രാധികാ സിങ്ങ് എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ
ഈയിടെ ഒരു യുവ എംപി വലിയ വിവാദത്തില്‍ പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പഴയ ഒരു ട്വീറ്റ് കുത്തിപ്പൊക്കി അതിന്‍റെ പേരിലായിരുന്നു കോലാഹലം മുഴുവന്‍. കനേഡിയന്‍ മാധ്യമ പ്രവര്‍ത്തകനായ തരേഖ് ഫതഹ് നെ ഉദ്ധരിച്ചു കൊണ്ട് ഈ പാര്‍ലമെന്‍റംഗം ആ ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. “95% അറബ് സ്ത്രീകള്‍ക്കും കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ലൈംഗിക സംതൃപ്തി കിട്ടിയിട്ടില്ല. അവരിലെ ഓരോ അമ്മമാരും സ്നേഹ ശൂന്യമായ ലൈംഗിക പ്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പ്രസവിച്ചത്”. തേജസ്വി സൂര്യയുടെ ഈ ട്വീറ്റിനെക്കുറിച്ച് ഫെമിനിസ്റ്റുകള്‍ പറഞ്ഞത് “അസംബന്ധവും വംശീയ അധിക്ഷേപം നിറഞ്ഞതും” എന്നാണ്. എന്നാല്‍ ഈ കോലാഹലങ്ങളില്‍ ഉയര്‍ന്നു കേട്ട ഒരൊറ്റ ശബ്ദവും മദ്ധ്യകാലഘട്ടത്തിലെ എത്രയും സ്ത്രീ വിരുദ്ധമായ ചേലാകര്‍മ്മം എന്ന പ്രാകൃത സമ്പ്രദായത്തെ വിമര്‍ശിക്കാന്‍ തയ്യാറായില്ല. സ്ത്രീകള്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ വലിയ ആഘാതമേല്‍പ്പിക്കുന്നതും, യൌവ്വന കാലത്ത് തൃപ്തികരമായ ലൈംഗിക ജീവിതം നയിക്കാനുള്ള അവരുടെ അവകാശത്തെ ധ്വംസിക്കുന്നതുമായ ഈ സമ്പ്രദായം അറബ് സ്ത്രീകളുടെ ഇടയില്‍ മാത്രമല്ല, മറ്റ് മുസ്ലീം സ്ത്രീകളുടെ ഇടയിലും മുസ്ലീം ഭൂരിപക്ഷമുള്ള ഇടങ്ങളിലെ അമുസ്ലീം സമൂഹങ്ങളിലും ഇപ്പോഴും വലിയൊരു വിഷയമായി നിലനില്‍ക്കുന്നു.
ഇക്കാര്യത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ നിലപാട് ഇങ്ങനെയാണ്. “പെണ്‍ചേലാകര്‍മ്മം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മനുഷ്യാവകാശ ലംഘനമാണ് എന്നത് അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. അത് വളരെ ആഴത്തില്‍ വേരോടിയിരിക്കുന്ന ലിംഗ അസമത്വത്തിന്‍റെ പ്രതിഫലനവും സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനത്തിന്റെ ഏറ്റവും ഭയാനകമായ രൂപവുമാണ്. ഏതാണ്ട് എല്ലായ്പ്പോഴും ഇത് നടപ്പാക്കപ്പെടുന്നത് ചെറിയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് എന്ന നിലക്ക് കുട്ടികളുടെ അവകാശത്തിനു മേലുള്ള കൈയ്യേറ്റവുമാണ്. ആരോഗ്യം, സുരക്ഷിതത്വം, ശാരീരിക സ്വസ്ഥത, പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും വിധേയമാകാതെ ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണ്. ചിലപ്പോഴെങ്കിലും മരണത്തില്‍ കലാശിക്കുന്നതു കൊണ്ട് ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കൈയ്യേറ്റവുമാണിത്”
ഖഫ്ജ് എന്നും ഖത്ന എന്നും അറിയപ്പെടുന്ന ഈ സമ്പ്രദായം ഇന്ത്യയില്‍ ബോഹ്റ മുസ്ലീങ്ങളുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ ഇന്‍ഡ്യന്‍ മുസ്ലീങ്ങളുടെ ഇടയില്‍ ബോഹ്റകളാണ് ഏറ്റവും ഉദാരവും തുറന്ന മന:സ്ഥിതിയുള്ളവരുമായ സമുദായം. അതിലും മോശമായ കാര്യം, ഇന്‍ഡ്യയുടെ സാമ്പത്തിക തലസ്ഥാനവും വളരെ പുരോഗമിച്ച മെട്രോപൊളിറ്റന്‍ നഗരവുമായ മുംബൈയാണ് ഇന്ത്യയിലെ പെണ്‍ ചേലാ കര്‍മ്മത്തിനായി ആളുകള്‍ എത്തിച്ചേരുന്ന സ്ഥലം എന്നതാണ്. ഇന്നിപ്പോള്‍ ഇന്‍ഡ്യയിലെ ബോഹ്റകള്‍ മാത്രമല്ല ഇക്കാര്യത്തിനായി ഇവിടെ വരുന്നത്. ആസ്ത്രേലിയയിലും അമേരിക്കയിലും കര്‍ക്കശമായ നിയമ നടപടികള്‍ ആരംഭിച്ചതോടു കൂടി, മറ്റു രാജ്യങ്ങളിലെ ബോഹ്റകളും ഇപ്പോള്‍ തങ്ങളുടെ പെണ്‍കുട്ടികളെ അംഗഛേദനം നടത്താന്‍ ഇവിടെ കൊണ്ടു വരുന്നുണ്ട്.
കുട്ടിക്ക് ഒരു മിഠായിയോ, ഒരു സിനിമയോ അല്ലെങ്കില്‍ ഒരു വിനോദയാത്രയോ ഒക്കെ വാഗ്ദാനം ചെയ്തിട്ടായിരിക്കും കൊണ്ടു വരുന്നത്. പട്ടണത്തിന്‍റെ അധികം ശ്രദ്ധിക്കപ്പെടാത്ത മൂലയിലെ ഒരു ചേരിയില്‍ ഒരു ഇരുട്ട് മുറിയിലേക്ക് നയിക്കപ്പെടുന്നതോടെ ചതി ആരംഭിക്കുന്നു. അവിടെ ബലം പ്രയോഗിച്ച് ഒരു ബെഡ്ഡില്‍ അമര്‍ത്തിവച്ചു കൊണ്ട് വിവസ്ത്രയാക്കപ്പെടുന്നു. കത്തിയോ ബ്ലേഡോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള മറ്റേതെങ്കിലും ഉപകരണമോ കൊണ്ട് അവളുടെ അവയവം ഛേദിക്കപ്പെടുന്നു. മിക്ക അവസരങ്ങളിലും ഇത് ചെയ്യുന്നത് ശുചിത്വത്തെ കുറിച്ചൊന്നും വലിയ ധാരണയില്ലാത്ത പ്രായമുള്ള സ്ത്രീകളോ പരിശീലനം ഇല്ലാത്ത വയറ്റാട്ടികളോ ആയിരിയ്ക്കും. സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും അടക്കത്തിന്റെയും പേരില്‍ ഇങ്ങനെ മുറിച്ചു മാറ്റിയ മാംസം അടുത്തുള്ള ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിയും.
ബോഹ്റ മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ ഈ അവയവത്തെ “ഹറാം കി ബോട്ടി” എന്ന് നിന്ദിച്ച് പറയാറുണ്ട്. ഹിന്ദിയിലുള്ള ഈ പറച്ചിലിന്റെ അര്‍ത്ഥം “മോശപ്പെട്ട മാംസം” എന്നാണ്. ആണുങ്ങളെ പാപത്തില്‍ വീഴിക്കുന്നത് എന്നാണ് വിവക്ഷ. ഈ സമ്പ്രദായത്തിന് പ്രേരകമായ ഇത്രയും ഭയാനകവും വിവേചന പൂര്‍ണ്ണവുമായ ആശയം നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാതെ പുരുഷാധിപത്യ സമൂഹത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട് വരികയായിരുന്നു. ഒരു സ്ത്രീ അവളുടെ ലൈംഗികതയെ തിരിച്ചറിഞ്ഞാല്‍ അവള്‍ വഴിപിഴച്ചു പോകും എന്ന ഭയമാണ് ഇതിനു പിന്നിലെ ചിന്ത. അവള്‍ വിവാഹത്തിന് പുറത്ത് സന്തോഷം തേടി സാഹസങ്ങള്‍ക്ക് ഇറങ്ങി തിരിക്കുമെന്നും അങ്ങനെ കുടുംബത്തിനും സമുദായത്തിനും ചീത്തപ്പേര് ഉണ്ടാക്കിവയ്ക്കും എന്നൊക്കെയാണ് അവരുടെ ആശങ്ക.
ലിബറലുകളും ഇടതു പക്ഷക്കാരും ചേര്‍ന്ന് സൃഷ്ടിച്ച ഇസ്ളാമിക മത മൌലികവാദ ഭീഷണികള്‍ക്കെതിരെ പൊരുതിക്കൊണ്ടാണെങ്കിലും മുത്തലാക്ക് എന്ന ചുളുവിലെ വിവാഹ മോചനത്തിനെതിരെ നിയമം കൊണ്ടു വരുന്നതില്‍ ഇന്ത്യ വിജയിച്ചു. എന്നാല്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭപോലും പ്രഖ്യാപിച്ച പെണ്‍ ചേലാകര്‍മ്മം പോലെയൊരു ഭയാനകമായ അനുഭവത്തില്‍ നിന്ന് ആറും, ഏഴും, ഒമ്പതും വയസ്സ് പ്രായങ്ങളിലുള്ള പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആവശ്യമുള്ള നിയമങ്ങള്‍ ഇന്‍ഡ്യയില്‍ നിലവില്‍ വന്നിട്ടില്ല.
ഒരു മുന്‍ നിര മാദ്ധ്യമത്തോട് പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ബോഹ്റ മുസ്ലീം സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്. “എന്‍റെ വിവാഹ ജീവിതത്തില്‍ എപ്പോഴെങ്കിലും ഞാന്‍ ലൈംഗികത ആസ്വദിച്ചിട്ടുള്ളതായി കരുതുന്നില്ല. എന്‍റെ ശരീരം വികലമാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ആ അനുഭവം എന്തായിരുന്നിരിക്കും എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അതിന്‍റെ ദുരന്തം എന്തെന്നാല്‍ ഒരിയ്ക്കലും ഇനി എനിക്കത് അറിയാന്‍ കഴിയില്ല എന്നതാണ്”
മറ്റു പലയിടങ്ങളിലും വാചാലരാകുന്ന ഫെമിനിസ്റ്റുകള്‍ പെണ്‍ കുട്ടികളുടെ സ്വകാര്യഭാഗങ്ങള്‍ അവരുടെ സമ്മതം കൂടാതെ അറുത്തു മുറിച്ച് തുന്നിക്കെട്ടുന്നതിനെതിരെ ഇതുവരെ വാ തുറക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. കാരണം അങ്ങനെ ചെയ്യുന്നത് തങ്ങള്‍ പ്രീണിപ്പിക്കാനും സഹകരിക്കാനും ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകളെ എതിരാക്കും എന്നത് തന്നെ. അതുകൊണ്ടാണ് പ്രിയ വായനക്കാരെ ഫെമിനിസത്തിന്‍റെ ഇന്നത്തെ ഈ കോലാഹലങ്ങള്‍ വെറുമൊരു തമാശയായി അവശേഷിക്കുന്നതും.
PS: അവലംബ ഇംഗ്ലിഷ് ലേഖനം ഇവിടെ വായിക്കാം
ഭാരതത്തിൽ ബോഹ്റ സമുദായത്തിലെ ചേലാകര്‍മ്മ ആചാരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വിക്കിപീഡിയയിൽ നിന്ന്