തെഹൽക്ക മുതൽ ഏഷ്യാനെറ്റ് ന്യൂസ് വരെ 

2

സിപിഐക്കും സിപിഎമ്മിന്  രണ്ട്‌  നയം പറ്റുമോ ?

റവന്യൂ മന്ത്രിയെ മാറ്റിനിർത്തനം, അന്വേഷിക്കണം !

‘സ്റ്റിംഗ് ഓപ്പറേഷൻ’  പത്രപ്രവർത്തനം കേരളത്തിലും ശക്തമാവുന്നു എന്നതിന് ഉദാഹരണമാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട അഴിമതിക്കഥ. മലയാളികൾ ഒട്ടെല്ലാം  ആ വാർത്ത  കണ്ടിരിക്കുമെന്നറിയാം.  ഇത് ഉയർത്തുന്നത് അഴിമതിയുടെയോ സർക്കാർ ഭൂമി രാഷ്ട്രീയനേതൃത്വം അറിഞ്ഞുകൊണ്ട് വിറ്റ് തുലക്കുന്നതിന്റെയോ മാത്രമല്ല ധാർമ്മികതയുടെ കൂടി പ്രശ്നമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ റവന്യു മന്ത്രിക്ക് ആ സ്ഥാനത്ത് തൽക്കാലം  തുടരാൻ അവകാശമുണ്ടോ എന്നത് പരിശോധിക്കപ്പെടണം. അത് തീരുമാനിക്കേണ്ടത് , മുന്നണി സംവിധാനത്തിൽ സിപിഐ ആയേക്കാം. എന്നാൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും വലിയ ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട് . ഇവിടെ നാമൊക്കെ ഓർക്കേണ്ട ഒരു കീഴ്‌വഴക്കമുണ്ട് ……. 2001 ലെ തെഹൽക്ക സ്റ്റിംഗ് ഓപ്പറേഷനും അന്ന് വാജ്‌പേയി സർക്കാർ സ്വീകരിച്ച നിലപാടും. മാത്രമല്ല അന്ന് സിപിഎമ്മും സിപിഐയും എടുത്ത നിലപാടുകളും മറക്കാനാവില്ലല്ലോ.

വയനാട്ടിലെ മിച്ചഭൂമി പതിച്ചുനൽകാൻ വാഗ്ദാനവുമായി ബ്രോക്കർമാർ എത്തുന്നു. അതിൽ സിപിഐ നേതാവിന്റെ ഇടപെടൽ. ഡെപ്യൂട്ടി കളക്ടർ ബന്ധപ്പെടുത്തപ്പെടുന്നു; പിന്നീട് കാര്യങ്ങൾ സിപിഐ ജില്ലാ സെക്രട്ടറിയിലേക്ക്‌ , തിരുവനന്തപുരത്ത് എംഎൻ സ്മാരകം എന്ന സിപിഐ ആസ്ഥാനത്തേക്ക്,പിന്നെ സെക്രട്ടറിയേറ്റിൽ റവന്യൂ മന്ത്രിയുടെ ഓഫീസിലേക്കും. അതൊരു മുറിയാത്ത ചങ്ങലയാണ്. അതിലൊക്കെ കാര്യങ്ങൾ വേണ്ടത്ര വിശദമായി  വീഡിയോ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. റവന്യു മന്ത്രിക്ക് കൊടുക്കുന്ന ഹർജി തീർപ്പാക്കാനോ നടപടിക്കൊആയി വയനാട് കളക്ടറേറ്റിൽ എത്തുന്നു,വേഗതയിൽ. അവിടെ കാര്യങ്ങൾ ചെയ്തുതീർക്കാൻ കുറച്ചുസമയം വേണ്ടത് ഡെപ്യൂട്ടി കളക്ടർ ഓർമ്മിപ്പിക്കുന്നു……….. ഇത് തട്ടിപ്പിന്റെ കഥതന്നെയാണ് ; അല്ല,  വലിയ അഴിമതി തന്നെയാണ്, തട്ടിപ്പ് തന്നെയാണ്.

2001- ലെ തെഹൽക്ക സംഭവം ഓർമ്മയിൽ വരുന്നു. തെഹൽക്ക ടീം ഇതുപോലെയാണ് കാര്യങ്ങൾ നീക്കിയത്.  ഇവിടെ വയനാട്ടിൽ മിച്ച ഭൂമിക്ക്  വേണ്ടിയുള്ള പുറപ്പാട്  ഒരു സങ്കൽപ്പ കഥയാണ് എന്നത് പോലെ തെഹൽക്കയും സങ്കൽപ്പ കഥയായിരുന്നു. വയനാട്ടിൽ   ഏഷ്യാനെറ്റ് ന്യൂസിൽ  രംഗത്തുവന്നത് ഒരു  റിസോർട്ട്കാരനായിരുന്നു എങ്കിൽ തെഹൽക്കയിൽ രംഗപ്രവേശം ചെയ്തിരുന്നത്  സാങ്കൽപ്പിക പ്രതിരോധ ഇടപാടുകാരായിരുന്നു.  അന്ന് തെഹൽക്ക ചെന്നത് അനവധി പ്രതിരോധ ഉദ്യോഗസ്ഥരിലാണ് ……..അവസാനം ബിജെപി ഓഫിസിൽ അന്നത്തെ ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്മണന്റെ അടുത്തും. ബംഗാരു ലക്ഷ്മൺ ഒരുലക്ഷം രൂപ വാങ്ങുന്നത് തെഹൽക്ക പുറത്തുവിടുകയും ചെയ്തു. മറ്റൊരു രാഷ്ട്രീയക്കാരി സമതാപാർട്ടി നേതാവ് ജയാ ജെയ്‌റ്റിലി ആയിരുന്നു. പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ അടുത്തയാളായിരുന്നു ജയാ ജെയ്‌റ്റിലി. സംഭവം വിവാദമായി…..ബഹളമായി. അടുത്തനിമിഷം തന്നെ ബിജെപി നേതൃത്വം ബംഗാരുലക്ഷമണനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി; വൈസ് പ്രസിഡണ്ട് ആയിരുന്ന ജന കൃഷ്ണമൂർത്തിക്ക് ചുമതലയും നൽകി. ഫെർണാണ്ടസ് ആയിരുന്നു അന്ന് പ്രതിരോധ മന്ത്രി. അദ്ദേഹം ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല, അറിഞ്ഞിട്ടില്ല എന്നതറിയാമായിരുന്നു,  എല്ലാവര്ക്കും. പക്ഷെ അന്വേഷണം തീരുന്നത് വരെ ഫെര്ണാണ്ടസിനെ മന്ത്രിസ്ഥാനത്തു നിന്ന്  വാജ്‌പേയി മാറ്റിനിർത്തി.

തെഹൽക്കയുടേത് ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു സാങ്കൽപ്പിക കഥയായിരുന്നു. വെസ്റ്റ് ഏൻഡ് ഇന്റർനാഷണൽ എന്നതായിരുന്നു അവർ ഉയർത്തിക്കാട്ടിയ പ്രതിരോധ സാമഗ്രി നിർമ്മാണ കമ്പനി; അങ്ങനെയൊന്ന് നാട്ടിലെങ്ങും ഇല്ലായിരുന്നു.  എന്നിട്ടും, അതൊരു സാങ്കൽപ്പിക കഥയാണ് എന്നറിയാമായിരുന്നിട്ടും പ്രതിപക്ഷം കോലാഹലമുണ്ടാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. അതൊക്കെ വാജ്‌പേയി സർക്കാർ അംഗീകരിച്ചു. ഇവിടെ അതൊക്കെ സിപിഐക്കും സിപിഎമ്മിനും ബാധകമല്ലേ……. അന്ന് വാജ്‌പേയിയോട് അവർ ആവശ്യപ്പെട്ടത് ഇന്നിപ്പോൾ അവർക്ക് സ്വയം ബാധകമാവേണ്ടതല്ലേ…….?

ഇവിടെ സിപിഐ ചെയ്യേണ്ടത്, സിപിഐ വയനാട് ജില്ലാ സെക്രട്ടറിയെ പുറത്താക്കുക എന്നതാണ്,  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാത്രമല്ല, പാർട്ടിയിൽ നിന്നുതന്നെ.  ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സംസ്ഥാന റവന്യു മന്ത്രി  ഇ ചന്ദ്രശേഖരൻ തലസ്ഥാനം ഒഴിയണം…… അന്വേഷണം പൂർത്തിയായി, കുറ്റവിമുക്തനാക്കപ്പെടുന്നത് വരെ. കെഎം മാണിക്കെതിരെ ഉറഞ്ഞുതുള്ളുന്ന സിപിഐ നേതാക്കൾക്ക് നാവനക്കാതിരിക്കാൻ കഴിയില്ലതന്നെ.

വേണ്ടുന്ന നടപടിക്ക്  സ്വയം സിപിഐ തയ്യാറായില്ലെങ്കിൽ ആവശ്യമായത് ചെയ്യേണ്ടത്  സിപിഎമ്മാണ്,  മുഖ്യമന്ത്രിയാണ്. പിണറായി വിജയന്  ഇനിയും ഈ ‘തട്ടിപ്പ് ‘ കണ്ടില്ലെന്ന് നടിക്കാനാവുമോ?. ഇപി ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രിയാണിത് എന്നതോർക്കേണ്ടതല്ലേ?.  എന്സിപിയിലെ രണ്ടു് മന്ത്രിമാർക്ക് പുറത്തേക്ക് വഴികാണിച്ചുകൊടുത്ത മുഖ്യമന്ത്രിയാണിത് എന്നതോർക്കേണ്ടതല്ലേ?. അതിലെല്ലാമുപരി, സ്റ്റിങ് ഓപ്പറേഷന്  പുണ്യമാണ് എന്നും അതിലൂടെ വരുന്നത് പരമാര്ഥമാണ് എന്ന് വിളിച്ചുകൂവി നടന്ന പാർട്ടിയാണിത് എന്നതാണ്.

ഇവിടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും മറ്റും  ശ്രദ്ധിക്കേണ്ടുന്ന കുറെ കാര്യങ്ങളുണ്ട്. മാധ്യമ പ്രവർത്തകർ കടന്നുവരുമ്പോൾ ഇനിയെത്ര മാത്രം ശ്രദ്ധിക്കണം എന്ന് രാഷ്ട്രീയക്കാർ ആലോചിച്ചാലോ?. മുൻപ് തെഹൽക്ക കേസുണ്ടായപ്പോൾ കേന്ദ്ര മന്ത്രിമാർക്ക് ബിജെപി നൽകിയ  നിർദ്ദേശങ്ങൾ വ്യക്തമായിരുന്നു,  “മാധ്യമപ്രവർത്തകരുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കണം” എന്ന് . അത് മന്ത്രി ബംഗ്ലാവുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും  അടുത്തദിവസം മുതൽ പ്രകടവുമായിരുന്നു….. അക്കാലത്ത് ഡൽഹിയിലും മറ്റും ജോലിചെയ്തിരുന്ന മാധ്യമ പ്രവർത്തകർക്ക് അത് ഓർമ്മിക്കാൻ കഴിയുന്നുണ്ടാവും. അതൊക്കെ കേരളത്തിലും  അതുപോലെയായാലോ?. എന്നാൽ ചിലതൊക്കെ തുറന്ന് കാട്ടാതിരിക്കാൻ കഴിയുമോ;  ചിലതൊക്കെ പുറത്തുവരാതെ കാര്യങ്ങൾ നേരെയാവുകയില്ലല്ലോ.

~കെവിഎസ് ഹരിദാസ്

2 COMMENTS

  1. വളരെ നല്ല ലേഖനം. ഇനിയും പ്രതീക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here