‘കപ്പേള’യും ‘ഇൻഫീരിയർ ഹിന്ദു’വും

“കപ്പേള” എന്ന സിനിമയിലെ ഓട്ടോക്കാരന്റെ കഥാപാത്രം ചർച്ചയാവുകയാണ്. ചന്ദനക്കുറിയിട്ട, ചരട് കെട്ടിയ വില്ലൻ.

ഇതൊരു പുതിയ പ്രവണതയല്ലല്ലോ. 2000-ങ്ങളുടെ തുടക്കത്തിൽ മുണ്ടിനു മേൽ മുഴുക്കൈയ്യൻ ഷർട്ടിട്ട, എണ്ണ തേച്ച തലമുടിയും കയ്യിൽ ചരടും നെറ്റിയിൽ ചന്ദനക്കുറിയുമുള്ള കഥാപാത്രങ്ങളെ ഉണ്ണാക്കന്മാരായോ ഷണ്ഡന്മാരായോ അവതരിപ്പിച്ച ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. ഈശ്വരവിശ്വാസിയായ, സമുദായസ്നേഹിയായ, ഷർട്ടിടാതെ സ്വർണ്ണച്ചെയിനും രുദ്രാക്ഷവും കുങ്കുമക്കുറിയും പ്രദർശിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല, മറ്റു ഭാഷകളിലും ഉണ്ടായിട്ടുണ്ട്; കേരളത്തിൽ അല്പം കൂടുതലാണെന്നേയുള്ളൂ.

അമ്പലക്കമ്മിറ്റി പ്രസിഡന്റ് മിക്കവാറും അമ്പലംവിഴുങ്ങിയായിരിക്കും. പട്ടാളക്കാരന്റെയോ ഗൾഫുകാരന്റെയോ ഭാര്യ, ഹിന്ദുവാണെങ്കിൽ പരപുരുഷബന്ധമുള്ളവളാകാൻ സാധ്യത കൂടുതലാണ്. അയൽവക്കത്തെ നിംഫോമാനിയാക്ക് ആയ “ചേച്ചി”, സ്ഥിരമായി അമ്പലത്തിൽ പോകുന്ന ഹിന്ദുവായിരിക്കും. പെണ്ണുപിടിയനായ നമ്പൂതിരി, സ്ഥലത്തെ പ്രധാന വേശ്യയുടെ സ്ഥിരം ‘കസ്റ്റമർ’ ആയ വെളിച്ചപ്പാട്, രഹസ്യമായി കോഴിയിറച്ചി കഴിക്കുന്ന സന്യാസി, അങ്ങനെ പല ബിംബങ്ങളും വാർത്തെടുത്തിട്ടുണ്ട്. ഇതിൽ ജാതീയമായ അന്തരം ഇല്ല താനും. കൊലപാതകത്തിന് മുൻപ് ദേവീ ഉപാസന നടത്തുന്ന ദളിതനും ക്ഷേത്രദർശനം നടത്തുന്ന കള്ളക്കടത്തുകാരനായ വർമ്മയും ഒരേ വിഭാഗത്തെ ടാർഗറ്റ് ചെയ്യുന്നതാണ്.

ഈ ഒരു ഡെപ്പിക്ഷൻ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള സമൂഹത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. സിനിമ കാണുന്ന ഭൂരിപക്ഷ സമുദായത്തിൽ പെട്ട യുവാക്കളുടെ മനസ്സിൽ അപകർഷതാബോധം ഉണ്ടാക്കാൻ ഇതൊരു വലിയ കാരണമാകുന്നുണ്ട്. അവരറിയാതെ തന്നെ അവരിൽ നാടൻ വസ്ത്രധാരണവും ഹൈന്ദവ ചിഹ്നങ്ങളും മോശമാണെന്ന ധാരണ ഉടലെടുക്കുന്നു. കാലക്രമേണ ഹിന്ദുവായിരിക്കുക എന്നത് അപമാനം വരുത്തുന്ന എന്തോ സംഗതിയാണെന്ന് പലരും കരുതുന്നു; ഹിന്ദുവാണെന്ന് പറയുവാൻ തന്നെ ലജ്ജിക്കുന്നു. അതിൽ നിന്ന് രക്ഷ നേടാൻ മതം മാറുകയോ, സ്വന്തം സ്വത്വത്തെ തള്ളിപ്പറയുകയോ ചെയ്യുന്നു. ചിലർ ഇതൊന്നും ചെയ്യാതെ “സെലക്ടീവ് എത്തീസ്റ്റ്” എന്ന ലേബൽ സ്വീകരിച്ച് ഹൈന്ദവ ആചാരങ്ങളെയും രീതികളെയും മാത്രം പുച്‌ഛിച്ചു നടക്കുന്നു.

മുണ്ടുടുത്ത, കുറിയിട്ട സാധാരണക്കാരനെന്ന് തോന്നിക്കുന്ന ഒരുവൻ എലീറ്റിസത്തിന്റെ ഇടങ്ങളിൽ അപമാനിക്കപ്പെടേണ്ടവൻ ആണെന്ന ഒരു തരം വൃത്തികെട്ട ചിന്ത സമൂഹത്തിൽ കണ്ടു വരുന്നുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ പ്രമുഖ മാളിലെ തുണിക്കടയിൽ പോയതായിരുന്നു. ലൂയി ഫിലിപ്പിന്റെ സെക്ഷനിൽ ഷർട്ടുകൾ നോക്കുമ്പോൾ അവിടെയൊരു അമ്മാവൻ. പൊക്കം കുറഞ്ഞ് ഒരു സാധാരണ മുണ്ടും ഷർട്ടുമാണ് വേഷം, നെറ്റിയിൽ കുറിയുമുണ്ട്. അദ്ദേഹവും ആ സെക്ഷനിൽ തന്നെ നോക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് വന്നിട്ട് അദ്ദേഹത്തോട് – “സാറേ ഓഫർ ഉള്ള തുണിയൊക്കെ അപ്പുറത്താണ് കേട്ടോ. ഇതൊക്കെ ഇത്ര രൂപയ്ക്ക് മുകളിൽ ഉള്ളതാണ്, അവിടെ പോയി നോക്കിക്കോളൂ” എന്ന്. എനിക്കങ്ങ് ഒരു മാതിരിയായി.

ആ പെണ്ണിന് ഒരു ഡോസ് കൊടുത്താലോ എന്ന് കരുതിയതാണ്; അതിന് മറുപടി പക്ഷേ അദ്ദേഹം തന്നെ കൊടുത്തു, “ഒരു കടയിൽ കയറിയാൽ എന്ത് വാങ്ങണം ഏതൊക്കെ നോക്കി വെയ്ക്കണം എന്നതൊക്കെ കസ്റ്റമറുടെ സൗകര്യമാണ്. ഞങ്ങൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ നിങ്ങളെ വിളിക്കാം. അത് വരെ do not give unsolicited advice. എൻ്റെ കുടുംബം അപ്പുറത്തെ സെക്ഷനിൽ സാമാന്യം വലിയൊരു തുകയ്ക്ക് സാധനങ്ങൾ എടുത്തു വച്ചിട്ടുണ്ട്. ഇനി അതൊക്കെ ബിൽ ഇടണോയെന്ന് ഞാൻ തീരുമാനിച്ചോളാം. Also, don’t judge a person by his appearance.” ഇത്രയും പറഞ്ഞ് അദ്ദേഹമങ്ങ് പോയി. ഞാൻ സെലക്ട് ചെയ്ത ഷർട്ടുകൾ അവിടെ വച്ചിട്ട് പുറത്തേയ്ക്കിറങ്ങി.

ഇടത്തോട്ട് മുണ്ടുടുത്തവനും മുണ്ടും ജുബ്ബയും ഇട്ട് കഴുത്തിലെ കൊന്ത പ്രദർശിപ്പിക്കുന്നവനും കിട്ടുന്ന മര്യാദ മുണ്ടുടുത്ത കുറി തൊട്ടവന് പലയിടത്തും കിട്ടാറില്ല എന്നത് ഇന്നത്തെ കേരളത്തിലൊരു യാഥാർഥ്യമാണ്.

ഈയുള്ളവൻ ഉത്തരേന്ത്യയിൽ പലപ്പോഴും മുണ്ടുടുത്ത് നടന്നിട്ടുണ്ട്. കൗതുകം നിറഞ്ഞ നോട്ടം ലഭിക്കുമെന്നല്ലാതെ പുച്ഛം അനുഭവിച്ചിട്ടില്ല. കൂടി പോയാൽ “ആപ് സൗത്ത് സേ ഹോ?” (sic) എന്ന ചോദ്യം വരും.

ചെന്നൈയിൽ മുണ്ടുടുത്ത് പല സ്ഥലത്തും പോകാറുണ്ട്; ആർക്കും ഒരു കുഴപ്പവുമില്ല. എന്നാൽ ക്ഷേത്രദർശനം കഴിഞ്ഞ് ഊണ് കഴിക്കാമെന്ന് കരുതി തൃശ്ശൂരെ പ്രമുഖ നോർത്ത് ഇന്ത്യൻ റെസ്റ്ററന്റിൽ ചെന്നു പെട്ട എന്നോട് “അതേയ്, ഇവിടെ നോർത്ത് ഇന്ത്യൻ മാത്രമേ ഉള്ളൂ; പിന്നെ പറഞ്ഞില്ലാന്ന് പറയരുത്” എന്ന് പറഞ്ഞ, കാവി മുണ്ടുടുത്ത് കുറി തൊട്ടവന്റെ കയ്യിൽ കാറിന്റെ താക്കോൽ കാണുന്നത് വരെ ഇരിക്കാൻ പോലും പറയാത്ത സർക്കാർ ഉദ്യോഗസ്ഥരുള്ള (എല്ലാവരും അല്ല) പ്രബുദ്ധ നാടാണ് കേരളം!

6 COMMENTS

  1. Stereotypical depictions of people from every religion is very rampant in every industry. Like how the Muslim who prays and has a beard has almost always been the terrorist. Like how Fathers of churches are used as comedic relief(often going as far as being vulgar) in so many movies. I don’t think it’s any different. അങ്ങനെ നോക്കി പറയാൻ തുടങ്ങിയാൽ കുറെയുണ്ട് കുഴപ്പങ്ങൾ. This is just nitpicking. മലയാള സിനിമയിലെ ഏറ്റവും മികച്ച ഡിറ്റക്റ്റീവ് കഥാപാത്രമായി അധികപേരും കാണാക്കാക്കുന്ന സേതുരാമ അയ്യർ കുറി തൊട്ട്, തികച്ചും ഈശ്വരഭക്തനായ ഒരാളായിരുന്നു. അതും ഓർമ്മപ്പെടുത്തുന്നു. അപ്പോൾ നല്ല കഥാപാത്രങ്ങളും ഉണ്ട് പിന്നെ ഇങ്ങനെ സ്റ്റീരിയോടൈപ്പ്‌ ചെയ്തതും ഉണ്ട്. As long as the movie industry exists, stereotypes will exist. അപ്പോൾ നമ്മൾ എഴുതേണ്ടത് ഇങ്ങനെത്തെ സ്റ്റീരിയോടൈപ്പ്‌സിനെ കുറിച്ചല്ലേ?

  2. ഒരു മതത്തിന്റെ പേര് പറഞ്ഞ് നടക്കുന്നതിൽ എന്തുകൊണ്ടും നല്ലത് ഒരു നല്ല മനുഷ്യൻ അയി നടക്കുന്നത് അല്ലെ…….അപ്പോ പിന്നെ ഈ പറഞ്ഞ ചന്ദന കുറിയും , കൊന്തയും , ഇടത്തോട്ട് ഉള്ള മുണ്ടും ഒരു പ്രശ്നം ആണോ……….ഒരിക്കൽ പോലും മനുഷ്യൻ ഉണ്ടാക്കിയ മതങ്ങളുടെ പേരിൽ ആരും വേർ തിരിവ് കാട്ടാതെ ഇരികയട്ടെ……..

LEAVE A REPLY

Please enter your comment!
Please enter your name here