NSA അജിത് ഡോവൽ : കഥകളെ വെല്ലുന്ന ജീവിതം!

1

ഇന്ന് തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന പേരാണ് “അജിത് ഡോവൽ”. എതിരാളികൾ ചിന്തിച്ചു നിർത്തുന്നിടത്ത് ചിന്തിച്ചു തുടങ്ങുന്ന, ഇന്ത്യയുടെ ജയിംസ് ബോണ്ട് എന്നറിയപ്പെടുന്ന , ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരിലൊരാളായ ഡോവലിന്റെ ജീവിതകഥ അപസർപ്പക കഥകളെ വെല്ലുന്നതാണ്.
തികഞ്ഞ ആസൂത്രണ മികവോടെ തന്റെ തന്ത്രങ്ങളെ ഏകോപിപ്പിച്ച്കൊണ്ടുപോകാനുള്ള കഴിവാണ് ഈ 71 വയസ്സുകാരനെ ഇന്നും വാർത്തകളിൽ നിറക്കുന്നത്. ഈ അസാമാന്യ അസൂത്രണമികവും കർമ്മകുശലതയും കുശാഗ്രബുദ്ധിയുമാണ് ഇദ്ദേഹത്തെ തീവ്രവാദികളുടെ പേടിസ്വപ്നമാക്കുന്നതും പാകിസ്ഥാന്റെ കണ്ണിലെ കരടാക്കുന്നതും.
ശത്രുക്കളുടെ പാളയങ്ങളിലേക്ക് നേരിട്ട് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തുന്നതിൽ ആഗ്രഗണ്യനായ ഡോവൽ 7 വർഷം പാകിസ്ഥാനിയായി പാകിസ്ഥാനിൽ ജീവിച്ച് ചാരപ്രവർത്തനം നടത്തിയയാളാണ് .

ഈ ഏഴുവർഷംകൊണ്ട് ചില ആണവ രഹസ്യങ്ങളടക്കം പാകിസ്ഥാന്റെയും ISI യുടെയും പല രഹസ്യങ്ങളും ഡോവൽ ചോർത്തി. ഇതിനിടെ പാകിസ്ഥാനിലെ മർമ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയിൽ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി. ഇങ്ങനെ സിനിമാ സ്റ്റൈലിൽ നടത്തിയ ചാര പ്രവർത്തിയാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ജയിംസ്ബോണ്ട് എന്ന് വിശേഷിപ്പിക്കാൻ പ്രധാന കാരണം.

1968 ലെ കേരള കേഡർ IPS ഉദ്യോഗസ്ഥനായാണ് ഡോവലിന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1971ൽ കണ്ണൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപം അമർച്ച ചെയ്യാൻ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ നിയോഗിച്ചത് അജിത് ഡോവലിനെയായിരുന്നു. ഡോവൽ ആവിഷ്കരിച്ച കർമ്മപദ്ധതിയുമായി മുന്നോട്ട് പോയ പൊലീസിന് കേവലം ഒരാഴ്ചകൊണ്ട് ആ കലാപം നിയന്ത്രണവിധേയമായിക്കാനായി. ഇതിന് കരുണാകരന്റെ പ്രത്യേക പ്രശംസയും അദ്ദേഹത്തിന് കിട്ടിയിരുന്നു.

1980കളിൽ മിസോറമിൽ മിസോ നാഷണൽ ഫ്രണ്ട് തുടക്കമിട്ട ഗുരുതര കലാപത്തെ ഇന്ത്യ അമർച്ച ചെയ്തതും ഡോവലിന്റെ ചാണക്യ തന്ത്രങ്ങളിലൂടെയാണ്. ചൈനീസ് മേഖലയിൽ തമ്പടിച്ചിരുന്ന കലാപകാരികളുടെ സംഘത്തിലേക്ക് വേഷപ്രച്ഛന്നനായി കയറിപ്പറ്റിയ ഡോവൽ അവരുടെ നിർണായക രഹസ്യങ്ങൾ മുഴുവൻ ഇന്ത്യൻ സൈന്യത്തിന് ചോർത്തി നൽകുകയായിരുന്നു. അതിനിടെ കലാപത്തിന് നേതൃത്വം നൽകിയ ലാൽഡംഗയുടെ ഏഴിൽ ആറ് കമാണ്ടർമാരെയും ഡോവൽ വകവരുത്തിയിരുന്നു.

കശ്മീരിൽ നിലനിന്നിരുന്ന ദേശ വിരുദ്ധ പ്രസ്ഥാനമായ കുക്കുപാരെയെ അടിച്ചമർത്താനായതും ഡോവലിന്റെ മിടുക്കായിരുന്നു. നൂറു കണക്കിന് ഇന്ത്യൻ ജവാന്മാരുടെ ജീവനെടുത്ത സംഘടനയാണ് കുക്കുപാരെ. രഹസ്യമായി അവരുടെ സംഘത്തിലേക്ക് നുഴഞ്ഞുകയറിയ ഡോവൽ ആ കൂട്ടത്തിലെ ചിലരെ സമർഥമായി ബ്രയിൻവാഷ് ചെയ്യുകയും സംഘടനക്കെതിരെ തിരിയാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ക്രമേണ ആ സംഘടന തന്നെ ഇല്ലാതായി.

1988ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം ബോംബ് വച്ച് തകർത്ത് കൊടും കലാപം അഴിച്ചുവിടാനുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ നീക്കം നിഷ്പ്രഭമാക്കിയതും ഡോവലിന്റെ കുശാഗ്രബുദ്ധിയാണ്. തീവ്രവാദികൾക്കുള്ള ബോംബുമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന പാകിസ്ഥാൻ ചാരനെ തന്ത്രപൂർവം കുരുക്കിയ ഡോവൽ പൊട്ടാത്ത കുറേ ബോംബുകളുമായി അതേ ചാരന്റെ വേഷത്തിൽ തീവ്രവാദികളുടെ സംഘത്തിൽ കയറിപ്പറ്റി. പിന്നീട് തീവ്രവാദികൾ ക്ഷേത്രം തകർക്കാൻ പലയിടത്തായി സ്ഥാപിച്ചതെല്ലാം ഡോവൽ കൈമാറിയ ആ പൊട്ടാത്ത ബോംബാണ്. പ്രതിരോധം നേരിട്ടാൽ ഈ ബോംബുകൾ പൊട്ടിച്ച് പോലീസിനെ സമ്മർദ്ദത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് അവ സ്ഥാപിക്കപ്പെട്ടത്. പക്ഷേ പഞ്ചാബ് പോലീസുമായി 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിനിടെ പലയിടങ്ങളിലായി സ്ഥാപിച്ച ബോംബുകളിൽ ഒരെണ്ണം പോലും പൊട്ടിയില്ല. അങ്ങനെ സുവർണ ക്ഷേത്രത്തിന് കേടുപാടുകളൊന്നും വരുത്താതെ തന്നെ 41 തീവ്രവാദികളെ വധിക്കാനും 200 പേരെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. ഈ വീരപ്രവർത്തിക്കുള്ള അംഗീകാരമായിട്ടാണ് 1988ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര പോലീസ്ഓഫീസറായ ഡോവലിന് സമ്മാനിച്ചത്. അതുവരെ സൈനികർക്ക് മാത്രം നൽകിവന്നിരുന്ന പുരസ്‌കാരമാണ് കീർത്തിചക്ര.

പിന്നീട് 1995ൽ ഇന്റലിജൻസ് ബ്യൂറോ തലവനായി നിയമിതനായ അജിത് ഡോവൽ 10 വർഷത്തെ സേവനത്തിന് ശേഷം 2005ലാണ് വിരമിച്ചത്. ഇക്കാലയളവിനിടെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ ഡോവലിനായി. 2005 ൽ വിരമിച്ച ശേഷം ആത്മീയതയിലൂന്നിയ രാജ്യക്ഷേമം ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഡോവൽ.

2014 ൽ ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവൽ വീണ്ടും വാർത്തകളിൽ നിറയുന്നത്. മോഡി സർക്കാർ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളിൽ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകൾ രൂപീകരിക്കുന്ന, രാജ്യസുരക്ഷയിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്.
ചുമതല ഏറ്റെടുത്ത 2014ൽ തന്നെ ഇറാഖിലെ തിക്രീത്തിൽ കുടുങ്ങിപ്പോയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ച് നാട്ടിലെത്തിക്കാനായത് സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ ഡോവൽ നടത്തിയ നിർണായക ഇടപെടലിലൂടെയാണ്. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയാണ് അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ നഴ്‌സുമാരുടെ മോചനം സാധ്യമാക്കിയത്.

2015ൽ മ്യാൻമറിലും ഏതാനും ദിവസങ്ങൾക്ക് മുൻപ് പാകിസ്താനിലും ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രവും അജിത് ഡോവൽ തന്നെയാണ്. 2015ൽ മ്യാന്മറിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ നാൽപതോളം തീവ്രവാദികളെ വധിച്ചിരുന്നു.

ആക്രമണങ്ങളെക്കാൾ ചെറുത്തുനിൽപ്പുകൾക്ക് മുൻതൂക്കം കൊടുത്തിരുന്ന ഇന്ത്യക്ക്
വേണ്ടിവന്നാൽ ശത്രുവിന്റെ പാളയത്തിൽ കയറി ആക്രമിക്കാനും മടിയില്ല എന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഈ സർജിക്കൽ സ്‌ട്രൈക്കുകൾക്കായി. അജിത് ഡോവലിനെപ്പറ്റിയുള്ള സംഭവ കഥകളിലെ ഏതാനും ഏടുകൾ മാത്രമാണിവ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫീസറാണ് ഡോവൽ എന്ന് നിസ്സംശയം പറയാം. സർജിക്കൽ സ്‌ട്രൈക്കുകളിലൂടെയും നിർണായക തീരുമാനങ്ങളിലൂടെയും രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ടിരിക്കുന്ന അജിത് ഡോവലിനെ ഇനി ഒരു പ്രതിഭാസമായി വിശേഷിപിച്ചാലും തെല്ലും അതിശയോക്തിയില്ല !

Ref :

1. http://www.vicharam.org/doval-new-nsa/

2. http://postcard.news/2422-2/amp/

കടപ്പാട് : vicharam.org

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here