യുക്രെയ്‌നിനോടുള്ള പുടിന്റെ ശത്രുത അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദിയ്ക്ക് സാധിക്കുമെന്ന് വൈറ്റ് ഹൗസ്.

8

യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇടയാകുന്ന ഏത് ശ്രമത്തേയും അമേരിക്ക സ്വാഗതം ചെയ്യുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി. യുക്രെയ്‌നിനോടുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ശത്രുത അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സാധിക്കുമെന്നും, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കിർബി പറഞ്ഞു. 

യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനോ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഇനിയും സമയമുണ്ടെന്ന് കരുതുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പുടിനെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും കിർബി വ്യക്തമാക്കി. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് കിർബിയുടെ പ്രസ്താവന.  

‘യുക്രേനിയൻ ജനത കടന്നുപോകുന്നതിന് ഉത്തരവാദി വ്ളാഡിമിർ പുടിനാണ്, അദ്ദേഹത്തിന് ഇപ്പോൾ തന്നെ അത് നിർത്താനാകും. പകരം, ഊർജ്ജത്തിലേക്കും പവർ ഇൻഫ്രാസ്ട്രക്ചറിലേക്കും അദ്ദേഹം ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയും ജനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. യുക്രേനിയൻ ആളുകൾ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ കഷ്ടപ്പെടുന്നു,’ കിർബി കൂട്ടിച്ചേർത്തു. 

അതേസമയം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഉത്തരവാദിത്തം പുടിനാണെന്നും കിർബി കുറ്റപ്പെടുത്തി. യുക്രെയ്‌നിലെ ജനത ഇന്ന് അനുഭവിക്കുന്നതിന് മുഴുവൻ കാരണക്കാരൻ പുടിൻ ആണ്. ഇത് അവസാനിപ്പിക്കാനുള്ള യാതൊന്നും പുടിൻ ചെയ്യുന്നില്ലെന്നും കിർബി ആരോപിച്ചു. 

റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയുമായും നിരവധി തവണ സംസാരിച്ചിരുന്നു . ഉസ്‌ബെക്കിസ്ഥാനിലെ സമർകണ്ടിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മോദി, പുടിനോട് യുദ്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here