കേജ്‌രിവാൾ നടത്തുന്ന അസംബന്ധ നാടകം

തന്റെ ഭാര്യയും പിള്ളേരും തന്നെ അനുസരിക്കുന്നും ബഹുമാനിക്കുന്നുമില്ല എന്നുപറഞ്ഞു പഞ്ചായത്തോഫീസിൽ പരാതിയുമായി പോയ ഒരാളിനെക്കുറിച്ച് പറയാം…അല്ലെങ്കിൽ വേണ്ട, അരവിന്ദ് കെജ്രിവാളിനെക്കുറിച്ചു പറയാം…
സിവിൽ സർവീസ് ഉദ്യോഗസ്ഥർ അനുസരിക്കുന്നില്ലെന്നു പരാതിയുമായി നടക്കുന്ന ഒരു മുഖ്യമന്ത്രി.. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെല്യ താപ്പാനകളായ ഒരുപാട് സിവിൽ സർവീസുകാർ വിലസുന്ന കേരളത്തിൽ, അരവിന്ദ് കെജ്‌രിവാളിന്റെ IIT ബിരുദം പോയിട്ട് ഒരു ബിരുദവുമില്ലാതെ വെറും സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള രണ്ടു മുഖ്യമന്ത്രിമാരായിരുന്ന കെ കരുണാകരനും ഇ കെ നായനാരും അവരെ എങ്ങിനെ നിലയ്ക്കുനിർത്തിയെന്നും ഫലപ്രദമായി ഉപയോഗപ്പെടുത്തിയെന്നുമുള്ള ചരിത്രം അദ്ദേഹത്തെ പഠിപ്പിക്കാനാണ്.

പണ്ട്, പ്രൈവറ്റ് ബസിനുള്ളില്‍ മരുന്ന് വില്‍ക്കുന്ന ഒരാളെ കണ്ടിട്ടുണ്ട് ..ചുമ ,പനി ,ചൊറി തുടങ്ങി ക്ഷയം ,കുഷ്ഠം, ക്യാൻസർ വരെയുള്ള എല്ലാ രോഗത്തിനും സിദ്ധൌഷദം. വെറും അഞ്ചുരൂപ മാത്രം ….മരുന്ന് വാങ്ങിയ ഒരമ്മച്ചിയോടു ഞാന്‍ ചോദിച്ചു ,ഇത് നല്ലതാണോ ,ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ ? അതൊന്നും എനിക്കറിഞ്ഞുകൂടാ മക്കളെ. ആ പാവം ജീവിക്കാന്‍വേണ്ടി കൊണ്ടേനടക്കുന്നതല്ലേ …അതുകൊണ്ട് വാങ്ങിയതാ …ആ അമ്മച്ചിയെപ്പോലെ ശുദ്ധമനസ്കരായ ഒരുകൂട്ടം ഡെൽഹിക്കാരുടെ അറിവില്ലായ്മയെ ചൂഷണംചെയ്തു മുഖ്യമന്ത്രി കസേരയിൽ കയറിയ ആളായിരുന്നു അരവിന്ദ് കെജ്‌രിവാൾ.

ഒരു ചെറിയ വിഭാഗം ജനങ്ങള്‍ അദ്ദേഹത്തെ നേതാവായി സ്വീകരിച്ചത്, അഴിമതി നഗരസൌകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി മദ്ധ്യവര്‍ഗപിന്തുണ നേടാന്‍ മതിയായ വിഷയങ്ങളെ ,ഇന്നത്തെ ആധുനികസൌകര്യങ്ങളുടെ പിന്തുണയോടെ അവതരിപ്പിച്ചപ്പോൾ അവരുടെ വാക്കുകളില്‍ മയങ്ങിപ്പോയതുകൊണ്ടാണ്. കൊണ്ഗ്രസിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെയും ഒരുകൂട്ടം അസംതൃപ്തവിഭാഗവും , ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില വിദേശ കൊര്‍പ്പറേറ്റ് സ്ഥാപനങ്ങളും അവരെ സഹായിചിട്ടുണ്ട്.
രാഷ്ട്രീയക്കാരുടെ അഴിമതിയ്ക്കെതിയായിരുന്നു ആപ്പിന്റെ പ്രധാന പ്രചാരണായുധമെങ്കിൽ അതിനുമുൻപത്തെ പത്തുവര്‍ഷം ഇന്ത്യയില്‍ നടന്ന പകല്‍ കൊള്ളകള്‍, ലക്ഷം ലക്ഷം കോടികളുടെ അഴിമതികള്‍ പക്ഷെ ആപ്പുകാര്‍ പരാമര്‍ശിച്ചതേയില്ല. അവരെ തുറന്നുകാട്ടാന്‍ ശ്രമിച്ചില്ല. എന്നുതന്നെയല്ല അതെ അഴിമതിക്കാരോടൊപ്പം ചേര്‍ന്ന് ഭരിക്കാനാണ് ആദ്യംകിട്ടിയ അവസരത്തില്‍ ആപ്പുകാര്‍ ശ്രമിച്ചത്.
കോൺഗ്രസ് ഭരണത്തിലെ അഴിമതിയും കൊള്ളയും കെടുകാര്യസ്ഥയും കണ്ടു മനസുമടുത്ത ജനം തങ്ങൾക്കു എതിരാണെന്നറിഞ്ഞപ്പോൾ, തങ്ങള്‍ക്കു ഭരണം കിട്ടില്ല എന്നറിഞ്ഞപ്പോള്‍, എങ്കില്‍ മറ്റാര്‍ക്കും കിട്ടരുത് എന്ന ഭരണക്കാരുടെ ദുഷ്ടബുദ്ധിയില്‍ കണ്ടെത്തിയ വെറുമൊരു ശകുനിയോ അതോ കൂട്ടിക്കൊടുപ്പുകാരാണോ മാത്രമാണ് കേജ്രിവാള്‍. അഞ്ചുവർഷം മുൻപത്തെ ആ അഴിമതിവിരുദ്ധ കൂട്ടായ്മ ഇന്നിപ്പോൾ അഴിമതിക്കാരുടെ കൂടാരമായി മാറിക്കഴിഞ്ഞിരിക്കുന്നു ..

ഭരണകൂടത്തിന്റെ ഭദ്രത ഉറപ്പാക്കുന്ന വ്യവസ്ഥാപിത സംവിധാനങ്ങല്‍ക്കെതിരെ നിലപാടുകള്‍ പുലര്‍ത്തുന്ന, നിരാശരായ ഒരുകൂട്ടം മദ്ധ്യവര്‍ഗം അടങ്ങുന്ന ആംആദ്മി പാർട്ടിയ്ക്ക് കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലയെന്ന് രാഷ്ട്രീയനിരീക്ഷകർ അന്നേ വിലയിരുത്തിയാണ്. സാധാരണക്കാരായ പൌരന്റെ അടിസ്ഥാനപരമായ മനോനിലയില്‍ മാറ്റമില്ല. സ്വാര്‍ഥതയും ആര്‍ത്തിയും അവന്റെ കൂടെപ്പിറപ്പാണ്. അതിനെയെല്ലാം തൃപ്തിപ്പെടുത്താന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല എന്ന് ചാണക്യനും മാക്യവല്ലിയുമൊക്കെ പണ്ടേ പറഞ്ഞുവെച്ചതാണ്.
മദ്ധ്യവര്‍ഗ്ഗത്തിന്റെ ഇത്തരമൊരു മനോനിലയെ ചൂഷണംചെയ്തുകൊണ്ടാണ് അരവിന്ദ് കേജ്രിവാള്‍ രാഷ്ട്രീയരംഗത്ത് വരുന്നത്. അത്തരം മുന്നേറ്റങ്ങള്‍ ഒന്നുകില്‍ അവതാളത്തില്‍ കലാശിക്കും. അല്ലെങ്കില്‍ ഒറ്റവ്യക്തി അധികാരത്തിലേക്ക് കേന്ദ്രീകരിക്കും. അത് സംഭവിച്ചുകഴിഞ്ഞു. തെരുവില്‍ മുദ്രാവാക്യം വിളിച്ചു നടക്കുന്നതും ഭരണംനടത്തുന്നതും രണ്ടാണെന്നും, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പരിഹാരം കാണണമെങ്കില്‍ അതിനു കഴിവുകൂടി വേണമെന്ന് മനസിലായപ്പോള്‍ ഒളിച്ചോടാൻ ശ്രമിക്കുന്ന കേജ്രിവാലിനു പറഞ്ഞിരിക്കുന്ന പണി മുദ്രാവാക്യം വിളി മാത്രമാണ്.

മുഖ്യമന്ത്രിയായിരുന്നുകൊണ്ട് മൂന്നുവർഷം മുൻപ് ധര്‍ണ നടത്തിയ കേജ്രിവാലിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഡല്‍ഹിയിലെ വിദ്യാഭ്യാസസ്ഥാപങ്ങളില്‍ പ്രവേശനം ഡെല്‍ഹിക്കാര്‍ക്ക് മാത്രമാക്കണമെന്നായിരുന്നു. പഴയ ശിവസേനപോലും ഇത്രയും കടുത്ത പ്രാദേശികവാദം ഉന്നയിച്ചിട്ടില്ല. ഒരു പൂർണസംസ്ഥാനമല്ലാത്ത ഡൽഹിയിൽ അതുകൊണ്ടുതന്നെ നല്ല ഭരണം കാഴ്ചവെക്കാൻ കഴിയില്ല എന്നായിരുന്നു നിരാശരായ അനുയായികളെ പിന്നീട് പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചത്. ഇതേ ഡൽഹിയിൽ തന്നെയല്ലേ വിജയകുമാർ മൽഹോത്ര മുതൽ സുഷമാ സ്വരാജ് വരെ നല്ല ഭരണം കാഴ്ചവെച്ചത്. പണി അറിയില്ലെങ്കിൽ കത്തിയെ കുറ്റംപറഞ്ഞു രക്ഷപെടുന്ന കളിയേ കെജ്രിവാളിനും കൂട്ടർക്കും വശമുള്ളൂ.

പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസമില്ലായ്മ – കേജ്രിവാളിന്റെത് ഒരു മാനസികരോഗമാണ് . .അരാഷ്ട്രീയം പ്രസംഗിക്കുന്നതും അരാജകത്വം പ്രോത്സാഹിപ്പിക്കുന്നതും പോലല്ല ,ഭരണം ഇത്തിരി ബുദ്ധിമുട്ടുള്ള പണിയാണെന്ന് അങ്ങേരു മനസിലാക്കി. ഒരു തെമ്മാടിയുടെ അവസാനഅഭയമാണ് രാഷ്ട്രീയം എന്ന് എല്ലാ അര്‍ത്ഥത്തിലും ശരിയായത് അരവിന്ദ് കേജ്രിവാലിന്റെ കാര്യത്തിലാണ്. അതറിയാതെ ആള്‍ക്കൂട്ടത്തിന്റെ ധാര്‍മ്മികരോഷത്തെമാത്രം തൃപ്തിപ്പെടുത്തുന്നതും ബുദ്ധിയെ അവഗണിക്കുന്നതുമായ ഒരു പ്രസ്ഥാനം അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമാണ്. അടിസ്ഥാനവര്‍ഗത്തെയും അസംതൃപ്തമദ്ധ്യവര്‍ഗത്തെയും കൂടെനിര്‍ത്താന്‍ വാചകമടികൾ മാത്രംപോരാ, അവരുടെ പ്രശ്നങ്ങളെ ജനപക്ഷത്തുനിന്ന് പരിഹരിക്കാനുള്ള കഴിവ് കേജ്രിവാളിനില്ല എന്ന് അവര്‍തന്നെ മനസിലാകിയപ്പോഴാനു കയ്യില്‍കിട്ടിയ ഭരണം ഉത്തരവാദിത്വത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ ഒളിച്ചോടാൻ ശ്രമിക്കുന്നത്.
നല്ല ഭരണം കാഴ്കവെക്കാൻ ഇന്ന് നിലവിലുള്ള ഇന്ത്യന്‍ ഭരണഘടന തടസമാണ് എന്ന കേജ്രിവാലിന്റെ വാദം തികഞ്ഞ അരാജകവാദമാണ്. ഇത്തരം രാഷ്ട്രീയ നേതാക്കളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുധീകരിക്കാന്‍ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയത്തെ അരാഷ്ട്രീയതകൊണ്ട് പൊളിക്കുന്ന ആപ്പ് പോലുള്ള സിവില്‍ സമുദായ ഇടപെടല്‍ ഒരിക്കലും ഫലപ്രദമല്ല.

യാഥാർഥ്യബോധമില്ലാത്ത താത്ക്കാലിക ഒരസംബന്ധ പ്രകടനം മാത്രമാണ് ,ജനാധിപത്യ രാഷ്ട്രീയചട്ടക്കൂടിനെ ദുര്‍ബലമാക്കുന്ന ആള്‍ക്കൂട്ടഫാസിസമാണ് ,വെയിലത്ത് വെച്ച മഞ്ഞുകട്ടയാണ് ആപ്പ്. നഗര മദ്ധ്യവര്‍ഗ കപടബുദ്ധിജീവികളും നിരാശരായ ലിബറല്‍ രാഷ്ട്രീയക്കാരും നേതൃത്വംകൊടുക്കുന്ന ആപ്പ് പോലെ ഒരു ആള്‍ക്കൂട്ടത്തിനു മനുഷ്യന്റെ ധര്‍മ്മബോധത്തെ മാത്രം സ്പര്‍ശിക്കുന്ന ഉപരിതലപ്രശ്നങ്ങളെ മാത്രം ആഘോഷിച്ചു ഇന്ത്യ പോലൊരു രാജ്യത്തു നിലനിൽക്കാൻ കഴിയില്ല .

ഇന്ത്യയുടെ ഹൃദയം തൊട്ടറിയാനും പ്രശ്നങ്ങൾക്കു പരിഹാരം തേടാനും ദേശീയതയിൽ അടിയുറച്ച പ്രസ്ഥാനങ്ങൾക്ക് മാത്രമേ കഴിയൂ!!

LEAVE A REPLY

Please enter your comment!
Please enter your name here