രണ്ടാം തരംഗം ഉണ്ടാവില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ പഴിക്കുന്നു

കോവിഡിന്റെ രണ്ടാം വരവിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അടുത്തകാലം വരെ പറഞ്ഞിരുന്ന എപിഡെമി വിദഗ്ദ്ധരും മാധ്യമങ്ങളും രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നു.

തെറ്റിയപ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് തടിതപ്പുകയാണ് ഇക്കൂട്ടര്‍

രാജ്യത്തെ കോടതിയോ, ഭരണകൂടമോ മെഡിക്കല്‍ സയന്‍സ് വിദഗ്ദ്ധരല്ല. ഉദ്യോഗസ്ഥരേയും വിദഗ്ദ്ധരേയും ഉള്‍പ്പെടുത്തിയുള്ള ഉന്നതാധികാര സമിതിയാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്.

ഭരണകൂടങ്ങള്‍ ഇത്തരത്തിലുള്ള സമിതികളെ നിയമിക്കുമ്പോള്‍ പ്രസ്തുത മേഖലയില്‍ ഇവരുടെ അനുഭവ പരിചയവും വൈദഗ്ദ്ധ്യവും പരിഗണിക്കുമെന്നതും ഉറപ്പാണ്. എന്നാല്‍, ഇവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം പാളിയതോടെ അന്ന് വിദഗ്ദ്ധരുടെ ലേഖനങ്ങളും പ്രസ്താവനകളും പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ഇത് പ്രധാനമന്ത്രിയുടേയും മറ്റും പിടിപ്പുകേടാണെന്ന് ആരോപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.

കോവിഡ് എന്ന മഹാമാരി ലോകത്തെ ആദ്യത്തെ ഇത്തരത്തിലുള്ള പ്രതിഭാസമാണ്. ഇതിനെ ഏതു തരത്തില്‍ കീഴടക്കാം എന്നുള്ളതിന് ആര്‍ക്കും ഒരു നിജവും നിശ്ചയവുമില്ല. ഒരോ രാജ്യവും പലതും പരീക്ഷിക്കുന്നു. ചിലത് പരാജയപ്പെടുന്നു. മറ്റ് ചിലത് വിജയിക്കുന്നു.

അടിസ്ഥാനപരമായി ഈ വൈറസ് ആളുകളില്‍ നിന്ന് ആളുകളിലേക്ക് പടരുന്നത് അടുത്തിടപഴുകുമ്പോഴാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ജനങ്ങളെ കഴിവതും വീടുകളിലിരുത്തിയുള്ള ലോക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

ഈ പ്രതിരോധം സാമാന്യയുക്തി മാത്രം ഉപയോഗിച്ചുള്ളതായിരുന്നു. എന്നാല്‍, ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനം കൈക്കൊള്ളുമ്പോള്‍ മാനുഷിക പരിഗണന ഒന്നുമാത്രമാണ് മാനവീനയതയില്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന ഒരു പാര്‍ട്ടിയുടെ നേതാവായ നരേന്ദ്ര മോദി കൈക്കൊണ്ടത്.

ലോകത്തെ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ സമ്പദ് രംഗം പടുത്തുയര്‍ത്താമെന്ന തീരുമാനം അദ്ദേഹം സ്വീകരിച്ചില്ല. ഇക്കാരണത്താല്‍ ആദ്യ കോവിഡ് വ്യാപനത്തില്‍ നിന്ന് ഇന്ത്യയിലെ ശതകോടി ജനങ്ങളെ അദ്ദേഹം രക്ഷിച്ചു.

ഇതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും കുറേയധികം മാധ്യമപ്രവര്‍ത്തകരും. ഇക്കണോമിസ്റ്റുകളായ പലരും ഇന്ത്യയുടേത് മണ്ടന്‍ തീരുമാനമാണെന്നും രാജ്യത്തിന്റെ സമ്പദ് രംഗം തകര്‍ന്നടിയുമെന്നും പ്രവചിച്ചു.

എന്നാല്‍, ആദ്യ മൂന്നു മാസം കൊണ്ട് തന്നെ രാജ്യം സാധാരണഗതിയിലായി. പോരാത്തതിന് വിവിധ രാജ്യാന്തര ഏജന്‍സികള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 12 ശതമാനം കടക്കുമെന്നും പ്രവചിച്ചു. ഇക്കാര്യം പിന്നീട് ലോക സാമ്പത്തിക ഫോറത്തിലും മറ്റും സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുമാണ്ടായി.

ആദ്യ ഘട്ടത്തില്‍ രാജ്യം കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുകയും ജനങ്ങള്‍ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുകയും ചെയ്തു. എന്നാല്‍, താമസിയാതെ ജനങ്ങളുടെ ജാഗ്രത നഷ്ടപ്പെടുകയാണുണ്ടായത്. ഇതിന് കാരണമായതാകട്ടെ എപിഡെമിക് വിദഗ്ദ്ധരും മറ്റും രണ്ടാംവരവ് ഉണ്ടാകില്ലെന്നും ഹേര്‍ഡ് ഇമ്യൂണിറ്റി രാജ്യം കൈവരിച്ചെന്നും അഭിപ്രായപ്പെട്ടതോടെയാണ്. രാജ്യത്തെ 67 ശതമാനത്തിലധികം പേര്‍ ഈ രോഗത്തിന് മുന്നില്‍ എക്‌സ്‌പോസ്ഡ് ആയെന്നും പലര്‍ക്കും ലക്ഷണങ്ങളില്ലാതെ തന്നെ രോഗം വന്നുപോയതായും ഇവര്‍ പറഞ്ഞു.

ഇങ്ങിനെ ഒരു ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിച്ചുവെന്നും ഇതിനാല്‍ ഇന്ത്യയില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസിനു പോലും കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നും വാക്‌സിനേഷന്‍ കൂടി തുടങ്ങുന്നതോടെ ഇന്ത്യ വൈറസ് മുക്തമാകുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഇതിനൊപ്പം മാസ്‌ക് വെയ്ക്കുക, സാനിട്ടേഷന്‍ പിന്തുടരുക ഇവയും കൂടി ഉണ്ടെങ്കില്‍ രാജ്യത്തിന് കോവിഡ് രണ്ടാം വരവിനെ തടഞ്ഞുനിര്‍ത്താനാകുമെന്നും ഇവര്‍ പറഞ്ഞുവെച്ചു.

ഇത്തരത്തില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്രകടനം നടത്തുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്നു. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ 162 പിഎസ്എ പ്ലാന്റുകള്‍ ഏല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിര്‍മിക്കാന്‍ പിഎം കേയേഴ്‌സ് ഫണ്ടില്‍ നിന്ന് 2020 ഒക്ടോബറില്‍ തന്നെ തുക അനുവദിച്ചു.

ജനുവരിയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാനായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വന്ന മഹാരാഷ്ട്ര, കേരള തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും പിന്നീട് സംസ്ഥാന നിയമ സഭാ തിരഞ്ഞെടുപ്പും മറ്റുമായി കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ട് പോയി.

താമസിയാതെ ഏപ്രില്‍ മാസം ഛത്തീസ് ഗഡിലും മഹാരാഷ്ട്രയിലെ ചില അതിര്‍ത്തി ഗ്രാമങ്ങളിലും തുടങ്ങിവെച്ച രണ്ടാം കോവിഡ് തരംഗം താമസിയാതെ കേരളത്തിലും എത്തി. ആദ്യത്തെ അനുഭവത്തിന് വിരുദ്ധമായി ഇതിന്റെ വ്യാപനം അതിവേഗമായിരുന്നു. ഡെല്‍ഹിയെല്ലാം പുതിയ രോഗികളെ കൊണ്ട് നിറഞ്ഞു.

രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുക എന്ന അവസ്ഥയാണ് ഈ വേരിയന്റ് രോഗത്തിന് പൊതുവെ കണ്ടലക്ഷണം. ഇതിനെ തുടര്‍ന്ന് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായി.

രണ്ടാം വരവിനെ കുറിച്ച് ആശങ്ക വേണ്ടന്ന വിദഗ്ദ്ധരുടെ പ്രസ്താവനകളും പ്രവചനങ്ങളും കാറ്റില്‍ പറന്നു. എന്നിരുന്നാലും കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഓക്‌സിജന്‍ ടാങ്കറുകളും ജനറേറ്റിംഗ് യൂണിറ്റുകളും ഇറക്കുമതി ചെയ്തു.

എന്നാല്‍, ഡെല്‍ഹി പോലുള്ള ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാതെ ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ ചാരി രക്ഷപ്പെട്ടു.

കേരള സര്‍ക്കാരിന്റെ വൈറോളജി വിഭാഗം ഉപദേശകനും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ റിട്ട. പ്രഫസറുമായ ജേക്കബ് ടി ജോണ്‍ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാകില്ലെന്ന് പറഞ്ഞ പ്രമുഖരില്‍ ഒരാളാണ്. ലോക് ഡൗണ്‍ അശാസ്ത്രിയവും മനുഷ്യവകാശ ലംഘനവുമാണെന്നും ഇന്ത്യയില്‍ ഇതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നും പ്രസ്താവിച്ചയാളുമാണ് ഡോ. ജേക്കബ്.

എന്നാല്‍, ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ അദ്ദേഹം കുറ്റസമ്മതം നടത്തുകയാണ്. രണ്ടാം തരംഗം തന്റെ ദീര്‍ഘവീക്ഷണത്തില്‍ കണ്ടെത്താനായില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. രാജ്യത്ത് നിലവിലുള്ള സംവിധാനത്തിന് പകരമായി വാക്‌സിനേഷന്‍ ഹോട്ട് സ്‌പോട്ടുകളിലുള്ള എല്ലാവരേയും വിധേയമാക്കുകയാണ് രക്ഷയെന്നും ഇദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്ത് രണ്ടാം തരംഗം ഉണ്ടാവില്ലെന്ന് ആദ്യം അഭിപ്രായപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ ഇങ്ങിനെയൊരു സാഹചര്യം രാജ്യത്ത് ഉണ്ടായതിനു കാരണം ജനങ്ങളുടെ അച്ചടക്കരാഹിത്യവും സാമൂഹിക അകലവും മൂഖാവരണം പോലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ ഭരണ കൂടങ്ങളും മറ്റ് അധികൃതരുമാണെന്നാണ് പറയുന്നത്.

തിരഞ്ഞെടുപ്പ് കുംഭമേള എന്നിവയാണ് രോഗവ്യാപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മഹാരാഷ്ട്രയില്‍ പുതിയ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിന് കാരണം കുംഭമേളയോ തിരഞ്ഞെടുപ്പോ ആണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇവരെ പോലുള്ള വിദഗ്ദ്ധര്‍ പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

മഹാരാഷ്ട്രയിലും മറ്റും രണ്ടാം തരംഗം ദൃശ്യമായപ്പോഴും ജേക്കബ് ടി ജോണ്‍ പറഞ്ഞത് രണ്ടാം വരവ് രാജ്യമെമ്പാടും പടര്‍ന്നു പിടിക്കില്ലെന്നാണ്. നമ്മുടെ വീടുകള്‍ തീപിടിച്ച അവസ്ഥയിലൊന്നുമല്ല. നമ്മള്‍ക്ക് ഈ വൈറസിനെക്കുറിച്ച് ബോധ്യം വന്നുകഴിഞ്ഞു. ജനങ്ങള്‍ക്കും തിരിച്ചറിവുണ്ടായി എന്നൊക്കെയായിരുന്നു.

കേരളം, മഹാരാഷ്ട്ര. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന ചത്തീസ്ഗഡ് ഈ ആറുസംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, താമസിയാതെ ഉത്തര്‍പ്രദേശ്, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടി. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പത്തോളം സംസ്ഥാനങ്ങളിലായി ഏറ്റവും കൂടുതല്‍ രോഗികളുള്ള പ്രദേശങ്ങള്‍.

ജനുവരിയില്‍ രാജ്യത്തെ വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും ഹെല്‍്ത്ത് കെയര്‍ മേഖലയിലെ ആളുകള്‍ക്കാണ് ആദ്യം നല്‍കിയത്. പിന്നീട്. ഏറ്റവും രോഗസാധ്യതയുള്ളവരും പ്രതിരോധം കുറഞ്ഞവരുമായ 60 വയസ്സിനു മേലുള്ളവര്‍ക്കായി വാക്‌സിനേഷന്‍. തുടര്‍ന്ന് 45 വയസ്സിനു മേലുള്ളവര്‍ക്കും നല്‍കാന്‍ ആരംഭിച്ചു.

താനൊരു ജനറലായിരുന്നുവെങ്കില്‍ തന്റെ സേന ഏറ്റവും രൂക്ഷമായ മേഖലയിലേക്ക് പറഞ്ഞയയ്ക്കുമായിരുന്നുവെന്നാണ് ജേക്കബ് ടി ജോണ്‍ അന്ന് പറഞ്ഞത്. അതേസമയം, വാക്‌സിനേഷന്‍ ഒരാള്‍ക്ക് നല്‍കി അത് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ആഴ്ചകളോളം എടുക്കുമെന്ന അവസ്ഥയിലാണ് ഇതേ പോലെ ഫയര്‍ഫൈറ്റ് മോഡിലുള്ള നീക്കങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നതെന്നും ഓര്‍ക്കുക.

വാക്‌സിന്റെ രണ്ടാം ഘട്ട ട്രയലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് നവംബറിലായിരുന്നുവെന്നും സെപ്തംബറില്‍ തന്നെ അതിന്റെ പാരമ്യതയിലെത്തിയിരുന്നതായും ഇത് കേന്ദ്രത്തിന്റെ പാളിച്ചയായിരുന്നുവെന്നും ജേക്കബ് ടി ജോണ്‍ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാര്‍ പേന്ററ്റ് വെയ്വറിന് പോയത് വെറും രാഷ്ട്രീയ നാടകമാണെന്നും പേറ്റന്റ് എന്നത് ഒരു വ്യക്തിയുടെ ബൗദ്ധിക സ്വത്തവകാശമാണ് അതില്‍ സര്‍ക്കാരുകള്‍ക്കോ ഭരണകൂടങ്ങള്‍ക്കോ യാതൊരു അവകാശവുമില്ലെന്നും ജേക്കബ് ടി ജോണ്‍ വിമര്‍ശിച്ചിരുന്നു.

രാജ്യത്ത് രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്നും വാക്‌സിന്‍ ലഭ്യമാകുന്നതോടെ കോവിഡ് ഭീഷണി അവസാനിക്കും എന്നും മറ്റുമുള്ള മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ ജനങ്ങളെ കോവിഡ് ഭയമില്ലാതാക്കിമാറ്റുകയാണ് ഉണ്ടായത്. മുംബൈയിലും മറ്റും ഇതായിരുന്നു പൊതുവെയുള്ള കാഴ്ച.

കോവിഡ് രോഗം ബാധിച്ചാല്‍ തന്നെ മാരകമായിമാറില്ലെന്നും മറ്റും ചില ഉന്നത വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് രോഗം വന്ന് മരിക്കുന്നത് ഇപ്പോള്‍ കാണുന്നില്ലെന്നും രോഗലക്ഷണം പോലും കാര്യമായി ഇല്ലാതെയാണ് കോവിഡ് പൊസീറ്റാവ് രോഗികളെ കാണുന്നതെന്നും മഹാരാഷ്ട്രയിലെ മരണ നിരക്ക് 0.55ശതമാനമാണെന്നും സംസ്ഥാന പകര്‍ച്ചവ്യാധി സെല്‍ മേധാവി ഡോ പ്രദീപ് ആവതെയെ ഉദ്ധരിച്ച് മാര്‍ച്ച് 22 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിന് ആക്രമശേഷി നഷ്ടപ്പെട്ടുന്നുവെന്നും രോഗം പടരാന്‍ സാധ്യയുണ്ടെന്നും രോഗിയെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തി ഇതര രോഗങ്ങളിലേക്ക് തള്ളിവിടാനുള്ള കെല്പും കോവിഡിന് നഷ്ടപ്പെട്ടതായി ഇദ്ദേഹം പറയുന്നു. തന്റെ നേരിട്ടുള്ള അനുഭവത്തില്‍ പലരും കോവിഡ് വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു രോഗലക്ഷണം പോലുമില്ലാതെ ഭേദമായി നെഗറ്റീവായെന്നും ഇദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ജനങ്ങളില്‍ രോഗത്തെക്കുറിച്ചുള്ള ഗൗരവബോധം നഷ്ടപ്പെടുത്തിയതിന് ഇതുപോലുള്ള വിദഗ്ദ്ധര്‍ക്കും മാധ്യമങ്ങള്‍ക്കുമാണ് പങ്ക്. ഇതിന് കടക വിരുദ്ധമായ ചില അഭിപ്രായങ്ങള്‍ അപ്രധാനമായി ഇവര്‍ നല്‍കിയിട്ടുമുണ്ടായിരുന്നു. എന്നാല്‍, തലവാചകവും ആദ്യത്തെ ഖണ്ഡികയും വായിച്ച് തൃപ്തിയടയുന്നവരിലേക്ക് ഇത്തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങളുടെ ഉത്തരവാദിത്തരാഹിത്യവും വിമര്‍ശിക്കപ്പെടാതെ പോകരുത്.

ഇവര്‍ തന്നെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിച്ചെന്ന പാനിക് വാര്‍ത്തകള്‍ എഴുതി വിടുകയും ചെയ്യുന്നുവെന്നതാണ് ഖേദകരം.

മഹാരാഷ്ട്രയിലെ വിദൂര ഗ്രാമങ്ങളുള്‍പ്പെടുന്ന ജില്ലകളായ ബീഡ്, രത്‌നഗിരി, സിന്ധു ദുര്‍ഗ്, റായിഗഡ്, സതാറ, അമരാവതി എന്നിവടങ്ങളിലാണ് രണ്ടാം തരംഗത്തിന്റെ ഉറവിടങ്ങളായാതെന്നത് പലരും ചര്‍ച്ചചെയ്യാതിരിക്കുന്നുതും ഗൗരവം അര്‍ഹിക്കുന്നുണ്ട്. മുംബൈ പോലുള്ള തിരക്കേറിയ മഹാനഗരങ്ങളില്‍ ഹേര്‍ഡ് ഇമ്യൂണിറ്റി ഉണ്ടായെന്നായിരുന്നു വിശ്വാസം. ഗ്രാമങ്ങളില്‍ രോഗ സാധ്യത വിരളവും ആയിരുന്നു. എന്നാല്‍, ഈ ധാരണകളെ അട്ടിമറിക്കുന്ന രീതിയിലാണ് നക്‌സല്‍-മാവോവാദത്തിനും മറ്റും പേരുകേട്ട ഈ ജില്ലകളില്‍ രണ്ടാം തരംഗത്തിന്റെ വൈറസുകള്‍ പൊട്ടിപ്പുറപ്പെട്ടത്.

സമാനമായ സാഹചര്യമായിരുന്നു ഛത്തീസ്ഗഡിലെ ഗ്രാമങ്ങള്‍ക്കും പറയാനുള്ളത്. ഏപ്രില്‍ മൂന്നിന് ചൈനീസ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് അധികമാരും കാണാതെപോയ ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിയത്. ദുര്‍ഗ് എന്ന ജില്ലയില്‍ പൊടുന്നനെയാണ് രോഗബാധിതരുടെ എണ്ണം കൂടിയത്. ദുര്‍ഗിലെ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കുന്നുകൂടി. എന്നാല്‍, ഇന്നത്തെ പോലെ ഡെല്‍ഹിക്ക് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം ഏപ്രില്‍ ആദ്യവാരം നടന്ന ഈ മരണങ്ങള്‍ക്ക് മാധ്യമങ്ങള്‍ എന്തുകൊണ്ടോ ലഭിച്ചില്ല. മറ്റാരും നല്‍കാത്ത പ്രാധാന്യം ചൈനീസ് മാധ്യമമായ സിന്‍ഹുവ നല്‍കുകയും ചെയ്തു. ഇവിടേയും മാവോയിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള ഇടമാണ്.

എന്നാല്‍, ഇതിന് കാരണം വിദൂര ഗ്രാമീണ മേഖലകളിലെ അപര്യാപ്തമായ വൈദ്യസഹായത്തിന്റെ അപര്യാപ്തയാണെന്നാണ് ചൈനീസ് പത്രം പറയുന്നത്.

വൈദ്യശാസ്ത്ര വിദഗ്ദ്ധരും മാധ്യമങ്ങളും എല്ലാം മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ചിത്രമാണ് കോവിഡിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയത്. ഇവര്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ട ഘട്ടത്തില്‍ കുറ്റം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമാണെന്ന് വിധിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here