2012 ഫിറോസ് ഘണ്ടിയുടെ ജന്മശദാബ്ധി വർഷമായിരുന്നു. ഇന്ന് കാടുകയറി അനാഥമായികിടക്കുന്ന അലാഹാബാദിലെ പഴയ പാഴ്സി ശ്മശാനത്തിലാണ് ഫിറോസ് ജഹാംഗീര്‍ ഘണ്ടിയുടെ ശവകുടീരം. ഭാര്യ ഇന്ദിരയുൾപ്പടെ നെഹ്‌റു കുടുംബത്തിലെ ആരും ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഫിറോസ് ഘണ്ടിയുടെയുടെ ശവകുടീരം കാട് വെട്ടിത്തെളിച്ചു സ്മാരകമാക്കണമെന്നു സോണിയഗാന്ധിയ്ക്കു നിവേദനം നല്‍കി, കോൺഗ്രസ് അധികാരത്തിലിരിക്കെ അലാഹാബാദിലെ പാഴ്സി സമുദായക്കാര്‍. അവരോ മകനോ പ്രതികരിക്കാന്‍പോലും തയാറായില്ല.
നെഹ്‌റുകുടുംബത്തിനു വെറുക്കപ്പെട്ടവനാനെകിലും ഫിറോസ് നല്ലൊരു മനുഷ്യനായിരുന്നു. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടു ഫിറോസ് പതിനെട്ടാമത്തെ വയസ്സില്‍ ജയിലിലായി. പത്തൊമ്പത് മാസക്കാലം നീണ്ട ജയില്‍ വാസത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയായിരുന്നു സഹതടവുകാരൻ. സ്വാതന്ത്ര്യസമരവുമായി നടന്നു പഠിത്തത്തില്‍ ശ്രദ്ധിക്കാതിരുന്ന ഫിറോസിനെ ഉപദേശിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മ ഗാന്ധിജിയോട് ഒരിക്കലപേക്ഷിച്ചു.
“അവനൊരു വിപ്ലവകാരിയാണ്. അവനെപ്പോലെ ഏഴുപേരെ എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സ്വതന്ത്രയായേനെ” എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം.
ലണ്ടന്‍ സ്കൂളില്‍ പഠിച്ച ഫിറോസാണ് റായ്ബറേലിയില്‍നിന്നുള്ള ആദ്യ എംപിയായി. നെഹ്‌റുവിന്റെ പ്രതാപകാലത്ത്, അഴിമതിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ആഞ്ഞടിച്ച കോണ്‍ഗ്രസുകാരന്‍. ലോക്സഭയില്‍ തന്റെ മരുമകന്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു ശ്വാസമടക്കിപ്പിടിച്ചിരിക്കുയായിരുന്നുവത്രെ. അതുകൊണ്ടുതന്നെ നെഹ്‌റുവിന് ഫിറോസിനെ ഇഷ്ടമായിരുന്നില്ല. പില്‍ക്കാലത്ത് ഇന്ദിരയ്ക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച ആദ്യ യുവതുര്‍ക്കി പ്രധാനമന്ത്രിയുടെ മരുമകനും കോണ്‍ഗ്രസ് അധ്യക്ഷയുടെ ഭര്‍ത്താവുമായ ഫിറോസ് തന്നെ.
ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു ധനമന്ത്രിയുടെ രാജിയില്‍ കലാശിച്ച ആദ്യത്തെ കുംഭകോണം-മുണ്ട്രാ കുംഭകോണം- ലോക്സഭയില്‍ ഉന്നയിച്ച് നെഹ്‌റുഭരണത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് ഫിറോസാണ്. ഹരിദാസ് മുണ്ട്ര എന്ന വ്യവസായിയുടെ സ്ഥാപനവും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തമ്മില്‍ നടന്ന അവിഹിത ഇടപാടുകള്‍ ഫിറോസ് രേഖാമൂലമായ തെളിവുകളോടെ ലോക്സഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി പുറത്താക്കപ്പെട്ടു; ധനമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായി. മുണ്ട്ര ജയിലഴികള്‍ക്കുള്ളിലുമായി. എല്‍ഐസി ദേശസാല്‍ക്കരിച്ചു.
നെഹ്രുവിനെ ധിക്കരിച്ചാണ് ഇന്ദിര ഫിറോസിനെ വിവാഹംകഴിച്ചത്. ഇന്ദിരയേക്കാള്‍ കമലയോടായിരുന്നു, അവരെക്കാള്‍ പന്ത്രണ്ടു വയസു ഇളപ്പമുള്ള ഫിറോസിന് എന്നും അടുപ്പം. ക്ഷയരോഗിയായിരുന്ന കമലാ നെഹ്രുവിന്റെ കൂടെ നിന്ന് ശുശ്രൂഷിച്ചിരുന്നത് ഫിറോസ് ആയിരുന്നു. കമലനെഹ്രുവിനെയും ഫിറോസിനെയും ചേര്‍ത്തു പൈങ്കിളികഥകള്‍ എഴുതി പോസ്റ്ററുകള്‍ പതിച്ച് അലങ്കരിച്ചു അന്ന് അലാഹാബാദിലെ രാഷ്ട്രീയശക്തിയായിരുന്ന കമ്യൂണിസ്റ്റുകൾ. കമലയുടെ മരണശേഷം , അമ്മയില്‍നിന്ന് കിട്ടിയ ക്ഷയ രോഗവുമായി ഇരുപതു വയസുകാരി ഇന്ദിര യൂറോപ്യന്‍ ക്ഷയരോഗസാനറ്റോറിയങ്ങളില്‍ ചികിത്സ തേടിയപ്പോഴും കൂടെ നിന്നത് ഫിറോസ് എന്ന നിത്യകാമുകന്‍.
നാഷണല്‍ ഹെറള്‍ഡിന്‍റെ പ്രസാധകന്‍ വി. കെ. കൃഷ്ണമേനോനു ഏറ്റവും പ്രിയങ്കരനായിരുന്നു ആപത്രത്തിന്റെ പത്രാധിപരായ ഫിറോസിനെ. ഫിറോസിനെ എഡിറ്റർ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള മുകളിൽനിന്നുള്ള നിർദേശംപോലും കൃഷ്ണമേനോൻ തള്ളിക്കളഞ്ഞു. അതിനൊക്കെ വളരെമുൻപുതന്നെ ഇന്ദിരയുമായി അകന്നിരുന്ന ഫിറോസ് എംപിമാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സിലും ഇന്ദിരയും രണ്ടു മക്കളും നെഹ്റുവിനോടൊപ്പം തീന്‍മൂര്‍ത്തിഭവനിലുമാണ് താമസിച്ചിരുന്നത്.
1960 സെപ്റ്റബർ 8 നു ഫിറോസ് അന്തരിച്ചു. ഫിറോസ് അത്യാസന്നനിലയിലാണ് എന്നറിഞ്ഞ ഇന്ദിര മക്കളോടൊപ്പം ഭൂട്ടാൻ സന്ദർശനത്തിന് പോയ കഥ, ഫിറോസിന്റെ ആത്മകഥഎഴുതിയ സ്വീഡിഷ് പത്രപ്രവര്‍ത്തകന്‍ ബെര്‍റ്റില്‍ ഫാല്‍ക്കിന് വിവരിക്കുന്നുണ്ട്. പിന്നീട്, ചൈന യുദ്ധത്തിലെ പരാജയത്തിന്റെ കാരണം മേനോന്റെമേൽ കെട്ടിവെച്ചു നെഹ്രുതന്നെ മേനോന്റെ പ്രതിച്ഛായതകർക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിൽ ശക്തനായിരുന്നു കൃഷ്ണമേനോൻ. ഇന്ദിര പ്രധാനമന്ത്രിയായപ്പോള്‍ എല്ലാ രംഗത്തുനിന്നും മേനോനെ അകറ്റിനിര്‍ത്തി, കോൺഗ്രസില്‍നിന്നു തന്നെ പുറത്താക്കി. സ്വതന്ത്രനായി പാർലിമെന്റിലേക്കു മത്സരിച്ച മേനോനെതിരെ ബോംബെയിലെ ഒരു പാൽകച്ചവടക്കാരനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്തി വിജയിപ്പിച്ചു ,മേനോനെ വീണ്ടും അവഹേളിച്ചു.
ഫിറോസ് ഘണ്ടിയുടെ ശവകുടീരം എന്ന് പറയപ്പെടുന്ന സ്ഥലം എല്ലാവരാലും അവഗണിച്ചു കാടുകയറി നശിച്ചു. പക്ഷെ അദ്ദേഹത്തിന്റെ പേരിലെ വാൽ – ‘ഗണ്ടി’യെ ‘ഗാന്ധി’യാക്കി മാറ്റിയത് ഇന്ദിര മുതലിങ്ങോട്ടുള്ളവർക്ക് ആകെയുള്ള കൈമുതലായി മാറി!