ഫാത്തിമ ലത്തീഫ് ദുരന്ത വാര്‍ത്തയുടെ മറുപുറം; വാദങ്ങളും വൈരുദ്ധ്യങ്ങളും

0

ദുരന്ത വാര്‍ത്ത
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു ദു:ഖ വാര്‍ത്തയ്ക്ക് നമ്മള്‍ സാക്ഷികളായത്. മദ്രാസ് ഐ ഐ ടി യിലെ ഹോസ്റ്റല്‍ റൂമില്‍ വിദ്യാര്‍ഥിനിയായ ഫാത്തിമ ലത്തീഫ് തൂങ്ങി മരിച്ചു നില്‍ക്കുന്നതായി കണ്ടെത്തപ്പെട്ടത് നവംബര്‍ 9 ശനിയാഴ്ചയായിരുന്നു. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (എച്ച്‌എസ്‌എസ്) ഡിപ്പാര്‍ട്ട്മെന്‍റിലെ ഇന്‍റഗ്രേറ്റഡ് എം എ കോഴ്സില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ഫാത്തിമ വളരെ സമര്‍ത്ഥയായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഈ വര്‍ഷം ജൂലൈ മാസത്തില്‍ കോഴ്സിനു ചേര്‍ന്ന ഫാത്തിമ പഠനത്തില്‍ ഇതുവരെയും ക്ലാസ്സില്‍ ഒന്നാമതായിരുന്നു. സരയൂ എന്ന ഹോസ്റ്റലിലെ സ്റ്റാഫില്‍ പലരും ഫാത്തിമയെ വളരെ വിഷമാവസ്ഥയില്‍ കണ്ടിട്ടുള്ളതായും, മരണപ്പെടുന്നതിന് തലേ ദിവസം കഫറ്റേറിയയില്‍ കരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുടുംബത്തിന്‍റെ പ്രസ്താവനയും മീഡിയ റിപ്പോര്‍ട്ടുകളും
ഫാത്തിമയുടെ അച്ഛന്‍ അബ്ദുള്‍ ലത്തീഫ് ഗള്‍ഫില്‍ ഉദ്യോഗസ്ഥനാണ്. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഫാത്തിമയും കുടുംബവും അവിടെയായിരുന്നു. ദു:ഖവാര്‍ത്ത അറിഞ്ഞയുടനെ അദ്ദേഹം സ്വദേശമായ കൊല്ലത്ത് എത്തിച്ചേരുകയും താമസിയാതെ നവമ്പര്‍ 12 ന് ചൊവ്വാഴ്ച പത്രക്കാരെ കാണുകയുമുണ്ടായി. അദ്ദേഹം അന്ന് മാതൃഭൂമി പത്രത്തിന്‍റെ പ്രതിനിധിയോട് പറഞ്ഞതനുസരിച്ച് മരണ വര്‍ത്തയറിഞ്ഞയുടനെ ഫാത്തിമയുടെ ഇരട്ട സഹോദരിയായ അയിഷ, കുട്ടികളുടെ അമ്മാവന്‍, കൊല്ലം മേയര്‍ എന്നിവരും ഡി‌വൈ‌എഫ്‌ഐയുടെ ലോക്കല്‍ നേതാക്കളായ രണ്ടുപേരും ഉള്‍പ്പെടുന്ന ചെറു സംഘം ചെന്നൈയിലെ പോലീസ് സ്റ്റേഷനിലേക്ക് പോകുകയും മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു എന്നാണ്. ആ സമയത്ത് ഫാത്തിമയുടെ അച്ഛന് നാട്ടില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അവരോടൊപ്പം ചെന്നൈയിലേക്ക് പോകാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഫാത്തിമയുടെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, പോലീസ് സ്റ്റേഷനില്‍ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഫാത്തിമയുടെ ഫോണ്‍ സഹോദരി അയിഷ കണ്ടെടുക്കുകയായിരുന്നു. അതിന് പാസ്സ്വേര്‍ഡ് ലോക്ക് ഉണ്ടായിരുന്നില്ലെന്നും, അതിന്‍റെ വാള്‍ പേപ്പറില്‍ തന്നെ തന്‍റെ മരണത്തിന് ഉത്തരവാദി ഡോ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് പറയുന്ന ഫാത്തിമയുടെ ഒരു മെസ്സേജ് ഉണ്ടായിരുന്നു എന്നും അയിഷ പിന്നീട് പത്രക്കാരോട് പറയുകയുണ്ടായി. ആ ഫോണില്‍ വേറെയും കൂടുതല്‍ മെസ്സേജുകള്‍ ഉണ്ടായിരുന്നു. എച്ച്‌എസ്‌എസ് ഡിപ്പാര്‍ട്ട്മെന്‍റിലെ വേറെ രണ്ടു പ്രൊഫസര്‍മാരായ ഡോ മിലിന്ദ് ബ്രാഹ്മെ, ഹേമചന്ദ്ര കാര എന്നിവര്‍ക്കും ഫാത്തിമയുടെ മരണത്തില്‍ പങ്കുണ്ട് എന്നാണ് അവയില്‍ നിന്നും മനസ്സിലാവുന്നത്. ശ്രീ അബ്ദുള്‍ പറയുകയുണ്ടായി. മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ആ മെസ്സേജുകളുടെ ചിത്രങ്ങള്‍ അനുസരിച്ച് അവ തയ്യാറാക്കിയിരിക്കുന്നത് സാംസങ് നോട്ട്സ് എന്ന ആപ്പ് ഉപയോഗിച്ചാണ്. മെസ്സേജുകള്‍ എഴുതിയ തീയതി നവമ്പര്‍ 8 വെള്ളിയാഴ്ച.

വളരെ സമര്‍ത്ഥയായ ഒരു വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയെ ഈ പ്രൊഫസര്‍മാര്‍ തുടര്‍ച്ചയായി മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്നും ആയിഷയും അബ്ദുള്‍ ലത്തീഫും മാദ്ധ്യമങ്ങളെ അറിയിയ്ക്കുകയുണ്ടായി. അതില്‍ മതപരവും മറ്റുമായ പല പരിഗണനകളും ഉണ്ടായിരുന്നു. ഫാത്തിമയോടും അവളുടെ ക്ലാസിലെ മറ്റു കുട്ടികളോടുമുള്ള ഈ അദ്ധ്യാപകരുടെ പരുക്കന്‍ പെരുമാറ്റത്തെ കുറിച്ച് ഫാത്തിമ അറിയിച്ചിരുന്നതും അവര്‍ എടുത്തു പറഞ്ഞു. ഫാത്തിമയുടെത് ആത്മഹത്യ തന്നെയാണോ അതോ കൊലപാതകമോ എന്ന സംശയവും കുട്ടിയുടെ അച്ഛന്‍ പത്ര സമ്മേളനത്തില്‍ പ്രകടിപ്പിച്ചു. കാരണം ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തിലുള്ള ഇന്‍സ്റ്റിട്യൂഷന്‍ അധികാരികളുടെ പ്രതികരണങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ആവശ്യപ്പെടുന്നവയാണ്.

പോലീസ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍
ഫാത്തിമയുടെ ഫോണ്‍ കണ്ടെടുക്കപ്പെട്ടതിനും അതിലെ സന്ദേശങ്ങള്‍ കണ്ടെത്തിയതിനും തൊട്ടു പിന്നാലെ ഫോണ്‍ പോലീസിന് കൈമാറി എന്നാണ് പല മദ്ധ്യമങ്ങളിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നാല്‍ അയിഷ കണ്ടെത്തിയ സന്ദേശങ്ങള്‍ ചെന്നൈ പോലീസിനെ കാണിച്ചിരുന്നു എന്ന ഫാത്തിമയുടെ കുടുംബത്തിന്‍റെ പ്രസ്താവനയെ കുറിച്ച് ഔദ്യോഗികവും വിശ്വസനീയവുമായ ഒരു സ്ഥിരീകരണവും ഇതുവരെ കിട്ടിയിട്ടില്ല. ഇത് എടുത്തു പറയേണ്ട സംഗതിയാണ്. ഫാത്തിമയുടെ സഹോദരി അയിഷ ചെന്നൈ പോലീസിന്‍റെ അനുവാദത്തോടെ ഫോണ്‍ കൊണ്ടു പോകുകയും ഒന്നോ രണ്ടോ ദിവസത്തിനു ശേഷം തിരികെ ഏല്‍പ്പിക്കുകയുമായിരുന്നു. ഒരു വാര്‍ത്താ സ്രോതസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് എന്ന് പറയപ്പെടുന്ന സന്ദേശം പോലീസിനോട് പറഞ്ഞിരുന്നില്ല. അതിനു പകരം സ്വന്തം നിലയ്ക്ക് കൊല്ലത്ത് നവമ്പര്‍ 12 ന് പത്ര സമ്മേളനം വിളിച്ചു കൂട്ടുകയും തങ്ങള്‍ കണ്ടെടുത്തു എന്നവകാശപ്പെട്ട തെളിവ് പത്രക്കാരോട് വിളിച്ചു പറയുകയുമായിരുന്നു അയിഷയും കുടുംബവും യഥാര്‍ത്ഥത്തില്‍ ചെയ്തത്.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രെസില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് (നവമ്പര്‍ 13, ബുധനാഴ്ച) അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് “ഫാത്തിമയുടെ ഫോണ്‍ ആരും പരിശോധിച്ചിട്ടില്ല. നവമ്പര്‍ 14 ന് ഫാത്തിമയുടെ അച്ഛന്‍ ചെന്നൈയില്‍ എത്തിയ ശേഷമേ അത് ഫോറന്‍സിക് പരിശോധനയ്ക്കായി തുറക്കുകയുള്ളൂ” എന്നാണ്. ആ ഫോണില്‍ പോലീസ് എന്തെങ്കിലും മെസ്സേജ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന വ്യക്തമായ ഉത്തരമാണ് അദ്ദേഹം കൊടുത്തത്. ഇക്കാര്യത്തെ ചൊല്ലി മാദ്ധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമയുടെ ആത്മഹത്യ കുറിപ്പിന്‍റെ സ്ക്രീന്‍ ഷോട്ട് എന്ന നിലയ്ക്ക് മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം വ്യാജമാണ് എന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്‍റെ വാദങ്ങള്‍ക്ക് വിരുദ്ധമായി ഫാത്തിമയ്ക്ക് അവളുടെ അക്കാദമിക് നിലവാരത്തെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നതായി തങ്ങള്‍ക്ക് സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന കാര്യവും പോലീസ് സൂചിപ്പിക്കുകയുണ്ടായി. ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസ് നവമ്പര്‍ 15 ന് ഫോണ്‍ കൊടുക്കുകയും ചെയ്തു.

വൈരുദ്ധ്യങ്ങളും അവയുടെ ബാക്കിപത്രവും
ഫാത്തിമയുടെ കുടുംബം മദ്ധ്യമങ്ങളോട് നടത്തിയ പ്രസ്താവനകള്‍ കേസന്വേഷിക്കുന്ന പോലീസിന്‍റെ പിന്നീടുള്ള പ്രസ്താവനകള്‍ക്ക് വിരുദ്ധമായിരുന്നു എന്നു മാത്രമല്ല, പലതും തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് നടത്തിയ വെറും ആരോപണങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഉണ്ടെന്ന് പറയപ്പെട്ട ആ തെളിവുകള്‍ പോലീസ് നിഷേധിക്കുകയുമുണ്ടായി. എന്നാല്‍ നിര്‍ണ്ണായകമായ ഈ വൈരുദ്ധ്യങ്ങള്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ നിലപാടുകളില്‍ മാറ്റം വരുത്തിക്കാന്‍ പര്യാപ്തമായില്ല. പകരം രാഷ്ട്രീയക്കാരും സാമൂഹ്യമാദ്ധ്യമങ്ങളും ഈ ആരോപണങ്ങളെല്ലാം വലിയ വായില്‍ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ദിവസങ്ങള്‍ക്കുള്ളില്‍ ഫാത്തിമയുടെ കുടുംബം പേരെടുത്തു പറഞ്ഞ മൂന്നു പ്രൊഫസര്‍മാരെയും പറ്റി പ്രത്യേകിച്ചും ഡോ സുദര്‍ശന്‍ പത്മനാഭനെ കുറിച്ച് തെറ്റായ ആരോപണങ്ങളും, വിവരണങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിറഞ്ഞു. ഈ ആരോപണങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന് വധഭീഷണി പോലും നേരിടേണ്ടി വന്നു എന്ന് അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. സുദര്‍ശനോടൊപ്പം മറ്റു രണ്ടു പ്രൊഫസര്‍മാരുടെ കാര്യത്തിലും വലിയ സ്വഭാവഹത്യ ചെയ്യുന്നതിന് തുല്യമായിരുന്നു ഈ കോലാഹലം. അതില്‍ ഒരാളാകട്ടെ ഭിന്നശേഷിക്കാരനുമാണ്.

ലത്തീഫ് കുടുംബത്തിന് കുറേയൊക്കെ രാഷ്ട്രീയ സ്വാധീനം ഇല്ലേ എന്ന് ജനങ്ങള്‍ സ്വഭാവികമായും സംശയിച്ചേക്കാം. കാരണം തങ്ങളുടെ മകളുടെ മരണത്തെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുടെയും മുന്നില്‍ എത്തിക്കാന് അവര്‍ക്ക് കഴിഞ്ഞു. തെളിവുകളുടെ കാര്യത്തില്‍ ഔദ്യോഗികമോ അല്ലാത്തതോ ആയ സ്ഥിരീകരണം ഇല്ലാത്തപ്പോഴും അവരുടെ ആരോപണങ്ങള്‍ അസാധാരണമാം വിധം ഉറച്ചതും ശക്തവുമായിരുന്നു. നവമ്പര്‍ 15 ശനിയാഴ്ച വരെ ആത്മഹത്യാ കുറിപ്പ് പോലീസിന് കിട്ടിയിട്ടില്ല, ഫോറന്‍സിക് വകുപ്പിന്‍റെ കൈയ്യിലാണ് തെളിവുകള്‍.

കാര്യങ്ങള്‍ എന്തായാലും, രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും യാതൊരു ഔചിത്യബോധവുമില്ലാതെ, കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു കഴിഞ്ഞു എന്ന മട്ടില്‍ തങ്ങളുടെ ആരോപണങ്ങള്‍ നിര്‍ലോഭം പ്രചരിപ്പിക്കുകയിരുന്നു. രണ്ടു സംസ്ഥാനങ്ങളിലെയും ഇടതു ചായ് വുള്ള രാഷ്ട്രീയക്കാരും സ്ഥാപിത താല്‍പ്പര്യങ്ങളുള്ള മാദ്ധ്യമങ്ങളും ഒരു മുസ്ലീം വിദ്യാര്‍ഥിയുടെ നേര്‍ക്ക് കാണിച്ച മതവിവേചനത്തിന്‍റെ വിഷയമാണ് എന്ന നിലയ്ക്ക് ഇതിനെ ചാപ്പകുത്താന്‍ ഒട്ടും അമാന്തിച്ചില്ല. ഇതിലെ അദ്ധ്യാപകര്‍ എല്ലാരും ജാതി ഹിന്ദുക്കള്‍ ആണ് എന്നത് ഈ നിലപാടിന് ഒന്നുകൂടി ആക്കം കൂട്ടി.

സന്തുലിതമായ വിലയിരുത്തല്‍

ഡോ സുദര്‍ശന്‍ പത്മനാഭന്‍
ഈ അവസരം മുതലെടുത്ത് സ്വന്തം അജണ്ടകള്‍ നടപ്പാക്കാനായി രാഷ്ട്രീയക്കാരും മതസംഘടനകളും ഉയര്‍ത്തി വിട്ട ഈ കോലാഹലങ്ങള്‍ക്കിടയില്‍ ചോദിക്കപ്പെടാതെ പോയ നിരവധി ചോദ്യങ്ങളുണ്ട്. ദിവസങ്ങള്‍ കടന്നു പോകും തോറും ആ ചോദ്യങ്ങള്‍ കൂടുതല്‍ ശക്തവും വ്യക്തവുമാവുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തിരവുമായ ചോദ്യങ്ങള്‍ ഈ പ്രശ്നത്തില്‍ കുറ്റാരോപിതനായ ഡോ സുദര്‍ശന്‍ പത്മനാഭന്‍റെയും തൊട്ടുപിന്നില്‍ നില്‍ക്കുന്ന മറ്റു രണ്ട് അദ്ധ്യാപകരുടേയും വ്യക്തിത്വങ്ങളെ കുറിച്ചുള്ളതാണ്.

ഇതെഴുതുന്ന ആളിന് പല ഐ‌ഐ‌ടി കുടുംബങ്ങളോടും ജീവനക്കാരോടും ഡോ പത്മനാഭനെ കുറിച്ച് സംസാരിക്കാനുള്ള അവസരമുണ്ടായി. അദ്ദേഹം എച്ച്‌എസ്‌എസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഫിലോസഫിയുടെ അസോസിയേറ്റ് പ്രൊഫസര്‍ ആണ്. അദ്ദേഹത്തിന്‍റെ കുടുംബവുമായും ഇക്കാര്യം സംസാരിക്കാന്‍ നമുക്ക് അവസരം ഉണ്ടായി. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നല്കിയിട്ടുള്ള വലിയ സംഭാവനകള്‍ ഡോ പത്മനാഭന് ബഹുമാന്യതയും സല്‍പ്പേരുമാണ് ഇതുവരെ നേടിക്കൊടുത്തിട്ടുള്ളത്. പക്വമതിയും, വിവേചന ശീലമുള്ളവനും കാര്യങ്ങള്‍ നല്ല രീതിയില്‍ മാനേജ് ചെയ്യാന്‍ കഴിവുള്ളവനുമായിട്ടാണ് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ കാണുന്നത്. ഫിലോസഫിയില്‍ രണ്ട് പി എച്ച് ഡി ഉള്ള ഡോ പത്മനാഭന്‍ നല്ലൊരു കര്‍ണ്ണാടക സംഗീതജ്നന്‍ കൂടിയാണ്. ഈ വിഷയത്തില്‍ ആരോപണ വിധേയരായ തന്‍റെ രണ്ടു സഹപ്രവര്‍ത്തകരെ പോലെ പത്മനാഭനും ബൌദ്ധിക ഇടപെടലുകളില്‍ ലിബറലും പുരോഗമന ചിന്താഗതിയുള്ളവനുമാണ്. ഡോ പത്മനാഭനെ നന്നായി അറിയുന്ന ആരും തന്നെ അദ്ദേഹത്തിന്‍റെ നേരെ തൊടുത്തുവിട്ട ‘ബ്രാഹ്മണ മേധാവിത്ത ചിന്താഗതി’ ആരോപണം കേട്ട് അത്ഭുതപ്പെടാതിരുന്നു കാണില്ല. ഇതുതന്നെയാണ് മറ്റു രണ്ടു പ്രൊഫസര്‍മാരുടെ കാര്യവും. ഉദാഹരണത്തിന് എച്ച്‌എസ്‌എസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ സാഹിത്യ – ഭാഷാ താരതമ്യ വിഷയം പഠിപ്പിക്കുന്ന ഡോ മിലിന്ദ് ബ്രഹ്മെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തന്‍റെ പി എച്ച് ഡി എടുത്തിട്ടുള്ളത്. കൂടാതെ ഐ‌ഐ‌ടി യിലെ പ്രശസ്ത പുരോഗമന വിദ്യാര്‍ഥി ഗ്രൂപ്പായ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്‍റെ അദ്ധ്യാപക ഉപദേഷ്ടാവും കൂടിയാണ് അദ്ദേഹം.

ഫാത്തിമ ലത്തീഫ്
ഇക്കഴിഞ്ഞ ജൂലൈയില്‍ മാത്രമാണ് ഫാത്തിമ ഡിഗ്രി പ്രോഗ്രാമിന് ചേര്‍ന്നത്. അതായത് അവള്‍ നാലു മാസം മാത്രമാണ് ഐ‌ഐ‌ടി മദ്രാസ് ക്യാമ്പസില്‍ ഉണ്ടായിരുന്നത്. മിക്കപ്പോഴും തന്നില്‍ ഒതുങ്ങി കൂടിയ പ്രകൃതമായിരുന്നു അവള്‍ക്ക്. ക്ലാസ്സില്‍ ഒന്നാമതെത്തുന്ന ഒരു പെണ്‍ കുട്ടിയായിട്ടാണ് കൂട്ടുകാര്‍ അവളെപ്പറ്റി ഓര്‍ക്കുന്നത്. ഒരു ഹോസ്റ്റല്‍ സഹപാഠി പറഞ്ഞത് ഫാത്തിമക്ക് ദിവസവും പല പ്രാവശ്യം വീട്ടിലേക്ക് വിളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു എന്നാണ്. പലപ്പോഴും ഫോണില്‍ കരയുന്നതും കണ്ടിട്ടുണ്ട്. ഗൃഹാതുരത്വം കൊണ്ടാവുമെന്നാണ് മറ്റുള്ളവര്‍ വിശ്വസിച്ചിരുന്നത്. ഇന്‍റെഗ്രേറ്റഡ് എം എ ക്ലാസ്സിന്‍റെ ആദ്യ സെമസ്റ്ററില്‍ ലോജിക് എച്ച്‌എസ് 1070 എന്ന കോഴ്സാണ് ഡോ പത്മനാഭന്‍ പഠിപ്പിച്ചിരുന്നത്. തന്‍റെ ക്ലാസ്സില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുമായിരുന്ന ബുദ്ധിമതിയായ ഒരു വിദ്യാര്‍ഥിനിയായിട്ട് ഫാത്തിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു എന്നറിവുണ്ട്. അവള്‍ തന്‍റെ പ്രെസെന്‍റേഷനുകളിലും മിടുക്കിയായിരുന്നു. ഗ്രേഡിങ്ങുകളില്‍ പ്രെസെന്‍റേഷനുകള്‍ക്കും, ക്ലാസിലെ പങ്കാളിത്തത്തിനും, എക്സാമിനും, അസ്സൈന്‍മെന്‍റുകള്‍ക്കും എല്ലാം പ്രാധാന്യമുണ്ട്.

ക്ലാസ്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ക്ലാസ് പ്രതിനിധി വഴി വിനിമയം ചെയ്യുന്നതാണ് എച്ച്‌എസ്‌എസ് ഡിപ്പാര്‍ട്ടുമെന്‍റിലെ കീഴ്വഴക്കം. ക്ലാസ്സിന്‍റെ ആവശ്യങ്ങളും അതേ ചാനലിലൂടെയാണ് കൈമാറുക. ദുരന്തത്തിന്‍റെ തലേ ദിവസം ഫാത്തിമയും ഡോ പത്മനാഭനും തമ്മില്‍ ഇമെയില്‍ വിനിമയം ഉണ്ടായിട്ടുണ്ട്. അതില്‍ ഫാത്തിമ തന്‍റെ ഒരു ഉത്തരക്കടലാസ് പുന:പരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെടുകയുണ്ടായി. പുന:പരിശോധനയില്‍ തനിക്ക് അഞ്ചു മാര്‍ക്ക് കൂടുതല്‍ കിട്ടും എന്ന വിശ്വസം ഫാത്തിമയ്ക്കുണ്ടായിരുന്നു. ഇത് അവളെ ക്ലാസ്സിലെ ഒന്നാം സ്ഥാനത്ത് എത്തിക്കുമായിരുന്നു. കാരണം ക്ലാസില്‍ കൂടുതല്‍ പേരും 20 ല്‍ 14 – 15 മാര്‍ക്കാണ് നേടിയിരുന്നത്. മറുപടി ഇമെയിലില്‍ അവളുടെ അപേക്ഷ അനുവദിക്കുകയാണ് അദ്ധ്യാപകന്‍ ചെയ്തത്. ഈയൊരു ഈമെയില്‍ വിനിമയമല്ലാതെ ഫാത്തിമയുമായി ക്ലാസ്സിനു പുറത്ത് മറ്റൊരു ആശയ വിനിമയവുമുണ്ടായിട്ടില്ല എന്നാണ് ഡോ പത്മനാഭന്‍ പറയുന്നത്. കുറച്ചു മാസങ്ങള്‍ മാത്രം പഠിപ്പിച്ചിട്ടുള്ള തനിക്ക് ഇതിനിടയ്ക്ക് ഒരിയ്ക്കലും ഫാത്തിമയോട് ഒരു നെഗറ്റീവ് സംഭാഷണം ഉണ്ടായിട്ടേയില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

എക്സാമിനേഷനു മുമ്പു തന്നെ ചോദ്യപേപ്പറുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാറാണ് ഡോ പത്മനാഭന്‍റെ പതിവ്. പരീക്ഷയെ പറ്റിയുള്ള പേടി ഒഴിവാക്കാനായിരുന്നു ഇത്. കൂടാതെ പ്രത്യേക പരീക്ഷകളും അസൈന്‍മെന്‍റുകളും കൊടുത്ത് ഫൈനല്‍ സ്കോര്‍ കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് ധാരാളം അവസരം ഉണ്ടാക്കി കൊടുക്കുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി. അതനുസരിച്ച് മിഡ് ടേം ലോജിക് എക്സാമിന്‍റെ ചോദ്യപേപ്പര്‍ ഇത്തവണയും വിതരണം ചെയ്തു. ടെക്സ്റ്റ് ബുക്കിലെ ആദ്യ നാല് അദ്ധ്യായങ്ങളില്‍ പഠിപ്പിച്ച ആശയങ്ങള്‍ ഉപയോഗിച്ച് ഉത്തരമെഴുതേണ്ടവയായിരുന്നു പരീക്ഷാ ചോദ്യങ്ങള്‍. മൂല്യനിര്‍ണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്ത ശേഷം നവമ്പര്‍ 8 നു വൈകുന്നേരം 6:12 ന് ഫാത്തിമയില്‍ നിന്ന് ഒരു ഇമെയില്‍ അദ്ദേഹത്തിന് കിട്ടിയിരുന്നു. ഉത്തരക്കടലാസ് പുന:പരിശോധന ചെയ്യണം എന്നാവശ്യപ്പെടുന്നതായിരുന്നു ആ ഇമെയില്‍. ഡോ പത്മനാഭന്‍ രാത്രി 8:25 ന് അത് വായിക്കുകയും സമ്മതമറിയിച്ച് മറുപടി അയയ്ക്കുകയുമായിരുന്നു.

യഥാര്‍ത്ഥ നീതി
ഇവിടെ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ നിന്ന് പൊതുവേ ബോദ്ധ്യമാവുന്ന ഒരു കാര്യം, ദുരന്ത വാര്‍ത്തയ്ക്കു പുറകേ പ്രചരിച്ച ആരോപണങ്ങള്‍ക്ക് പലതിനും യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. അധികാരികളുടെ മുമ്പില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കാട്ടുതീ പോലെ പ്രചരിച്ചതിനു പിന്നില്‍ ഇടതു ചായ് വുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും, ചില മത സംഘടനകളുടേയും അമിതാവേശം ആണ് പ്രവര്‍ത്തിച്ചത്. ഐ‌ഐ‌ടി പോലെ കുറേക്കാലമായി ബ്രാഹ്മണ ആധിപത്യം നിലനില്‍ക്കുന്നത് എന്ന ആരോപണം നേരിട്ടിട്ടുള്ള ഒരു സ്ഥാപനത്തെക്കുറിച്ച് ‘മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഹിന്ദുക്കളുടെ മതവിവേചനം’ നടക്കുന്നിടം എന്നുകൂടി ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ബ്രാഹ്മണാധിപത്യത്തെക്കുറിച്ചുള്ള ആരോപണം നേരിട്ട മൂന്നു അദ്ധ്യാപകരും അത്തരക്കാരല്ല എന്ന വസ്തുത തെളിയിക്കുന്നത് ഈ പ്രചാരണങ്ങള്‍ നടത്തിയവരുടേത് കാര്യങ്ങള്‍ വേണ്ടത്ര പഠിച്ച് എടുത്ത നിലപാടുകളല്ല എന്നതാണ്. എന്നാല്‍ ധാരാളം ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ അദ്ധ്യാപകരായുള്ള, ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനത്തെ കരിവാരി തേയ്ക്കാന്‍ വ്യക്തമായ പദ്ധതികളോടെ ബോധപൂര്‍വ്വമായ ശ്രമവും ഈ പ്രചരണങ്ങളുടെ ഭാഗമായി നടന്നിരിക്കാം എന്ന കാര്യം തള്ളിക്കളയാന്‍ ആവില്ല.

ഒരിയ്ക്കലും നികത്താനാവാത്ത നഷ്ടം നേരിട്ടവരാണ് ഫാത്തിമയുടെ കുടുംബം. അതുകൊണ്ട് സമൂഹത്തില്‍ ബഹുമാന്യനായ ഒരു വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്ന രീതിയില്‍ അവരില്‍ നിന്നുണ്ടായ പ്രതികരണങ്ങളെ ക്ഷമിക്കാം. എന്നാല്‍ മാദ്ധ്യമങ്ങള്‍ അങ്ങനെയല്ല. മത സാമുദായിക രാഷ്ട്രീയ വികാരങ്ങള്‍ ഇളക്കിവിട്ട് സ്പര്‍ദ്ധ ഉണ്ടാക്കുകയും ഉത്തരവാദിത്വബോധമില്ലാത്ത മാദ്ധ്യമ പ്രവര്‍ത്തനം നടത്തി വ്യക്തികള്‍ക്ക് പേരുദോഷം വരുത്തുകയും ചെയ്തതുവഴി അവര്‍ ഗുരുതരമായ കുറ്റമാണ് ഇക്കാര്യത്തില്‍ ചെയ്തത്.

എന്നാല്‍ ദുഖ:കരമെന്ന് പറയട്ടെ, ഒരു കൂട്ടായ്മയ്ക്ക് മുഴുവനായി എങ്ങനെ ഒരു കുറ്റത്തിന്‍റെ ഉത്തരവാദിത്വം ചാര്‍ത്തിക്കൊടുക്കും ? കൂടുതല്‍ പേരും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, അവയ്ക്കിടയില്‍ കാര്യങ്ങള്‍ പഠിച്ച് എഴുതുകയും, സ്വാഭാവികമായി ഉയര്‍ന്ന ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്ത വളരെ കുറച്ചു മാദ്ധ്യമങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം മാദ്ധ്യമങ്ങളും പത്രക്കാരും ലഭ്യമായ തെളിവുകളെ പോലും അവഗണിച്ചുകൊണ്ട് തങ്ങളുടെ ചായ് വുകള്‍ക്കനുസരിച്ചുള്ള പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നതാണ് വാസ്തവം. അതിലൂടെ തങ്ങളുടെ ആക്രമണ വിധേയരാകുന്ന വ്യക്തികള്‍ക്ക് ഉണ്ടാകാവുന്ന സാമൂഹ്യവും തൊഴില്‍പരവും വൈകാരികവുമായ അനന്തരഫലങ്ങളെ അവര്‍ കണക്കിലെടുത്തില്ല. വെറും സംശയത്തിന്‍റെ പേരില്‍ മാത്രം യാതൊരു തെളിവുകളും നോക്കാതെ ഒരാളെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതും കുറ്റം വിധിക്കുന്നതും നമ്മുടെ രാജ്യത്ത് സ്വീകാര്യമായി കഴിഞ്ഞോ ?

കുറ്റസമ്മതം
എന്തൊക്കെയായാലും പൊതുസമൂഹമായ നമ്മള്‍ മാദ്ധ്യമങ്ങളുടെ നേര്‍ക്ക് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നമുക്കെതിരെയും ചൂണ്ടുന്നുണ്ട്. മാദ്ധ്യമ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ അവര്‍ നമുക്ക് വിളമ്പി തരുന്ന എന്തും നമ്മള്‍ വിഴുങ്ങാന്‍ തയ്യാറാണ്. നമ്മുടെ സഹജീവികളുടെ കാര്യത്തില്‍ അവധാനതയോടെ കാര്യങ്ങള്‍ ഗ്രഹിക്കാനും അവരുമായി താദാത്മ്യപ്പെടാനും അവരെ വിധിക്കാതിരിക്കാനുമുള്ള നമ്മുടെ ആഗഹത്തെ പലപ്പോഴും നമ്മുടെ പ്രത്യയ ശാസ്ത്ര നിലപാടുകളോട് ഇണങ്ങുന്നവയും ഭയങ്ങളെ സാധൂകരിക്കുന്നവയും ദൌര്‍ബല്യങ്ങളെ തൃപ്തിപ്പെടുത്തുന്നവയുമായ വൈകാരിക ചിത്രീകരണങ്ങള്‍ വിശ്വസിക്കാനുള്ള ത്വര കീഴ്പ്പെടുത്തുന്നു. നമ്മെ ബാധിച്ചിരിക്കുന്ന ഈ നിരുത്തരവാദിത്വം കാരണമാണ് മാദ്ധ്യമങ്ങള്‍ക്ക് ഇതുപോലെ പലതും ചെയ്തിട്ട് രക്ഷപ്പെടാനും, അതില്‍ നിന്ന് ലാഭം പോലും ഉണ്ടാക്കാനും സാധിക്കുന്നത്.

(പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കൂട്ടം മുന്‍ ഐ‌ഐ‌ടി വിദ്യാര്‍ഥികളും ഡോ പത്മനാഭനെ അറിയുന്ന മറ്റു ചിലരും ചേര്‍ന്ന് ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പിന്‍റെ സ്വതന്ത്ര പരിഭാഷ)
കടപ്പാട് : https://www.opindia.com/2019/11/iit-madras-fathima-lateef-suicide-comprehensive-story

LEAVE A REPLY

Please enter your comment!
Please enter your name here