ഭക്തരിലൂടെ ഭഗവാനെ മാര്‍ഗ്ഗം കൂട്ടാന്‍ ക്രൈസ്തവസഭ

2

ശബരിമലയുടെ പേരും പെരുമയും സ്വാധീനവും കണ്ട് വിറളിപിടിച്ച പലരും പതിറ്റാണ്ടുകളായി അതിനെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു വരികയാണ് എന്ന കാര്യം ഇന്ന് എല്ലാവര്‍ക്കും അറിയാം. എതിര്‍പക്ഷത്തുള്ളവരുടെ ലക്ഷ്യം സ്പഷ്ടമാവുന്നതോടെ ഭഗവദ് പ്രേരണയാല്‍ എന്ന വണ്ണം ഭക്തകോടികള്‍ മുന്നിട്ടിറങ്ങി അവയെയൊക്കെ പരാജയപ്പെടുത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കൂടെ നിന്ന് ചെവിയില്‍ കടിയ്ക്കുന്ന ചിലര്‍, യഥാര്‍ത്ഥ ഭക്തരുടെ ശ്രദ്ധയില്‍ പെടാതെ ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നു. ശബരിമലയുടെ ഏകത്വ ഭാവനയിലേക്ക് അതിനു കടക വിരുദ്ധമായ ആശയങ്ങളുടെ പ്രതീകങ്ങളെ ഒളിച്ചു കടത്താനും അതിലൂടെ ചിലരുടെ ദീര്‍ഘകാല രാഷ്ട്രീയ-മതാധിനിവേശ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ശ്രമം നടക്കുന്നില്ലേ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടി ഇരിയ്ക്കുന്നു. അതേക്കുറിച്ച് 2016 ല്‍ ഒരു അയ്യപ്പ ഭക്തന്‍ ജന്മഭൂമിയില്‍ എഴുതിയ രണ്ടു ലേഖനങ്ങളാണ് ഇവിടെ പുന: പ്രസിദ്ധീകരിയ്ക്കുന്നത്. ഈ വിഷയവും, ഇതില്‍ ഉന്നയിക്കപ്പെടുന്ന അടിസ്ഥാനപരമായ ചോദ്യങ്ങളും എക്കാലത്തും പ്രസക്തമാണ് എന്നതാണ് ഞങ്ങള്‍ ഇവ തെരെഞ്ഞെടുക്കാന്‍ കാരണം.

രാഹുല്‍ ഈശ്വര്‍, താങ്കള്‍ കേവലം ഒരു ബുദ്ധിജീവി മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വെളുത്തച്ചന്‍ വിഷയത്തിലെ താങ്കളുടെ നിലപാടുകള്‍ ഗൌരവമായി പരിഗണിക്കേണ്ടി വരുമായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ താങ്കളുടെ വാക്കുകളും നിലപാടുകളും പ്രധാനമാകുന്നത് ശബരിമല തന്ത്രികുടുംബത്തിലെ ഒരംഗം എന്ന സ്ഥാനം കൊണ്ടാണ്. ആ നിലയ്ക്കല്ല താങ്കള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ കൂടിയും, താങ്കളുടെ നിലപാടുകളെ ജനങ്ങള്‍ അങ്ങനെ ബന്ധപ്പെടുത്തിയേ കാണൂ. അതുകൊണ്ട് ഇക്കാര്യത്തില്‍ നിലപാടുകള്‍ എടുക്കുകയും പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുമ്പോള്‍ അങ്ങേയറ്റത്തെ ഉത്തരവാദിത്ത ബോധം ഉള്‍ക്കൊള്ളണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഹരി ഹര ചൈതന്യങ്ങളുടെ മൂര്‍ത്തഭാവമായ പുരാണ ദൈവമാണ് ശ്രീ ധര്‍മ്മശാസ്താവ്. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ചെറുതെങ്കിലും ധാരാളം പഴയ ശാസ്താക്ഷേത്രങ്ങള്‍ ഉണ്ട്. ശ്രീ ധര്‍മ്മശാസ്താവിന്‍റെ അവതാരമായി ഏതാണ്ട് എണ്ണൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്തള ദേശത്ത് ജീവിച്ചിരുന്ന ചരിത്രപുരുഷനാണ് ശ്രീ അയ്യപ്പന്‍ എന്ന് കരുതപ്പെടുന്നു. ഹിന്ദുധര്‍മ്മവുമായി ബന്ധപ്പെട്ട ഒട്ടുമിയ്ക്ക കാര്യങ്ങളിലും എന്ന പോലെ, ശ്രീ അയ്യപ്പന്‍റെ കാര്യത്തിലും ഐതിഹ്യങ്ങളും, ചരിത്രവും ഒക്കെക്കൂടി കെട്ടുപിണഞ്ഞ് കിടക്കുകയാണ്. അതുതന്നെയാണ് പല അജണ്ടകളും മുന്‍ നിര്‍ത്തിക്കൊണ്ട് നമ്മുടെ ചരിത്രത്തേയും വിശ്വാസങ്ങളേയും പല കൂടാരങ്ങളിലേക്കും വലിച്ചിഴയ്ക്കാന്‍ പലരെയും പ്രേരിപ്പിക്കുന്ന ഘടകവും. ഇതുവരെയുള്ള ഗവേഷകരുടെ കണ്ടെത്തലുകളില്‍ നിന്ന് തെളിയുന്ന ഒരു കാര്യം ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണഭഗവാനെപ്പോലെ, കലിയുഗത്തില്‍ കേരളത്തില്‍ അവതരിച്ച് സമൂഹത്തിലെ എല്ലാതട്ടിലുള്ളവരുടെയും മനസ്സുകളെ ആകര്‍ഷിച്ച് അവരുടെ ഹൃദയസാമ്രാട്ടായി വളര്‍ന്ന മഹാപുരുഷനായിരുന്നു ശ്രീ അയ്യപ്പന്‍ എന്നാണ്. സാമൂഹ്യമായ ഐക്യവും, ധര്‍മ്മബോധവും ആദ്ധ്യാത്മിക നവോത്ഥാനവും അദ്ദേഹത്തിലൂടെ ആ സമൂഹം സാക്ഷാത്ക്കരിച്ചു.

ഭഗവാനുമായി ബന്ധപ്പെട്ട് എല്ലാദേശത്തുമുള്ള സ്വാമി ഭക്തര്‍ കേട്ടിട്ടുള്ള ഒരു പേരാണ് വാവരുടെത് . കൊള്ളക്കാരനും അക്രമിയും ആയിരുന്ന വാവര്‍ സ്വാമിയുമായി ഏറ്റുമുട്ടാന്‍ ഇടയാകുകയും, തന്‍റെ ആയോധന, ആദ്ധ്യാത്മിക വൈഭവങ്ങള്‍ കൊണ്ട് ശ്രീ അയ്യപ്പന്‍ വാവരെ തോല്‍പ്പിച്ച് ശിഷ്യപ്പെടുത്തുകയും ചെയ്തു എന്നതാണ് ദശകങ്ങളായി നാം കേട്ടിട്ടുള്ള കഥ. അതിനുശേഷം വാവര്‍ ശ്രീ അയ്യപ്പന്‍റെ വിശ്വസ്തനായ തോഴനായി ജീവിച്ചു എന്നും, പിന്നീടുള്ള സായുധ സമരങ്ങളില്‍ ഭഗവാനെ സഹായിച്ചു എന്നും കേട്ടിട്ടുണ്ട്. ഈയടുത്ത കാലത്തായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേരാണ് വെളുത്തച്ചന്‍. ഏറ്റവും കുറഞ്ഞത്‌ മറ്റുപ്രദേശങ്ങളില്‍ ഉള്ളവരെങ്കിലും ഈയൊരു പേര് ശബരിമലയുമായി ബന്ധപ്പെടുത്തി മുമ്പ് കേട്ടിട്ടില്ല. ശ്രീ അയ്യപ്പനുമായി ഉറ്റ ചങ്ങാത്തമുണ്ടായിരുന്ന ഈ വെളുത്തച്ചന്‍ തദ്ദേശീയനായ ഒരു നസ്രാണിയായിരുന്നു എന്നും അതല്ല വെള്ളക്കാരനായ ഒരു വിദേശിയായിരുന്നു എന്നും പലരീതിയിലുള്ള വിലയിരുത്തലുകള്‍ കേള്‍ക്കുന്നു. എത്രയോ കാലങ്ങളായി ഭഗവാനുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന വാവരുടെ യാഥാര്‍ഥ്യത്തെപ്പറ്റി അദ്ദേഹത്തിന്‍റെ മതക്കാരായ കേരളത്തിലെ മുസ്ലീങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു കഥാപാത്രത്തെ അവര്‍ പരിഗണിക്കുന്നതായി പോലും കണ്ടിട്ടില്ല. എന്നാല്‍ പൊടുന്നനെ നസ്രാണിയായ ഒരു വെളുത്തച്ചന്‍ വലിയ തോതില്‍ ചര്‍ച്ചയില്‍ കടന്നു വരുന്നു. എന്തുകൊണ്ട് ? ശ്രദ്ധയോടെ പഠിക്കുന്ന ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ചില അടിയൊഴുക്കുകള്‍ ഇവിടെ കാണുന്നു.

തന്‍റെ അപാരകാരുണ്യം കൊണ്ട് ലോകത്തിന് നന്മവരുത്താനായി ഓരോ കാലങ്ങളില്‍ ഈശ്വരന്‍ സ്വയം സ്വീകരിക്കുന്ന ലീലാവേഷമാണ് അവതാരം. ഭഗവാന്‍ ശാസ്താവിന്‍റെ കലിയുഗത്തിലെ അവതാരമാണ് അയ്യപ്പന്‍ എന്ന യുഗപുരുഷന്‍. തന്‍റെ ജീവിത ലക്ഷ്യത്തെക്കുറിച്ചും സമസ്ത പ്രപഞ്ചത്തിന്‍റെയും സ്വരൂപത്തെക്കുറിച്ചും വ്യക്തമായ ബോധത്തിലാണ് അവതാരപുരുഷന്മാര്‍ ജീവിക്കുന്നത്. ദിവ്യമായ പദ്ധതിക്കനുസരിച്ചാണ് അവരുടെ ലോകജീവിതം. ഇക്കാര്യം ഒരു ഹിന്ദു എന്ന നിലക്കും, സ്വാമി അയ്യപ്പന്‍റെ ഒരു ഭക്തന്‍ എന്ന നിലക്കും ശ്രീ രാഹുലിനും ഉറപ്പുണ്ടായിരിക്കും എന്നു കരുതുന്നു. എന്നാല്‍ അബ്രഹാമിക മതങ്ങള്‍ ഇത് ഒട്ടും തന്നെ അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന് ഈശ്വരന്‍ മനുഷ്യരില്‍ നിന്ന് അനന്തമായ അപ്രാപ്യതയില്‍ വര്‍ത്തിക്കുന്നു എന്നും, കാലാകാലങ്ങളില്‍ മനുഷ്യരുടെ ഇടയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പ്രവാചകരിലൂടെയാണ് ദൈവം തന്‍റെ ഇംഗിതങ്ങള്‍ അറിയിക്കുന്നതെന്നും, അത്തരത്തില്‍ വന്ന അവസാനപ്രവാചകന്‍ മുഹമ്മദാണെന്നും ആണ് ഇസ്ലാമിന്‍റെ നിലപാട്. അതനുസരിച്ച് ശാസ്താവോ, ശ്രീകൃഷ്ണനോ, വിഷ്ണുവോ ഒന്നും ഈശ്വരനല്ല. മുസ്ലീങ്ങളെ സംബന്ധിച്ച് മുഹമ്മദിനു ശേഷം ജീവിച്ചിരുന്ന ശ്രീ അയ്യപ്പന്‍ ഒരു പ്രവാചകന്‍ പോലുമല്ല. കാരണം അങ്ങനെ വിശ്വസിക്കുന്നത് ഇസ്ലാമില്‍ മതനിന്ദയും, ദൈവനിഷേധവുമാണ്. മതേതരാവേശികള്‍ക്ക് ചായം പൂശി ഡെക്കരേറ്റ് ചെയ്യാന്‍ ഒരു സ്കോപ്പും ഇല്ലാത്ത ഈ യാഥാര്‍ത്ഥ്യം കാരണമാണ്, മുസ്ലീങ്ങള്‍ വാവരെ യാതൊരു ചര്‍ച്ചക്കും വിഷയമാക്കാത്തത്. വാവരെ അവര്‍ കൊള്ളുകയോ തള്ളുകയോ ചെയ്യുന്നില്ല. ചര്‍ച്ചയ്ക്കു വന്നാല്‍ ഹിന്ദുക്കളുടെ പുണ്യപുരുഷനും മതസാഹോദര്യത്തിന്‍റെ പ്രതീകവുമായ വാവരെ നിസ്സംശയം തള്ളിക്കളയാന്‍ അവര്‍ നിര്‍ബന്ധിതരാകും !

മേല്‍പ്പറഞ്ഞ പ്രശ്നം ക്രിസ്ത്യാനികളുടെ കാര്യത്തിലുമുണ്ട്. ക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു ഒഴികെയുള്ള മറ്റെല്ലാവരും, ശ്രീ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ പാപികളാണ്. യേശുവില്‍ കൂടിയല്ലാതെ മാനവരാശിയില്‍ ആര്‍ക്കും മോചനമില്ല. ഒരു വിശുദ്ധനാവണമെങ്കില്‍ പോലും, കര്‍ത്താവിന്‍റെ ഭൂമിയിലെ ശരീരമായ ക്രൈസ്തവ സഭയുടെ നടപടി ക്രമങ്ങളിലൂടെ കടന്നുപോയി സഭാപിതാവിനാല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടണം. ഈശ്വരന്‍ അവതരിക്കുന്നു എന്നതു പോയിട്ട് മനുഷ്യന്‍ സ്വന്തം നിലക്ക് യോഗനിലയെ പ്രാപിക്കുക എന്നതു പോലും ക്രൈസ്തവ ദര്‍ശനമനുസരിച്ച് അചിന്ത്യമാണ്. അങ്ങനെയൊരു അന്യദര്‍ശനത്തെ അവര്‍ അംഗീകരിക്കുക എന്നാല്‍ “യേശു ഒരേയൊരു രക്ഷകന്‍” എന്നുള്ള ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന ശില തന്നെ നീക്കം ചെയ്യുക എന്നാണ് അതിനര്‍ത്ഥം. എന്നാല്‍ മുസ്ലീങ്ങളെ അപേക്ഷിച്ച് ക്രിസ്തുമതത്തിലെ പല വിഭാഗങ്ങളും തങ്ങളുടെ മതതത്വങ്ങള്‍ക്ക് നേരെ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ സ്വീകരിക്കുന്നതായി കാണുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ക്രിസ്ത്യന്‍ ഗൂഡതന്ത്രത്തെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ കരുതലോടെ നോക്കിക്കാണേണ്ട ആവശ്യം വരുന്നതും.

ഒരു വീഡിയോയില്‍ അര്‍ത്തുങ്കല്‍ പള്ളിയിലെ ഒരു പാതിരി പറയുന്നത് ഇങ്ങനെയാണ്… “ശാസ്താവ് എന്നൊരാള്‍ (?) ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായിരുന്നു വെളുത്തച്ചന്‍. അവര്‍ തമ്മില്‍ വലിയ കൂട്ടായിരുന്നു. ശാസ്താവ് വെളുത്തച്ചനെ കളരി പഠിപ്പിക്കും, തിരിച്ച് അയ്യപ്പനെ വെളുത്തച്ചന്‍ വിദേശഭാഷ പഠിപ്പിക്കുമായിരുന്നു”. അര്‍ത്തുങ്കല്‍ പള്ളി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എ ഡി 288 ല്‍ രക്തസാക്ഷിയായ സെബാസ്ത്യനോസ് പുണ്യാളന്‍റെ പേരിലാണ്. അദ്ദേഹം ഒരിക്കലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്നും, അദ്ദേഹത്തിന്‍റെ കാലവും അയ്യപ്പന്‍റെ കാലവും തമ്മില്‍ നൂറ്റാണ്ടുകളുടെ വ്യത്യാസമുണ്ടായിരുന്നു എന്നും ചരിത്ര വിദ്യാര്‍ഥികള്‍ക്കറിയാം. 1584 ല്‍ അര്‍ത്തുങ്കല്‍ പള്ളി പണിയിച്ചത് പോര്‍ച്ചുഗീസ് മിഷണറിയായിരുന്ന ഫാദര്‍ ജകോമ ഫെനിഷ്യോ എന്ന പാതിരിയാണെന്ന് പള്ളിയുടെ ചരിത്രത്തില്‍ പറയുന്നു. ഇദ്ദേഹമാണത്രേ ഈ വെളുത്തച്ചന്‍. അതായത് ചരിത്രമനുസരിച്ച് സ്വാമി അയ്യപ്പന്‍റെ കാലത്തിനും മുന്നൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിച്ചിരുന്ന ഒരു വ്യക്തി ! അവര്‍ തമ്മില്‍ കാണണമെങ്കില്‍ സ്വാമി അയ്യപ്പന്‍ മൂന്ന് നൂറ്റാണ്ടുകളെങ്കിലും ജീവിച്ചിരുന്നിരിക്കണം. രാഹുല്‍ ഏറ്റവും പുതിയതായി ഉദ്ധരിച്ച ചരിത്രാഖ്യായികയിലെ വിവരണമനുസരിച്ച്, ഒരു പ്രാദേശിക നസ്രാണി കുടുംബത്തിലെ ആളായിരുന്നു വെളുത്ത എന്നാണ്. അതായത് നേരത്തേ പറഞ്ഞ ഫെനിഷ്യോ എന്ന വിദേശ മിഷണറി പോലുമല്ല. വെളുത്തച്ചനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

ഇനി അയ്യപ്പന്‍റെ സമകാലികനായി വെളുത്തച്ചന്‍ എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു എന്നു തന്നെ തല്ക്കാലം വാദത്തിനു വേണ്ടി സമ്മതിക്കുക. അതോടൊപ്പം ഇവിടെ ചില സുപ്രധാന ചോദ്യങ്ങളും ഉയരുന്നു. ഒരു ഗുരു അല്ലെങ്കില്‍ അവതാരപുരുഷന്‍ കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ആത്മജ്ഞാനമാണ്. കാരണം സത്യസാക്ഷാത്ക്കാരം ലഭിച്ച ഒരു മഹാപുരുഷന്‍റെ സംസര്‍ഗ്ഗം കിട്ടുക അതീവ ദുര്‍ലഭമാണ്. അവതാരപുരുഷനായ ശ്രീ അയ്യപ്പന്‍, തന്‍റെ ഏറ്റവുമടുത്ത പ്രിയമിത്രത്തിന് സ്വാഭാവികമായും കൊടുത്തിരിക്കുക ഏറ്റവും വലിയ സമ്പത്തായ ആത്മജ്ഞാനം ആയിരിക്കില്ലേ ? അല്ലാതെ വെറും കളരിപ്പയറ്റ് ആയിരിക്കില്ലല്ലോ ? അജ്ഞാനം കൊണ്ട്, താന്‍ പാപിയാണെന്നും, ദൈവപുത്രനായി ജനിച്ച മറ്റൊരാളിന്‍റെ കൃപ കൊണ്ട് അന്ത്യവിധി ദിനത്തില്‍ താന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമെന്നും, വിഗ്രഹങ്ങളെയും, വ്യാജ ദൈവങ്ങളെയും മറ്റും ആരാധിക്കുന്ന അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ദൈവവിധിയില്‍ നരകശിക്ഷ മാത്രമേ ഏറ്റുവാങ്ങുകയുള്ളൂ എന്നും മറ്റുമുള്ള നസ്രാണിയുടെ അന്ധവിശ്വാസങ്ങളെയല്ലേ അത്തരമൊരു ഗുരു നിശിതമായി ഉച്ചാടനം ചെയ്തിരിക്കുക ? അതല്ലേ അത്തരം എല്ലാ ഗുരുക്കന്മാരുടെയും സമ്പര്‍ക്കത്തില്‍ വരുന്ന അജ്ഞാനികളുടെ ഇത:പര്യന്തമുള്ള അനുഭവം ? എന്നിട്ടും വെളുത്തച്ചന്‍ തന്‍റെ പഴയ അന്ധവിശ്വാസങ്ങളില്‍ തുടര്‍ന്നുവെന്ന് കരുതണോ ? അതോ അദ്ദേഹം അയ്യപ്പദാസനായി മോക്ഷം പ്രാപിച്ചു എന്നു കരുതണോ ? ഏതാണ് കൂടുതല്‍ യുക്തിസഹം ? ഇത് രണ്ട് കേവല മതവിശ്വാസികളുടെ സൗഹൃദം അല്ലെന്ന് ഓര്‍മ്മിക്കണം. ശ്രീ അയ്യപ്പനും, വാവരും, വെളുത്തയും നാട്ടുകാരായ കേവലം മൂന്നു ഫ്രീക്കന്മാരായിരുന്നില്ല. മാനവരാശി മുഴുവന്‍ തേടി അലയുന്ന പരമസത്യത്തില്‍ പ്രതിഷ്ടിതനായി, അനുഭവപൂര്‍ണ്ണതയില്‍ ഇരിക്കുന്നയാളാണ് ഇതില്‍ ഒരാള്‍ ! എന്ത് സംശയവും നീക്കി, അഭയം കൊടുക്കാന്‍ പ്രാപ്തനായ ഈശ്വരപുരുഷന്‍. മനുഷ്യരാശിയെ തത്വമസി എന്നു പഠിപ്പിക്കാന്‍ വന്ന അദ്ദേഹം നേരിട്ട് പഠിപ്പിച്ചിട്ടും വെളുത്ത അത് പഠിച്ചില്ലെന്നോ ? വെളുത്തച്ചന്‍ എന്ന കഥാപാത്രത്തിന് അയ്യപ്പനുമായുള്ള സഹവാസത്തിനു ശേഷം പിന്നീട് എന്തു സംഭവിച്ചു ? ഇത്തരം ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ വെളുത്തച്ചന്‍ കഥ പ്രൊമോട്ട് ചെയ്യുന്ന പള്ളിക്കാര്‍ തയ്യാറാവില്ല എന്നതുറപ്പ്. ഇത്തരം കൊണഷ്ടു പിടിച്ച പ്രശ്നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുന്നതു കൊണ്ടാണ് മുസ്ലീങ്ങള്‍ വാവരുടെ പേരില്‍ ചര്‍ച്ചകള്‍ ഉണ്ടാക്കാത്തത്. മറിച്ച് ഇത്തരം പ്രചരണങ്ങളിലൂടെ ചിന്താക്കുഴപ്പം സൃഷ്ടിച്ച് നിഷ്കളങ്കരായ മനുഷ്യരെ വലയില്‍ വീഴിക്കുകയാണ് ഇവാഞ്ചെലിസ്റ്റുകളുടെ എക്കാലത്തേയും തന്ത്രം. അതില്‍ പലവുരു പയറ്റി വിജയിച്ചിട്ടുള്ള ആത്മവിശ്വാസമാണ് ഇത്തരം കഥകള്‍ പൊക്കിക്കൊണ്ട് വരാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ഇതില്‍ തലവച്ചു കൊടുക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ള ഹിന്ദുവക്താക്കള്‍ വാരിക്കുഴികളില്‍ വീഴുകയാണ്. മുന്‍ പറഞ്ഞതുപോലെ അയ്യപ്പനേയും വാവരെയും വെളുത്തയേയും ചേര്‍ത്ത് പറയുന്നവര്‍, താരകബ്രഹ്മമൂര്‍ത്തിയും അവതാരവുമായ ശ്രീ അയ്യപ്പനെ അദ്ദേഹത്തിന്‍റെ തോഴരായ വെറും രണ്ടു മതവിശ്വാസികളുടെ നിലവാരത്തിലേക്ക് താഴ്ത്തുകയാണ് എന്ന കാര്യം തിരിച്ചറിയുന്നില്ല. വെളുത്ത എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കില്‍, ശ്രീ അയ്യപ്പനും അദ്ദേഹവും തമ്മിലുള്ള ബന്ധം, ശ്രീകൃഷ്ണനും സുദാമാവും തമ്മിലുള്ളതുപോലെ ഭഗവാനും ഭക്തനും തമ്മിലുള്ളത് മാത്രമേ ആകൂ. അത് ഇപ്പോഴത്തെ വെളുത്തച്ചന്‍ പ്രൊമോട്ടേര്‍സ് അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. അയ്യപ്പനുമായുള്ള സഹവാസത്തിനു ശേഷവും വെളുത്ത, പാപവിമോചനം തേടുന്ന നസ്രാണിയായി തുടര്‍ന്നു എന്ന് രാഹുലിനെ പോലുള്ള ഹിന്ദുക്കളെ അംഗീകരിപ്പിക്കുന്നതിലാണ് ഇവാഞ്ചെലിസ്റ്റുകളുടെ യഥാര്‍ത്ഥ വിജയം.

ഞാനിതിനെ കാണുന്നത് ശ്രീ അയ്യപ്പനിലൂടെ ആത്മാനുഭവത്തിന്‍റെ സാക്ഷാത്ക്കാരം കിട്ടിയ വാവരും, വെളുത്തയും, കടുത്ത സ്വാമിയും, കറുപ്പ സ്വാമിയും, കറുപ്പായി അമ്മയും, ചീരപ്പന്‍ചിറയിലെ കന്യകയും ഒപ്പം എണ്ണമറ്റ മറ്റു സമകാലീനരും അദ്ദേഹത്തിലെ ദിവ്യത്വത്തെ അംഗീകരിച്ച് അദ്ദേഹത്തെ ഭക്തിയോടെയും, ശിഷ്യബുദ്ധിയോടെയും സേവിച്ച് കാലക്രമത്തില്‍ പരമപദം പ്രാപിച്ചു എന്നാണ്. അത്തരത്തില്‍ അയ്യപ്പമാര്‍ഗ്ഗത്തില്‍ മുമ്പേ സഞ്ചരിച്ചു ലക്‌ഷ്യം പ്രാപിച്ച ഗുരുതുല്യര്‍ എന്ന നിലക്ക്‌ വേണം അവരെ കാണാന്‍. അതായത് അയ്യപ്പനുമായി സമ്പര്‍ക്കത്തില്‍ വന്നതോടെ പാപബുദ്ധി നഷ്ടപ്പെട്ട് സത്യബോധം നേടിയ മഹാത്മാക്കള്‍. അവര്‍ സനാതന ധര്‍മ്മവഴിയില്‍ വന്നു കഴിഞ്ഞവരാണ്. സ്വാമി അയ്യപ്പനോ അദ്ദേഹത്തിന്‍റെ അനുയായികളോ മതംമാറ്റക്കാരല്ലാതിരുന്നതു കൊണ്ട് ഈ പരിവര്‍ത്തനമൊന്നും ഒരു മഹാകാര്യമായി ആരും എഴുതി വച്ചിട്ടില്ല. എന്നാല്‍ ക്രിസ്ത്യന്‍ മതംമാറ്റ മാഫിയ അതില്‍ കുത്തിത്തിരിപ്പിനുള്ള അവസരം കണ്ടെത്തുന്നു. വെളുത്തയെ അയ്യപ്പ സുഹൃത്തായ നസ്രാണിയും, വിദേശ ക്രിസ്ത്യന്‍ പാതിരിയും ഒക്കെയാക്കി മാറ്റി അയ്യപ്പശിഷ്യസമൂഹത്തില്‍ നിന്നും അടര്‍ത്തിമാറ്റി നിറുത്തി ഒപ്പം കുറേ നിഷ്ക്കളങ്കരായ ഹിന്ദുക്കളേയും മാര്‍ഗ്ഗം കൂട്ടാം എന്നവര്‍ കണക്കു കൂട്ടുന്നു. പണ്ട് ശബരിമലയില്‍ സ്വന്തം സമുദായാംഗങ്ങളായ കുഞ്ഞാടുകള്‍ തീവയ്പ്പ് നടത്തിയതിന് ഇതുവരേയും ഒരു ക്ഷമാപണം പോലും നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല എന്നോര്‍ക്കണം. എന്താണ് അത് കാണിക്കുന്നത് ? കേരള – തമിഴ് നാട് അതിര്‍ത്തിയില്‍ കെട്ടും കെട്ടി മലയ്ക്ക് പോകുന്ന അയ്യപ്പഭക്തരെ തെരഞ്ഞു പിടിച്ച് സുവിശേഷ സാഹിത്യം വിതരണം ചെയ്യുന്നത് ഇപ്പോഴും നടക്കുന്ന കാര്യമാണ്. അതൊന്നും വേണ്ടത്ര വിജയിക്കുന്നില്ല എന്നു കാണുന്നതു കൊണ്ടാവാം ഇപ്പോള്‍ അവരെ കുറച്ചു കൂടെ മയത്തില്‍ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ നോക്കുന്നത്. ഇനി ശബരിമല തീര്‍ഥാടനത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി മലയാറ്റൂര്‍ മലയിലും പോകണം എന്നുള്ള പുതിയ ആചാരങ്ങളും കാണാന്‍ കാത്തിരിക്കുന്നു.

അയ്യപ്പഭക്തന്മാരുടെ മനസ്സില്‍ ചിന്താക്കുഴപ്പമുണ്ടാക്കുന്ന മതകച്ചവടക്കാരെക്കൊണ്ട് ഉത്തരം പറയിപ്പിക്കേണ്ട കുറച്ചു ചോദ്യങ്ങളുണ്ട്…

1) ആരാണീ വെളുത്തച്ചന്‍ ? അദ്ദേഹത്തിന്‍റെ കാലഘട്ടം സുവ്യക്തമായി പറയുക. (ഈ ചോദ്യം രാഹുല്‍ ഈശ്വറിനും ബാധകമാണ്) 
2) സ്വാമി അയ്യപ്പനെ നിങ്ങള്‍ എങ്ങനെ കാണുന്നു ? വെറുമൊരു കളരി ആശാനായിട്ടാണോ അതോ അവതാര പുരുഷനായിട്ടോ ? വ്യക്തമാക്കുക. 
3) വെളുത്തച്ചനെ കാണാന്‍ അയ്യപ്പഭക്തര്‍ വന്നാല്‍ അയ്യപ്പന്‍ സന്തോഷിക്കുമെങ്കില്‍ തിരിച്ച് വെളുത്തച്ചന്‍റെ ഭക്തരായ ക്രിസ്ത്യാനികള്‍ മാലയിട്ട് മലയ്ക്ക് പോയി അയ്യപ്പനെ കണ്ടാല്‍ തീര്‍ച്ചയായും വെളുത്തച്ചനും പ്രസാദിക്കുമല്ലോ ? പള്ളിയില്‍ വരുന്ന ക്രിസ്ത്യന്‍ ഭക്തരെ അങ്ങനെ ഉപദേശിക്കാറുണ്ടോ ? 
4) ശ്രീഅയ്യപ്പനെ ആശ്രയിച്ച് അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചിട്ടില്ലാത്ത ആളാണ്‌ വെളുത്തയെങ്കില്‍, അങ്ങനെ വിശ്വസിച്ച് എത്തിച്ചേരുന്ന അയ്യപ്പഭക്തരെ പിന്തിരിപ്പിക്കാത്ത നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരെ വഞ്ചിക്കുകയല്ലേ ? 
5) വെളുത്ത എന്നൊരു പാതിരി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിക്കാതിരുന്ന ശ്രീ അയ്യപ്പനേയും അനുയായികളേയും മാതൃകകളായി നിങ്ങള്‍ കണക്കാക്കുന്നുണ്ടോ ? 
6) ഹൈന്ദവ സമ്പ്രദായങ്ങളും ആത്മീയ മോചന മാര്‍ഗ്ഗമാണ് എന്ന് നിങ്ങള്‍ പരസ്യമായി അംഗീകരിക്കാന്‍ തയ്യാറുണ്ടോ ? 

രണ്ടാമത്തെ ലേഖനം ഇവിടെ വായിക്കാം

2 COMMENTS

  1. മുഹമ്മദിന് ശേഷം എങ്ങനെയാണു അയ്യപ്പൻ വരുന്നത് ? മുഹമ്മദിനും മുൻപ് ഉള്ളതല്ലേ അയ്യപ്പൻ?
    Source: lord ayyappa captain vadakayil

    • ശാസ്താവ് എന്ന പുരാണ ദൈവ സങ്കല്‍പ്പത്തേയും അദ്ദേഹത്തിന്‍റെ അവതാരമായ അയ്യപ്പന്‍ എന്ന പന്തള രാജകുമാരനെയും തമ്മില്‍ കാലഗണനായില്‍ ഉള്ള വ്യത്യാസം പരിഗണിയ്ക്കാത്തതു കൊണ്ടാണ് ഈ പ്രശ്നം. മുഹമ്മദിന്‍റെ സമയം CE 570 ആണ്. അയ്യപ്പസ്വാമിയുടെ കാലം CE പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടാണ്. ref: രാമവര്‍മ്മ രാജയുടെ ശബരിമല ശ്രീ അയ്യപ്പന്‍ എന്ന പുസ്തകം.

LEAVE A REPLY

Please enter your comment!
Please enter your name here