അടുത്ത വർഷത്തോടെ ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെ വേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഇന്ത്യ ഡ്രോൺ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറും. ഓരോ പൈലറ്റിനും പ്രതിമാസ ശമ്പളം കുറഞ്ഞത് 50-80 ആയിരം രൂപ കിട്ടാം.
ചൊവ്വാഴ്ച (ഡിസംബർ 6) ചെന്നൈയിൽ ഡ്രോൺ യാത്ര 2.0 ഇവന്റ് ഫ്ലാഗ് ചെയ്ത ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പ്രതിരോധം മുതൽ കൃഷി, ആരോഗ്യം, വിനോദം തുടങ്ങി വിവിധ മേഖലകൾക്ക് ഡ്രോൺ സാങ്കേതികവിദ്യ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പോലുള്ള പദ്ധതികളിലൂടെ രാജ്യത്ത് ശക്തമായ ഡ്രോൺ നിർമ്മാണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021ലെ ഇന്ത്യൻ ക്രിക്കറ്റ് സീസണിന്റെ തത്സമയ ഏരിയൽ ഛായാഗ്രഹണം, ഗ്രാമപ്രദേശങ്ങളിലെ ഭൂമിയും വീടും സർവേ ചെയ്യുന്നതിനും, വയലുകളിൽ കീടനാശിനികളും രാസവളങ്ങളും തളിക്കുന്നതിനും ഉൾപ്പെടെ ഇന്ത്യയിലെ ഡ്രോൺ സാങ്കേതികവിദ്യയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ച് മന്ത്രി ചർച്ച ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ നിർമ്മാണ കേന്ദ്രം സൃഷ്ടിക്കുന്നതിനുള്ള ഗരുഡ എയ്‌റോസ്‌പേസിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം, കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത രേഖപ്പെടുത്തുകയും ചെയ്തു.
2023-ൽ ഇന്ത്യയ്ക്ക് കുറഞ്ഞത് ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം, ഓരോ പൈലറ്റും പ്രതിമാസ ശമ്പളം കുറഞ്ഞത് 50-80 ആയിരം കിട്ടാമെന്നും പറഞ്ഞു. അതായത് ശരാശരി 50,000 രൂപ 1 ലക്ഷം യുവാക്കൾക്ക് 12 മാസം എന്ന അനുപാതത്തിൽ 6000 കോടി രൂപയുടെ വാർഷിക തൊഴിലവസരങ്ങൾ ഡ്രോൺ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്നു അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, ഡ്രോണുകൾ ഉപയോഗിക്കുന്ന വ്യവസായങ്ങളെയും സർക്കാർ ഏജൻസികളെയും ഈ വികസനം പോസിറ്റീവ് ആയി ബാധിക്കും.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഡ്രോണുകൾ നിർമ്മിക്കാനുള്ള ഗരുഡ എയ്‌റോസ്‌പേസിന്റെ പദ്ധതിയെ അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
നിലവിൽ രാജ്യത്ത് 200-ലധികം ഡ്രോൺ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, യുവാക്കൾക്ക് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾക്കായി ഇവയുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.