ഹരീഷ് വാസുദേവന്റെ വൺ സൈഡഡ് സഹിഷ്ണുതയും സൈഡ് എഫക്ട് ഉള്ള അഭിപ്രായ സ്വാതന്ത്ര്യവും!

2

അനിഷ്ടകരമായ ചോദ്യങ്ങൾ ചോദിച്ചതിന് മാതൃഭൂമി ലേഖകനെ ഉണ്ണിമുകുന്ദൻ തടയുകയും ക്യാമറയിൽ ചിത്രീകരിച്ച വീഡിയോ മായ്ച്ചു കളയുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം നാമെല്ലാം വായിച്ചതാണ്. പ്രസ്തുത വിഷയയത്തിൽ ഉണ്ണി മുകുന്ദന്റെ മേൽ ‘ഗുണ്ടായിസം’ ആരോപിച്ച് മാതൃഭൂമി ചാനൽ പ്രത്യേക അന്തിചർച്ചയും സംഘടിപ്പിച്ചിരുന്നു. ഷീല കണ്ണന്താനത്തിന് സംഭവിച്ചത് ഓർത്തു നോക്കിയാൽ ആരും കരുതലോടു കൂടിയേ ഇക്കാലത്ത് മാധ്യമ പ്രവർത്തകരോട് ഇടപെടൂ. റെക്കോഡ് ചെയ്യില്ല എന്ന് വിശ്വസിപ്പിച്ച് എടുത്ത വീഡിയോ അവരുടെ സമ്മതമില്ലാതെ പുറത്തുവിട്ട്, മാസങ്ങളോളം ഷീല കണ്ണന്താനത്തെ ഒരു പരിഹാസ കഥാപാത്രമായി സമൂഹമധ്യത്തിൽ കൊണ്ടാടിയത് നാം കണ്ടതാണ്. അപ്പോൾ ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് ക്യാമറ ഓഫാക്കാൻ ആവശ്യപ്പെട്ട് തന്റെ റെക്കോഡ് ചെയ്ത ഭാഗങ്ങൾ ഡിലീറ്റ് ചെയ്‌തെന്ന് ഉറപ്പു വരുത്തിയത് തെറ്റെന്ന് പറയാനും നമുക്കാവില്ല.

പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് ഉണ്ണി മുകുന്ദനെ സപ്പോർട്ട് ചെയ്ത് കൊണ്ട് വന്ന ‘ആധികാരിക’ പരിസ്ഥിതി വക്കീൽ ഹരീഷ് വാസുദേവൻ ഇട്ട പോസ്റ്റിലെ ഒരു ഭാഗമാണ്. ഉണ്ണി മുകുന്ദനെ വ്യക്തിപരമായി തനിക്കറിയെല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന ഹരീഷ് വാസുദേവൻ, “മേജർ രവിക്കിട്ട് ഒന്ന് കൊടുത്തു എന്ന് കേൾക്കുന്നത് വരെ ഉണ്ണി മുകുന്ദനോട് എനിക്ക് മതിപ്പില്ലായിരുന്നു” എന്ന് പറഞ്ഞാണ് തന്റെ പോസ്റ്റ് തുടങ്ങുന്നത്.

സിനിമാ നടന്മാരെ വിലയിരുത്തുന്നത് അവരുടെ രാഷ്ട്രീയ നിലപാട് നോക്കിയാണെന്ന് പറയാതെ പറയുകയാണ് ഹരീഷ് വാസുദേവൻ ഇതുവഴി ചെയ്തിരിക്കുന്നത്. കൈരളി ടിവിയുടെ ചെയർമാനായി പോയത് കൊണ്ട് മമ്മൂട്ടിയെ ആരെങ്കിലും തല്ലിയാൽ “അത് നന്നായി പോയി” എന്ന് വിരുദ്ധ രാഷ്ട്രീയ ചേരിയിലുള്ളവർ ഇതുപോലെ പോസ്റ്റിടുന്നത് എത്ര അപഹാസ്യമായിരിക്കും? വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള സാധാരണക്കാർ പോലും ചെയ്യാൻ മടിക്കുന്ന ഒരു കാര്യമാണത്. അപ്പോൾ ഇങ്ങനെയൊരഭിപ്രായം പ്രകടിപ്പിച്ച ഹരീഷ് വാസുദേവൻ എത്ര ഇടുങ്ങിയ രാഷ്ട്രീയ മനസ്സിന്റെ ഉടമയായിരിക്കും?

അമീർ ഖാനും ഷാരൂഖ് ഖാനും എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൊണ്ട് അവരെ ഏതെങ്കിലും ഹനുമാൻ സേനക്കാരൻ രണ്ട് പൊട്ടിച്ചാൽ, “നന്നായി പോയി..” എന്ന് ഏതെങ്കിലും പ്രമുഖ ബിജെപി അനുഭാവി അഭിപ്രായപ്പെട്ടാൽ എന്താവും കേരളത്തിൽ നടക്കാനിടയുള്ള കലപില? അങ്ങിനെയൊന്ന് സംഭവിച്ചാൽ, ആ  കലപില കൂട്ടത്തെ മുന്നിൽ നിന്ന് നയിക്കാനും അന്തിചർച്ചയിൽ ‘സഹിഷ്ണുതയെപ്പറ്റി’ നമ്മൾ അപ്പാവികൾക്ക് ക്ലാസ് എടുക്കാനും ഇതേ ഹരീഷ് വാസുദേവൻ തന്നെ ഉണ്ടാവില്ലേ?

ഹരീഷ് വാസുദേവന്റെ അഭിപ്രായം വിമർശിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല, ആ വരികൾക്ക് കിട്ടുന്ന സ്വീകാര്യതയും അതിശയിപ്പിക്കുന്നതാണ്. പോസ്റ്റിന് കീഴിൽ വന്ന് തംസ് അപ് കൊടുത്ത് താനും ഇതേ ഉത്തുംഗ ചിന്താധാര പങ്കു വെയ്ക്കുന്നു എന്ന് കേരള വർമ്മയിലെ വിപ്ലവ ജ്ഞാനപീഠവും വ്യക്തമാക്കുകയുണ്ടായി! സഹിഷ്ണുതയുടെ മൊത്തക്കച്ചവടക്കാർ എതിർ അഭിപ്രായത്തെ/രാഷ്ട്രീയത്തെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനുള്ള മകുടോദാഹരണമാണ് ഇവരുടെ പോസ്റ്റുകളിലൂടെ ഇവർ അറിയാതെ തികട്ടി വരുന്ന ഈ വരികൾ!

കയ്യൂക്കും ചങ്കുറപ്പും ഇല്ലാത്തത് കൊണ്ട് മേജർ രവിയെ ഒന്ന് പൊട്ടിക്കാൻ കഴിയാത്തതിലുള്ള വിഷമം ‘ഉണ്ണി മുകുന്ദൻ രണ്ട് കൊടുത്തു’ എന്ന ഗോസിപ്പ് കേട്ട് തീർക്കുന്ന ഹരീഷ് വാസുദേവന്മാരാണ് കേരളത്തിലെ സ്വയം പ്രഖ്യാപിത ‘സഹിഷ്ണുതാ വക്താക്കൾ’ എന്നതാണ് കേരളം ഇന്ന് നേരിടുന്ന ബൗദ്ധിക അപചയത്തിന്റെ നേർക്കാഴ്ച!

മേജർ രവിക്കിട്ട് ഒന്ന് പൊട്ടിച്ചു എന്ന കരക്കമ്പി കേട്ടത് കൊണ്ട് മാത്രം ഉണ്ണി മുകന്ദനോട് മതിപ്പ് തോന്നിയ ഹരീഷ് വാസുദേവാ, നാളെ ഏതെങ്കിലും കർണി സേനക്കാരനോ മറ്റോ ഇതുപോലെ എതിരഭിപ്രായമുള്ള ഏതെങ്കിലും ബൻസാലിമാരെയോ വക്കീലന്മാരെയെയോ തല്ലിയാൽ, ഫേസ്‌ബുക്കിലൂടെയും ചാനലിലൂടെയും ആധികാരികമായി ആഞ്ഞടിക്കാൻ വരരുതേ എന്ന് വിനീതമായി അപേക്ഷിച്ചു കൊണ്ട് നിർത്തുന്നു. നന്ദി, നമസ്കാരം.

2 COMMENTS

  1. പരിസ്ഥിതി വക്കീൽ ക്വാറി ഉടമകളുമായി ഉണ്ടാക്കുന്ന ഒത്തു തീർപ്പുകളും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. മാമൻ നീലാണ്ടൻ കളമൊരുക്കി വിത്ത് കുത്തും ചെറ്യേ തിരുമേനി വിളവെടുക്കും..

LEAVE A REPLY

Please enter your comment!
Please enter your name here