ഗൗതം അദാനി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മഹാമാരിയുടെ കാലത്ത് ലോക രാഷ്ട്രങ്ങളും ബിസിനസ് സംരഭകരും സാമ്പത്തിക തളര്‍ച്ചയുടെ പിടിയിലമര്‍ന്നപ്പോള്‍ ഗൗതം അദാനി ആഗോളസാമ്പത്തിക ഭീമന്‍മാരായ ആമസോണിന്റെ ജെഫ് ബോസനേയും ടെസ് ലയുടെ എലോണ്‍ മസ്‌കിനേയും പിന്തള്ളി വന്‍ സമ്പത്ത് നേടിയിരിക്കുന്നു.
രാജ്യത്തിന് തന്നെ അഭിമാനമാകേണ്ട വാര്‍ത്തയാണെങ്കിലും പലരും ഇതില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുന്നു. ചില ഇടതു പക്ഷ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അദാനിയുടെ വളര്‍ച്ച രാജ്യത്തെ കൊള്ളയടിച്ചുണ്ടായതാണെന്ന് സൂചന നല്‍കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഉറ്റ ചങ്ങാതി’ ഭരണ സ്വാധീനം ഉപയോഗിച്ച് കോടികള്‍ കൊള്ള നടത്തുകയാണെന്നുമുള്ള നാരേറ്റീവ് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ പ്രേരിതമായി ഉയരുന്ന ഇത്തരം പ്രസ്താവനകള്‍ക്കും ആരോപണങ്ങള്‍ക്കും വസ്തുതയുടെ യാതൊരു പിന്‍ബലവുമില്ലെന്ന് മാത്രമല്ല രാജ്യത്തെ വ്യവസായ സംരംഭകരുടെ വളര്‍ച്ചയെ താറടിച്ച് കാണിക്കാനും സമാനമായി ഉയര്‍ന്നു വരുന്ന സംരംഭകര്‍ക്കും കമ്പനികള്‍ക്കും പ്രതികൂലമാകുന്നതുമാണ് .
2021 ലെ ആദ്യ മാസങ്ങളില്‍ 16.2 ബില്യണ്‍ യുഎസ് ഡോളറിന്റെ വളര്‍ച്ചയാണ് അദാനിയുടെ കമ്പനികള്‍ നേടിയിരിക്കുന്നത്. ഇതോടെ അദാനിയുടെ ആകെ ആസ്തി 50 ബില്യണ്‍ യുഎസ് ഡോളറായി കുതിച്ചുയര്‍ന്നു. ബ്ലൂംബെര്‍ഗ് ബില്യയണര്‍ സൂചികയുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് അദാനിയുടെ ആസ്തി വര്‍ദ്ധന വാര്‍ത്തയായത്. ആഗോള ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരെ കടത്തിവെട്ടിയാണ് അദാനി ഈ നേട്ടം കൊയ്തത്.
അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികളില്‍ ഒരെണ്ണം ഒഴികെ എല്ലാം 50 ശതമാനം മുതല്‍ 96 ശതമാനം വരെ മൂല്യം വര്‍ദ്ധിച്ചതാണ് ഇതിനു കാരണമായത്.
അദാനിയുടെ ഈ വളര്‍ച്ച രാജ്യത്തെ കൊള്ളയടിച്ച് ഉണ്ടാക്കിയതാണെന്ന് കരുതുന്നവര്‍ക്കും പ്രചരണം നടത്തുന്നവര്‍ക്കും നല്ല നമസ്‌കാരം പറയാമെന്നല്ലാതെ മറ്റെന്തു പറയാന്‍.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ, ഊര്‍ജ്ജ കമ്പനിയായ ടോടല്‍ എസ് എ , ആഗോള നിക്ഷേപ കമ്പനിയായ വാര്‍ബര്‍ഗ് പിന്‍കസ് എന്നിവര്‍ അടുത്തിടെയാണ് അദാനിയുടെ കമ്പനിയില്‍ ശതകോടികളുടെ നിക്ഷേപം നടത്തിയത്.
അദാനി ഗ്രീന്‍ എനര്‍ജി. അദാനി പോര്‍ട്ട് ആന്‍ഡ് സെസ്, അദാനി ടോടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നീ കമ്പനികളാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. ഇതില്‍ സോളാര്‍ ഉള്‍പ്പടെയുള്ള നിരവധി പദ്ധതികള്‍ സ്വന്തമായുള്ള അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ നേടിയത് 18 ബില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യവര്‍ദ്ധനവാണ്. ശ്രീലങ്ക പോലുള്ള വിദേശ രാജ്യങ്ങളിലെ തുറുമുഖ വികസന പദ്ധതികള്‍ ലഭിച്ച അദാനി പോര്‍ട്ട് ആന്‍ഡ് സെസ് കമ്പനിയുടെ ഓഹരികള്‍ നേടിയത് 9 ബില്യണ്‍ യുഎസ് ഡോളറിന്റെ നേട്ടമാണ്.
ഇതാണ് അദാനിയുടെ ആസ്തിയിലെ വര്‍ദ്ധനവിന് കാരണമായത്. ഇതില്‍ മോദിയുടെ പങ്ക് എന്തായിരിക്കുമെന്ന് ഓഹരി നിക്ഷേപവും വില്‍പനയും നടക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലായിട്ടുള്ളവര്‍ക്ക് അറിയാനാകും.
മികവാര്‍ന്ന പ്രവര്‍ത്തനവും മികച്ച പദ്ധതികളും മറ്റും കൈമുതലുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ ഏതൊരു നിക്ഷേപകനും ആഗ്രഹിക്കും. അദാനിയുടെ കമ്പനി ഇന്ത്യയിലും വിദേശത്തും മറ്റും യഥാവിധി നടക്കുന്ന ബിഡ്ഡിംഗില്‍ പങ്കെടുത്ത് എന്‍ വണ്‍ ക്വാട്ടിലൂടെ കരാര്‍ ലഭിക്കുക തന്നെയാണ്. അല്ലാതെ മോദിയുടെ സുഹൃത്തായതിനാല്‍ വഴിവിട്ട് കരാറുകള്‍ സ്വന്തമാക്കുന്നതല്ല.
ഇനി, ഇത്തരത്തില്‍ ആക്ഷേപം ഉള്ളവര്‍ക്ക് കോടതികളെ സമീപിക്കുകയും നീതി തേടുകയും ചെയ്യാവുന്നതുമല്ലേ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടം അദാനിയുടെ കമ്പനിക്ക് ലഭിച്ചത് യഥാവിധി ബിഡ്ഡിംഗില്‍ പങ്കെടുത്തിട്ട് തന്നെയായിരുന്നല്ലോ. ബിഡ്ഡിംഗില്‍ പങ്കെടുത്ത കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് നല്‍കിയതിനേക്കാളും കൂടിയ പാസഞ്ചര്‍ ഫീസ് വിഹിതമാണ് എയര്‍പോര്‍ട്ട അഥോറിറ്റിക്ക് അദാനി വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് എല്‍വണ്‍ ക്വാട്ട് എന്ന നിലയില്‍ അദാനിയുടെ ഓഫര്‍ അംഗീകരിക്കപ്പെടുകയായിരുന്നു.
ബിഡ്ഡിംഗ് പ്രോസസില്‍ പരാജയപ്പെട്ട കേരള സര്‍ക്കാര്‍ മറ്റ് ന്യായവാദങ്ങള്‍ നിരത്തിയാണ് കോടതിയെ സമീപിച്ചത്. വിമാനത്താവള ഭൂമി കേരള സര്‍ക്കാരിന്റേതാണെന്നും പൊതുജനതാല്‍പര്യം അദാനിക്ക് നല്‍കുന്നതിന് എതിരാണെന്നുമുള്ള വാദമുഖങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മുന്നോട്ട് വെച്ചത്. ഇതില്‍ മോദിസര്‍ക്കാരിന് റോള്‍ ഒന്നമില്ലെന്നതാണ് വസ്തുത.
ബിഡ്ഡിംഗില്‍ പങ്കെടുക്കാനായി ലീഗല്‍ കണ്‍സള്‍ട്ടന്‍സിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചത് വിവാദമായിരുന്നു. ബിഡ്ഡിംഗില്‍ എതിരാളിയായ ഗൗതം അദാനിയുടെ മരുമകളുടെ ഉടമസ്ഥതയിലുള്ള ലീഗല്‍ കമ്പനിയെയാണ് കേരള സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചത്. ഇത്തരത്തില്‍ കേരളത്തിന്റെ ക്വാട്ട് സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും അദാനി ഗ്രൂപ്പിന് ലഭ്യമാകാം എന്ന സാധ്യതയും നിലവിലുണ്ട്.
ഇത്തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അകാരണമായി ഉന്നംവെച്ച് ആരോപണം നടത്തുകയാണ് ഇടതുപക്ഷവും ചില മാധ്യമങ്ങളും ചെയ്യുന്നത്. മുംബൈ ഉള്‍പ്പടെയുള്ള രാജ്യത്തെ പലവിമാനത്താവളങ്ങളുടേയും നടത്തിപ്പ് ഇത്തരത്തില്‍ ഗൗതം അദാനിയുടെ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു.
പതിറ്റാണ്ടുകളായി കടല്ലാസില്‍ കിടന്നിരുന്ന വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് ആഗോള ടെണ്ടര്‍ വിളിച്ചപ്പോള്‍ അദാനി മാത്രമാണ് ബിഡ്ഡിംഗില്‍ പങ്കെടുത്തത്. യുഡിഎഫിന്റേ കാലത്ത് നടന്ന ബിഡ്ഡിംഗിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന എല്‍ഡിഎഫ് പിന്നീട് തങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിഷേധം അവസാനിപ്പിച്ച് അദാനിക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് ചെയ്തത്.
ഇതെല്ലാം വെളിവാക്കുന്നത് ഗൗതം അദാനിയും അദ്ദേഹത്തിന്റെ കമ്പനികളും യഥാവിധി ബിഡ്ഡിംഗില്‍ പങ്കെടുത്ത് രാജ്യത്തെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നേടിയെടുക്കുകയും ഇത് അവരുടെ വളര്‍ച്ചയുടെ ഭാഗമാകുകയും ചെയ്‌തെന്ന് തന്നെയാണ്.
ഗുജറാത്തിലെ മുണ്ട്ര തുറുമുഖം 1995 ല്‍ അദാനിക്ക് ലഭിക്കുമ്പോള്‍ നരേന്ദ്ര മോദി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നു പോലുമില്ലെന്നാണ് വസ്തുത. കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു അപ്പോള്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്.
ഇങ്ങിനെ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ അദാനിയുടെ കമ്പനി വളര്‍ന്നു വന്ന വഴിയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും സംരംഭകത്വത്തിലെ വൈഭവുമാണ് അദ്ദേഹത്തിന് സഹായകമായതെന്നു കാണാം.
തുറുമുഖം, വിമാനത്താവളം, ഡാറ്റാ സെന്റര്‍, കല്‍ക്കരി ഖനനം തുടങ്ങിയ മേഖലകളിലെ പദ്ധതികളും പ്രകൃതി വാതകം, സോളാര്‍ എനര്‍ജി, തുടങ്ങിയ മേഖലകളിലെ വന്‍കിട പദ്ധതികളുമാണ് അദാനിയെ ഈ കോറോണകാലത്തും വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം പിന്നിടാന്‍ സഹായിച്ചത്.
ലോകം ലോക്ക്ഡൗണിനു ശേഷം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ നേരത്ത് തളര്‍ച്ചയുടെ ഭാഗമാകാതെ ആസ്തി വര്‍ദ്ധിപ്പിച്ചവരിലാണ് അദാനി 1600 കോടി യുഎസ് ഡോളറിന്റെ നേട്ടവുമായി അദാനി ഒന്നാമനായത്. ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ലാറി പേജും സെര്‍ജി ബ്രിനും സേര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ സ്ഥാപകരാണ്. നാലാം സ്ഥാനം ലഭിച്ചതാകട്ടെ ആഗോള ഓഹരി നിക്ഷേപകനായ വാരന്‍ ബഫെറ്റിനാണ്. കണ്‍വെന്‍ഷനല്‍ ബിസിനസ് നടത്തുന്നവരേക്കാള്‍ ഇത്തരത്തില്‍ സ്‌പെഷ്യലൈസഡ് മേഖലകളില്‍ കേന്ദ്രീകരിച്ച് നിക്ഷേപവും പദ്ധതികളുമുള്ളവര്‍ക്കാണ് ഈ കോറോണക്കാലത്തും ലാഭം ഉണ്ടാക്കാനായതെന്ന് കാണാം.
ഗൗതം അദാനി ഇത്തരത്തില്‍ ശതകോടികള്‍ കേവലം രണ്ടര മാസത്തിനുള്ളില്‍ നേടിയെടുത്തത് അദ്ദേഹത്തിന്റെ സംരഭക മികവു കൊണ്ട്തന്നെയാണെന്ന് കാണാം. ഫ്രഞ്ച് ഓയില്‍ ഭീമനായ ടോടല്‍ അദാനിയുടെ കമ്പനിയില്‍ നടത്തിയ നിക്ഷേപമാണ് പൊടുന്നനെ അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരികള്‍ക്ക് മൂല്യം വര്‍ദ്ധിപ്പിച്ചതിന് ഒരു കാരണം.
മൂന്നു പതിറ്റാണ്ട് പിന്നിട്ട അദാനിയുടെ കമ്പനിയുടെ പൊടുന്നനെയുള്ള വളര്‍ച്ച 1988 നും 1992 നും ഇടയിലായിരുന്നു. ഗുജറാത്തിലെ കണ്ട്‌ള തുറുമുഖം വഴി പ്ലാസ്റ്റിക് ഗ്രാന്യുള്‍ ഇറക്കുമതി ചെയ്താണ് തുടക്കം. 1988 ല്‍ 100 ടണ്ണില്‍ നിന്ന് 40,000 ടണ്ണിലേക്കുള്ള വളര്‍ച്ച പൊടുന്നനെയായിരുന്നു. പിവിസി എന്ന പോളി വിനയല്‍ ക്ലോറൈഡ് വന്‍തോതില്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നപ്പോള്‍ ഇത് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏക കമ്പനിയായ ഐപിസിഎല്‍ പ്രതിമാസം കേവലം രണ്ട് ടണ്‍ മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്. അദാനിയുടെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് അന്ന് പ്രതമാസം ഇരുപത് ടണ്‍ പിവിസി ആവശ്യമായിരുന്നു. ഇതേ തുടര്‍ന്ന് പിവിസി ഇറക്കുമതി ചെയ്യുക എന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു.
രണ്ടാം വര്‍ഷ ബിരുദം പഠിച്ചുകൊണ്ടിരിക്കെ കോളേജ് വിദ്യാഭ്യാസം മതിയാക്കി ബിസിനസ് രംഗത്തേക്ക് ഇറങ്ങിയ ഗൗതം അദാനിക്ക് പിവിസി ഇറക്കുമതിയോടൊപ്പം കെമിക്കല്‍സും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ അധികം നാള്‍ വേണ്ടിവന്നില്ല,
വ്യാപാരത്തില്‍ നിന്നും സംരഭകനിലേക്കുള്ള വളര്‍ച്ച 1990 കളിലായിരുന്നു. മുണ്ട്ര തുറുമുഖത്തിന്റെ വികസനം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ നറുക്ക് വീണത് ഗൗതം അദാനിയുടെ തുറുമുഖ കമ്പനിക്കായിരുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന ചിമന്‍ഭായി പട്ടേലാണ് ഉപ്പ് ഉല്‍പ്പാനദനത്തിനായി 3000 ഏക്കര്‍ ഭൂമി അദാനിക്ക് കൈമാറിയത്. 1999 ല്‍ അദാനി കല്‍ക്കരി വ്യാപാരം ആരംഭിച്ചു. തുടര്‍ന്ന് ഒരോ ദശകങ്ങളിലും അദാനി പുതിയ മേഖലകളിലേക്ക് തന്റെ ബിസിനസ് വ്യാപിക്കുകയായിരുന്നു.
2001 ല്‍ നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകും മുമ്പ് തന്നെ അദാനി ആ സംസ്ഥാനത്തെ നമ്പര്‍ വണ്‍ സംരംഭകനായിക്കഴിഞ്ഞിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന രീതിയില്‍ ഗുജറാത്തിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മോദി ആവിഷ്‌കരിച്ച വൈബ്രന്റ് ഗുജറാത്ത് എന്ന നിക്ഷേപ സംഗമത്തിലാണ് അദാനി വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ചത്. ദീര്‍ഘവീക്ഷണത്തോടെ മോദി നടപ്പിലാക്കിയ ഏകജാലക സംവിധാനവും ചുവപ്പുനാട ഒഴിവാക്കലും ടാറ്റയെ പോലുള്ള നിക്ഷേപകര്‍ ഇടതു പക്ഷത്തിന്റെ ബംഗാളിനെ ഉപേക്ഷിച്ച് ഗുജറാത്തില്‍ എത്തി നാനോ നിര്‍മാണ ഫാക്ടറി ഗുജറാത്തില്‍ ആരംഭിക്കാന്‍ പ്രേരകമായി.
ഗുജറാത്തി സഹോദരന്‍മാരായ മുകേഷ് അംബാനിയും അനില്‍ അംബാനിയും അന്ന് രാജ്യത്തെ പ്രമുഖ വ്യവസായികളായിരുന്നു. ടെക്‌സൈറ്റല്‍ ബിസിനസ് നടത്തിയിരുന്ന ധിരുഭായ് അംബാനിയുടെ മക്കള്‍ ഓയില്‍ റിഫൈനറി, ഇന്‍ഫ്രാസ്ട്രകചര്‍ തുടങ്ങി ഒട്ടനവധി മേഖലകളിലേക്ക് എത്തുകയും ലോകത്തിലെ വമ്പരാകുകയുംചെയ്തത് കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്തായിരുന്നു.
ഭരിക്കുന്ന സര്‍ക്കാര്‍ വഴിവിട്ട് ഇവര്‍ക്ക് പലതും അനുവദിച്ച് കൊടുത്തതിനെ തുടര്‍ന്നാണ് അംബാനിമാര്‍ വളര്‍ന്നതെന്ന് അന്നൊന്നും ആരും ആരോപിച്ചിരുന്നില്ല.
എന്നാല്‍, ഇപ്പോള്‍, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ അംബാനിയും അദാനിയും വളര്‍ന്നത് നരേന്ദ്രമ മോദിയുടെ സര്‍ക്കാര്‍ ഇവര്‍ക്ക് വഴിവിട്ട് പലതും നല്‍കിയിട്ടാണെന്ന ആരോപണം അടിസ്ഥാന രഹിതമായി ആരോപിക്കുന്നു.
മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി ശതകോടികളുടെ കടക്കാരനായി തകര്‍ന്നടിഞ്ഞതും ഇതേകാലയളവിലാണ്. അനില്‍ അംബാനിയും മോദിയുടെ ഉറ്റചങ്ങാതിയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍, അദ്ദേഹം ചൈനീസ് ബാങ്കുകള്‍ക്ക് ശതകോടികളാണ് നല്‍കാനുള്ളത്. പാപ്പര്‍ സ്യൂട്ട് നല്‍കി കോടതിയുടെ കനിവിന് കാത്തിരിക്കുകയാണ് അനില്‍ അംബാനി.
അനിലിനെ ആപത് ഘട്ടത്തില്‍ സഹായിച്ചത് സഹോദരന്‍ മുകേഷ് തന്നെയാണ്. റിലയന്‍സ് ടെലികോം കമ്പനി അനില്‍ നിന്നും ഏറ്റെടുക്കുകയും ജിയോ എന്ന കമ്പനി ആരംഭിച്ചത് അതിനെ വലിയ ലാഭകരമാക്കിയതും മുകേഷ് അംബാനിയാണ്.
ഇതില്‍ നിന്നും ഒരേ സര്‍ക്കാരിന്റെ കാലത്ത് തന്നെ ടെലികോം കമ്പനി നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് എത്തപ്പെട്ടത് എങ്ങിനെയെന്ന് ആര്‍ക്കും മനസ്സിലാകുന്നതാണ്.
അദാനിയേയും മുകേഷ് അംബാനിയേയും വഴിവിട്ട് സഹായിച്ചുവെന്ന് ആരോപിക്കുന്നവര്‍ അനിലിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു. മോദി സര്‍ക്കാരിന് ഇത്തരത്തില്‍ സംരംഭകരെ വഴിവിട്ട് സഹായിക്കാനാകുമായിരുന്നുവെങ്കില്‍ അനില്‍ അംബാനിയും ഇന്ന് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മടങ്ങി എത്തുമായിരുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഉത്തരം മുട്ടുന്നു.
സംരംഭകര്‍ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുക എന്നത് ഏതൊരു സര്‍ക്കാരിന്റേയും കടമയാണ്. കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ പോലും അസന്‍ഡ് എന്ന പേരില്‍ നിക്ഷേപ സംഗമം നടത്തിയത് ഓര്‍ക്കുക. കോര്‍പറേറ്റുകളെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തില്‍ നിക്ഷേപ സംഗമം നടത്തി കൊട്ടിഘോഷം നടത്തിയത്.
ഇതെല്ലാം തെളിയിക്കുന്നത് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ക്രോണി ക്യാപിറ്റലിസം അഥവാ മുതലാളിത്ത ചങ്ങാത്തം നനഞ്ഞ പടക്കം മാത്രമാണെന്നും അവസരോചിതമായി രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന വടി മാത്രമാണ് ഇതെന്നും മനസ്സിലാക്കാനാകും.
ഏതെങ്കിലും വ്യവസായ സംരംഭകര്‍ ആസ്തി വര്‍ദ്ധിപ്പിക്കുന്നതും കച്ചവടത്തിലൂടെ ലാഭം നേടുന്നതും ആ രാജ്യത്തെ കൊള്ളയടിച്ചാണെന്നത് ചില അവസരങ്ങളില്‍ മാത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
മലയാളികളായ എംഎ യൂസഫലിയും രവിപിള്ളയും യുഎഇയിലും മറ്റും ബിസിനസ് നടത്തി വലുതായത് ആ രാജ്യത്തെ കൊള്ളടയിച്ചിട്ടാണോ. എംഎ യൂസഫലി യുപിയിലെത്തി ആയിരത്തിലധികം കോടിയുടെ നിക്ഷേപം നടത്തുന്നതും അവിടെ നിന്നും ലാഭം നേടുന്നതും ആ സംസ്ഥാനത്തെ കൊള്ളയടിച്ചാണോ? മലയാളിയുടെ സംരംഭമായ എംആര്‍എഫ് ഗുജറാത്തില്‍ ആയിരത്തിലധികം കോടിയുടെ ടയര്‍ നിര്‍മാണ ശാല ആരംഭിച്ചത് ആ സംസ്ഥാനത്തെ കൊള്ളയടിച്ചാണോ? അവിടുത്തെ ബിജെപി സര്‍ക്കാര്‍ എംആര്‍എഫിന് വഴിവിട്ട സഹായം നല്‍കിയിട്ടാണോ?
അദാനിക്കും അംബാനിക്കും നല്‍കിയ സൗകര്യങ്ങള്‍ തന്നെയാണ് എംആര്‍എഫിന് ഗുജറാത്തിലും ലഭിച്ചത്. പക്ഷേ, ഇതെല്ലാം മറച്ചുവെച്ച് എംആര്‍എഫിന്റെ സഹോദര സ്ഥാപനമായ മലയാള മനോരമ പോലും തങ്ങളുടെ പേജുകളില്‍ ഇക്കാര്യങ്ങള്‍ വിശദികരിക്കുന്ന വാര്‍ത്തകള്‍ നല്‍കിയിട്ടില്ല. മറിച്ച്, അവസരം ലഭിക്കുമ്പോള്‍ എല്ലാം മുനവെച്ച് ബിജെപി സര്‍ക്കാരുകളേയും നരേന്ദ്രമോദിയേയും വിമര്‍ശിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തുവരുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന മലയാളി ഉദ്യോഗസ്ഥനായ ജി കെ പിള്ള വിരമിച്ച ശേഷം അദാനി പോര്‍ട്‌സില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, കേരളത്തിലെ ഒരു പത്രം പോലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത് കണ്ടിട്ടില്ല.
ബിജെപി സര്‍ക്കാരുകളെ ടാര്‍ഗറ്റ് ചെയ്തുള്ള വാര്‍ത്തകളാണ് ഇവര്‍ പ്രസിദ്ധീകരിക്കുക പതിവ്.
അദാനി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആസ്തി വര്‍ദ്ധിപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ പലരും അദാനിയുടെ വിദേശ പ്രൊജക്ടുകളെപ്പറ്റിയോ. ഫ്രഞ്ച് കമ്പനിയായ ടോടല്‍ നടത്തിയ വലിയ നിക്ഷേപത്തെക്കുറിച്ചോ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി കണ്ടില്ല.
അദാനിയുടെ ആസ്തി വര്‍ദ്ധിച്ചതിന് കാരണം അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ന്നിട്ടാണെന്ന പ്രാഥമിക വസ്തുത പോലും ഇവര്‍ എഴുതി കണ്ടില്ല. മറിച്ച് വായനക്കാര്‍ക്ക് സംശയം ജനിപ്പിക്കുനന്തിനു വേണ്ടി മോദിയുടെ സൗഹൃദത്തെക്കുറിച്ചും രാഹുലിന്റെ കാടടച്ചുള്ള വിമര്‍ശനം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്നതിനുമാണ് ശ്രമം നടത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചുവെന്നും രാജ്യം മുഴുവന്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസും ഇടതുപക്ഷവും ചില മുഖ്യധാര മാധ്യമങ്ങളും തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നുണ്ട്.
എന്നാല്‍, മോദി സര്‍ക്കാര്‍ വന്ന ശേഷം ഇതുവരെ എണ്‍പതോളം പുതിയ പുതിയ മേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാകുകയാണ് ചെയ്തതെന്ന് ഔദ്യോഗിക രേഖകളും കണക്കുകളും വിശദീകരിച്ച് പത്രിക ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ദശാബ്ദങ്ങളായി നഷ്ടത്തിലായ എയര്‍ ഇന്ത്യ പോലുള്ള കമ്പനികളെ മാത്രമാണ് സര്‍ക്കാര്‍ കൈയ്യൊഴിയുന്നത്. എച്ച്പിസിഎല്‍ പോലുള്ള നവരത്‌ന കമ്പനികളുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികള്‍ വിറ്റത് മറ്റെരു പൊതുമേഖലാ നവരത്‌ന കമ്പനിയായ ഒഎന്‍ജിസിക്കാണ്. എല്‍ഐസിയുടെ പത്ത് ശതമാനത്തില്‍ താഴേ ഓഹരി ഐപിഒ വഴി പൊതുഓഹരി വിപണിയില്‍ ലഭ്യമാക്കുന്നതിനെ വിറ്റുതുലയ്ക്കലായി ചിത്രീകരിക്കുന്നവരുണ്ട്.
അദാനിയും അംബാനിയും തങ്ങളുടെ കമ്പനികളുടെ അമ്പതോ അറുപതോ ശതമാനം ഓഹരികളാണ് കൈയ്യില്‍ വെയ്ക്കുന്നത്. മറ്റുള്ളവ പബ്ലികിനു സ്വന്തമാണ്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരും തങ്ങളുടെ ഉടമസ്ഥതയുള്ള കമ്പനികളുടെ ഒരു നിശ്ചിത ശതമാനം ഓഹരികള്‍ പൊതുവിപണിയില്‍ എത്തിക്കുമ്പോള്‍ ഇതിനെ വിറ്റുതുലയ്ക്കലായി ചിത്രീകരിക്കുന്നത് വിചിത്രവാദം തന്നെയാണ്.
മോദിയുടേയും ബിജെപിയുടേയും കാലത്ത് വ്യവസായ സൗഹൃദ രാജ്യമെന്ന ഖ്യാതിയാണ് ഭാരതത്തിനുള്ളത്. അദാനിയും അംബാനിയും രാജ്യത്തിന്റെ വ്യവസായ അംബാസഡര്‍മാരായി മാറിയിട്ടുണ്ടെങ്കില്‍ അത് പൊതുവില്‍ ഇന്ത്യയ്ക്കും ഇവിടുത്തെ ജനങ്ങള്‍ക്കുമാണ് ഗുണം ചെയ്യുക. ടാറ്റയും ബിര്‍ളയുമായിരുന്നു ഒരുകാലത്ത് കേട്ട പേരുകള്‍. ഇനിയും വമ്പന്‍മാര്‍ വളര്‍ന്നു വരട്ടെ. വിദേശ നിക്ഷേപവും മറ്റും കടന്ന് വന്ന് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകട്ടെയെന്ന് മാത്രമാണ് ഈ അവസരത്തില്‍ പറയുവാനുള്ളത്.
ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ കമ്പനികളുടെ ഓഹരികള്‍ 8.1 ബില്യണ്‍ ഡോളറിന്റെമൂല്യവര്‍ദ്ധനവും നേടി. മുകേഷിനേയും കടത്തിവെട്ടുന്നതായിരുന്നു അദാനിയുടെ പ്രകടനം. അദാനിയെ പോലെ മുകേഷ് അംബാനിയുടെ കമ്പനികളിലും വിദേശ ഭീമന്‍മാര്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ചെയിനായ ഫ്യൂചര്‍ ഗ്രൂപ്പിന്റെ ലയനം സാധ്യമായാല്‍ അദാനിയെ കടത്തിവെട്ടി റിലയന്‍സിന്റെ അംബാനി മുന്നിലെത്താനും സാധ്യതയുണ്ട്. നിലവില്‍ ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. ആമസോണാണ് ഈ ലയനത്തിനെതിരെ നിയമമാര്‍ഗം തേടി തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. 40 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുള്ള കേസ് തീര്‍പ്പായാല്‍ 3.4 ബില്യണ്‍ യുഎസ് ഡോളറിന്റെ ഈ ഡീല്‍ സാധ്യമാകും. ഇതോടെ റിലയന്‍സാകും രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയുടെ ഉടമ.
വിമര്‍ശിക്കുന്നവര്‍ക്ക് അതിനു പ്രത്യേക കാരണങ്ങള്‍ വേണമെന്നില്ല. അവര്‍ വിമര്‍ശനം തുടര്‍ന്നുകൊണ്ടേയിരിക്കും. ഫാസിസ്റ്റ് ഭരണമെന്നൊക്കെ പേരിട്ടാണ് ഇക്കൂട്ടര്‍ ഈ കടുത്തവിമര്‍ശനം നിര്‍ബാധം ഭയം കൂടാതെ നടത്തുന്നതെന്ന തമാശ നമുക്ക് ആസ്വദിക്കുകയും ചെയ്യാം.