കര്‍ണ്ണാടക മോഡല്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം 2019ല്‍ നടക്കില്ല.. വിശദമായ റിപ്പോര്‍ട്ടാണ്, വായിക്കാം.
ചന്ദ്രശേഖര്‍, ചരണ്‍ സിംഗ്, ദേവഗൗഡ, ഗുജ്റാള്‍ എന്നീ പ്രധാനമന്ത്രിമാരിലൂടെ കോണ്‍ഗ്രസ് പരീക്ഷിച്ചു വിജയിച്ച ഒന്നര വര്‍ഷ സര്‍ക്കാര്‍ മോഡലാണ് കര്‍ണ്ണാടകത്തില്‍ അവര്‍ നടപ്പാക്കിയത്. ഒന്നര വര്‍ഷം കഴിയുമ്പോൾ ഇല്ലാത്ത ഒരു കാരണം ഉണ്ടാക്കി പറഞ്ഞ് അവര്‍ തന്നെ സര്‍ക്കാരിനെ വലിച്ച് താഴെയിടും. അതെന്തോ ആകട്ടെ ഇത്തവണ അത് നടക്കില്ല. അവസാനം കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബിജെപി ഒറ്റയ്ക്ക് 272 നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് അറിയുന്നത്. ഇനി ഒറ്റയ്ക്ക് 272 കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ മേല്‍ പറഞ്ഞ പരിപ്പ് 2019 കലത്തില്‍ വേവില്ല… കാരണം താഴെ പറയുന്നതാണ്.
കൊട്ടിഘോഷിക്കപ്പെട്ട പ്രതിപക്ഷചേരി തീരെ ദുര്‍ബലമാണ്. മലയാളം മീഡിയ കൊടുക്കുന്ന ഹൈപ്പ് മാറ്റി നിര്‍ത്തിയാല്‍ ഗ്രൗണ്ടില്‍ വെറും സീറോ ആണ് അവര്‍. അവര്‍ ആരൊക്കെയാണെന്നും അവരുടെ പ്രകടനങ്ങള്‍ എപ്രകാരമായിരിക്കുമെന്നും നമുക്കു സംസ്ഥാനങ്ങളിലൂടെയും വിവിധ കക്ഷികളിലൂടെയും വിശകലനം ചെയ്തു നോക്കാം.
കോണ്‍ഗ്രസ് നേടാന്‍ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം 75 ചുറ്റിപ്പറ്റിയാണ്. കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസിനെ കാര്യമായി സഹായിക്കുന്നത്. കേരളത്തില്‍ നിന്നു മാത്രം കോണ്‍ഗ്രസ് ഒറ്റയ്ക്ക് 14 സീറ്റ് വരെ ജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. രണ്ടാമത് വരാന്‍ സാധ്യതയുള്ളത് പഞ്ചാബാണ്. ആകെ 12 സീറ്റുകളെ അവിടുള്ളൂ എന്നതാണ് കോണ്‍ഗ്രസിന്‍റെ വിഷമം. കാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ ബലത്തില്‍ പഞ്ചാബ് തൂത്തു വാരാം എന്ന പ്രതീക്ഷകള്‍ക്കു മേലാണ് സാം പിട്രോഡ ഇടിത്തീ ആയി വീണത്. അതോടെ ഏഴു മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായി. ഡിസംബറിലെ സംസ്ഥാന തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചവയില്‍ ഛത്തീസ്ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസിനു മേല്‍ക്കൈ നല്‍കുന്ന തരംഗം കുറച്ചെങ്കിലും അവശേഷിക്കുന്നത്. 11 സീറ്റുകളില്‍ ഏഴു സീറ്റു വരെ ജയിച്ചേക്കാമെന്ന സാഹചര്യമുണ്ട്. പക്ഷേ മോദി എന്ന വികാരം അവിടെയും താഴെത്തട്ടില്‍ ശക്തമാണ്. ഏഴില്‍ താഴേക്ക് എത്ര വരെ പോകും എന്നതാണ് അറിയാനുള്ളത്.
ഈ സംസ്ഥാനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പകുതിയില്‍ അധികം സീറ്റു ജയിക്കാനുള്ള സാഹചര്യം ഒരിടത്തും നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചുരുക്കി പറഞ്ഞാല്‍ കേരളം ഒഴിച്ചുള്ള ഒരു സംസ്ഥാനത്തും രണ്ടക്ക സീറ്റു ജയിക്കാനുള്ള സാഹചര്യം നിലവിലില്ല. കാര്യമായി സീറ്റു ലഭിക്കേണ്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരുകാലത്തെ ശക്തികേന്ദ്രമായ ആന്ധ്രയില്‍ സംപൂജ്യരാകും. തെലുംഗാനയില്‍ TRS ന്‍റെ വെല്ലുവിളി എത്ര കണ്ടു മറികടക്കാനാകുമെന്ന് കണ്ടറിയണം. കര്‍ണ്ണാടകയില്‍ 16 സീറ്റുകളില്‍ ബിജെപി ജയം ഉറപ്പിക്കുമ്പോൾ, 22 സീറ്റു വരെ വിജയപ്രതീക്ഷ നിലനിര്‍ത്തുമ്പോൾ കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് അവിടെയും ചുരുങ്ങുമെന്നത്
സംശയമില്ലാത്ത കാര്യമാണ്. DMK യുടെ ബലത്തില്‍ തമിഴ്നാട്ടില്‍ നാലു സീറ്റു നേടാവുന്ന സാഹചര്യം ബോണസ്സാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും ആകെ മൊത്തം പതിനഞ്ച് സീറ്റാണ് പരമാവധി പ്രതീക്ഷിക്കാവുന്നത്. ജാര്‍ഘണ്ടില്‍ 5 സീറ്റു പ്രതീക്ഷയുണ്ട്. ഹരിയാനയില്‍ ഒന്നോ രണ്ടോ, ആസ്സാമില്‍ മൂന്നോ നാലോ. ഉത്തര്‍പ്രദേശില്‍ രണ്ടു സീറ്റ്. ഇതിനുമപ്പുറത്തേക്ക് സീറ്റുകള്‍ ജയിക്കുന്ന സാഹചര്യം നിലവിലില്ലാത്തതിനാല്‍ പരമാവധി ജയിക്കാനാകുന്നത് 75 സീറ്റുകളാണ്.
DMK
തുടക്കത്തില്‍ 39 സീറ്റുകളും DMK മുന്നണി തൂത്തുവാരും എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ വളരെ വേഗമാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. അഭിനന്ദന്‍ വര്‍ധമാനെ പാക് തടവറയില്‍ നിന്നും മോചിപ്പിച്ചത് തമിഴ്നാട്ടില്‍ പുറമേയ്ക്ക് പ്രകടമാകാത്ത എന്നാല്‍ അദൃശ്യമായ ഒരു മോദി അനുകൂല വികാരം സൃഷ്ടിച്ചു. ഒപ്പം NDA മുന്നണിയിലേക്ക് ADMK ചേരുകയല്ല പകരം ADMK മുന്നണിയിലേക്ക് ബിജെപി ചേര്‍ന്നു എന്ന പ്രതീതി ഉണ്ടായത് തമിഴനു സുഖിക്കുകയും ചെയ്തു. അതോടെ 39 സീറ്റു ഒരു വഴിക്ക് എന്നത് മാറി 12-16 സീറ്റു വരെ ADMK മുന്നണി ജയിക്കുന്നു എന്നതിലേക്ക് കാര്യങ്ങള്‍ മാറി. അതായത് 21 മുതല്‍ 27 വരെ സീറ്റുകളാണ് DMK മുന്നണിയ്ക്ക് പ്രതീക്ഷിക്കാവുന്നത്. അതില്‍ തന്നെ DMK ജയിക്കുന്നത് 20ല്‍ താഴെ സീറ്റുകളാകാം.
ഓര്‍ക്കേണ്ട കാര്യം രണ്ടക്ക സീറ്റുകളുള്ള കക്ഷികളില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കാന്‍ സാധ്യതയുള്ള ഏക കക്ഷിയും DMK യാണ്.
TMC
42 സീറ്റുകളുള്ള ബംഗാള്‍. ദീദിയുടെ കോട്ട. ആ കോട്ട കൊത്തളങ്ങളില്‍ ഇപ്പോള്‍ കാവിപതാക വേരു പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണത്തെ 34 സീറ്റെന്ന റെക്കോര്‍ഡ് ഇത്തവണ നിലനിര്‍ത്താന്‍ കഴിയില്ല എന്ന് ദീദിയ്ക്ക് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം തൂക്കുമുന്നണി ഉണ്ടായാല്‍ പ്രധാനമന്ത്രി ആകണമെങ്കിൽ ഏറ്റവും വലിയ മൂന്നാം കക്ഷി ആകണം എന്നു മമതയ്ക്കു അറിയാം. അതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. ഏതാണ്ട് 23 സീറ്റില്‍ അതിശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നത്. അതില്‍ തന്നെ പത്തെണ്ണം ബിജെപി ജയിച്ച സ്ഥിതിയാണ്. ബാക്കി എത്ര കൂടി ജയിക്കും എന്നതാണ് അറിയുവാനുള്ളത്. പന്ത്രണ്ടിനു മേല്‍ ബിജെപി ജയിച്ചാല്‍ തൃണമൂല്‍ ഇരുപതുകളിലേക്ക് ചുരുങ്ങും. അതു അത്ര ആശാസ്യമായ കാര്യമല്ല. എന്നിരുന്നാലും ബിജെപി യ്ക്കും കോണ്‍ഗ്രസിനും പിന്നാലെ ഏറ്റവും വലിയ മൂന്നാം കക്ഷി ആകാന്‍ സാധ്യത തൃണമൂലിനു തന്നെയാണ്.
ആന്ധ്ര-തെലുംഗാന
തൃണമൂലിനു പുറകില്‍ നാലാം കക്ഷി ആകാന്‍ സാധ്യത ഏറ്റവുമധികം നില്‍ക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ YSR കോണ്‍ഗ്രസിനാണ്. DMK, SP, BSP എന്നീ കക്ഷികള്‍ക്കാണ് പ്രായോഗികമായി അതിനുള്ള സാധ്യത എങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ജഗന് അനുകൂലമാണ്. DMK യും SP യും BSP യും ജഗനെക്കാള്‍ അധികം സീറ്റുകളില്‍ ആന്ധ്രയെക്കാള്‍ വലിയ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നു എന്നതു ശരിതന്നെ എന്നാല്‍ അവരെല്ലാം കടുത്ത മത്സരമാണ് നേരിടുന്നത്. ആന്ധ്രയിലെ 25 സീറ്റുകളും ജഗന്‍ ജയിക്കാനാണ് സാധ്യത. കുറഞ്ഞത് 20 സീറ്റ് ജയിക്കും എന്നുറപ്പിക്കാം. TRS ന്‍റെ സ്ഥിതിയും ഏറെ സമാനമാണ് മത്സരിക്കുന്ന 17 സീറ്റുകളും അവര്‍ ജയിച്ചേക്കാം. കുറഞ്ഞത് 13 സീറ്റ് ജയിക്കുന്നു എന്നു ഉറപ്പിക്കാം അവര്‍ക്ക്.
ഇവിടെയാണ് പ്രതിപക്ഷ നിരയുടെ ദൗര്‍ബല്യം വെളിവാകുന്നത്. എതിരില്ലാതെ സ്വന്തം തട്ടകങ്ങള്‍ തൂത്തു വാരുന്ന രണ്ടേ രണ്ടു കക്ഷികള്‍ YSR, TRS എന്നിവരാണ്. രണ്ടു പേരും കോണ്‍ഗ്രസിന്‍റെ എതിര്‍പക്ഷത്താണ്. ബിജെപി യോട് ചാഞ്ഞോ കോണ്‍ഗ്രസില്‍ നിന്നും അകന്നോ നില്‍ക്കുന്നു രണ്ടു പേരും.
SP-BSP
76 സീറ്റുകളിലാണ് ഇവര്‍ മത്സരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ തീര്‍ത്തും വണ്‍ സൈഡ് ആയി മാറേണ്ടിയിരുന്ന 2019 തിരഞ്ഞെടുപ്പിനെ ഇത്രയും ആവേശഭരിതം ആക്കി തീര്‍ത്തത് ഇവരുടെ ഒരുമിച്ച് നില്‍ക്കലാണ്. ഉത്തര്‍പ്രദേശില്‍ SP-BSP സഖ്യം ബിജെപി യെ പിടിച്ചു കെട്ടും എന്ന പ്രതീക്ഷയിലാണ് പിന്നീടുള്ള മുഴുവന്‍ രാഷ്ട്രീയ വികാസങ്ങളും എന്നു ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാക്കാം. ഈ സഖ്യം കാരണം ബിജെപി യ്ക്കു സീറ്റു കുറയും എന്ന ആത്മവിശ്വാസം കാരണമാണ് കോണ്‍ഗ്രസും മറ്റു കക്ഷികളും ബഹളം കൂട്ടുന്നത്. ഈ സഖ്യമില്ലായിരുന്നേല്‍ പ്രിയന്‍കയുടെ രാഷ്ട്രീയ പ്രവേശനം പോലും സാധ്യമാകില്ലായിരുന്നു.
അവസാനത്തെ റിപ്പോര്‍ട്ടുകളനുസരിച്ച് ബിജെപി വളരെ സുരക്ഷിതമായ സ്ഥിതിയിലാണ്. കണക്കുകളല്ല കെമിസ്ട്രിയാണ് സഖ്യങ്ങളെ വിജയിപ്പിക്കുക. പരസ്പരം പോരടിച്ചു നില്‍ക്കുന്ന യാദവ്-ജാതവ് ജാതികളാണ് ഈ പാര്‍ട്ടികളുടെ വോട്ടു ബെയ്സ്. അതു കൊണ്ടു തന്നെ 90 വോട്ടുള്ള ബിജെപിയെ തോല്‍പ്പിക്കാന്‍ 46 വോട്ടു വീതമുള്ള ഞങ്ങള്‍ ഒരുമിച്ചു 92 വോട്ടാക്കിയാല്‍ മതി എന്ന ധാരണ ശരിയാകണമെന്നില്ല. കാരണം മുഴുവന്‍ വോട്ടും ട്രാന്‍സ്ഫര്‍ ആകില്ല എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മാത്രവുമല്ല ബിജെപി സ്വന്തം നിലയ്ക്ക് ഏറെ മുന്നോട്ടു പോകുകയും ചെയ്തു. 2014ലെയും 17ലെയും തിരഞ്ഞെടുപ്പുകളുമായ് താരതമ്യം ചെയ്യുംബോള്‍ ബെനിഫിഷ്യറി എന്ന പുതിയൊരു വിഭാഗം കൂടെ ബിജെപി യ്ക്ക് ഒപ്പം ചേരുന്നു. ആദ്യമായി വീടും കക്കൂസും വൈദ്യുതിയും ഒക്കെ ലഭിച്ചവരെ യു പി യില്‍ കണ്ട പ്രശാന്ത് രഘുവംശത്തിന്‍റെയും സിന്ധു സൂര്യകുമാറിന്‍റെയും ഒക്കെ മുഖങ്ങള്‍ വിളിച്ചു പറഞ്ഞ അതേകാര്യം. ഈ സാഹചര്യത്തില്‍ ബിജെപി 50 സീറ്റുകളിലധികം നേടുമെന്ന് തന്നെയാണ് വിദഗ്ദരുടെ വിശ്വാസം. അങ്ങനെ വന്നാല്‍ 26 സീറ്റുകളിലേ SP-BSP വിജയിക്കുന്നുള്ളൂ. അതായത് രണ്ടു പേരും ഇരുപതില്‍ താഴെ മാത്രമെന്ന്. അതുകൊണ്ടാണ് തൃണമൂലിനു ശേഷം വലിയ നാലാം കക്ഷി ജഗന്‍ ആകുമെന്നും SP-BSP ആകില്ലെന്നും പറഞ്ഞത്.
BJD
ഒറീസ്സയിലെ 22 സീറ്റില്‍ ശക്തമായ ഫൈറ്റാണ് നടത്തുന്നത്. പക്ഷേ ബിജെപി കാര്യമായി അകത്തേക്ക് വഴിവെട്ടി തുറന്നിട്ടുണ്ട്. 12 സീറ്റുകള്‍ ബിജെപി നേടാന്‍ സാധ്യത എന്നു സര്‍വേ ഏജന്‍സികള്‍ പറയുന്നു. അതിനര്‍ത്ഥം 10 സീറ്റിലേക്ക് BJD ചുരുങ്ങുന്നു എന്നാണ്. പക്ഷേ രണ്ടക്ക എം പി മാരുള്ള ഈ പാര്‍ട്ടിയും കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലാണ്.
അവശേഷിച്ചവര്‍
ഇനിയുള്ള ഒരു കക്ഷികളും രണ്ടക്കം കടക്കില്ല. NCP നാലു സീറ്റിനു മുകളില്‍ ജയിക്കില്ല. RJD യുടെ നിലയും പരുങ്ങലിലാണ്. ബീഹാറില്‍ NDA 30 സീറ്റു ജയിക്കും എന്ന് ഉറപ്പിക്കുകയാണ്. ശേഷിച്ച പത്തു സീറ്റില്‍ മാത്രമാണ് RJD യും കോണ്‍ഗ്രസും കടിപിടി കൂടുന്നത്. കര്‍ണ്ണാടകയില്‍ കഴിഞ്ഞതവണ ജയിച്ച രണ്ടിനു മുകളില്‍ ജെ ഡി എസ് പോകില്ല. ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിഞ്ഞ തവണ നാലു എം പി മാരുണ്ടായിരുന്നത് ഇത്തവണ സംപൂജ്യരാകും. പൂജ്യം ഉറപ്പിച്ച മറ്റൊരു കക്ഷി CPI ആണ്. കേരളത്തിലെ നാലു സീറ്റും അവര്‍ തോല്‍ക്കും. CPM മൂന്ന് ഏറിയാല്‍ ആറ് സീറ്റ് എന്നതാണ് കണക്ക്. ബംഗാളില്‍ സംപൂജ്യരായാല്‍ രണ്ടക്കം കടക്കില്ല. ഇവരെ ഒഴിച്ചു നിര്‍ത്തിയാല്‍ രണ്ടക്ക സീറ്റില്‍ മത്സരം എന്‍കിലും നടത്തുന്ന കക്ഷികളില്ല പ്രതിപക്ഷ ചേരിയില്‍.
എന്തു കൊണ്ട് കര്‍ണ്ണാടക മോഡല്‍ നടക്കില്ല?
ഇതു പറയുന്നതിനു മുന്‍പ് വിവിധ കക്ഷികള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള സീറ്റുകള്‍ എത്രയൊക്കെ എന്ന് ഒന്നുകൂടെ പറയേണ്ടതുണ്ട്. DMK- 20, TMC-26, YSR- 22, TRS-15, SP-13, BSP-13, BJD- 10, NCP- 4, CPM-4, CPI- 0, AAP- 0.
ഇവരുടെ മൊത്തം സംഖ്യ എടുത്താലും 127 വരെയാണ് വരിക. ഇതിനോടൊപ്പം കോണ്‍ഗ്രസിന്‍റെ 75 കൂടെ കൂട്ടിയാലും അല്ലറ ചില്ലറ മറ്റുള്ള ആരുടേലും സീറ്റു കൂടി കൂട്ടി അതിനെ ഒരു 90 എന്ന സംഖ്യ ആക്കി 127 നോടു കൂട്ടിയാലും 217 വരെയേ വരൂ. അതായത് 325 സീറ്റ് NDA പക്ഷത്തുണ്ടെന്ന്. അതില്‍ തന്നെ YSR, TRS, BJD എന്നിവരുടെ 47 സീറ്റു കുറയ്ക്കേണ്ടി വരും. കാരണം അവര്‍ UPA പക്ഷത്തോ NDA വിരുദ്ധ ചേരിയിലെങ്ങുമോ ഇല്ല. ഇനി യു പി യില്‍ അത്ഭുതങ്ങള്‍ സംഭവിക്കുകയും ബംഗാളില്‍ വലിയ നേട്ടമുണ്ടായില്ലെന്നും ഇരിക്കട്ടെ. അപ്പോഴാണ് കര്‍ണ്ണാടക മോഡല്‍ അല്ലേല്‍ അപ്പോള്‍ മാത്രമാണ് കര്‍ണ്ണാടക മോഡലിന്‍റെ പ്രസക്തി വരിക. ഇവരില്‍ ഒരാളെ പ്രധാനമന്ത്രിയാക്കാം എന്നു ഉറപ്പുകൊടുത്തു ചാടിക്കുക. അതും സാധ്യമാകില്ല. കാരണം ആന്ധ്രയിലെ ജഗനെ പ്രധാനമന്ത്രിയാക്കാന്‍ സഹായിച്ചാല്‍ തെലുംഗാനയിലെ കെ സി ആര്‍ പിന്നീടൊരിയ്ക്കലും അവിടെ നിലംതൊടില്ല. ഇതു തന്നെയാണ് തിരിച്ചും. തെലുംഗാനയിലെ കെ സി ആറി നെ സഹായിച്ചാല്‍ ജഗന്‍ ആന്ധ്രയില്‍ നിലംതൊടില്ല.
ഇനി അവര്‍ പരസ്പരം സഹായിക്കാം എന്നു തീരുമാനിച്ചിട്ടും കാര്യമില്ല. കാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ NDA എത്ര താഴോട്ടു പോയാലും ഒരു പരിധിവിട്ടു താഴില്ല. അതായത് ഈ പറഞ്ഞ മൂന്നു കക്ഷികളില്‍ ഒരാളുടെ മാത്രം സഹായം മതിയാകും NDA മുന്നണിയ്ക്ക് കുറവു വന്നാല്‍ തീര്‍ച്ചയായും ഇവരില്‍ ഒരാളുടെ സഹായം മതിയാകും NDA യ്ക്ക് ബുദ്ധിമുട്ടില്ലാതെ ഭൂരിപക്ഷം തികയ്ക്കാന്‍. അതുകൊണ്ടു തന്നെ അവര്‍ പരസ്പരം സഹായിക്കുംബോള്‍ BJD നേരെ NDA പാളയത്തിലെത്തും. BJD യ്ക്ക് പ്രധാനമന്ത്രി സ്ഥാനം നല്‍കിയാല്‍ മറ്റു രണ്ടുപേരും ഇങ്ങു പോരും. ഒരുതരം സീസോ കളി.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും പിന്നെന്തിനാണ് ഈ രാഷ്ട്രപതിയെ കാണലും തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ മുന്നണി നീക്കങ്ങള്‍ സജീവമാക്കുന്നതും എന്ന്. ഉത്തരം വളരെ സിംപിള്‍ ആണ്. അഴിമതിയോ കെടുകാര്യസ്ഥതയോ ഭരണപരാജയമോ ഒന്നും ചൂണ്ടിക്കാട്ടാനില്ല. അപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ജനത്തിനെ കണ്‍ഫ്യൂസ് ചെയ്യാനും വേറെന്താ ചെയ്യുക ??