ഇന്ത്യാ വിഭജനം: പാകിസ്ഥാൻ യാഥാർഥ്യമാക്കിയ ആ നാല് ക്രിസ്ത്യൻ വോട്ടുകൾ

1

(ദി ഫ്രൈഡേ ടൈംസ് എന്ന പാകിസ്ഥാന്‍ വാര്‍ത്താ വാരികയില്‍ എഴുതിയ ലേഖനത്തില്‍ പത്ര പ്രവര്‍ത്തകനായ സല്‍മാന്‍ താരിക് ഖുറേഷി ഇന്ത്യാ വിഭജനത്തിന്‍റെ അധികമാരും ശ്രദ്ധിക്കാതെ പോയ ഏടുകള്‍ ലോകത്തിനു മുന്നില്‍ തുറന്നു വയ്ക്കുന്നു. ജയചന്ദ്മാരുടെ ചരിത്രത്തിന് ആയിരത്താണ്ടുകളുടെ തുടര്‍ച്ചയുണ്ട്. പിന്നില്‍ നിന്ന് കുത്തലിന്‍റെ ആ ചരിത്രം പല രൂപത്തില്‍ ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഒരിയ്ക്കല്‍ മാതൃരാജ്യത്തെ വഞ്ചിച്ച് വിഭജന വാദികള്‍ക്ക് കൂട്ടുനിന്നവരുടെ പിന്‍ തലമുറകള്‍ ഇന്ന് മതപീഡനങ്ങളില്‍ നിന്ന് രക്ഷ തേടി അതേ ഭാരതത്തിന്‍റെ പടിവതിലില്‍ ആണ് മുട്ടുന്നത് എന്നത് കാലം കാത്തു വച്ച കാവ്യനീതി. പഴയതെല്ലാം മറന്ന് അവരെ സംരക്ഷിക്കാന്‍ ഭാരത ജനതയുടെ വലിയ പിന്തുണയോടെ ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു വരുമ്പോള്‍ വിചിത്രമെന്ന് പറയട്ടെ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കാനും പീഡനം അനുഭവിക്കുന്നവരുടെ അതേ മതക്കാര്‍ തന്നെ ഇവിടെയുണ്ട്, ഇംഗ്ലീഷില്‍ പ്രസിദ്ധീകൃതമായ ലേഖനത്തിന്‍റെ സ്വത്രന്ത്ര പരിഭാഷ)

പോത്തന്‍ ജോസഫ് എന്ന പേര് ഒരു പക്ഷേ നമ്മുടെ രാജ്യത്ത് (പാകിസ്ഥാന്‍) അധികമാരും കേട്ടിട്ടുള്ള ഒന്നായിരിക്കില്ല. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആ പേര് അറിയാമായിരിക്കും. നമ്മുടെ ഉപഭൂഖണ്ഡത്തിലെ ആദ്യകാലത്തെ ഏറ്റവും വലിയ പത്രപ്രവര്‍ത്തകനായിരുന്നു ഇന്‍ഡ്യന്‍ ക്രിസ്ത്യാനിയായ പോത്തന്‍ ജോസഫ്. ബ്രിട്ടീഷ് ഭരണത്തെ ശക്തമായി എതിര്‍ത്തിരുന്ന, സ്വാത്രന്ത്യ്ര സമരസേനാനി കൂടിയായിരുന്നു അദ്ദേഹം.

തന്‍റെ ടൈപ്പ് റൈറ്ററും പത്രപ്രവര്‍ത്തന സാമര്‍ഥ്യവും ഉപയോഗിച്ചു കൊണ്ട് അന്നത്തെ പല പ്രമുഖ വ്യക്തികളുടേയും ആശയങ്ങളെ അദ്ദേഹം നന്നായി പ്രചരിപ്പിച്ചു. ആനീ ബസന്‍റ്, മഹാത്മാ ഗാന്ധി, സരോജിനി നായിഡു, മോട്ടിലാല്‍ നെഹ്രു എന്നിവരോടൊപ്പം പാകിസ്ഥാനികളായ നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായിട്ട് ഖ്വായിദ്-ഇ-ആസം (വലിയ നേതാവ്) മുഹമ്മദലി ജിന്നയും അതില്‍ ഉള്‍പ്പെട്ടിരുന്നു. ജോസഫ് വ്യത്യസ്ഥങ്ങളായ 26 പത്രങ്ങള്‍ സ്ഥാപിക്കുകയോ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയോ ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഡെക്കാന്‍ ഹെറാള്‍ഡ് എന്നിവ അവയില്‍ ചിലതാണ്. 1941 ല്‍ ഡോണ്‍ പത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഖ്വായിദ് (ജിന്ന) പോത്തന്‍ ജോസഫിനെയാണ് അതിന്‍റെ ആദ്യ എഡിറ്റര്‍ ആയി നിയമിച്ചത്.

അതെ, ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങളുടെ ഏറ്റവും വലിയ വക്താവ്, അതും ലാഹോര്‍ പ്രമേയം പാസ്സാക്കിയതിന് തൊട്ടു പിന്നാലെ തന്‍റെ പാകിസ്ഥാന്‍ ആശയവും മുസ്ലീം അവകാശവാദങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ തെരെഞ്ഞെടുത്തത് ഒരു ക്രിസ്ത്യന്‍ എഡിറ്ററെയാണ്.

ഇത് അത്ര അതിശയകരമായി തോന്നുന്നുണ്ടോ? എന്നാല്‍ തെറ്റി. ഇത് കഴിഞ്ഞ് ആറു വര്‍ഷത്തിനുള്ളില്‍ “നിങ്ങള്‍ക്ക് നിങ്ങളുടെ പള്ളികളില്‍ പോകാന്‍ സ്വാതന്ത്യ്രമുണ്ട്” എന്ന തന്‍റെ പ്രസിദ്ധമായ പ്രസംഗം ചെയ്തതും ഇതേ നേതാവാണ് എന്നറിയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഔചിത്യബോധത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നു മാത്രമായിരുന്നു ആ തീരുമാനം എന്ന് മനസ്സിലാകും. പോത്തന്‍ ജോസഫ് അംഗമായിട്ടുള്ള ക്രിസ്ത്യന്‍ സമുദായത്തിന്‍റെ രാഷ്ട്രീയ ചായ്വുകളോടും സമ്പൂര്‍ണ്ണമായും പൊരുത്തപ്പെട്ടു പോകുന്ന ഒന്നായിരുന്നു അത്.

അവിഭക്ത പഞ്ചാബിലെ ദിവാന്‍ ബഹാദൂര്‍ എസ് പി സിംഘ എന്ന പ്രമുഖ ക്രിസ്ത്യന്‍ നേതാവിനെ അറിയാത്ത എന്‍റെ വായനക്കാര്‍ക്കു വേണ്ടി ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്താം. സിയാല്‍ക്കോട്ടിനടുത്ത പസ്റൂര്‍ എന്ന സ്ഥലത്തു നിന്നുള്ള സിംഘ പില്‍ക്കാലത്ത് ലാഹോറിലേക്ക് താമസം മാറ്റി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ രെജിസ്ട്രാര്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നിരുന്നു. 1937 ല്‍ പഞ്ചാബ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സിംഘ പാകിസ്ഥാന്‍ വാദത്തിന്‍റെ ഏറ്റവും ശക്തനായ വക്താക്കളില്‍ ഒരാളായി മാറുകയായിരുന്നു. പോരാത്തതിന് പഞ്ചാബ് അസംബ്ലി സ്പീക്കര്‍ എന്ന തന്‍റെ പദവി ഉപയോഗിച്ച് പറ്റാവുന്ന അവസരങ്ങളിലെല്ലാം പാകിസ്ഥാന്‍ സ്ഥാപനത്തിനായി ശക്തമായും വ്യക്തമായും പരിശ്രമിച്ചു.

അന്നത്തെ ഒരു പ്രത്യേക സാഹചര്യം ഇന്ന് ഈ നാട്ടില്‍ ജീവിക്കുന്ന നാമെല്ലാം അടിയന്തിരമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. ‘ഉലേമ’ ( മതപണ്ഡിതസഭ ) എന്നറിയപ്പെട്ടിരുന്നവരില്‍ പലരും പാക്കിസ്ഥാന്‍ എന്ന ആശയത്തെയും മുസ്ലീം ലീഗിനേയും, പ്രത്യേകിച്ച് ജിന്നയേയും സുവ്യക്തമായി എതിര്‍ത്തിരുന്ന സമയത്ത് ക്രിസ്ത്യന്‍ സമുദയ നേതാക്കള്‍ ശക്തമായി തന്നെ ഖ്വായിദ്-ഇ-ആസമിന്‍റെ ആശയത്തെ (പാകിസ്ഥാന്‍ ) പിന്തുണച്ചിരുന്നു എന്നതാണത്.

അഖിലേന്ത്യാ ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ 1942 ല്‍ പാകിസ്ഥാന്‍ സ്ഥാപകന് നിരുപാധികമായ പിന്തുണ ഉറപ്പു കൊടുത്തു. പഞ്ചാബിലെ ക്രൈസ്തവ സഭാ നേതാക്കള്‍ പാകിസ്ഥാന്‍ സങ്കല്‍പ്പത്തെ ശക്തമായി പിന്തുണയ്ക്കുകയും പാകിസ്ഥാന്‍ നിലവില്‍ വരുമ്പോള്‍ അങ്ങോട്ടേക്ക് നീങ്ങാന്‍ തങ്ങളുടെ സമുദായാംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജോഷ്വ ഫസ്ലുദ്ദീനെ പോലുള്ള ബുദ്ധിജീവികളില്‍ നിന്ന് പാകിസ്ഥാന്‍ രൂപീകരണത്തിനാവശ്യമായ ബൌദ്ധികമായ സഹായങ്ങളും കിട്ടി. പാകിസ്ഥാന്‍ ഭൂപ്രദേശം അതിന്‍റെ ചരിത്ര പ്രത്യേകതകള്‍ കൊണ്ടും മദ്ധ്യേഷ്യയുമായുള്ള ബന്ധങ്ങള്‍ കൊണ്ടും ഇന്‍ഡ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു പ്രത്യേക രാജ്യമാണെന്ന് പോലും ജോഷ്വ ഫസ്ലുദ്ദീന്‍ ഇങ്ക്വിലാബ് എന്ന ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിച്ചു. “ഈ ഭൂപ്രദേശത്തെ ഇന്‍ഡ്യയില്‍ നിന്ന് വേര്‍പെടുത്തണം, കാരണം അത് ദൈവ നിശ്ചയമാണ്” എന്നിങ്ങനെ വാദിച്ച ചൌധരി റെഹ്മത് അലിയുടെ (പാകിസ്ഥാന്‍ എന്ന പേര് കണ്ടെത്തിയ ആള്‍) ചിന്തകളോട് ഒത്തുപോകുന്നതാണ് തന്‍റെയും വീക്ഷണമെന്ന് ഫസ്ലുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

ചൌധരി ചന്ദു ലാല്‍, ഫസല്‍ ഇലാഹി, പത്രപ്രവര്‍ത്തകന്‍ എല്‍മര്‍ ചൌധരി (പാകിസ്ഥാന്‍ യുദ്ധവീരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സ്ക്വാഡ്രണ്‍ ലീഡര്‍ സെസില്‍ ചൌധരിയുടെ പിതാവ്) ബി‌എല്‍ റലിയ റാം എന്നിവരാണ് മറ്റു ചില ഉദാഹരണങ്ങള്‍. നേതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനും പാകിസ്ഥാന്‍ വാദത്തിന് ശക്തി പകരാനുമായി പഞ്ചാബിലെ ക്രൈസ്തവ സമൂഹം ജിന്നയ്ക്ക് ധാരാളം സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു. ല്യാല്‍പൂരിലെ (ഇന്നത്തെ ഫൈസലാബാദ്) കിങ്സ് ഗാര്‍ഡനില്‍ വച്ച് 1942 നവംബര്‍ 19 ന് ഒരു രാജകീയ സ്വീകരണം തന്നെ നല്കി. തൊട്ടടുത്ത ദിവസം ലോറംഗിലെ (ലാഹോര്‍) വലിയ ഹാളില്‍ വച്ച് മറ്റൊരു സ്വീകരണവും നല്കുകയുണ്ടായി. അതില്‍ മറ്റു പലരോടുമൊപ്പം മിസ്സ് ഫാത്തിമ ജിന്ന, സര്‍ സിക്കന്ദര്‍ ഹയത് നവാബ് മംദൂത് എന്നിവര്‍ പങ്കെടുത്തു. ആ അവസരത്തില്‍ ജിന്ന പറഞ്ഞു “നമ്മളോട് സഹകരിക്കാന്‍ കാണിച്ച നിങ്ങളുടെ സന്മനസ്സ് ഞങ്ങള്‍ ഒരിയ്ക്കലും മറക്കില്ല”

വീണ്ടും നമുക്ക് ദിവാന്‍ എസ് പി സിംഘയിലേക്കും അദ്ദേഹത്തിന്‍റെ ചരിത്രപരമായ പങ്കിലേക്കും തിരിച്ചു വരാം. മൌണ്ട്ബാറ്റന്‍റെ ജൂണ്‍ 3 പ്ലാനിനു പിന്നാലെ ഇന്‍ഡ്യയുടെ വിഭജനം പ്രഖ്യാപിച്ച സമയം, പഞ്ചാബിന്‍റെ വിഭജനത്തെ എതിര്‍ത്തു കൊണ്ട് ദിവാന്‍ സിംഘയും ക്രിസ്ത്യന്‍ സമുദായവും ആവശ്യപ്പെട്ടത് മുഴുവന്‍ പഞ്ചാബ് പ്രവിശ്യയും പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തണം എന്നാണ്. കോണ്‍ഗ്രസ്സിന് മുന്നറിയിപ്പു കൊടുത്തു കൊണ്ട് ജോഷ്വ ഫസ്ലുദ്ദീന്‍ പ്രസ്താവിച്ചത് പ്രവിശ്യയുടെ വിഭജനം വലിയ ആള്‍നാശത്തില്‍ കലാശിക്കും എന്നാണ്.

1947 ജൂണ്‍ 23 ന് പഞ്ചാബ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. അപ്പോഴും അവിഭക്തമായിരുന്ന പഞ്ചാബ് പ്രവിശ്യ ഇന്‍ഡ്യയുടെ ഭാഗമാകണോ അതോ പാകിസ്ഥാന്‍റെ ഭാഗമാകണോ എന്ന വിഷയം നിശ്ചയിക്കാനായിരുന്നു പ്രസ്തുത സമ്മേളനം. വോട്ടിങ്ങിന്‍റെ തലേദിവസം അസംബ്ലിയിലെ മൂന്ന് ക്രിസ്ത്യന്‍ അംഗങ്ങള്‍ ദിവാന്‍ സിംഘയുടെ ഡേവിസ് റോഡിലുള്ള വസതിയില്‍ സമ്മേളിക്കുകയും അവിഭക്ത പഞ്ചാബിനെ മുഴുവനായി പാകിസ്ഥാനില്‍ ലയിപ്പിക്കാന്‍ വേണ്ടി വോട്ടു ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. സമ്മേളന ദിവസം സിഖ് അകാലിദള്‍ പാര്‍ട്ടിയുടെ നേതാവ് മാസ്റ്റര്‍ താരാ സിങ്ങ് പഞ്ചാബ് അസംബ്ലി മന്ദിരത്തിന്‍റെ പടിക്കെട്ടില്‍ ഊരിപ്പിടിച്ച കൃപാണുമായി നിന്നു കൊണ്ട് പഞ്ചാബിനെ പാകിസ്ഥാനില്‍ ലയിപ്പിക്കാന്‍ വോട്ടു ചെയ്യുന്ന ഒരാളിനെയും വെറുതേ വിടില്ല എന്ന് ആക്രോശിക്കുകയുണ്ടായി. പടികയറി മുകളിലേക്ക് വരികയായിരുന്ന ദിവാന്‍ ബഹാദൂര്‍ സിംഘ ആയുധധാരിയായ സിഖ് നേതാവിനെ നേരിടുകയും താന്‍ പാകിസ്ഥാന് അനുകൂലമായി വോട്ടു ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അകാലി നേതാവിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് കാണട്ടെ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. അവിടെ ഒരു പിടിവലി ഉണ്ടായെങ്കിലും, മറ്റുള്ളവര്‍ ഇടപെട്ട് അക്രമം ഒഴിവാക്കുകയുമായിരുന്നു.

വോട്ടെടുപ്പില്‍ പഞ്ചാബ് ഇന്‍ഡ്യയോട് ചേരുന്നതിന് അനുകൂലമായി 88 വോട്ട് കിട്ടിയപ്പോള്‍ പാകിസ്ഥാനോട് ചേരുന്നതിന് അനുകൂലമായി 91 വോട്ടുകള്‍ കിട്ടി. ഈ നേരിയ ഭൂരിപക്ഷം കൊടുത്ത മൂന്നു വോട്ടുകള്‍ (യഥാര്‍ത്ഥത്തില്‍ അവ നാല് വോട്ടുകള്‍ ഉണ്ടായിരുന്നു) സഭയിലെ മൂന്ന് ക്രിസ്ത്യന്‍ അംഗങ്ങളുടേതായിരുന്നു. ദിവാന്‍ ബഹാദൂര്‍ സിംഘ, മിസ്റ്റര്‍ സെസില്‍ ഗിബ്ബണ്‍, മിസ്റ്റര്‍ ഫസല്‍ ഇലാഹി എന്നിവരായിരുന്നു അവര്‍. അസംബ്ലി സ്പീക്കര്‍ എന്ന നിലയ്ക്കുള്ള സിംഘയുടെ അധിക വോട്ടും പാകിസ്ഥാന് അനുകൂലമായി പെട്ടിയില്‍ വീണു.

പഞ്ചാബ് പാകിസ്ഥാന്‍റെ ഭാഗമാകുമെന്ന് അങ്ങനെ തീരുമാനിക്കപ്പെട്ടു.

അതുകഴിഞ്ഞ് പഞ്ചാബിന്‍റെ തന്നെ വിഭജനം – ഭാരത വിഭജനമെന്ന വന്‍ ദുരന്തം – മുന്നിലേക്ക് വന്നു. ബൌണ്ടറി കമ്മീഷന്‍റെ (അതിര്‍ത്തി നിര്‍ണ്ണയ സമിതി) പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ സിംഘയുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ അവരുടെ മൊഴികള്‍ രേഖപ്പെടുത്തി. അതിര്‍ത്തി നിര്‍ണ്ണയത്തിന്‍റെ ആവശ്യത്തിനായി ക്രൈസ്തവ സമൂഹത്തെ മുഴുവനായും മുസ്ലീങ്ങളോടൊപ്പം എന്നല്ല ഒരുപടികൂടി കടന്ന് മുസ്ലീങ്ങളായി തന്നെ രേഖപ്പെടുത്തണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.

ചൌധരി ചന്ദു ലാല്‍, ക്രൈസ്തവ സമൂഹത്തിന്‍റെ നിയമോപദേശകനായി പ്രവര്‍ത്തിക്കുകയും പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്ന് പ്രമേയങ്ങള്‍ പാസ്സാക്കിയെടുക്കുകയും ചെയ്തു. തങ്ങള്‍ക്ക് പാകിസ്ഥാനില്‍ ചേരാനാണ് താല്‍പ്പര്യം എന്നതായിരുന്നു ആ പ്രമേയങ്ങള്‍. മിസ്റ്റര്‍ സെസില്‍ ഗിബ്ബണ്‍, ബൌണ്ടറി കമ്മീഷന്‍റെ മുമ്പാകെ ഹാജരായി ലാഹോര്‍ നഗരത്തെ പശ്ചിമ പഞ്ചാബിന്‍റെ ഭാഗമായി കണക്കാക്കണം എന്നാവശ്യപ്പെട്ടു. (ഈ നഗരത്തിന്‍റെ ഭാവിയെ പറ്റി ഇങ്ങനെ ഒരു വിഷയം നിലനിന്നിരുന്നോ എന്നകാര്യത്തില്‍ ഇപ്പോള്‍ ഇത് വായിക്കുന്ന ചില വായനക്കാര്‍ക്കെങ്കിലും സംശയമുണ്ടായേക്കാം. അതെ, അങ്ങനെ ഒരു വിഷയവും ഉണ്ടായിരുന്നു !) പഞ്ചാബിലുള്ള എല്ലാ ആംഗ്ലോ ഇന്‍ഡ്യന്‍ ക്രിസ്ത്യാനികളെയും പാകിസ്ഥാനിലേക്ക് കൊണ്ടു പോകണമെന്നും ഗിബ്ബണ്‍ പ്രത്യേകമായി ആവശ്യപ്പെട്ടു.

സ്വാതന്ത്യ്രത്തിന് തൊട്ടു പുറകേ റാഡ്ക്ലിഫ്ഫ് അവാര്‍ഡ് എന്നറിയപ്പെടുന്ന വിഭജന രൂപരേഖ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ആദ്യ ശബ്ദങ്ങളില്‍ ഒന്ന് ദിവാന്‍ ബഹാദൂര്‍ സിംഘയുടേതായിരുന്നു. പാകിസ്ഥാന്‍റെ സാമ്പത്തിക രംഗത്തെ തകര്‍ക്കാനും ഇന്‍ഡ്യയുടെ കാശ്മീര്‍ അധിനിവേശത്തിന് അവസരമൊരുക്കാനും വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ഒന്നാണത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

ക്രൈസ്തവര്‍ വ്യക്തമായും പാകിസ്ഥാനെയാണ് പിന്തുണച്ചത്. ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഹിന്ദു സമൂഹത്തേക്കാള്‍ ഒരു മുസ്ലീം സമൂഹമായിരിക്കും തങ്ങളുടെ നേരെ കൂടുതല്‍ മതേതര സമീപനം സ്വീകരിക്കുക എന്നതായിരുന്നു അവരുടെ ഉറച്ച വിശ്വാസം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പാകിസ്ഥാനായിരിക്കും കൂടുതല്‍ പരിഗണന എന്നായിരുന്നു അവര്‍ ചിന്തിച്ചത്.

എന്നാല്‍ അതിന്‍റെ മറുവശമോ ? 1947 ആഗസ്റ്റില്‍ പുതിയ പശ്ചിമ പഞ്ചാബ് അസംബ്ലിയുടെ ആദ്യത്തെ സ്പീക്കറായി ദിവാന്‍ ബഹാദൂര്‍ സിംഘ പദവി ഏറ്റെടുത്തു. വളരെ നല്ല നിലയ്ക്ക് തന്നെ അദ്ദേഹം ആ പദവി വഹിച്ചു. എന്നാല്‍ 1949 ലെ ഒബ്ജെക്ടീവ്സ് പ്രമേയം പാസ്സായതിനെ തുടര്‍ന്ന് അദ്ദേഹം പദവിയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നു. കാരണം അപ്പോഴേക്കും മുസ്ലീം സഭയില്‍ ഒരു അമുസ്ലീം ആദ്ധ്യക്ഷ്യം വഹിക്കുന്നത് ശരിയല്ല എന്നൊരു ചിന്ത വളര്‍ന്നു വന്നിരുന്നു.

ഇന്നോ? അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികളുടെ നില ഒരല്‍പ്പം പോലും ഉയര്‍ന്നിട്ടില്ല. ഹിന്ദുക്കളുടെ ഒപ്പം കൂടിയാല്‍ ഉണ്ടാവുമെന്ന് അവര്‍ ഭയപ്പെട്ടിരുന്ന അതേ വിവേചനവും നിയന്ത്രണങ്ങളും അവര്‍ നേരിടുന്നു. തൊഴില്‍ രംഗത്തും ബിസിനസ്സിലും വിവേചനം നേരിട്ടിട്ടോ, അത് ഭയപ്പെട്ടിട്ടോ കൂടുതല്‍ വിദ്യാ സമ്പന്നരായ ഗോവക്കാരും ആംഗ്ലോ ഇന്‍ഡ്യക്കാരും രാജ്യത്തിന് പുറത്തേക്ക് ചോര്‍ന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. അങ്ങനെ സവിശേഷമായ ഒരു സംസ്ക്കാരധാര നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.

കൂടുതല്‍ മോശപ്പെട്ട്, ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ആക്രമങ്ങള്‍ നിത്യ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. പള്ളികള്‍ ആക്രമിക്കപ്പെടുന്നു. ക്രൈസ്തവ ഭവനങ്ങള്‍ തീവയ്ക്കപ്പെടുന്നു. നിരപരാധികളെ ഉപദ്രവിക്കുന്നു. ദിവാന്‍ ബഹാദൂര്‍ സിംഘ ഏത് പ്രവിശ്യയെയാണോ പാകിസ്ഥാന്‍റെ ഭാഗമാക്കാന്‍ പരിശ്രമിച്ചത് ഇന്ന് അതേ പഞ്ചാബിലാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ബഹുഭൂരിപക്ഷവും നടക്കുന്നത് എന്നത് ചരിത്രത്തിന്‍റെ വൈചിത്ര്യമാകാം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here