നിര്‍മാല്യം എന്ന ചിത്രത്തില്‍ വെളിച്ചപാടായ PJ ആന്‍റണി വിഗ്രഹത്തില്‍ തുപ്പുന്ന രംഗം ഉണ്ട്. 3 ഇഡിയറ്റ്സ് എന്ന ഹിന്ദി ചിത്രത്തില്‍ തന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായ കല്ല് വച്ച മോതിരങ്ങള്‍ ആസ്പത്രിയിലെ ബെഡ്പാനില്‍ ഉപേക്ഷിച്ച് ‘അന്ധവിശ്വാസങ്ങളില്‍നിന്നു സ്വതന്ത്രനാവുന്ന’ രാജുവിനെ കാണാം. മലയാളം സിനിമകളില്‍ ജ്യോതിഷത്തെയും വെളിച്ചപ്പാടിനെയും, സ്വാമിമാരയും അധിക്ഷേപിക്കുന്ന രംഗങ്ങള്‍ ധാരാളം. ഇങ്ങനെ ഹിന്ദു ദൈവങ്ങളുടെയും ആചാരങ്ങളുടെയും മോശമായ ചിത്രീകരണം ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രവണതയല്ല, പതിറ്റാണ്ടുകളായി പ്രചരിക്കുന്നവയാണ്. ഇവ ഹിന്ദു വിശ്വാസങ്ങളെയും, വിശ്വാസികളെയും, അവയോട് ഹിന്ദുവിനും മറ്റു മതത്തിലുള്ളവര്‍ക്കും ഉള്ള കാഴ്ചപ്പാടിനെയും വിപരീതമായി സ്വാധീനിക്കുന്നു. ഇത്തരം ചെറുതും വലുതുമായ, ചിലപ്പോളൊക്കെ നിര്‍ദോഷമെന്നും തോന്നാവുന്ന, രംഗങ്ങളും ചിത്രീകരണങ്ങളും സിനിമയില്‍നിന്ന് തുടച്ചുമാറ്റേണ്ട സമയമായി. ഇവ കണ്ടില്ലെന്ന് നടിക്കുന്നതും കലാകാരന്‍റെ അഭിപ്രായസ്വാതന്ത്ര്യം ആണെന്ന് വാദിക്കുന്നതും സമ്പൂര്‍ണസാക്ഷരമായ ഒരു സമൂഹത്തിന്‍റെ കപടതമാത്രയാണ്.
പര്‍ദയെപ്പറ്റി പോസ്റ്റിട്ട കവിയെക്കൊണ്ട് മാപ്പുപറയിച്ച നമ്മുടെ സംസ്ഥാനത്ത് പക്ഷെ ഹിന്ദു ആചാരങ്ങളെയും ദേവതകളെയും അവഹേളിക്കുന്ന നിത്യേനയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി കൂടി വരുന്നു, സമൂഹമാധ്യമങ്ങളില്‍ 2014ല്‍ മോദി അധികാരത്തില്‍ വന്നതില്‍ പിന്നെ പ്രത്യേകിച്ച്. അവ Freedom of expression ആയും പുരോഗമന ചിന്തയുടെ ലക്ഷണമായും വാഴ്തപ്പെടുന്നു.
ഹിന്ദുമതം ഒരുവലിയ മാറ്റത്തിലൂടെ കടന്നുപോവുന്ന സമയത്താണ് കേരളത്തില്‍ കമ്മ്യൂണിസം ജനിക്കുന്നത്. ഹിന്ദുക്കള്‍ക്കിടയിലെ പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളെ പക്ഷെ ഹൈന്ദവീകതക്കെതിരെ തന്നെ തിരിച്ചുവിട്ട് രാഷ്ട്രീയനേട്ടം ഉണ്ടാക്കി ആ പ്രസ്ഥാനം. പുരോഗമനവാദം എന്നാല്‍ ‘ഹൈന്ദവികമായ എന്തിനെയും എതിര്‍ക്കല്‍’ എന്ന ധാരണയും പിറന്നത് അങ്ങനെയാണ്. കമ്മ്യൂണിസം നമ്മുടെ നാടകത്തിലും പുസ്തകത്തിലും സിനിമയിലും നുഴഞ്ഞുകയറിയപ്പോള്‍, ഇടതുചിന്തയുടെ ഇരട്ടത്താപ്പ് പ്രസംഗകവലകളില്‍നിന്ന് നമ്മുടെ അമ്പലങ്ങളിലെ ഉത്സവ വേദികളിലും സ്കൂളുകളിലും ലിവിംഗ് റൂമിലും എത്തി. ഈ പ്രവണത അനുസ്യൂതം ആവര്‍ത്തിച്ച് ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന SFIയുടെ ക്യാമ്പസ് ചിത്രങ്ങളില്‍ എത്തി നില്‍ക്കുന്നു. ഏത് മതസ്തനും, പാര്‍ട്ടിക്കാരനും, ഫെമിനിസ്റ്റിനും ഏത് സോഷ്യല്‍ മീഡിയയിലും കേറി തുപ്പാവുന്ന ഒരു വിഗ്രഹമാണ് ഇന്ന് ഹൈന്ദവികത. പ്രതികരിക്കുന്നവരെ സവര്‍ണനെന്നും, സംഘിയെന്നും മുദ്രകുത്തി മാറ്റിനിര്‍ത്തുന്നു. ഹൈന്ദവധര്‍മം അനുഷ്ടിക്കുന്ന ഒരു സെലിബ്രിറ്റിയുടെ ഫെയ്സ്ബുക് പോസ്റ്റിന്‍റെ കീഴെ വരുന്ന കമന്‍റില്‍ കാണാം ഈ വിദ്വേഷം – നടന്‍ ജയറാം വാവുബലിക്ക് അനുബന്ധമായി ഇട്ട പോസ്റ്റ് പോലെ.
പരസ്യമായ ഇത്തരം അവഹേളനങ്ങള്‍ സാധ്യമാക്കിയത് തക്കതായ പ്രതികരണത്തിന്‍റെ അഭാവമാണ്. ‘നിർമ്മാല്യം’ ഇറങ്ങിയ എഴുപതുകളുടെ ആദ്യത്തില്‍ വിഗ്രഹാരാധനയെ അധിക്ഷേപിക്കുക എന്നതൊരു fad ആയിരുന്നിരിക്കണം. ഇന്നത്തെ സിനിമയില്‍ അത്തരമൊരു രംഗം കാണുക അസാധ്യമാണ് എങ്കിലും, ഹൈന്ദവമായ വിശ്വാസങ്ങളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ക്ക് കുറവൊന്നുമില്ല. PJ ആന്‍റണിക്ക് ശേഷം വെളിച്ചപ്പാട് വേഷം മാറി കോമാളിയായി. പകല്‍ ദേവിയാവുന്നവനെ രാത്രി നാട്ടില്‍ അറിയപ്പെടുന്ന അഭിസാരികയുടെ കൂടെ കിടത്തി. ഉത്സവത്തിനിടയില്‍ ഉടുമുണ്ടൂരി കൌപീനധാരിയാക്കിനിര്‍ത്തി. പുറകെ പട്ടിയെവിട്ടോടിച്ചു, പുഴയില്‍ ചാടിച്ചു. സാക്ഷരകേരളം ഇതൊക്കെകണ്ട് ആര്‍ത്ത് ചിരിച്ചു. വിപ്ലവം കൊട്ടകയില്‍ മുടിയഴിച്ചാടി.
സ്വയംപ്രഖ്യാപിത ലിബറലുകള്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊന്നാണ് ജ്യോതിഷം. ഇരുപത്തേഴു നാളുകളോ പന്ത്രണ്ടു രാശികളോ ഏതെന്ന്പോലും അറിയാത്തവരാണ് ഈ പൌരാണിക ശാസ്ത്രത്തെ തരംതാഴ്ത്തി കാണിക്കുന്നത്. വേദിക് എസ്ട്രോലജി എന്നറിയപ്പെടുന്ന നമ്മുടെ ജ്യോതിഷം ഇന്ന് പാശ്ചാത്യനാടുകളിലെ സര്‍വകലാശാലകളില്‍ പഠനവിഷയമാണ്. നമ്മുടെ സിനിമകളില്‍ പക്ഷെ കവിടി നിരത്തുന്ന പണിയ്ക്കര്‍ കള്ളനാണ്, കുതന്ത്രിയാണ്. ചുരുക്കം ചില സിനിമകളില്‍ മാത്രമേ ജ്യോതിഷത്തെയും ജോല്‍സ്യന്മാരെയും നല്ലരീതിയില്‍ ചിത്രീകരിചിട്ടുള്ളൂ. ‘എത്രപേര്‍ ഇതിനാല്‍ വഞ്ചിക്കപ്പെടുന്നു’ എന്നാണ് ഇവര്‍ തിയേറ്ററിനു വെളിയില്‍ ചോദിക്കുന്ന ഒരു ചോദ്യം. മറ്റു മേഖലകളില്‍ ഇല്ലാത്തതാണോ ഈ പുഴുക്കുത്ത് എന്ന മറുചോദ്യം ചോദിച്ചാല്‍ ഇവരെ മഷിയിട്ടുനോക്കിയാല്‍ കാണില്ല.
കാഷായമിട്ടവരെ കളിയാക്കലാണ് അടുത്ത ഹോബി. ഭൂമിയില്‍ പിറന്ന പ്രവാചകരൊക്കെ മനുഷ്യരായിരുന്നെങ്കിലും, ‘ആള്‍’ദൈവങ്ങളെ എതിര്‍ക്കേണ്ടാവരാക്കി. ഒരേ സമയം രണ്ടിടത്ത് കാണപ്പെടുന്ന സിദ്ധരെ കുമ്പിടിയാക്കി, ചുട്ടകോഴി തീറ്റിച്ചു, ശശിയാക്കി – പാലാരിവട്ടം ശശി. കാഷായമിട്ടവര്‍ക്കെ ഈ സ്പെഷ്യല്‍ പരിഗണന ഉള്ളു. ശൂഭ്രവസ്ത്രധാരികളായ മാലാഖമാര്‍ ഈ കൂട്ടത്തില്‍ പെടില്ല, പെടുത്തില്ല.
3 ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ഉപനായകന്‍ തികഞ്ഞ ഭക്തനാണ് – കയ്യിലെ അനേകം ചിരടുകള്‍, കല്ലുവച്ച മോതിരങ്ങള്‍, ഏലസ്സുകള്‍… അങ്ങനെ ഒരു വേഷം. മണികൊട്ടും പൂജയും ഉണ്ട്, പക്ഷെ പ്രശ്നങ്ങള്‍ തീരുന്നില്ല. നായകന്‍റെ സഹായത്തോടെ ആസ്പത്രിക്കിടക്ക വിടുന്ന രാജു ആദ്യം ഉപേക്ഷിക്കുന്നത് തന്‍റെ വിശ്വാസത്തിന്റെ ചിന്നങ്ങളാണ്. മോതിരങ്ങള്‍ ഊരി ഇടുന്നത് ആസ്പത്രിയിലെ ബെഡ്പാനില്‍! ഹൈന്ദവവിശ്വാസങ്ങള്‍ അര്‍ഹിക്കുന്ന ഇടമത്രേ ബെഡ്പാന്‍. വിശ്വാസം ഉപേക്ഷിക്കാന്‍ മറ്റൊരു മതസ്തനോട് പറയുന്ന ഒരു രംഗം ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ അറിയിക്കുക.
ഇങ്ങനെ നിര്‍ബാധം തുടര്‍ന്ന അവഹേളനം സിനിമയ്ക്ക് വെളിയിലേക്ക് വ്യാപിച്ചതില്‍ അതിശയപ്പെടാനില്ല. പടം ഓടാന്‍ ‘സെക്സി’ എന്ന് ഒരു ദേവതയുടെ പെരിനുമുന്നില്‍ ചേര്‍ക്കുന്നതും, അത് ശെരിയായില്ല എന്നുപറയുന്നവനെ അസഹിഷ്ണുവാക്കുന്നതുമൊക്കെ ഈ ‘വിപ്ലവചിന്താഗതി’യാണ്. എണ്ണിപ്പറഞ്ഞാല്‍ തീരാത്തത്ര ഇത്തരം രംഗങ്ങള്‍ ഉണ്ട് നമ്മുടെ സിനിമകളില്‍. Little strokes fell great oaks എന്ന ചൊല്ലിന് പോസിറ്റീവ് അര്‍ത്ഥമാണ് ഉള്ളത്. ഈ ചൊല്ല് പക്ഷെ ഇവിടെയും പ്രസക്തമാണ്. സിനിമയിലെ ഇത്തരം ചെറിയ ചെറിയ വെട്ടുകള്‍ കൊള്ളുന്നത് ഹൈന്ദവം എന്ന മഹാവൃക്ഷത്തിലാണ്. ഇത്തരം വെട്ടുകള്‍ക്ക് ‘കട്ട്’ പറയാന്‍ സമയമായ്.