ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരുന്നതിന്റെ ലക്ഷണങ്ങളൊക്കെ പ്രകടമായിത്തുടങ്ങി. വന്‍ സാമ്പത്തിക ശക്തികളായ യുഎസ്സും ചൈനയും തമ്മില്‍ അരങ്ങേറുന്ന വ്യാപാര യുദ്ധത്തിനു മുമ്പേ തന്നെ മാന്ദ്യത്തിന്റെ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങിയിരുന്നു.
ജൂലൈയില്‍ സ്വര്‍ണ വില ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ മുതല്‍ അപായമണി മുഴങ്ങി. അനിശ്ചിതമായ സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമെന്ന പതിവാണ് ഇതിനുകാരണം.
അതിസമ്പന്നര്‍ പണം ചെലവഴിക്കുന്നതില്‍ വിമുഖത കാട്ടിത്തുടങ്ങിയതും ഹൈ എന്‍ഡ് റിയല്‍ എസ്റ്റേറ്റ് വ്യാപാരം ലോകമെമ്പാടും ഇടിഞ്ഞതും വാള്‍മാര്ട്ട് പോലുള്ള റീട്ടേയിലേഴ്‌സ് മുമ്പെങ്ങുമില്ലാത്ത വിധം ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചതും അതിസമ്പന്നരുടെ മേച്ചില്‍പ്പുറങ്ങളായ ആഡംബര കാര്‍ ലേലത്തിലും ആര്‍ട്ട് എക്‌സിബിഷനിലും തണുപ്പന്‍ പ്രതികരണം ലഭിച്ചതും ഈ ലക്ഷണങ്ങള്‍ക്ക് ഗൗരവമേകി.
കാലിഫോര്‍ണിയയിലെ മോണ്ടെറെറില്‍ എല്ലാ വര്‍ഷവും നടക്കുന്ന സൂപ്പര്‍ റിച്ച് പെബിള്‍ ബീച്ച് കാര്‍ ലേലത്തില്‍ ഇക്കുറി ഹൈ എന്‍ഡ്, ക്ലാസിക് കാറുകളൊന്നും വിറ്റുപോയില്ല.
2014 ല്‍ 403 മില്യണ്‍ യുഎസ് ഡോളറിന്റെ വമ്പന്‍ വില്‍പന നടന്നയിടത്ത് ഇക്കുറി 245 മില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പനയാണ് രേഖപ്പെടുത്തിയത്.
2019 ലെ ആര്‍ട്ട് എക്‌സ്ബിഷനുകളിലും ഈ മുരടിപ്പ് അനുഭവപ്പെട്ടു. ലോകത്തെ സൂപ്പര്‍ റിച്ച് വിഭാഗം ചെലവിടുന്നതിന് മടികാണിച്ചതോടെ മാന്ദ്യത്തിന്റെ ആദ്യ ലക്ഷണങ്ങളായി സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തി. അതിസമ്പന്നര്‍ പണം ചെലവിടാതെ പിന്‍വാങ്ങുകയും മധ്യവര്‍ഗം തൊഴില്‍ നഷ്ടത്തില്‍പ്പെട്ട് ചെലവഴിക്കാനാകാതെ കുഴങ്ങുകയും ചെയ്യുന്നതോടെ മാന്ദ്യം യഥാര്‍ത്ഥ്യമാകും.
ഊഹക്കച്ചവട മേഖലയിലും ഇതിന്റെ അലയൊലികള്‍ ഉണ്ടാകും. യുഎസിലെ 80 ശതമാനം ഓഹരികളും സ്വന്തമാക്കിയിട്ടുള്ള സൂപ്പര്‍ റിച്ച് വിഭാഗം ക്രയവിക്രയങ്ങള്‍ കുറച്ചു. ചൈനയുമായുള്ള വ്യാപാരയുദ്ധത്തോടെ യുഎസ് ജിഡിപി വളര്‍ച്ച മൂന്നു ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനമായി ഇടിഞ്ഞു. അമേരിക്കക്കാര്‍ കഴിഞ്ഞ മാസം ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞ വാക്ക് റിസഷന്‍ എന്നതാണ്.
യുഎസ് ഫെഡ് റിസര്‍വിന്റെ ഏറ്റവും ശക്തമായ നിക്ഷേപ ഇടമായ ബോണ്ട് മാര്‍ക്കറ്റില്‍ ലാഭം രണ്ടുവര്‍ഷത്തെ ഏറ്റവും മോശമായ റേറ്റിലാണ്. പത്തുവര്‍ഷത്തെ ബോണ്ടുകളിലാണ് സാധാരണ പലിശ ഇനത്തില്‍ കൂടുതല്‍ മെച്ചം ലഭിക്കുക. പക്ഷേ, ഹ്രസ്വകാല നിക്ഷേപത്തില്‍ കുടുതല്‍ ലാഭം ലഭിക്കുന്ന സ്ഥിതി വിശേഷമാണ് കഴിഞ്ഞ റേറ്റ് കട്ടിലൂുടെ ഫെഡ് റിസര്‍വ് ഒരുക്കിയിരിക്കുന്നത്. ഈ ബോണ്ട് മാര്‍ക്കറ്റ് പ്രതിഭാസം -ഇന്‍വേര്‍ഷന്‍ ഓഫ് യീല്‍ഡ് കര്‍വ് – റിസഷന്റെ ഏറ്റവും പ്രകടമായ ലക്ഷണമാണെന്ന് ചരിത്രം പറയുന്നു.

1930 നു ശേഷം ഉണ്ടായ ഏഴോളം സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക് മുന്നോടിയായി ഈ പ്രതിഭാസം അരങ്ങേറിയിരുന്നു.യുഎസ് ഓഹരിവിപണിയിലെ കോര്‍പറേറ്റ് ലാഭം ഏഴു ശതമാനമാകുമെന്നായിരുന്നു കണക്കു കൂട്ടലുകള്‍ എന്നാല്‍, ഇത് 2.3 ശതമാനമായി കുറയുമെന്ന് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസിലെ തന്നെ നിര്‍മാണ മേഖലയുടെ തളര്‍ച്ചയാണ് മറ്റൊന്ന്. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് അഥവാ പിഎംഐ എന്ന അളവു കോല്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന ലെവലിലാണ്. പിഎംഐ 49.9 എന്ന നിലയില്‍ എത്തിയത് മാന്ദ്യമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇത് 50.4 ആയിരുന്നു. 2009 നു ശേഷം ഇതാദ്യമായാണ് 50 ല്‍ താഴെ പിഎംഐ ഇടിയുന്നത്. 50 ല്‍ താഴെ എത്തിയാല്‍ മാന്ദ്യമെന്നാണ് അലിഖിത നിയമം.
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞത് പര്‍ച്ചേസുകള്‍ കുറച്ചിട്ടുണ്ട്. ഇവയ്ക്ക് അധിക നികുതി ഏര്‍പ്പാടാക്കിയ യുഎസ് നടപടി ഇതിനു കാരണമായി. ഇറക്കുമതി -കയറ്റുമതി എന്നിവയുടെ സൂചികയായ കാസ് ഫ്രൈറ്റ് ഇന്‍ഡക്‌സ് ആറു ശതമാനത്തോളം ഇടിഞ്ഞു. നിര്‍മാണത്തിന്റെ അളവുകോലായ ഇരുമ്പ്, ചെമ്പ് വിപണികളില്‍ 13 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, മെറ്റല്‍ മാര്‍ക്കറ്റില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തി. കഴിഞ്ഞ മെയ് മാസം ആരംഭിച്ച വില വര്‍ദ്ധനവ് ഓഗസ്റ്റില്‍ 20 ശതമാനമായി ഉയര്‍ന്നു.
യൂുറോപ്പിലും ഏഷ്യന്‍ വിപണികളിലും സാമ്പത്തിക മാന്ദ്യം അലയടിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ത്വരിത ഗതിയില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയുള്ള ഇന്ത്യയിലും ഇതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍, മാന്ദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ഉടനെ രാജ്യം ഫയര്‍ ഫൈറ്റിംഗ് മോഡിലേക്ക് മാറി.
ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് സാമ്പത്തിക മേഖലയില്‍ ഊര്‍ജ്ജം പകരുന്നതായി. ബാങ്കുകളെ ശക്തിപ്പെടുത്തുന്ന നടപടികളുമായാണ് ധനമന്ത്രി രംഗത്തു വന്നത്. പൊതു മേഖലാ ബാങ്കുകളുടെ ലയനവും അവയ്ക്ക് ഏഴുപതിനായിരം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചതും. ഓഹരി വിപണിയെ ശക്തിപ്പെടുത്തുന്നതിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അനുയോജ്യമായ തീരുമാനം എടുത്തതും മൊത്തത്തില്‍ സമ്പദ് രംഗത്തിന് ഉണര്‍വേകി.

ദീപാവലിയും മറ്റും വരുന്ന ഫെസ്റ്റിവല്‍ സീസണിനു മുമ്പ് വിപണിയിലേക്ക് ലിക്വഡിറ്റി എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. തളര്‍ച്ചയിലുള്ള വാഹന വിപണിയേയും മറ്റ് കണ്‍സ്യുമര്‍ മേഖലയേയും ഊര്‍ജസ്വലമാക്കാന്‍ വായ്പകള്‍ നല്‍കുന്നതിനാണ് ബാങ്കുകള്‍ക്ക് അധിക സഹായം എത്തിച്ചത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ചൈന കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ മുരടിപ്പാണ് അനുഭവിക്കുന്നത്. യുഎസിലേക്കുള്ള കയറ്റുമതിയില്‍ വന്ന വന്‍ ഇടിവ് ചൈനയുടെ അതിശക്തമായ സാമ്പത്തിക രംഗത്തെപിടിച്ചുലച്ചു. ഇന്ത്യയ്‌ക്കൊപ്പം സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കാനാണ് ചൈനയുടെ പദ്ധതി.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇക്കണോമി ചൈനയെ കടത്തിവെട്ടുമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂുട്ടും ഓക്‌സ്‌ഫോര്‍ഡ് സ്റ്റഡി ഗ്രൂപ്പും നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയും ഫിലിപ്പീന്‍സും ചൈനയെ പിന്നിലാക്കുമെന്നാണ് ഇവരുടെ പ്രവചനം. ലോകത്തെ 71 എമര്‍ജിംഗ് ഇക്കണോമികളെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തില്‍ കേവലം 18 രാജ്യങ്ങള്‍ മാത്രമാണ് സസ്റ്റൈയിനബിള്‍ ജിഡിപി ഗ്രോത്ത് കൈവരിക്കുകയുള്ളുവെന്ന് കണ്ടെത്തിയിരിക്കുന്നത്. അഴിമതി, പണപ്പെരുപ്പം എന്നിവയുടെ സ്വാധീനമില്ലാതിരുന്നാല്‍ ഈ ഗവേഷണ കണ്ടെത്തല്‍ അക്ഷരം പ്രതി ശരിയാകുമെന്നും പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ഇന്ത്യ, ഫിലിപ്പീന്‍സ്, ചൈന, മലേഷ്യ, വിയറ്റ്‌നാം, എത്യോപ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച നേടുന്ന 18 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഫിലിപ്പീന്‍സിന്റെ സാമ്പത്തിക രംഗത്തിന് ശക്തിപകരുന്നത് വിദേശത്ത് നിന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണമാണ്. ഇന്ത്യയ്ക്ക് തുണയാകുന്നത് ബാങ്കിംഗ്, ഓഹരി, വിദേശ നിക്ഷേപം, എണ്ണ ഉത്പന്നങ്ങളുടെ കയറ്റുമതി, കണ്‍സ്യുമര്‍ മാര്‍ക്കറ്റ് എന്നിവയാണ്.
2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അഞ്ചു ശതമാനം ജിഡിപി വളര്ച്ച മാത്രമാണ് ഇന്ത്യയുടേയത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അനുരണനങ്ങള്‍ ഇന്ത്യയേയും ബാധിച്ചതിന്റെ ലക്ഷണമാണ് ഇത്. എന്നാല്‍, ഫിച്ച് സൊലൂഷന്‍ പ്രവചനമനുസരിച്ച് നടപ്പു സാമ്പത്തിക വര്ഷം ഇന്ത്യ 8.4 ശതമാനം വളര്‍ച്ച നേടുമെന്നും മുമ്പ് കണക്കു കൂട്ടിയതു പോലെ ഇത് 8.8 ശതമാനമായി ഉയരാനും സാധ്യതയുണ്ടെന്ന് സൂചന നല്‍കുന്നു. അടുത്ത പാദങ്ങളില്‍ വളര്‍ച്ച വീണ്ടും ശക്തിപ്രാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ച സ്റ്റിമുലസ് പാക്കേജുകള്‍ ഫലം കാണുമെന്നുമാണ് ഇവരുടെ അനുമാനം.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പോലുള്ളവര്‍ നിലവിലെ സാമ്പത്തിക മുരടിപ്പിന് കാരണം മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനവും ജിഎസ്ടി സംവിധനം നടപ്പിലാക്കിയതുമാണെന്ന് വിമര്‍ശിച്ചതിനെ ഏറ്റെടുക്കാന്‍ സാമ്പത്തിക വിദഗ്ദ്ധരാരും തയ്യാറായിരുന്നില്ല. ധമമന്ത്രി നിര്‍മലാ സീതാരാമന്‍ പോലും ഇത് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.
ആഗോള സാമ്പത്തിക മാന്ദ്യ വേളയില്‍ മുന്നറിയിപ്പിനൊപ്പം ഉണര്‍ന്നു പ്രവര്‍ത്തി്ച്ച ലോകത്തിലെ തന്നെ ഏക ഭരണകൂടമാണ് ഇന്ത്യയുടേത്. യുഎസും ചൈനയും മറ്റ് രാജ്യങ്ങളും ഇതുവരെ ഉത്തേജക പാക്കേജുകളോ ബെയ്ല്‍ ഔട്ട് പദ്ധതികളോ പ്രഖ്യാപിച്ചിട്ടില്ല. ചൈന ഇതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടത്തുകയാണ്. എന്നാല്‍, ആര്‍ബിഐയില്‍ നിന്നും അധിക കരുതല്‍ ധനവും ലാഭവിഹിതവും കൈപ്പറ്റി ഇന്ത്യ ഒരു മുഴം മുന്നേ എറിഞ്ഞ് രംഗത്തെത്തിയത് സാമ്പത്തിക രംഗത്തിന് പുത്തന്‍ ഉണര്‍വും ഉന്‍മേഷവും നല്‍കിയിരിക്കുകയാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തുമ്പോൾ ഇന്ത്യന്‍ ഇക്കണോമി ഇതിനെ അതിജീവിക്കുന്നത് വരാനിരിക്കുന്ന നാളുകള്‍ കാട്ടിത്തരും.