വിമര്‍ശനങ്ങളളോട്‌ ഇത്ര അസഹിഷ്ണുതയോ ഏഷ്യാനെറ്റേ ?

ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കളെന്ന് അഹങ്കരിക്കുന്ന മാധ്യമത്തമ്പുരാന്‍മാര്‍ക്ക് വിമര്‍ശനങ്ങള്‍ കേവലം വണ്‍വേ ട്രാഫിക് മാത്രമാണ്. ആരേയും വിമര്‍ശിക്കാനുള്ള അട്ടിപ്പേറവകാശം മാധ്യമങ്ങള്‍ക്ക് മാത്രമെന്ന മിഥ്യാധാരണയിലായിരുന്നു ഈ ലോകം. സോഷ്യല്‍മീഡിയയുടെ വരവോടെയാണ് ഈ കുത്തകയ്ക്ക് അറുതിയായത്.

ശക്തമായ വിമര്‍ശനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുമ്പോഴും രാഷ്ട്രീയപാര്‍ട്ടികളേയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളേയും വ്യക്തികളേയുമൊക്കെ നിശിതമായി വിമര്‍ശിക്കുകയും പ്രചണ്ഡപ്രചാരണക്യാംപെയിനുകള്‍ നടത്തുകയും ചെയ്യുന്നത് ഇവര്‍ ഇപ്പോഴും തുടരുന്നു.

ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളെ വിമര്‍ശിക്കുന്ന പരിപാടികളുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുന്നത്. മാധ്യമ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനിധീകരിച്ച് ടിജി മോഹന്‍ദാസ് നടത്തിവന്ന ചില ആക്രമണോത്സുക നീക്കങ്ങളെ തുടര്‍ന്ന് ആങ്കര്‍മാര്‍ അദ്ദേഹത്തെ അവഗണിച്ചാണ് പാനലിലേക്ക് ബിജെപി പ്രതിനിധിയെ ഉള്‍പ്പെടുത്തിവരുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്നു.

ഇതേതുടര്‍ന്ന് ടിജി മോഹന്‍ദാസ് ജനം ടിവിയില്‍ ആരംഭിച്ച പൊളിച്ചെഴുത്ത്, ബാക്കി പത്രം എന്നീ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് കൈവന്നത്. മാധ്യമങ്ങളുടേയും ആങ്കര്‍മാരുടേയും പൊള്ളത്തരങ്ങള്‍ അക്ഷരാർത്ഥത്തില്‍ പൊളിച്ചടുക്കുന്നതാണ് ഈ പരിപാടികള്‍.

Image result for polichezhuthu

മാധ്യമങ്ങളെ വിമര്‍ശിക്കുന്ന പരിപാടി ഇടതുസഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളാണ് തുടങ്ങിവെച്ചത്. മാധ്യമ വിചാരം എന്ന പേരില്‍. വലതുപക്ഷ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ചു പോന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയിരുന്നു.

എന്നാല്‍, ടിജിയുടെ പരിപാടികളില്‍ മാധ്യമങ്ങള്‍ക്കൊപ്പം അവരുടെ വാര്‍ത്താ അവതാരകരുടെ ഇരട്ടത്താപ്പുകളും പൊള്ളത്തരങ്ങളും പതിവായി പൊളിച്ചടുക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയപക്ഷപാതവും അന്ധമായ വിരോധത്താല്‍ വിദ്വേഷവും കുത്തിനിറച്ചുള്ളവയാണ് ഇവരുടെ പലപരിപാടികളും. ഇത്തരം കാളകൂടവിഷങ്ങളെയാണ് ടിജി പൊതുസമക്ഷം വെളിച്ചത്ത് കൊണ്ടുവരുന്നത്.

ഇത്തരം പരിപാടികളുടെ സ്വീകാര്യതയും അതിന്റെ ജനപ്രിയതയും മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഉറക്കം കെടുത്തുന്നുമുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഭയവിഹ്വലത വെളിവാക്കിക്കൊണ്ട് ഏഷ്യാനെറ്റിന്റെ പ്രതികരണം.

കോപ്പിറൈറ്റ് ലംഘനമാണ് ഏഷ്യാനെറ്റ് ടിജിക്കെതിരെ എടുത്ത പരിച. ജനം ടിവിയിലെ പരിപാടികളില്‍ തങ്ങളുടെ പരിപാടികളുടെ ക്ലിപ്പിംഗുകള് പ്രദർശിപ്പിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന ദുര്‍ബലമായ പ്രതിരോധവാദമുഖമാണ് വലിയ അഭിപ്രായ സ്വാതന്ത്ര്യവാദിയായ ഏഷ്യാനെറ്റ് മുന്നോട്ട് വെയ്ക്കുന്നത്.

കോപ്പിറൈറ്റ് നിയമങ്ങളിലെ സുവ്യക്തമായ പ്രമാണങ്ങളിലൊന്നാണ് ഫെയര്‍ യൂസ് . വിമര്‍ശനത്തിനും നിരൂപണങ്ങള്‍ക്കും വിവരണങ്ങള്‍ക്കും മറ്റുമായി ഇങ്ങിനെ ചില ദൃശ്യഭാഗങ്ങള്‍ അവലംബം നല്‍കി അവതരിപ്പിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതെല്ലാം പാലിച്ചാണ് ടിജി പൊളിച്ചെഴുത്തും, ബാക്കി പത്രവും ജനം ടിവി യിൽ അവതരിപ്പിക്കുന്നത്. പിന്നീട് ഇവ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.

ഇങ്ങിനെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് പകർപ്പവകാശത്തിന്റെ പേരിൽ കുഴിച്ചുമൂടപ്പെട്ടത്.

വിമർശനങ്ങൾക്ക് ‘വലിയ പ്രചാരം ലഭിക്കുന്നതാണ് മാധ്യമ ഭീമനെ വിളറിപ്പിടിപ്പിച്ചത്.

വാര്‍ത്താധിഷ്ഠിത പരിപാടികള്‍ പൊതുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതാകയാല്‍ ഇവ ബൗദ്ധികപകര്‍പ്പവകാശത്തിന്റെ നിയമങ്ങളുടെ പരിധികളില്‍പ്പെടുന്നതല്ല. ദൂരദര്‍ശന്റെയും മറ്റും ദൃശ്യങ്ങള്‍ കേവലം അവലംബം എന്ന വാക്കിന്റെ സൗജന്യം മുതലെടുത്ത് മണിക്കൂറുകളുടെ തത്സമയം സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് തങ്ങളുടെ ചില പരിപാടികളിലെ നിമിഷങ്ങള്‍ മാത്രം നീളുന്ന ദൃശ്യങ്ങള്‍ നേരത്തെ പ്രതിപാദിച്ച ഫെയര്‍ യൂസിന്റെ പരിധിയില്‍ ഉപയോഗിക്കുന്നതിനെ കോപ്പിറൈറ്റ് ലംഘനമെന്ന ഉമ്മാക്കി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് മാധ്യമമാഫിയകളുടെ അപ്രമാദിത്ത മാടമ്പിത്തരങ്ങളുടെ നേര്‍ക്കാഴ്ചമാത്രമാണ്.

ജനാധിപത്യസംരക്ഷകരും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാവലാളുകളുമായി ഊറ്റംകൊള്ളുന്നവര്‍, വിമര്‍ശനത്തിന്റേയും നിരൂപണത്തിന്റേയും വാക് താടനമേറ്റ് പുളയുമ്പോള്‍ , വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ കോപ്പിറൈറ്റ് സാങ്കേതികത്വത്തിന്റെ ദുർബലവകുപ്പുകൾ ഉപയോഗിച്ച് ഉമ്മാക്കിക്കാട്ടുന്നു. പൊളിച്ചെഴുത്തെന്ന പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന ജിഹ്വാശവങ്ങളിലേക്ക് വിമര്‍ശനത്തിന്റെ കത്തികയറുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യവാദികള്‍ക്ക് നോവിന്റെ അലോസരപ്പെടുത്തുന്ന അസ്‌കിതയുണ്ടാകുന്നു.

ലോകത്തെ ഏതു നീതിപീഠത്തിന്റെ മുന്നിലെത്തിയാലും തോല്‍ക്കുമെന്ന് ഉറപ്പുള്ള കോപ്പിറൈറ്റ് വകുപ്പുകളുടെ ഇണ്ടാസാണ് ടിജിക്ക് ഈ മാധ്യമമഹാദാരിദ്ര്യസ്ഥാപനം ഫേസ്ബുക്ക് മുഖാന്തിരം അയച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിന്റെയും ഇതര മാധ്യമങ്ങളുടേയും ഇത്തരം നീചമായ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും തുറന്നെതിര്‍ക്കാനും മാധ്യമ മാഫിയ സംസ്‌കാരം ഇല്ലാതാക്കാനും വലിയ ജനമുന്നേറ്റം ഉടലെടുക്കുന്നുണ്ട്. ശബരിമല, തൃശൂര്‍ പൂരം വിഷയങ്ങളിലും മേല്‍പ്പറഞ്ഞ മാധ്യമങ്ങള്‍ എടുത്ത ഭൂരിപക്ഷ വിരുദ്ധ നിലപാടുകള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായിരുന്നു. മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് എത്രകാലം കഴിയുമെന്ന് കണ്ടറിയണം.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here