ഭാരതത്തിൽ ലോക്ക്ഡൌൺ വിജയിച്ചോ? എന്തുകൊണ്ട് കേരളം, പുതുച്ചേരി, ഛത്തീസ്ഗഡ്, തൃപുര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണനിരക്കും രോഗവ്യാപനവും കുറയുന്നു?
ഈ രണ്ടു വിഷയങ്ങളെ കുറിച്ചു വിശദമായി തന്നെ സംസാരിക്കാം.
കോവിഡിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഇന്ത്യ ഇതുവരെ വിജയിച്ചു എന്നു നിസ്സംശയം പറയാം. വെറുതെ പറയുകയല്ല, കണക്കുകള്‍ അങ്ങനെയാണ് സംസാരിക്കുന്നത്.
ഇന്ന് ഇന്ത്യയില്‍ കോവിഡുമായ് ബന്ധപ്പെട്ട് ചികിത്സയിലുള്ളത് 64000 പേരാണ്. അതില്‍ 44000ത്തില്‍ അധികം പേരും 6 ജില്ലകളും ഡല്‍ഹിയിലുമായാണ്. 20000 പേര് മാത്രമേ ഇന്ന് ഇന്ത്യയിലെ ബാക്കി 95% പ്രദേശത്തുമായ് ചികിത്സയിലുള്ളൂ. അതിന്‍റെ അര്‍ത്ഥം മെയ് 31ന് ശേഷം ഈ ആറു ജില്ലകളും ഡല്‍ഹിയും മാത്രം പൂട്ടിയിട്ടാല്‍ മതിയായേക്കും എന്നതാണ്. പൂര്‍ണ്ണമായും മറ്റിടങ്ങള്‍ സ്വതന്ത്രമായില്ലെങ്കിലും അമ്പതു ശതമാനത്തിനു മുകളിലേക്ക് തീര്‍ച്ചയായും ലോക്ക്ഡൗണില്‍ നിന്നു പുറത്തു കടക്കാനായേക്കണം.
ഈ നമ്പറ് ചെറുതായി വരാന്‍ പോകുന്ന ദിവസങ്ങളില്‍ ഉയരും. പ്രവാസികളുടെ വരവും, ഇന്‍റര്‍ സ്റ്റേറ്റ് യാത്രകളില്‍ ഇളവ് ലഭിച്ചതോടെ മുംബയില്‍ നിന്നും മറ്റും പലരും പുറത്തേക്ക് യാത്ര ചെയ്ത് സ്വന്തം സ്ഥലത്ത് എത്തിയതും, മൈഗ്രന്‍റ് വര്‍ക്കേഴ്സിന്‍റെ മടങ്ങിപ്പോക്കും കാരണം ഏതാനും ദിവസങ്ങളില്‍ മറ്റു സ്ഥലങ്ങളിലേക്കും വര്‍ധന വരും. അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഗോവയില്‍ കേസുകള്‍ വര്‍ധിച്ചത്.
ബീഹാറിലേക്ക് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 25% പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു വര്‍ധന ഉണ്ടാകും. പക്ഷേ വരുന്ന 14 മുതല്‍ 30 ദിവസം കാര്യമായി പരിശ്രമിച്ചാല്‍ കോവിഡിനെ ഇന്ത്യയുടെ 95% ഭൂപ്രദേശത്തു നിന്നും നമുക്ക് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്ന പോലെ നമുക്ക് പറപ്പിക്കാം.
എന്തുകൊണ്ട് നമുക്കിത് സാധിച്ചു എന്നതിന് ഉത്തരം തേടുമ്പോഴാണ് നമ്മള്‍ ഇന്ത്യ ഭരിക്കുന്ന മനുഷ്യന്‍റെ ദീര്‍ഘദര്‍ശിത്വത്തിനെ നന്ദി പറയേണ്ടത്.
അമേരിക്കയുടെ കോവിഡ് ബാധിതര്‍ 15 ലക്ഷത്തിലധികമാണ്. മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതര്‍ 3.5 ലക്ഷവും മരണം മുപ്പത്തി അയ്യായിരവുമാണ്. ഇംഗ്ലണ്ടിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടരലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും മുപ്പത്തയ്യായിരം പേര്‍ മരിക്കുകയും ചെയ്തു. ഏതാണ്ട് 14.2% പേര്‍ ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു എന്നര്‍ത്ഥം. ആ കണക്കിന് ഒരു ലക്ഷം കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഇതിനോടകം 14000 പേരെങ്കിലും കുറഞ്ഞതു മരിക്കേണ്ടതായിരുന്നു. അമേരിക്കയിലെയും ബ്രിട്ടനിലെയും ഒന്നും ഫെസിലിറ്റി ഇവിടെ ഇല്ല എന്നതുകൊണ്ട് തന്നെ 14% മരണം എന്നത് അതിലും വര്‍ധിച്ചാലും ഒട്ടും അതിശയപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ മരണനിരക്ക് ഇന്നും വെറും 3% മാത്രമായി അടക്കി നിര്‍ത്തിയിരിക്കുന്നു.
അതിനു നമുക്ക് കഴിഞ്ഞത് രോഗവ്യാപനത്തിനു മികച്ച രീതിയില്‍ തടയിടാന്‍ നമുക്ക് സാധിച്ചതു കൊണ്ടാണ്. നോക്കൂ ആദ്യ നൂറു രോഗികളില്‍ നിന്നും ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എടുത്ത സമയം 64 ദിവസമാണ്. അതേ സമയം അമേരിക്ക 25 ദിവസവും, ഇറ്റലി 36 ദിവസവും, ഇംഗ്ലണ്ട് 42 ദിവസവും, സ്പെയിന്‍ 30 ദിവസവുമാണ്. കോവിഡിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്നു നമുക്കറിയാം. പക്ഷേ കോവിഡിനെ തോല്‍പ്പിക്കാന്‍ മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയ വഴി ”ബയ്യിംഗ് ദി ടൈം” അഥവാ ”സമയം മേടിക്കുക” എന്നതാണ്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അയാളെ അയാളുടെ ശരീരം സ്വയം ആന്‍റിബോഡി ഉത്പാദിപ്പിക്കപ്പെടുന്ന സമയം വരെ നിലനിര്‍ത്തുക എന്നതു മാത്രമാണ് പോംവഴി. ആ വൈറസിനെതിരായ ആന്‍റി ബോഡി ശരീരം സ്വയം ഉത്പാദിപ്പിക്കുന്നതോടെ വൈറസ് ആ ശരീരം വിട്ടൊഴിയുകയും റിസല്‍റ്റ് നെഗറ്റീവാകുകയും ചെയ്യും. പക്ഷേ ആന്‍റി ബോഡി ഉത്പാദിപ്പിക്കപ്പെടുന്നതു വരെ വേണ്ട സമയം ലഭിക്കാതെ വരുമ്പോഴാണ് മരണം എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ സംഭവിക്കുന്നത്. അനുബന്ധ അസുഖങ്ങളാണ് ഒരു പരിധി വരെ മരണത്തിന് കാരണമാകുന്നത്. കിഡ്നി തകരാറ്, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഡയബറ്റിക്സ് അങ്ങനെയുള്ള രോഗങ്ങള്‍ മൂര്‍ച്ഛിച്ച് മരണം മനുഷ്യനെ തട്ടിയെടുക്കുന്ന സ്ഥിതിയുണ്ടാകാതെ, ആന്‍റിബോഡി സ്വയം ഉത്പാദിപ്പിക്കപ്പെടുന്നത് വരെ രോഗിയെ നിലനിര്‍ത്തുക എന്നതാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ഒരു ഡോക്ടറുടെ മുന്നിലേക്ക് എത്തുന്നത് ഒരു രോഗി മാത്രമായാല്‍ ആ ഡോക്ടര്‍ക്ക് തന്‍റെ മുഴുവന്‍ സമയവും അധ്വാനവും ചിലവഴിച്ച് ആ രോഗിയെ രക്ഷിക്കാം. അമ്പത് പേര്‍ ഒരുമിച്ചെത്തിയാല്‍ ഡോക്ടറുടെയും സംവിധാനങ്ങളുടെയും നില തെറ്റും. മരണം വര്‍ധിക്കും. യൂറോപ്പിലും അമേരിക്കയിലുമൊക്കെ സംഭവിച്ചതും അതാണ്. ഇന്ത്യയില്‍ സംഭവിക്കാതിരുന്നതും അതാണ്. അവിടെയാണ് മുകളില്‍ പറഞ്ഞ കണക്കിനു പ്രസക്തി വര്‍ധിക്കുന്നത്. 25 ദിവസം കൊണ്ട് ഒരു ലക്ഷം പേരെത്തുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ സംവിധാനങ്ങള്‍ നിസ്സഹായരാകും. 64 ദിവസം കൊണ്ട് ഒരു ലക്ഷം പേരെത്തുമ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചതു പോലെ നാല്‍പ്പതിനായിരത്തിലധികം ആള്‍ക്കാര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ടാകും. അതായത് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുമ്പില്‍ രോഗികള്‍ ഓവര്‍ ക്രൗഡഡ് ആകാതെ നോക്കാന്‍ കഴിഞ്ഞു. കോവിഡിന് എതിരെ മെഡിക്കല്‍ സയന്‍സിന്‍റെ ഫോര്‍മുല ആയ ബയ്യിംഗ് ദി ടൈം എന്നത് തന്നെ മോദി സര്‍ക്കാരും ചെയ്തു. സമയം ചോദിച്ചു വാങ്ങി. വളരെ പതുക്കെ മാത്രം രോഗ വ്യാപനത്തിനുള്ള അവസരം നല്‍കി, ഒരേ സമയം അധികം രോഗികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തി.
തബ്ലീഗ് ഉയര്‍ത്തിയ പ്രശ്നമില്ലായിരുന്നു എങ്കില്‍ ഒരു പക്ഷേ വെറും അയ്യായിരമോ പതിനായിരമോ പേരിലേക്ക് മാത്രം ചുരുക്കി ഇതിനോടകം നമുക്ക് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുവാന്‍ സാധിച്ചിരുന്നേനെ. ദൗര്‍ഭാഗ്യവശാല്‍ അത് സാധിക്കാതെ പോയി. കാരണം കോവിഡിന്‍റെ വ്യാപനം പ്രധാനമായും മഹാനഗരങ്ങളിലാണ് നടക്കാറ്. ന്യൂയോര്‍ക്കും, ലണ്ടനുമൊക്കെയാണ് കോവിഡിന്‍റെ വിഹാര കേന്ദ്രങ്ങള്‍. മഹാനഗരങ്ങളിലേക്ക് ഏതാനും പേര്‍ കോവിഡ് പോസിറ്റീവ് ആയി എത്തിയാല്‍ നിമിഷനേരം കൊണ്ട് അതു പടര്‍ന്നു പിടിയ്ക്കും. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രോഗ വ്യാപനം ഉണ്ടായിരിക്കുന്നത് മഹാനഗരങ്ങളിലാണ്. മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി അങ്ങനെ ഏറ്റവും ജനസാന്ദ്രതയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മഹാനഗരങ്ങളില്‍. ഇത്തരം മഹാനഗരങ്ങളില്ലാത്ത സംസ്ഥാനങ്ങള്‍ ഏറെക്കുറേ ശാന്തമാണ്. കാസര്‍ഗോഡുകാരനില്‍ നിന്നും രോഗം പടര്‍ന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തുടക്കത്തില്‍ രോഗം പടര്‍ന്നെങ്കിലും കേരളത്തില്‍ ഇതു ഒരു പരിധിവിട്ട് ഉയരാത്തതിന്‍റെ കാരണം മഹാനഗരങ്ങളുടെ അഭാവമാണ്. ഇന്ത്യയുടെ വലിയ 75 നഗരങ്ങളില്‍ കേരളത്തിലെ ഒരു നഗരം പോലും ഉണ്ടാകാതിരുന്നത് കോവിഡിന്‍റെ കാര്യത്തില്‍ കേരളത്തിന് ആനുഗ്രഹമായി എന്നു വേണം പറയുവാന്‍. കേരളത്തില്‍ മാത്രമല്ല പുതുച്ചേരി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തൃപുര അങ്ങനെ രോഗികളുടെ എണ്ണം വളരെ കുറഞ്ഞു നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊക്കെ രോഗ വ്യാപനം ഉണ്ടാകാതെ പോയത് മഹാനഗരങ്ങളുടെ അഭാവമാണ്. അതിനൊരു അപവാദം കര്‍ണ്ണാടക മാത്രമാണ്. ബാംഗ്ലൂര്‍ എന്ന മഹാനഗരമുണ്ടായിട്ടും രോഗവ്യാപനത്തെ പിടിച്ചുകെട്ടിയ യദ്യൂരപ്പ വലിയ പ്രശംസ അര്‍ഹിക്കുന്നു. ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ മുഖ്യമന്ത്രി അദ്ധേഹമാണ് എന്നു പറഞ്ഞാലും ഒട്ടും കൂടുതലല്ല.
എന്നിരുന്നാലും ന്യൂയോര്‍ക്ക്, ന്യൂജേഴ്സി പോലുള്ള മഹാനഗരങ്ങളുമായ് തുലനം ചെയ്യുമ്പോള്‍ നമ്മുടെ മഹാനഗരങ്ങളിലെ രോഗ വ്യാപനവും, മരണ നിരക്കും വീണ്ടും കുറവാണ് എന്നും കണക്കുകള്‍ പറയുന്നു. അത് മികച്ച ആസൂത്രണത്തിന്‍റെയും, ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കഠിനപരിശ്രമത്തിന്‍റെയും ഫലമാണ്. കര്‍ണ്ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ പറഞ്ഞതു പോലെ പലരെയും അവസാന നിമിഷങ്ങളില്‍ ഓടിച്ചിട്ട് പിടിച്ച് ആശുപത്രികളില്‍ അഡ്മിറ്റ് ആക്കുന്നതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോകുന്നത്. ഫോണ്‍ ഓഫ് ചെയ്ത് വെച്ച് ഒളിച്ചിരുന്ന പലരും കളിച്ചത് സ്വന്തം ജീവന്‍ പണയം വച്ചായിരുന്നു എന്ന് സാരം.
ഏതാണ്ട് 95% പ്രദേശങ്ങളെയും വരുതിയ്ക്ക് നിര്‍ത്തുവാന്‍ നമുക്ക് ഇതിനോടകം സാധിച്ചു. വരും ദിവസങ്ങളില്‍ കുറച്ചുകൂടി കരുതലോടെ മുന്നോട്ടു പോയാല്‍ ഈ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്കു വരികയും, ഏറെ വൈകാതെ മഹാനഗരങ്ങളും അതോടൊപ്പം ചേരുകയും ചെയ്യും എന്നു നമുക്ക് പ്രതീക്ഷിക്കാം.
ഭാരതം തോല്‍ക്കില്ല.