സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിചേർന്ന് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നത്. റിലയൻസ് ജിയോയുടെ വരവോടെ തുടങ്ങിയ ഡിജിറ്റൽ വിപ്ലവം ഇന്ന് മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 44 കോടിയിലെത്തി നിൽക്കുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കളാകട്ടെ 40 കോടിയിലധികം. 2023-ഓട് കൂടി ഇത് 50 കോടിയിലേക്ക് എത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സോഷ്യൽ മീഡിയക്ക് ജനങ്ങളെ പല രീതിയിൽ സ്വാധീനിക്കാൻ സാധിക്കുന്നു എന്നതിൽ തർക്കമില്ല.എന്നാൽ ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ ആപ്പ് ഇന്ന് സഭ്യതയുടെയും ധാർമ്മികതയുടെയും എല്ലാ സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. 2017ൽ തുടങ്ങിയ ടിക് ടോക്ക് എന്ന വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ ആപ്പിന് ഇന്ത്യയിൽ 20 കോടിയോളം ഉപയോക്താക്കളുണ്ട്. ഈ പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വീഡിയോകൾ അക്രമവും , സ്‌ത്രീ വിരുദ്ധതയും , രാജ്യവിരുദ്ധയും കുത്തിനിറച്ച് വിഷലിപ്‌തമാണെന്ന് പറയാതെ വയ്യ. സ്‌ത്രീകൾക്ക് നേരെയുള്ള ആസിഡ് ആക്രമണത്തെയും, ബലാത്സംഗങ്ങളെയും ന്യായീകരിക്കുന്ന വീഡിയോകൾ, രാജ്യം കൊറോണയെ നേരിടാൻ ശ്രമിക്കുമ്പോൾ അതിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ, മത വൈര്യം സൃഷ്‌ടിക്കാൻ ശ്രമം, തുടങ്ങി രാജ്യത്ത് കലാപത്തിനുള്ള ശ്രമമാണ് ഈ ചൈനീസ് ആപ്പിലൂടെ നടന്ന് വരുന്നത്.എന്നാൽ ഇതൊന്നും നിയന്ത്രിക്കാൻ ടിക് ടോക് ശ്രമിക്കുന്ന പോലുമില്ല.
നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ടിക് ടോക്ക് ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആസിഡ് ആക്രമത്തിനാഹ്വാനം ചെയ്യുന്ന ഒരു ടിക് ടോക്ക് വീഡിയോ നീക്കം ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷൻ ടിക് ടോക്കിനോട് ആവശ്യപ്പെടുകയുണ്ടായി.
ഇതിന് പിന്നാലെയാണ് ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പുറത്ത് വന്നത്.മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന് അത് ടിക് ടോക്ക് വീഡിയോ ആക്കി ഷെയർ ചെയ്യുന്നതും ഈ പ്ലാറ്റ്‌ഫോമിൽ സ്ഥിരമാണ്.തീവ്രവാദതത്തെ ന്യായീകരിക്കുന്ന, മറ്റ് മതങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന അനവധി വീഡിയോകൾ കാണാൻ കഴിയും.
രാജ്യ സുരക്ഷയെതന്നെ ബാധിക്കുന്ന , രാജ്യത്തെ യുവതയ്ക്കിടയിൽ രാജ്യ വിരുദ്ധ പ്രചാരണം നടത്തുന്ന , അക്രമവും , സ്‌ത്രീ വിരുദ്ധതയും പ്രചരിപ്പിക്കുന്ന ഈ ചൈനീസ് ആപ്പ് നിരോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.