗിച്ച വിഷയവും എന്‍ഐഎ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് തമിഴ് നാട് കേന്ദ്രമായി ചിലര്‍ രാജ്യവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് പുതിയൊരു നുണപ്രചാരണം അഴിച്ചുവിട്ടത്. ദ്രാവിഡ രാഷ്ട്രീയവും മതപരിവര്‍ത്തന ലോബികളും ചില നക്‌സല്‍ സംഘടനകളും എല്ലാം ചേര്‍ന്നാണ് ഇതിനു തിരികൊളുത്തിയത്. വിഷയം പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (EIA draft 2020) സംബന്ധിച്ച കരട് രേഖയാണ്.
കേന്ദ്ര പരിസ്ഥിതി വകുപ്പ് ആണ് ഇഐഎ ഡ്രാഫ്ട് എന്ന പേരില്‍ അവരുടെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പൊതുജനങ്ങളുടെ അഭിപ്രായമറിയാനായി നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചത്. അടുത്ത ദിവസം വരെ ഇതൊരു വലിയ സംഭവമൊന്നുമായിരുന്നില്ല,
എന്നാല്‍, മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകറിന് ഒരു കത്തയച്ചു. ഇഐഎ ഡ്രാഫ്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ചില വകുപ്പുകളില്‍ സന്ദേഹം പ്രകടിപ്പിച്ചായിരുന്നു കത്ത്. ഇതിന് മന്ത്രി മറുപടിയും കൊടുത്തു. പാര്‍ലമെന്റിലെ പരിസ്ഥിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ കൂടിയായ ജയറാം രമേശ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മന്ത്രിയുടെ കത്ത് പുറത്ത് വിട്ട് ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്തത്.
ഇതോടെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയും മറ്റു ചില പരിസ്ഥിതി സംഘടനകളും ഈ വിഷയത്തില്‍ ചാടിവീഴുകയായിരുന്നു. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രക്ഷോഭത്തിനു ചുക്കാന്‍ പിടിച്ച ചില സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ ഇക്കാര്യത്തിലും ഉണ്ടായി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന തമിഴ് നാട്ടിലെ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയാണ് ഇക്കാര്യത്തില്‍ നുണപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. തമിഴ് സിനിമയിലെ ചില സൂപ്പര്‍ താരങ്ങളും ഇതില്‍ പങ്കു ചേര്‍ന്നു.
എന്താണ് ഈ ഇഐഎ ഡ്രാഫ്ട് 2020
ഇത്രയും പറഞ്ഞത് ഇഐഎ കരടു വിഷയത്തിലെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കും മുമ്പ് ഇൗ വിവാദത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ്. ഏതു വിഷയത്തേയും അതിന്റെ മെറിറ്റില്‍ കാണാതെ കേവലം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വേണ്ടി വ്യാജപ്രചാരണങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രവണത മുന്‍കാല വിവാദങ്ങളിലും നിഴലിച്ചിരുന്നു. ഇവിടേയും ഇതേ modus operandi യാണ് കാണുന്നത്.
ഇഐഎ എന്താണെന്നോ അതിന്റെ ഗുണദോഷങ്ങള്‍ എന്താണെന്നോ അറിയാതെ ഒരു കൂട്ടം ഇതിനെതിരെ എടുത്തു ചാടുകയാണ് ഉണ്ടായത്. ഇതിനായി കുറെ വാദഗതികള്‍ നുണകളുടെ കൂട്ടുപിടിച്ച് ഇവര്‍ ഉയര്‍ത്തികൊണ്ടുവന്നു.
എന്‍ആര്‍സി വിഷയത്തില്‍ കണ്ട ഊഹാപോഹങ്ങള്‍ തന്നെയാണ് ഇഐഎയുടെ കാര്യത്തിലും ഇവര്‍ നടത്തിയിരിക്കുന്നത്. ഇഎൈയുടെ അടിസ്ഥാനം കര്‍ശനമായ പരിസ്ഥിതി സംരക്ഷണം ആണെന്ന് മനസ്സിലക്കാതെയാണ് വ്യാജ പ്രചാരണം ഇവര് അഴിച്ചുവിടുന്നത്. നിയമങ്ങളെ പുനസംഘടിപ്പിക്കുകയും അതൊടൊപ്പം നൂലാമാലകളിലും ചുവപ്പുനാടകളിലും പെട്ട് വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ നയം.
വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി കൊണ്ടുപോകുകയെന്ന വലിയ ആശയമാണ് ഇതിനു പിന്നില്‍. നിലവിലെ പോലെ ഇവതമ്മിലുള്ള സംഘട്ടനമല്ല കേന്ദ്ര സര്‍്ക്കാരിന്റെ ലക്ഷ്യം.
ഇഐഎ ഡ്രാഫ്ടിന് കാരണമായത് ദേശീയ ഹരിത ട്രിബ്യൂണലിന്റെയും (NGT) ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടേയും വിധികളാണ് . യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണം പരിസ്ഥിതി ക്ലിയറന്‍സ് നല്‍കാന്‍ എന്നും പരിസ്ഥിതി നിയമങ്ങള്‍ ഒന്നും ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമെ ഇത് നല്‍കാവുള്ളു എന്നും ഝാര്‍ഖണ്ഡ് ഹൈക്കോടതി 2014 ല്‍ വിധിച്ചു. ഇതിനു ശേഷം 2016 ല്‍ ദേശീയ ഹരിത ട്രീബ്യുണല്‍ പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുന്നതിനും ഇവ നടപ്പിലാക്കുന്നതിനും ഫലപ്രദമായ നിരീക്ഷണ നിയന്ത്രണ സംവിധാനം വേണമെന്നും ഇതിനായി 1986 ലെ ദേശീയ പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കാതലായ ഭേദഗതികള്‍ വരുത്തണമെന്നും കേന്ദ്ര സര്‍്ക്കാരിന് നിര്‍ദ്ദേശം നല്‍കി.
1994 ലും 2006 ലും ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. 2006 ല്‍ ഭേദഗതി ചെയ്തപ്പോള്‍ സംസ്ഥാനങ്ങള്‍ക്കും കാര്യമായ അധികാരങ്ങള്‍ നല്‍കി. കേന്ദ്രത്തിന്റെ പരിധിയില്‍ പെടുന്നവയെ എ കാറ്റഗറിയിലും സംസ്ഥാനങ്ങളുടെ പരിധിയില്‍ പെടുന്നവയെ ബി കാറ്റഗറിയിലും പെടുത്തി. ബി യെ വീണ്ടും വിഭജിച്ച് ബി1 പരിസ്ഥിതി ആഘാത പഠനം ആവശ്യമുള്ളതെന്നും ബി2 ഇതിന്റെ ആവശ്യമില്ലാത്തതെന്നും തിരിച്ചു.
മോദി സര്‍ക്കാര്‍ ്അധികാരത്തിലേറിയ ശേഷം പരിസ്ഥിതി നിയമങ്ങളില്‍ യാതൊരു ഭേദഗതിയും വരുത്തിയിട്ടില്ലെന്നതും ഇതൊടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2019 ല്‍ വീണ്ടും അധികാരത്തിലേറിയ ശേഷമാണ് മോദി സര്‍ക്കാര്‍ പരിസ്ഥിതി ആഘാത വിലയിരുത്തലില്‍ ഭേദഗതിക്കായി കരടു തയ്യാറാക്കിയത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് തയ്യാറാക്കിയിരുന്ന പരിസ്ഥിതി കരടു ഭേദഗതികള്‍ പരിസ്ഥിതി മൗലികവാദത്തില്‍ ഊന്നിയതായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന കരടാണ് ഇതെന്ന് അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് ഡെ. ചെയര്‍മാനായിരുന്ന മോണ്ടേക് സിംഗ് അലൂവാലിയ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇത് കോള്‍ഡ് സ്റ്റോറേജിലാകുകയും ചെയ്തു.
ജയറാം രമേഷിന്റെ പരിസ്ഥിതി മൗലികവാദം മൂലം പദ്ധതികളെല്ലാം മുടങ്ങുകയും വികസനം താറുമാറാകുകയും ചെയ്തപ്പോള്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസും ചേര്‍ന്ന് രമേഷിനെ പുറത്താക്കി. പകരം വിശ്വസ്തയായ ജയന്തി നടരാജനെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയേല്‍പ്പിച്ചു. ജയന്തി ടാക്‌സ് എന്ന പേരില്‍ നരേന്ദ്ര മോദിയും അന്നത്തെ പ്രതിപക്ഷവും പരിഹസിച്ചിരുന്ന സംവിധാനമായിരുന്നു കോണ്‍ഗ്രസ് നടപ്പിലാക്കിയത്. വഴിവിട്ട് ഖനനമാഫിയയ്ക്കും മറ്റും ലൈസന്‍സ് അനുവദിച്ച് കൊടുക്കുകയാണ് അന്ന് ചെയതത്. എന്നാല്‍, 1986 ലെ പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാതെ എന്നാല്‍ വികസനത്തിന് ഉതകും വിധം ചുവപ്പു നാടകളും നിയമനൂലാമാലകളും ഒഴിവാക്കി പരിസ്ഥിതിയും വികസനവും ഒത്തു ചേര്‍ന്നു പോകുന്ന നയമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.
ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേകറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ കരടില്‍ നിര്‍ദ്ദേശ്ശിച്ചിരിക്കുന്ന ഇക്കണോമികല്‍ അന്‍ഡ് സോഷ്യല്‍മാനേജ്‌മെന്റ് പ്ലാന്‍ ( ESMP) ഏതൊരു പുതിയ പ്രൊജക്ടിനും നിര്‍ബന്ധമാണ്. ഇതുവരെ ഇത്തരമൊരു വിശകലനം ഉണ്ടായിരുന്നില്ല, പുതിയ പദ്ധതികള്‍ ആരംഭിക്കും മുമ്പ് പൊതുജനങ്ങളേയും മേഖലയുടെ സാമ്പത്തിക രംഗത്തേയും എതൊക്കെ വിധത്തില്‍ ബാധിക്കുമെന്ന വിശദമായ പഠന സര്‍വ്വേയാണ് ഇത്. ജനങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സോഷ്യല്‍ ഇംപാക്ട് സാമ്പത്തിക പഠനത്തൊടൊപ്പം തന്നെ സമഗ്രമായ പഠനം നടത്തി സമര്‍പ്പിക്കണം.
എല്ലാ പദ്ധതിയും ആരംഭിക്കും മുമ്പ് റാപിഡ് എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് (REIA) ക്ലിയറന്‍സ് നേടിയിരിക്കണം. വനം പരിസ്ഥിതി വകുപ്പിനൊപ്പം മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മുമ്പ് ഒരു പദ്ധതിക്ക് അനുമതി ലഭിക്കാന്‍ വലിയ കാലതാമസം എടുത്തിരുന്നു. ഇനി ഈ കാലതാമസം ഒഴിവാകും. നിശ്ചിത സമയത്തിനുള്ളില്‍ എല്ലാ അസസ്‌മെന്റുകളും നടത്തണം. നിരവധി വകുപ്പുകളിലും സെഷനുകളിലും ഫയലുകള്‍ സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കും. വിദഗ്ദ്ധരടങ്ങുന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റിയാകും അനുമതികള്‍ നല്‍കുക.
ഇതെല്ലാം പുതിയ ഡ്രാഫ്ടിന്റെ സവിശേഷതകളാണ്. എന്നാല്‍, ഇതൊക്കെ ദുഷ്പ്രചരണം നടത്തുന്നവര്‍ മറച്ചു വെയ്ക്കുകയാണ്. പകരം ചില സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍.
പോസ്റ്റ് ഫാക്ടോ അപ്രൂവല്‍.
കരടു നയത്തിനെതിരെയുള്ള ദുഷ്പ്രചരണങ്ങളില്‍ ഏറ്റവും പ്രധാനം പോസ്റ്റ് ഫാക്ടോ അപ്രൂവല്‍ ആണ്. ഒരു പദ്ധതി ഒരു അംഗീകാരവും ഇല്ലാതെ ആരംഭിക്കാനാകുമെന്നും പിന്നീട് പോസ്റ്റ് ഫാക്ടോ അപ്രൂവല്‍ എന്ന മാര്‍ഗ്ഗത്തിലൂടെ കാലക്രമേണ അനുമതി വാങ്ങിച്ചെടുക്കാനുമാകുമെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഈ നിയമം ഉപയോഗിച്ച് പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍പ്പറത്തി ഏതൊരു പദ്ധതിക്കും അംഗീകാരം നേടിയെടുക്കാനാകുമെന്ന് ഇവര്‍ പറഞ്ഞുപരത്തുന്നു.
എന്നാല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്നതും അതേസമയം പരിസ്ഥിതി അനുമതി പലകാരണങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്നതുമായ പദ്ധതികള്‍ക്ക് മാത്രം ബാധകമാണ് ഈ നിയമം. ഇവരുടെ കാര്യത്തില്‍ കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കുമെന്നാണ് കരടു രേഖയില്‍ പറയുന്നത്. പുതിയതായി ആരംഭിക്കുന്ന ഒരു പ്രൊജക്ടിനും ഇത് ബാധകമല്ലെന്ന് വ്യക്തമായി ഡ്രാഫ്ടില്‍ പറയുന്നു. പക്ഷേ, പ്രചരിപ്പിക്കുന്നത് കടക വിരുദ്ധമായ മറ്റൊന്നും.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഇഐഎ വേണ്ട
മോദി സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ പെട്ടെന്ന് അനുമതികള്‍ നല്‍കുന്നതും വികസനത്തിന് വഴിമുടക്കികളായ നിയമങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഈ വിമര്‍ശനം. ദേശീയ പാത വികസനം, വ്യവസായ ഇടനാഴി, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, ഗെയില്‍ വാതക പൈപ്പ് പദ്ധതി തുടങ്ങിയവയ്ക്കുള്ള നടപടികളുമായി കൂട്ടിവായിക്കുകയാണ് ചിലര്‍ ഇഐഎ 2020 എന്ന കരടു ഡ്രാഫ്ടിനെ.
അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഇഐഎ ക്ലിയറന്‍സ് ആവശ്യമില്ലെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. പാവപ്പെട്ട കര്‍ഷകരുടെ ഭൂമികള്‍ ഏറ്റെടുക്കാനുള്ള നിയമമാണ് ഇതെന്ന് പറഞ്ഞ് ഇവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
എന്നാല്‍., അതിര്‍ത്തിയിലെ പാതകളുടെ നിര്‍മാണ കാര്യമാണ് കരടു നയത്തില്‍ പ്രതിപാദിക്കുന്നത്. പ്രതിരോധ പ്രാധാന്യമുള്ള മേഖലകളുിലെ റോഡ് വികസനത്തിനും നിര്‍മാണത്തിനും ഇഐഎ അനുമതി വേണ്ടെന്ന നിയമമാണ് ഇവര്‍ ദുര്‍വ്യാഖ്യാനിച്ച് എല്ലാ റോഡുനിര്‍മാണത്തിനും ഇത് ബാധകമാണെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നത്.
അടുത്തിടെ ലഡാക്ക് അതിര്‍ത്തിയില്‍ നടന്ന ചൈനയുടെ കടന്നുകയറ്റത്തെ ഫലപ്രദമായി തടയാന്‍ സാധിച്ചത് അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ്. അതിര്‍ത്തിയിലെ റോഡ് വികസനങ്ങള്‍ക്ക് തടസമായി നില്‍ക്കുന്ന ചുവപ്പു നാടകളെ ഇല്ലാതാക്കുകയാണ് ഈ നിര്‍ദ്ദേശത്തിലുൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, രാജ്യത്ത് ഇതര മേഖലയിലെ എല്ലാ റോഡ് പദ്ധതികള്‍ക്കും ഇഐഎ ബാധകമാണ്.
പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ പരാതി
പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന പദ്ധതികളില്‍ പൊതുജനങ്ങളുടെ പരാതി ഇനി മുതല്‍ പരിഗണിക്കില്ലെന്നുള്ളതാണ് മറ്റൊരു ദുഷ്പ്രചരണം. പുതിയ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ സമീപ വാസികളായ ജനങ്ങള്‍ക്ക് തങ്ങളുടെ പരാതികള്‍ സമര്‍പ്പി്ക്കാന്‍ ഇനി മുതല്‍ കഴിയില്ലത്രെ.. പരിസ്ഥിതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ഡ്രാഫ്ട് നോട്ടിഫിക്കേഷന്‍ ഒരു വട്ടം വായിച്ചവര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം ഒരിടത്തും കാണിച്ചു തരാന്‍ കഴിയില്ല. തീര്‍ത്തും വ്യാജവും വസ്തുതാ വിരുദ്ധവുമാണ് ഈ പ്രചാരണം.
കരടു നോട്ടിഫിക്കേഷന്‍ അനുസരിച്ച് എല്ലാ പദ്ധതികള്‍ക്കും പബ്ലിക് ഹിയറിംഗുകള്‍ ഉണ്ടാകും. മുമ്പ് ഒരു ദിവസം മാത്രമാണ് ഇത് ഉണ്ടായിരുന്നതെങ്കില്‍ ഇനി മുതല്‍ മുപ്പതു ദിവസം പബ്ലിക് ഹിയറിംഗുകള്‍ ജില്ലാ കളക്ടറുടെ ആസ്ഥാനത്ത് ഉണ്ടാകും. ഇതില്‍ നിലവിലെ ഇറിഗേഷന്‍ പദ്ധതികളുടെ ആധുനികവല്‍കരണവും ഇന്‍ഡസ്ട്രിയല്‍ സ്‌പെ,ഷ്യല്‍ സോണുകളിലുള്ള പദ്ധതികളും പ്രതിരോധ മേഖലയിലെ പദ്ധതികള്‍ക്കും പരിസ്ഥിതി ആഘാതമോ, മലീനികരണമോ ഒട്ടും ഇല്ലാത്തതും എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്ന പദ്ധതികളുടെ മോഡണൈസേഷനും മാത്രമാണ് ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. നിലവിലെ പ്ലാന്റുകളുടേയും ഫാക്ടറികളുടേയും ശേഷിയുടെ 25 ശതമാനത്തില്‍ അധികം വികസന-മോഡെനൈസേഷന്‍ പദ്ധതിയുണ്ടെങ്കില്‍ വീണ്ടും പരിസ്ഥിതി ആഘാത പഠനവും ക്ലിയറന്‍സും അനിവാര്യമാണ്. പത്തുശതമാനമാണ് എക്‌സ്പാന്‍ഷനെങ്കില്‍ എന്‍വയണ്‍മെന്റല്‍ അപ്രൈസല്‍ കമ്മറ്റിയുടെ ക്ലിയറന്‍സ് വേണ്ടിവരും.
2006 മുതല്‍ നിലവിലുള്ളതാണ് ഈ ഇളവുകള്‍. മോദി സര്‍ക്കാര്‍ പുതിയതായി യാതൊന്നും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പക്ഷേ, തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കുന്നത് വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ്. ഇഐഎ 2020 കരട് നോട്ടിഫിക്കേഷനില്‍ പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റിന്റെ നിലവിലുള്ള കാലാവധി ഏഴു വര്‍ഷമെന്നത് പത്തായി ഉയര്‍ത്തിയിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന നയത്തിന്റെ ഭാഗമായാണ് ഇത്. സംരംഭ സൗഹൃദത്തിന് ലോകമെമ്പാടും ഇത്തരം ന്യായമായ സൗകര്യങ്ങള്‍ നിജപ്പെടുത്താറുണ്ട്.
പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളുടെ അംഗികാരം
ഫെഡറല്‍ സംവിധാനങ്ങളില്‍ അധിഷ്ഠിതമായുള്ള നിയമ വ്യവസ്ഥയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കാന്‍ പോകുന്ന നയം. എന്‍ആര്‍സി, സിഎഎ വിഷയങ്ങളില്‍ നിയമ സഭ കൂടി പ്രമേയം പാസാക്കി ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങള്‍ പോലും ഇഐഎ കരട് ബില്ലിനെ എതിര്‍ത്തിട്ടില്ലെന്ന വലിയ വസ്തുത എല്ലാ ദുഷ് പ്രചരണങ്ങളുടെയും മുനയൊടിക്കുന്നു.
ഫെഡറല്‍ സംവിധാനത്തെ ബലപ്പെടുത്തുന്ന അധികാര ക്രമീകരണമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് വെച്ചതെന്നാണ് ഇതിനു കാരണം. കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായി പരിസ്ഥിതി ആഘാത ക്ലിയറന്‍സ് നല്‍കുക അസാധ്യമാണ്. സംസ്ഥാനങ്ങള്‍ക്ക് സ്റ്റേറ്റ് എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അഥോറിറ്റി രൂപികരിക്കാനും അനുമതി നല്‍കാനും പൂര്‍ണ അധികാരമുണ്ടാകും. നിശ്ചിത സമയം കഴിഞ്ഞും അഥോറിറ്റി രൂപികരിച്ചില്ലെങ്കില്‍ മാത്രമാണ് കേന്ദ്രത്തിന് ഈ അധികാരം ലഭിക്കുക.
ഡെല്‍ഹി, ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ഡാമന്‍ & ദിയു. ലക്ഷദ്വീപ്, നാഗാലാന്‍ഡ്, ഗോവ എന്നീ ഏഴു സംസ്ഥാനങ്ങള്‍/യുടികള്‍ നിലവില്‍ അഥോറിറ്റി രൂപികരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളിലെ അഥോറിറ്റികളുടെ ചുമതല കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ ആയിരിക്കും. മൂന്നുവര്‍ഷമായിരിക്കും അഥോറിറ്റി ചെയര്‍ പേഴ്‌സന്റെ കാലാവധി.
ഈ നോട്ടിഫിക്കേഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചു കൊടുത്ത ശേഷം ഇപ്പോള്‍ നാലുമാസമായി. പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനായി ഈ നാലുമാസം ലഭിച്ചിട്ടുണ്ട്. ആഗസ്ത് 11 വരെ ഇതിനുസമയം ലഭിക്കുകയും ചെയ്തു.ഇത് ഡ്രാഫ്ട് നോട്ടിഫിക്കേഷന്‍ മാത്രമാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടേയും വിവിധ രാഷ്ട്രീയ കക്ഷികളുടേയും പരിസ്ഥിതി സംഘടനകളുടേയും അഭിപ്രായം സ്വീകരിച്ച ശേഷം മാത്രമെ അന്തിമ ഡ്രാഫ്ട് തയ്യാറാക്കു.
ഇതെല്ലാം അറിയാമായിരുന്നിട്ടും ചില കോണുകള്‍ രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കി പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണങ്ങളും മറ്റും നല്‍കി മറ്റൊരു എന്‍ആര്‍സി-സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് അവസരം ലഭിക്കുമോ എന്ന് മാത്രമാണ് ശ്രമിച്ചു നോക്കുന്നത്. പരിസ്ഥിതി മന്ത്രാലയം ഇതൊക്കെ മുമ്പേ കണ്ട് എല്ലാ സംസ്ഥാനങ്ങളുടേയും അനുമതി വാങ്ങിച്ചു കഴിഞ്ഞു. പൊതുജനങ്ങളുടേയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഫൈനല്‍ ഡ്രാഫ്ട് തയ്യാറാക്കി ഉടനെ തന്നെ ഇത് പ്രാബല്യത്തിലും വരും. ഇതിനിടയില്‍ ഇനി മുതലെടുപ്പുകള്‍ക്ക് വലിയ സാധ്യത ഇല്ലെന്നതാണ് യഥാര്‍ത്ഥ്യം. ഒരിക്കല്‍ കൂടി ഇത്തരക്കാരുടെ പൊയ്മുഖവും നുണപ്രചാരണവും പൊളിഞ്ഞു വീഴുന്നതിന് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് മാത്രമാണ് ഇതിന്റെ ബാക്കിപത്രം.