ഹിന്ദുത്വം പ്രകൃത്യാ നിലനില്‍ക്കുന്ന ആദ്ധ്യാത്മിക ജൈവവ്യവസ്ഥ; ആത്മീയ കൊയ്ത്ത് അതിന്‍റെ ലക്ഷ്യമല്ല

0

ശബരിമലയുടെ ഏകത്വ ഭാവനയിലേക്ക് അതിനു കടക വിരുദ്ധമായ ആശയങ്ങളുടെ പ്രതീകങ്ങളെ ഒളിച്ചു കടത്താന്‍ ശ്രമം നടക്കുന്നു. അതിലൂടെ ചിലരുടെ ദീര്‍ഘകാല രാഷ്ട്രീയ-മതാധിനിവേശ ലക്ഷ്യങ്ങള്‍ നേടിയെടുക്കലാണ് ലക്ഷ്യം. അതേക്കുറിച്ച് 2016 ല്‍ ഒരു അയ്യപ്പ ഭക്തന്‍ ജന്മഭൂമിയില്‍ എഴുതിയ രണ്ടു ലേഖനങ്ങളില്‍ രണ്ടാം ഭാഗമാണ് ഇവിടെ പുന: പ്രസിദ്ധീകരിയ്ക്കുന്നത്. ഈ വിഷയവും, ഇതില്‍ ഉന്നയിക്കപ്പെടുന്ന അടിസ്ഥാനപരമായ ചോദ്യങ്ങളും എക്കാലത്തും പ്രസക്തമാണ് എന്നതാണ് ഞങ്ങള്‍ ഇവ തെരെഞ്ഞെടുക്കാന്‍ കാരണം.

വെളുത്തച്ചന്‍ വിഷയത്തില്‍ ഞാനെഴുതിയ ഒരു കുറിപ്പ് 2016 ജൂലൈ 30 തിയതിയിലെ ജന്മഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെ ശ്രീ രാഹുല്‍ ഈശ്വര്‍ എന്നെ ഫോണില്‍ വിളിക്കുകയും കുറച്ചു സമയം ഞങ്ങള്‍ സൌഹൃദ സംഭാഷണം നടത്തുകയും ചെയ്തു. ചാനല്‍ ചര്‍ച്ചകളില്‍ കാണുന്ന അദ്ദേഹത്തിന്‍റെ പതിവു ശൈലിയില്‍ എന്നോട് കടം വാങ്ങിയ മുപ്പത് സെക്കണ്ടു സമയമെടുത്ത് വെളുത്തച്ചനെ കുറിച്ചുള്ള ഒരു പുതിയ വാദം എന്നോട് പങ്കു വയ്ക്കാനും ആ അവസരം അദ്ദേഹം വിനിയോഗിച്ചു. പരബ്രഹ്മസ്വരൂപനായി ഞാന്‍ കാണുന്ന അയ്യപ്പസ്വാമിയെ മഹത്വപ്പെടുത്താന്‍ ഊന്നുവടികളുടെ ആവശ്യമില്ല എന്നുറപ്പുള്ളതു കൊണ്ട് ഈ വെളുത്തച്ചന്‍ എപ്പിസോഡില്‍ അന്നെനിക്ക് പ്രത്യേക താല്‍പ്പര്യമൊന്നും തോന്നിയില്ല. എന്‍റെ ലേഖനത്തില്‍ വെളുത്തച്ചന്‍റെ ചരിത്രപരമായ യാഥാര്‍ത്ഥ്യത്തിനുപരി ഞാന്‍ ഉന്നയിച്ചിരുന്ന പല സുപ്രധാന ചോദ്യങ്ങള്‍ക്കും രാഹുല്‍ജിയോ (സമയക്കുറവു കൊണ്ടാവാം) മറ്റാരെങ്കിലുമോ ഇതുവരെ ഉത്തരം തന്നു കണ്ടില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം കൂടുതല്‍ ഗവേഷണങ്ങളിലൂടെ സത്യം വ്യക്തമാകുന്നതു വരെയെങ്കിലും ഊഹോപോഹങ്ങളും കേട്ടു കേഴ്വി കഥകളും ചരിത്ര യാഥാര്‍ത്ഥ്യമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ഒഴിവാകുമെന്ന് കരുതി. എന്നാല്‍ എന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി, ഇന്നിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശബരിമല ചര്‍ച്ചകളില്‍, ശബരിമലയുടെ മഹത്വത്തിന് ഉദാഹരണമായി ശ്രീ രാഹുല്‍ ഈശ്വറിന് പറയാതിരിക്കാന്‍ കഴിയാത്ത ഒരു പേരായി മാറിയിരിക്കുന്നു ഈ വെളുത്തച്ചന്‍. സുപ്രീം കോടതിയില്‍ താന്‍ കക്ഷിചേര്‍ന്നിട്ടുള്ള കേസിന്‍റെ കാര്യവും അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ കേസിന്‍റെ കാര്യത്തില്‍ സര്‍വ്വ ശക്തമായ ക്രൈസ്തവ സഭ ചെയ്തു തരുന്ന എന്തെങ്കിലും ഉപകാരത്തിന് പ്രത്യുപകാരമായിട്ടാണോ ഈ വെളുത്തച്ചന്‍ പ്രൊമോഷന്‍ എന്ന് നിഷ്ക്കളങ്കരായ ഹിന്ദുക്കള്‍ സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ രാഹുല്‍ജീ താങ്കള്‍ ഒരു വാരിക്കുഴിയില്‍ വീണു കഴിഞ്ഞു എന്നു തന്നെ തിരിച്ചറിഞ്ഞു കൊള്ളുക. ഒരേ സമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് വേട്ടയാടുകയും ചെയ്യുന്ന മതാധിനിവേശത്തിന്‍റെ ഇത്തരം കുടിലതകള്‍ ശരിക്കും തിരിച്ചറിയാന്‍ ശ്രീ രാജിവ് മല്‍ഹോത്ര എഴുതിയ “ബ്രേക്കിംഗ് ഇന്ത്യ” പോലുള്ള ആധികാരിക പുസ്തകങ്ങള്‍ ഒരാവര്‍ത്തിയെങ്കിലും താങ്കള്‍ വായിക്കണം.

അയ്യപ്പ സ്വാമിയുടെ കാലഘട്ടത്തിന് ഏതാണ്ട് എഴുനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന, ഇന്ത്യയില്‍ വന്നിട്ടില്ലാത്ത സെബാസ്ത്യനോസും, ഭഗവാന്‍റെ കാലഘട്ടത്തിനു ശേഷം നാനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിച്ചിരുന്ന ഫാദര്‍ ഫെനിഷ്യോയും അയ്യപ്പന്‍റെ സമകാലീനനായ വെളുത്തച്ചന്‍ ആവാന്‍ കഴിയില്ല എന്ന് ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തമാണെന്നിരിക്കെ വെളുത്തച്ചന്‍ കഥക്ക് നിലനില്‍ക്കാന്‍ മറ്റെന്തെങ്കിലും വഴി തന്നെ തേടണം. ശ്രീ രാഹുല്‍ എന്നോട് പറഞ്ഞത്, അയ്യപ്പസ്വാമിയുടെ സമകാലീനനായ വെളുത്തച്ചനെക്കുറിച്ചുള്ള സ്മരണകള്‍ സെബാസ്ത്യനോസ് പുണ്യാളന്‍റെ കഥയുമായി കൂടിക്കുഴയുകയാണ് ഉണ്ടായത് എന്നാണ്. അതായത് വെളുത്തച്ചന്‍ എന്നറിയപ്പെട്ടിരുന്നത് സെബാസ്ത്യനോസ് ആണെന്ന് ആളുകള്‍ എങ്ങനെയോ തെറ്റിദ്ധരിക്കുകയും ആ തെറ്റായ വിശ്വാസം പിന്നീടങ്ങോട്ട്‌ കൈമാറ്റപ്പെട്ടു വരികയും ചെയ്തു. ശ്രീ രാഹുല്‍ ഏതാണ്ട് വ്യക്തിപരമായ ഒരു ദൌത്യം പോലെ ഏറ്റെടുത്തിരിക്കുന്ന ഈ വിഷയത്തില്‍ ഓരോ ട്വിസ്റ്റ്‌ വരുമ്പോഴും ഉത്തരങ്ങളെക്കാളേറെ പുതിയ ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. വെളുത്തച്ചന്‍ എന്ന കഥാപാത്രത്തെ പറ്റി തന്‍റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ട് എന്നവകാശപ്പെടുന്ന രാഹുല്‍ തന്‍റെ ലേഖനങ്ങളിലോ ചര്‍ച്ചകളിലോ ഒന്നും അത് അവതരിപ്പിച്ചു കണ്ടിട്ടില്ല. ശ്രീ പി ആര്‍ രാമവര്‍മ്മ രാജ എഴുതിയ “ശബരിമല ശ്രീ അയ്യപ്പന്‍ ചരിത്രം” തുടങ്ങിയ പുസ്തകങ്ങളിലെ പരാമര്‍ശങ്ങളാണ് അദ്ദേഹം ഉദ്ധരിച്ചു കണ്ടിട്ടുള്ളത്. എന്നാല്‍ തൃപ്തികരമായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത അനേകം ചോദ്യങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് സ്വന്തം യുക്തിയും ഊഹങ്ങളും ഉത്തരങ്ങളായി അവതരിപ്പിക്കുന്നു എന്നതാണ് ആ പുസ്തകം വായിച്ചിടുള്ള എന്നെപ്പോലുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നത്. അങ്ങനെ ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്ന് ആ പുസ്തകത്തിന്‍റെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് അതൊന്നും ചരിത്ര വസ്തുതകള്‍ ആയി അവതരിപ്പിക്കാന്‍ കഴിയില്ല. പ്രസ്തുത ഗ്രന്ഥത്തില്‍ വെളുത്തച്ചനെ പറ്റി പറയുന്ന ഭാഗം ഇതാണ്. “വാവരെപ്പോലെതന്നെ അയ്യപ്പന്‍റെ ശിഷ്യത്വം സ്വീകരിച്ച ഒരന്യമതസ്ഥനാണ് ഒരു ക്രിസ്ത്യാനിയായ ‘സെബാസ്ത്യനോസ് പുണ്യവാളന്‍ ‘. ഈ ക്രിസ്ത്യാനിയെ ‘വെളുത്തച്ചന്‍ ‘ എന്നാണ് അയ്യപ്പകഥകളില്‍ അറിയപ്പെടുന്നത്. ‘വെളുത്തച്ചന്‍ ‘ ക്രിസ്ത്യാനിയായ ഒരു യൂറോപ്യനാവാനും വയ്യായ്കയില്ല”…..
“അവിടെ അര്‍ത്തുങ്കല്‍ പള്ളിയിലെ സെബാസ്ത്യനോസ് പുണ്യവാളനാണ് ‘വെളുത്തച്ചന്‍ ‘ എന്നാണ് വിശ്വാസം. ഡച്ചുകാര്‍ സ്ഥാപിച്ചതാണ് ഈ പള്ളി “. ചരിത്രപരമായി നിലനില്‍ക്കാത്തത് എന്ന് നാം കണ്ട ഈ പ്രാദേശിക വിശ്വാസം ഇവിടെ ആവര്‍ത്തിക്കുക മാത്രമാണ് ശ്രീ രാമവര്‍മ്മ രാജയും ചെയ്യുന്നത് എന്നു കാണാം.

സെബാസ്ത്യനോസ് അല്ലാത്ത മറ്റൊരു യൂറോപ്യനാണ് വെളുത്തച്ചന്‍ എങ്കില്‍ അതിനുള്ള തെളിവുകള്‍ എവിടെ ? അര്‍ത്തുങ്കല്‍ പള്ളിയിലെ വികാരി നല്‍കിയ വീഡിയോ അഭിമുഖത്തില്‍ പറയുന്ന സൌഹൃദ കഥകള്‍ ഒക്കെ അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടിയത് ? രാഹുല്‍ അവതരിപ്പിക്കുന്ന പഴയ ഒരു ടിവി പരിപാടിയില്‍, അദ്ദേഹം പള്ളിമുറ്റത്തു നിന്നുകൊണ്ട് വെളുത്തച്ചന്‍ കഥകള്‍ പറയുന്നതും, ഒടുവില്‍ അവിടെയുള്ള ഒരു വലിയ ചിത്രത്തിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് പുറത്തേക്ക് വരുന്നതും കാണുന്നു. അത് സെബാസ്ത്യനോസ്, ഫെനീഷ്യോ, വെളുത്തച്ചന്‍ ഇതില്‍ ആരുടെ ചിത്രമാണ് എന്ന് വ്യക്തമല്ല. ചരിത്രസത്യവും ഇപ്പോള്‍ രാഹുല്‍ പറയുന്ന വാദവും (‘സെബാസ്ത്യനോസും ഫാദര്‍ ഫിനിഷ്യോയും അല്ലാതെ മൂന്നാമതൊരാളാണ് വെളുത്തച്ചന്‍ എന്ന തിയറി) പള്ളിക്കാര്‍ അംഗീകരിക്കുന്നുണ്ടോ ? എങ്കില്‍ ആ ചിത്രം വെളുത്തച്ചന്റേതല്ല എന്നകാര്യം ഭക്തരെ അറിയിക്കാന്‍ തയ്യാറാകുമോ ? സെബാസ്ത്യനോസിന്‍റെ പേരിലുള്ള ആ പള്ളിക്ക് ഈ ‘യഥാര്‍ത്ഥ’ വെളുത്തയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം തുറന്നു സമ്മതിക്കുമോ ?

വെളുത്ത, കറുത്ത തുടങ്ങിയ പേരുകള്‍ അരയ സമുദായക്കാരുടെ ഇടയില്‍ സര്‍വ്വ സാധാരണമായിരുന്നു. ഒരു പക്ഷേ ആ പേരില്‍ അയ്യപ്പസ്വാമിയുടെ സമകാലീനനും സുഹൃത്തുമായി ഒരാള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ക്രിസ്ത്യാനിയായി ചിത്രീകരിക്കപ്പെടുന്നത് മുന്‍ പറഞ്ഞ അതേ തെറ്റിദ്ധാരണയുടെ ഫലം തന്നെയായിരിക്കില്ലേ ? ഒന്നു കൂടി കടന്നു ചിന്തിച്ചാല്‍, അരയനായ വെളുത്തയുടെ അനന്തര തലമുറകളില്‍ പെട്ട ആരെങ്കിലും മതംമാറി ചേര്‍ന്ന പുതുവിശ്വാസത്തെ പിന്നീട് അഭിനവ ചരിത്രകാരന്മാര്‍ അറിയാതെയോ, ബോധപൂര്‍വ്വമായ അജണ്ടകളുടെ ഭാഗമായോ പുറകിലേക്ക് വലിച്ചു നീട്ടിയതായിക്കൂടെ ?

അയ്യപ്പസ്വാമിയോടുള്ള സമ്പര്‍ക്കത്തിനു ശേഷം വാവര്‍ക്കും വെളുത്തയ്ക്കും എന്തു സംഭവിച്ചു എന്ന സുപ്രധാനമായ ചോദ്യം ഞാന്‍ ഉന്നയിച്ചിരുന്നു. നാട്ടിലെ രാജകുമാരനും, ജനപ്രിയനും, പ്രമാണിയും ഒക്കെയായിരുന്ന അയ്യപ്പസ്വാമിയുടെ ഉറ്റ ചങ്ങാതിമാര്‍ എന്ന നിലക്ക് പ്രമുഖന്മാരായിരുന്ന ഇവരുടെ ഖബറോ കല്ലറയോ ഒന്നും കണ്ടു കിട്ടാത്തതെന്ത് ? വെളുത്തച്ചനുമായി ബന്ധമുണ്ടെന്ന് പറയുന്ന അര്‍ത്തുങ്കല്‍ പള്ളിയില്‍ അങ്ങനെയൊരു കല്ലറ ഉള്ളതായി ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലല്ലോ. വാവരും വെളുത്തയും ചരിത്ര പുരുഷന്മാര്‍ ആണെങ്കില്‍ തന്നെ, അയ്യപ്പനെ പിന്തുടര്‍ന്ന അവര്‍ സനാതന ധര്‍മ്മമാര്‍ഗ്ഗമാണ് അവലംബിച്ചിരുന്നത് എന്നു വ്യക്തം. അതനുസരിച്ച് യോഗികള്‍ക്കുചിതമായ രീതിയില്‍ ആരോരുമറിയാതെ ബ്രഹ്മവിലയം പ്രാപിച്ച് ശരീരം ഉപേക്ഷിക്കുകയോ, ചിതാഭസ്മമായി മണ്ണില്‍ ലയിക്കുകയോ ആണ് അവര്‍ ചെയ്തിരിക്കുക. അല്ലാതെ അവതാരമൂര്‍ത്തിയുടെ ആ പ്രിയശിഷ്യര്‍ അന്ത്യവിധി ദിനത്തിനായി കാത്തുകൊണ്ട് ഇപ്പോഴും ഏതെങ്കിലും കല്ലറകളില്‍ കിടക്കുകയാണ് എന്ന് ഒരു അയ്യപ്പഭക്തന്‍ കരുതുന്നത് അയ്യപ്പസ്വാമിക്ക് നല്‍കുന്ന ഏറ്റവും വലിയ അവമതിയാണ്.

ലോകത്തിലെ എല്ലാ നദികള്‍ക്കും എത്തിച്ചേരാനുള്ള ലക്ഷ്യസ്ഥാനമാണ് സമുദ്രം. അതിലേക്ക് ഏതെങ്കിലും ഒരു പ്രത്യേക നദി ഒഴുകിച്ചേരുന്നതുകൊണ്ട് സമുദ്രത്തിന് മഹത്വമൊന്നും ഏറുന്നില്ല. “നിളാ നദിയുമായി കലര്‍ന്ന കടല്‍” എന്ന് സമുദ്രത്തിന് ആരും പട്ടം ചാര്‍ത്തി കൊടുക്കാറില്ല. സമുദ്രം എന്ന വാക്കില്‍ എല്ലാം അടങ്ങുന്നു. കോടാനുകോടി ഭക്തര്‍ ഒഴുകിയണഞ്ഞ അയ്യപ്പന്‍ എന്ന പരബ്രഹ്മ സ്വരൂപനെ മഹത്വപ്പെടുത്താന്‍ എന്ന മട്ടില്‍ അവിടുത്തെ ഭക്തന്മാരില്‍ രണ്ടുപേരുടെ പേരുകള്‍ വീണ്ടും വീണ്ടും എടുത്തു പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുന്നതിന്‍റെ ചേതോവികാരം എന്ത് ? ആത്മവിശ്വാസം ഇല്ലായ്മയല്ലേ അത് കാണിക്കുന്നത് ? മതേതരത്വത്തിന്‍റെ പേരില്‍ രാഹുല്‍ജി ചെയ്യുന്ന ഈ സേവനം വാസ്തവത്തില്‍ കടുത്ത ദുസ്സേവനം ആയിട്ടാണ് സെമിറ്റിക്ക് മതവിശ്വാസികള്‍ക്ക് അനുഭവപ്പെടുക എന്ന കാര്യം രാഹുല്‍ജി ശ്രദ്ധിച്ചിട്ടുണ്ടോ ?

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശബരിമലയിലെ സ്ത്രീ പ്രവേശനം എന്ന നീറുന്ന പ്രശ്നമാണ് ചാനലുകളായ ചാനലുകള്‍ ഒക്കെ ചര്‍ച്ച ചെയ്യുന്നത്. ഒരു ആഗോള ഭീകര സംഘടന, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം മലയാളികളെ ഭീകരക്യാമ്പുകളിലേക്ക് എത്തിച്ചതോ, കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ലവ് ജിഹാദോ, തീവ്രവാദത്തിന് പണം കണ്ടെത്താനായി കൊള്ളകളും, ലഹരികടത്തും ഒക്കെ വ്യാപകമായി മാറിക്കൊണ്ടിരിക്കുന്നതോ ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യണ്ട. ഉണ്ണുന്ന ചോറിന് നന്ദി കാണിക്കുന്ന മാദ്ധ്യമങ്ങള്‍ എത്ര ഭംഗിയായി മലയാളികളെ വിഡ്ഢികളാക്കുന്നു എന്നു നോക്കൂ ! രാഹുല്‍ ഈശ്വര്‍ അര്‍ണാബ് ഗോസ്വാമിയെന്ന മാദ്ധ്യമ പുലിയോടും, കമ്മ്യുണിസ്റ്റുകാരുടെ ആത്മീയാചാര്യനായ എലിയോടും ഒരുപോലെ പൂഴിക്കടകന്‍ പയറ്റുന്നത് കാണുന്നു. ഇതിനിടയില്‍ സ്വന്തം തലയിലെ മതേതരതൊപ്പി അവിടെത്തന്നെയുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് തപ്പി നോക്കി ഉറപ്പുവരുത്തുന്നുമുണ്ട്. ഇതില്‍ പെട്ട് ചിരിക്കണോ കരയണോ എന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ പെട്ടുഴറുകയാണ് കേരളത്തിലെ സാധാരണക്കാരായ ഹിന്ദുക്കള്‍. വെളുത്തച്ചനാണ് ഇപ്പോള്‍ രാഹുല്‍ജിയുടെ തൊപ്പിയെ അലങ്കരിക്കുന്ന തൂവല്‍. ചര്‍ച്ചക്കിടയില്‍ അവസരമുണ്ടാക്കി ഇടയ്ക്കിടെ പുട്ടിനു പീര പോലെ അദ്ദേഹം വെളുത്തച്ചനെ പരാമര്‍ശിക്കുന്നു. ഈ വെളുത്തച്ചന്‍ പ്രൊമോഷനില്‍ ഇപ്പോള്‍ ക്രൈസ്തവ സഭയേക്കാളേറെ താല്‍പ്പര്യം രാഹുല്‍ജിക്കാണ് എന്നു തോന്നിപ്പോകുന്നു. ഹിന്ദുവിന്‍റെയും ശബരിമലയുടെയും മഹത്വം ഉദ്ഘോഷിക്കാന്‍ വാവരെന്നും വെളുത്തച്ചനെന്നുമുള്ള ഊന്നുവടികളുടെ ആവശ്യമുണ്ടോ രാഹുല്‍ജി ?

നേരത്തേ സൂചിപ്പിച്ച “ഇരയോടൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് വേട്ടയാടുകയും ചെയ്യുന്ന” തന്ത്രത്തിന്‍റെ ഒരുദാഹരണം അര്‍ണാബിന്‍റെ ചര്‍ച്ചയില്‍ കണ്ടു. ശബരിമലയില്‍ ഇടിച്ചു കയറിച്ചെന്നും പ്രാര്‍ഥിക്കണം എന്ന് വാദിക്കുന്ന സ്ത്രീകളുടെ പക്ഷം പിടിച്ച് രാഹുലിനേയും അതിലൂടെ ശബരിമലയെയും അധിക്ഷേപിക്കാന്‍ അവിടെ എത്തിയതില്‍ ഒരാള്‍ ശ്രീമതി രഞ്ജന കുമാരിയായിരുന്നു. “Center for Social Research” (CSR) എന്ന ഒന്നാന്തരം മതേതര പേര് വഹിക്കുന്ന ഒരു എന്‍ ജി ഒ യുടെ ഡയറക്ടര്‍ ആണ് അവര്‍. ഈ സ്ഥാപനത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിച്ചാല്‍ 90 ശതമാനത്തിനു മേല്‍ വിദേശ പണമാണെന്ന് കാണാന്‍ കഴിയും. ഏതു തരം വിദേശ സംഘടനകള്‍ക്കാണ് ഇതില്‍ താല്‍പ്പര്യം ? CSRന് ഏറ്റവും കൂടുതല്‍ പണം കൊടുത്തത് “Interchurch Cooperative (ICCO), Netherlands” ആണെന്ന് “The Male Factor” നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. 2006 മുതല്‍ ഇപ്രകാരം ICCO മാത്രം ഏതാണ്ട് 3.6 കോടി രൂപ CSR ന് കൊടുത്തിട്ടുണ്ട്. നെതര്‍ലാണ്ട്സ് വിദേശകാര്യ വകുപ്പിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന പ്രൊടെസ്റ്റണ്ട് ചര്‍ച്ചിന്‍റെ സംഘടനയാണ് ICCO. വലതു പക്ഷ കത്തോലിക്ക സംഘടനയായ “Hans Siedel Foundation” ആണ് CSR ന് പണം കൊടുക്കുന്ന മറ്റൊരു ഗ്രൂപ്പ്. ഹിന്ദുധര്‍മ്മം ഉള്‍പ്പെടെയുള്ള പ്രാചീന സംസ്ക്കാരങ്ങളെ “പേഗന്‍” എന്നും ചെകുത്താന്‍ സേവ എന്നുമൊക്കെ മുദ്രകുത്തി മുച്ചൂടും അധിക്ഷേപിക്കുകയും, നിരന്തരം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇത്തരം പള്ളി സംഘടനകള്‍. അവര്‍ എന്തുകൊണ്ടാണ് അവരുടെ കൂലിക്കാരായ പ്രതിഷേധ തൊഴിലാളികളെ രംഗത്തിറക്കി അതേ ചെകുത്താന്‍ മതത്തിലെ സ്ത്രീകളുടെ അവകാശത്തിന്‍റെ പേരില്‍ മുറവിളി കൂട്ടുന്നത്‌ എന്ന് എപ്പോഴെങ്കിലും ഹിന്ദുക്കള്‍ ചിന്തിച്ചിട്ടുണ്ടോ ? ഹിന്ദുക്കളോടും ഹിന്ദു സംസ്ക്കാരത്തോടും ഉള്ള ആദരവ് വന്നിട്ടാണോ ? അതോ ഹിന്ദു സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ടിട്ടോ ? ദൈവസങ്കല്‍പ്പത്തില്‍ പോലും ആണ്‍ മേല്‍ക്കോയ്മ മാത്രം ചിന്തിക്കാന്‍ കഴിയുന്ന പള്ളിമതം ഈശ്വരനെ പരാശക്തിയായി ആരാധിക്കുന്ന ഹിന്ദുക്കളുടെ വിഷയങ്ങളില്‍ സ്ത്രീപക്ഷം പിടിക്കാന്‍ പുറപ്പെടുന്നത് വിചിത്രമല്ലേ ? ഇവിടെയാണ് രണ്ടു വശത്തും നിന്ന് യുദ്ധം കൊഴുപ്പിക്കുന്ന സഭാതന്ത്രം വരുന്നത്. നമ്മളെല്ലാം കാണുന്നതിന് എത്രയോ അപ്പുറമുള്ള ദൂരക്കാഴ്ച്ചയോടെയാണ് അവരുടെ പ്രവര്‍ത്തനം. നമ്മുടെ സംസ്ക്കാരത്തിന്‍റെ യഥാര്‍ത്ഥ സംരക്ഷകര്‍ കുടുംബത്തിലെ വിളക്കുകളായ സ്ത്രീകളാണ് എന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവരില്‍, പ്രത്യേകിച്ചും ചെറുപ്പക്കാരില്‍ കുത്തിത്തിരുപ്പുണ്ടാക്കി അവരെ പുരുഷ സമൂഹത്തിനെതിരെ തിരിച്ചു വിടുകയാണ് ഒന്നാമത്തെ ലക്ഷ്യം. പുരുഷാധിപത്യം, അടിച്ചമര്‍ത്തല്‍ തുടങ്ങിയ പാശ്ചാത്യ ഫെമിനിസ്റ്റ് ലെന്‍സുകളിലൂടെ എല്ലാറ്റിനേയും കാണാന്‍ പ്രേരിപ്പിക്കുന്നു. അതിന്‍റെ ആദ്യഫലം യുവജനങ്ങളില്‍ ഭാരതീയമായ എല്ലാറ്റിനോടും ഒരുതരം നിഷേധാത്മകതയോ ഏറ്റുമുട്ടല്‍ മനോഭാവമോ വളര്‍ന്നു വരുക എന്നതാണ്. ഈ കോലാഹലങ്ങള്‍ക്കൊടുവില്‍ കോടതി വിധി മുഖേനയോ മറ്റോ യുവതികള്‍ക്കായി ശബരിമല തുറന്നു കൊടുത്തു എന്നു കരുതുക. അപ്പോഴും വിശ്വാസികളായ സ്ത്രീകള്‍ കാത്തിരിക്കാന്‍ തയ്യാറാകും. കുറേ ഫെമിനിസ്റ്റുകളും കാര്യം തിരിച്ചറിയാതെ അവരെ പിന്തുടരുന്ന ഏതാനും ആയിരം സ്ത്രീകളും ആഘോഷിക്കാനായി അവിടെ എത്താന്‍ തുടങ്ങിയേക്കാം. അതോടുകൂടി ശബരിമലയെ ഇപ്പോള്‍ അതാക്കി നിലനിര്‍ത്തിയിരിക്കുന്ന ഭക്തകോടികളുടെ വിശ്വാസങ്ങളില്‍ വിള്ളല്‍ വീഴും. അവരില്‍ വലിയൊരു പങ്ക് ക്രമേണ അവിടേക്ക് വരാതെയുമാകാം. ശനിസിംഘ്നാപൂരിലെ ക്ഷേത്ര ഭക്തരായ ഗ്രാമീണരില്‍ ഇപ്പോള്‍ തന്നെ അത്തരമൊരു വികാരം പടര്‍ന്നു പിടിച്ചു കഴിഞ്ഞു എന്ന് കേള്‍ക്കുന്നു. ഈ വിശ്വാസ തകര്‍ച്ചയാണ് ഇവാഞ്ചലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്ന ജാക്ക് പോട്ട്.

ശബരിമലയില്‍ സ്ത്രീകളുടെ സ്ഥാനത്തെ വിശദീകരിക്കാന്‍ ശ്രീ രാഹുല്‍ എടുത്തുപറയുന്ന ഒന്നാണ് ഭഗവാന്‍ അയ്യപ്പനെ വരിക്കാന്‍ അവസരം കാത്തിരിക്കുന്ന കാമുകിയായ മാളികപ്പുറത്തമ്മയുടെ കാര്യം. ഇക്കാര്യത്തില്‍ രാഹുലിന് തെറ്റി. ഇതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഈ കഥ ധാരാളമായി പറഞ്ഞു പതിഞ്ഞു പോയ ഒന്നാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 11 ന്‍റെ കേസരി വാരികയില്‍ മുന്‍ ചീഫ് സെക്രട്ടറിയും, ദേവസ്വം ബോര്‍ഡ് കമ്മീഷണറുമായിരുന്ന ശ്രീ സി പി നായര്‍ ഈ വിഷയം സ്പര്‍ശിച്ചു കൊണ്ട് ഒരു ലേഖനം എഴുതുകയുണ്ടായി. അതില്‍ അദ്ദേഹം ചോദിക്കുന്നത് നൈഷ്ടിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പനെ കുറിച്ച് ഇതുപോലുള്ള വിലകുറഞ്ഞ കഥകള്‍ പ്രചരിപ്പിക്കുന്ന നാണക്കേട് ഇനിയെങ്കിലും നിര്‍ത്തിക്കൂടെ എന്നാണ്. ഇതിപ്പോള്‍ പുസ്തകങ്ങളിലും വെബ്‌ സൈറ്റുകളിലും ഒക്കെക്കൂടി എല്ലാ അയ്യപ്പഭക്തരുടെയും മനസ്സില്‍ കയറിക്കൂടി കഴിഞ്ഞു. അയ്യപ്പനോടൊപ്പം മാളികപ്പുറത്തമ്മയേയും ശരംകുത്തി വരെ എഴുന്നള്ളിക്കുന്ന ചടങ്ങും മറ്റുമാണ് ഈ കഥക്ക് ഉപോല്‍ബലകമായി വച്ചിരിക്കുന്നത്. ശ്രീ സി പി നായര്‍ ഈ വിഷയം തന്ത്രിമാരായിരുന്ന കണ്ഠര് മഹേശ്വരരോടും നീലകണ്ഠരരോടും രാജീവരരോടും ആരായുകയുണ്ടായത്രേ. ഒരു ഉപദേവത എന്ന നിലക്ക് മാത്രമാണ് ദേവിയുടെ എഴുന്നള്ളത്ത്‌ അല്ലാതെ അതിന് അയ്യപ്പന്‍റെ വിവാഹ വാഗ്ദാനം എന്ന കല്‍പ്പിത കഥയുമായി ബന്ധമില്ല എന്ന വസ്തുതയാണ് താന്‍ അവരില്‍ നിന്ന് മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. മാത്രവുമല്ല മാളികപ്പുറത്തമ്മ അയ്യപ്പന്‍റെ ഉപാസനാ മൂര്‍ത്തിയായ പരാശക്തിയാണ് എന്നാണ് തന്ത്രിമാരില്‍ നിന്ന് അദ്ദേഹം അറിഞ്ഞത്. ശബരിമല തന്ത്രിമാര്‍ തന്നെ ഉറപ്പിച്ചു പറഞ്ഞ ഇക്കാര്യം അവരുടെ അടുത്ത ബന്ധുകൂടിയായ രാഹുല്‍ പോലും മനസ്സിലാക്കിയിട്ടില്ലെന്ന് വരുന്നത് ഹിന്ദു സമൂഹത്തില്‍ മതപഠനത്തിന് വന്ന ലോപം വിതച്ച ദുരന്തത്തിന് ഉത്തമ ദൃഷ്ടാന്തമാണ്. വെളുത്തച്ചന്‍ കഥയേയും പ്രസ്തുത ലേഖനത്തില്‍ ശ്രീ സി പി നായര്‍ നിശിതമായി ചോദ്യം ചെയ്യുന്നു. അത്തരം കഥകള്‍ പൊലിപ്പിച്ചു കൊണ്ടുവരുന്ന അഭിനവ കൊട്ടാരത്തില്‍ ശങ്കുണ്ണിമാരെ കരുതിയിരിക്കാന്‍ ഹിന്ദുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ശബരിമലയും സ്വാമി അയ്യപ്പനും ഇനിയും വളരെയധികം ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാകേണ്ട വിഷയമാണ് എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

അടിക്കുറിപ്പ്:- ഹിന്ദുധര്‍മ്മത്തെ മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഒരു മാതൃകയാണ് ശബരിമല. അവിടത്തെ ആചാരങ്ങള്‍ മാത്രമല്ല ആ പൂങ്കാവനവും സനാതന ധര്‍മ്മത്തെ യഥാതഥമായി പ്രതിനിധീകരിക്കുന്നു. പ്രകൃത്യാ ഉണ്ടായി വന്നതും, എല്ലാത്തരം കാലാവസ്ഥകളേയും സ്വയം നേരിട്ട് അതിജീവിക്കുന്നതും, എണ്ണമറ്റ സസ്യങ്ങളും ജന്തുക്കളും പരസ്പരം പോഷിപ്പിച്ചു കൊണ്ട് ഐക്യത്തോടെ പുലരുന്നതുമായ ജൈവവ്യവസ്ഥയാണ്‌ ഒരു സ്വാഭാവിക വനം. അവിടെ എല്ലാറ്റിനും നാമ്പിടാനും വളരാനും നിലനില്‍ക്കാനും അവസരമുണ്ട്. സെമിറ്റിക്ക് മതങ്ങളെ താരതമ്യപ്പെടുത്താവുന്നത് ളാഹ എസ്റ്റേറ്റിനോടാണ്. പ്രകൃത്യാ ഉള്ള ആവാസവ്യവസ്ഥയെ വെട്ടിത്തെളിച്ച് പരുവപ്പെടുത്തിയ ഭൂമിയില്‍ മുള്ളുവേലികളാല്‍ സംരക്ഷിക്കപ്പെട്ട്‌ രാസവളവും കീടനാശിനിയും കൊണ്ട് വളര്‍ത്തപ്പെടുന്ന ഏകവിള തോട്ടമാണ് അത്. ദൂരക്കാഴ്ചയില്‍ അതും ഒരു വനത്തിന്‍റെ പ്രതീതി നല്‍കുമെങ്കിലും സ്വാഭാവിക വനത്തില്‍ നിലനില്‍ക്കുന്ന ആവാസ വ്യവസ്ഥ (ecosystem) അവയിലില്ല. ഉണ്ടാവുക സാദ്ധ്യവുമല്ല. എപ്പോഴാണോ കീടനാശിനിയുടെയും മുള്ളുവേലിയുടേയും സംരക്ഷണം ഇല്ലാതാകുന്നത്, അവിടം വീണ്ടും പഴയതു പോലെ സ്വാഭാവിക വനമായി മാറുകയും ചെയ്യും.

ഒന്നാമത്തെ ലേഖനം ഇവിടെ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here