ദൈവത്തിന്റെ സ്വന്തം നാടാണത്രെ കേരളം… ദൈവത്തിന്റെ സമ്മതം ചോദിച്ചല്ല മലയാളികള്‍ ഈ പരസ്യവാകം ചൊല്ലി നടക്കുന്നത്. പുറംപൂച്ചും പുറം മേനിയും നടിക്കുന്ന യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ഭരണ വര്‍ഗവും ഉദ്യോഗസ്ഥ വൃന്ദവും പ്രഖ്യാപിക്കുന്നത് കുറെയേറെപ്പേര്‍ പാടി നടക്കുന്നു. കേരളം നമ്പര്‍ വണ്‍..!
സത്യത്തില്‍ കേരളത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം എന്താണ്? പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ കേരളം സുന്ദരം തന്നെ, തര്‍ക്കമില്ല. പക്ഷേ, അത് ദൈവത്തിന്റെ വരദാനം. 44 നദികളും, തോടുകളും കുളവും കായലും ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളും കിഴക്ക് അതിരിടുന്ന മലനിരകളും പടിഞ്ഞാറു വിശാല സമുദ്രവും എല്ലാം തികഞ്ഞ നാട്.
സര്‍വ്വ സമ്പുഷ്ടമായ നാടിന് ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഒരു വിശേഷണമുണ്ട് ബുള്ളറ്റിലൂടെയല്ലാതെ ബാലറ്റിലൂടെ കമ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്ന സംസ്ഥാനം. പക്ഷേ, കമ്യൂണിസത്തിന്റെ ഉപോല്‍പ്പന്നമായ ചിലതും ഇതിന്നിടയില്‍ പകര്‍ന്നു കിട്ടി. പണിമുടക്കും പ്രക്ഷോഭവും. രാജ്യാന്തരതലത്തില്‍ സാമ്രാജ്യത്വത്തെ എതിര്‍ത്ത കമ്യൂണിസ്റ്റുകള്‍ കുത്തക മുതലാളിമാരേയും ജന്‍മികളേയുമാണ് കേരളത്തിലും മറ്റും എതിര്‍ത്തത്. കൃഷിയും കൃഷിഭൂമിയും കര്‍ഷകരും ചെറുകിട തൊഴിലാളികളും എല്ലാം ചുവപ്പിനും അരിവാളിനും കീഴില്‍ അണിനിരന്നു
നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്ന് പാടി പാഠിപ്പിച്ചു തൊഴിലാളികളുടെ അവകാശങ്ങള്‍ പോരടിച്ച് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തില്‍ വളര്‍ന്നു. ഭരണത്തിലേറി അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ച നേതാക്കള്‍ ക്രമേണ മുതലാളിമാരായി മാറി. പാര്‍ട്ടി തന്നെ കോടികളുടെ ആസ്തിയുള്ള കോര്‍പറേറ്റുകള്‍ക്ക് സമമായി.
വരുമാനത്തിന് ഗള്‍ഫ് പണത്തെ ആശ്രയിച്ച മലയാളി ജനസാന്ദ്രതയേറിയപ്പോള്‍ വയലെല്ലാം നികത്തി വീടാക്കി. ദാരിദ്ര്യം അല്പം അകന്നപ്പോള്‍ ധൂര്‍ത്തായി. കര്‍ഷകനും തൊഴിലാളിക്കും വേണ്ടി വാദിച്ച കമ്യൂണിസ്റ്റ് പാർട്ടി ഇടത്തരക്കരായ സർക്കാർ ഉദ്യോഗസ്ഥർക്കും ചെറുകിട കച്ചവടക്കാര്‍ക്കും മാത്രമായി ചുരുങ്ങി.
സമരം, പ്രക്ഷോഭം എന്നിവ മുറയ്ക്ക് നടന്നു. ഇതിനൊപ്പം ഹര്‍ത്താലുകളും. വ്യവസായങ്ങള്‍ക്ക് താഴു വിഴുന്നത് കേരളത്തില്‍ പതിവായി. തൊഴില്‍ സാധ്യത ഇല്ലാതയതോടെ വീണ്ടും മലയാളി ഗള്‍ഫിലേക്ക് വിമാനമേറി.
ഇപ്പോള്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം പണ്ട് കോട്ടയം ജില്ലാ കളക്ടറായിരുന്നപ്പോള്‍ തുടങ്ങിവെച്ച സാക്ഷരതാ മിഷന്‍, ജില്ലയിലെ ഒരോരുത്തരേയും അക്ഷരമാല പഠിപ്പിച്ച് സ്വന്തം പേരെഴുതാന്‍ പ്രാപ്തരാക്കി. അതോടെ, കോട്ടയം ജില്ല രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതയുള്ള ജില്ലയായി മാറി. തുടര്‍ന്ന്, കണ്ണന്താനത്തിന് സംസ്ഥാന മിഷന്റെ ചുമതല കിട്ടി. അദ്ദേഹം 14 ജില്ലാ കളക്ടര്‍മാരുടേയും സഹായത്തോടെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമാക്കിമാറ്റിയെടുത്തു.
ഈ നേട്ടം, നിരക്ഷതയുടെ എവറസ്റ്റ് കൊടുമുടിയായ ഇന്ത്യയിലെ ഇതര വിഭാഗങ്ങള്‍ക്കിടയില്‍ ഉത്കൃഷ്ടമായ സ്ഥാനം കേരളത്തിന് നല്‍കി.. 44 നദികളുടെ ജലസമൃദ്ധിയുള്ള നാട്ടില്‍ മലയാളി ശുചിത്വം കാത്തു സൂക്ഷിച്ചുു. ഗള്‍ഫ് പണം നല്‍കിയ സമൃദ്ധിയില്‍ ദശലക്ഷങ്ങളുടെ രമ്യഹര്‍മ്യങ്ങള്‍ കെട്ടിപ്പോക്കി. നിര്‍മാണ മേഖലയിലെ ഈ കുതിപ്പ് കൂടുതല്‍ കല്ലാശാരിമാരേയും, മരപ്പണിക്കാരേയും സഷ്ടിച്ചു. വന്‍കൂലി കൊടുക്കാന്‍ മലയാളിക്ക് ആയി.
ബാങ്ക് നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടിയപ്പോള്‍ വാഹന വായ്പകളും ലഭിച്ചു, 60-70 ശതമാനവും ഇടത്തരക്കാരെ ഉള്‍ക്കൊണ്ട് ജനസംഖ്യയുടെ രസതന്ത്രം മാറിയപ്പോള്‍ കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറി. ഇതോടെ അരി, പച്ചക്കറി പലവ്യഞ്ജനം എന്നിവയെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു.
രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ പൊതു മേഖലയും സ്വകാര്യമേഖലയും പണിമുടക്കും പ്രക്ഷോഭവും മൂലം തളര്‍ന്നു ചിലയിടത്ത് തകര്‍ന്നു. മലയാളി തൊഴില്‍ തേടി ഗള്‍ഫിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറി, ഇവരുടെ പണം കൃത്യമായി നാട്ടിലെ ബാങ്കുകളില്‍ എത്തിക്കൊണ്ടേയിരുന്നു. പലപ്പോഴും കുടുംബത്തെ നാട്ടിലാക്കിയാണ് മലയാളി മറുനാട്ടിലേക്ക് തൊഴില്‍ തേടി പോയിരുന്നത്.
ഗുമസ്ത പണിക്കും കാര്യസ്ഥ പണിക്കും മലയാളിയെ കടത്തിവെട്ടാന്‍ ആരുമില്ലെന്ന അവസ്ഥ വന്നു. ഏതൊരു വമ്പന്‍ പണക്കാരന്റേയും, അധികാരിയുടേയും രാഷ്ട്രത്തലവന്റേയും കുശിനിപ്പുരമുതല്‍ അന്തപ്പുരം വരെ എല്ലായിടത്തും മലയാളി സാന്നിദ്ധ്യമുണ്ടായിരുന്നു.
നാട്ടിലെ പണമുള്ള മലയാളി വ്യാപാരികളായിരുന്നു. വ്യവസായികളായവരെല്ലാം മറുനാട്ടിലും. പക്ഷേ, ഒറ്റൊരാളും നാട്ടില്‍ വന്‍വ്യവസായം തുടങ്ങാന്‍ ധൈര്യപ്പെട്ടില്ല. വ്യവസായത്തെ തകര്‍ക്കുന്ന കൊടികുത്ത് ചടങ്ങിനെ ഭയന്നായിരുന്നു ഇത്. പ്ലാച്ചിമടയിലെ കൊക്കോകോള ഫാക്ടറി മുതല്‍ ചിങ്ങവനത്തെ ഇലക്ട്രോ കമെിക്കല്‍സ് വരെയുള്ളവയുടെ ചരിത്രം അടച്ചു പൂട്ടിക്കല്‍ എന്ന ഒറ്റവരി അജണ്ടയിലൂന്നിയായിരുന്നു.
സ്വകാര്യ മേഖലയില്‍ ഏറ്റവും അധികം തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനമാണ് മാവൂരിലെ ഗ്വാളിയര്‍ റയോണ്‍സ്, വന്‍കിട മുതലാളിയുടെ ഈ കമ്പനി പൂട്ടി. പൊതുമേഖലയിലേത് കെല്‍ട്രോണ്‍ പവര്‍ ഡിവൈസസ്, കെല്‍ട്രോണ്‍ കൗണ്ടേഴ്‌സ് കെല്‍ട്രോണ്‍ റെക്ചിഫൈയേഴ്‌സ്, കേരള സ്റ്റേറ്റ് ഡിറ്റര്‍ജന്‍സ് ആൻഡ് കെമിക്കല്‍സ് , ആസ്ട്രല്‍ വാച്ചസ്, കേരള ഗാര്‍മെന്‍സ്, തുടങ്ങിയവ അടുത്തകാലത്ത് പൂട്ടിയവയാണ്.
സംസ്ഥന വ്യവസായ വകുപ്പിന്റെ കീഴില്‍ 44 വ്യവസായ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും വന്‍ നഷ്ടത്തിലോ ഒട്ടും ലാഭമില്ലാത്ത അവസ്ഥയിലോ ഉള്ളതാണ്.
നൂറു കോടിക്ക് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഏഴെണ്ണമാണ്. ഏറ്റവും കൂടുതല്‍ വിറ്റുവരവ്ുള്ളത് കേരള മിനല്‍സ് ആന്‍ഡ് മെറ്റല്‍സ് ആണ് ഏതാണ്ട് 600 കോടി. 44 പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന ആകെ വിറ്റുവിരവ് മൂവ്വായിരം കോടി രൂപ. പ്രതിവര്‍ഷം ശരാശരി ലാഭം 200 കോടിയും.
രാജ്യത്തെ വ്യവസായ സൗഹൃമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 2017 ല്‍ എത്തി നില്‍ക്കുന്നത് 27 ാം സ്ഥാനത്താണ്. 29 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഈ തൂക്കിരി സ്ഥാനം ഉയര്‍ത്തിപ്പിടിച്ചാണ് കേരളം നമ്പര്‍ വണ്‍ എന്ന് പിണറായി സര്‍ക്കാര്‍ ഡെല്‍ഹിയില്‍ ഇറങ്ങുന്ന ഇംഗ്ലീഷ് മാധ്യമങ്ങളില്‍ മുഴുപേജ് പരസ്യം നല്‍കിയത്.
വ്യവസായ സൗഹൃദ രാജ്യമെന്ന പദവിയില്‍ വന്‍ മുന്നേറ്റം നടത്തിയ മോഡി സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോഴാണ് ഇത്. കൂപമണ്ഡൂകസമാനമായ സാഹചര്യത്തില്‍ കഴിയുന്ന കേരളത്തിലെ നമ്പര്‍ വണ്‍കാര്ക്ക് നേരം എന്നു വെളുക്കുമെന്നാണ് ഇനി അറിയേണ്ടത്.
സൂക്ഷ്മ-ലഘു-ഇടത്തരം വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ മോഡി സര്‍ക്കാര്‍ നാന്നൂറോളം നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നത്. വ്യവസായം തുടങ്ങുന്നതിന് ക്ഷണിക്കുക, ഇതിനായി ഗ്ലോബല്‍ നിക്ഷേപ സംഗമങ്ങള്‍ നടത്തുക, ഭൂമി രജിസ്‌ട്രേഷന്‍ നടപടി ലഘൂകരിക്കുക, മലിനീകരണ നിയന്ത്രണ ബോരഡ് അനുമതി, കെട്ടിട നിര്‍മാണ അനുമതി, പരിസ്ഥിതി അനുമതി, വെള്ളം, വൈദ്യുതി, തുടങ്ങിയ അടിസ്ഥാമ സൗകര്യങ്ങള്‍ നല്‍കല്‍ നൂലാമാലകള്‍, ചുവപ്പു നാടകള്‍ ഇല്ലാതാക്കല്‍ എന്നിവയെല്ലാം അടങ്ങിയ വിശദമായ നിര്‍ദ്ദേശങ്ങളായിരുന്നു.
ഏകജാലക സംവിധാനം ഇതിനായി ഏര്‍പ്പെടുത്തണമെന്നും കര്‍ശനമായി നിഷ്കർഷിച്ചിരുന്നു. ഇവയെല്ലാം നടപ്പാക്കിയോ എന്ന് പരിശോധിച്ച ശേഷമാണ് കേന്ദ്രം സംസ്ഥാനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചത്.
ഭൂമിയുടെ ലഭ്യത കുറവും, റോഡ് ഗതാഗതസൗകര്യം ഇല്ലാത്തത്, വൈദ്യുതി ലഭ്യതയുടെ ഉറപ്പില്ലായ്മ എന്നിവയൊക്കെ കേരളത്തിന്റെ ദൗര്‍ബല്യങ്ങളാണ്. ഇതിനൊക്കൊ പുറമേയാണ് തൊഴിലാളി സമരങ്ങളുടെ അതിപ്രസരവും അടച്ചുപൂട്ടിക്കലും മറ്റും. രാഷ്ട്രീയ പാര്‍ട്ടികളുടേയും പരിസ്ഥിതി മൗലികവാദികളുടേയും മനോഭാവം മാറിക്കഴിഞ്ഞ് വേണം ബാക്കിയുള്ളവ അനുകൂലമാക്കാന്‍. ആഗോളവല്‍ക്കരണവും ഉദാരണ വര്‍ക്കരണവും ആഗോള സാമ്പത്തിക ക്രമത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇനി ഒരു അറുപത് വര്‍ഷം കഴിഞ്ഞ കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിയുകയും തെറ്റു തിരുത്തകയും ചെയ്തിട്ട് ഒരു കാര്യവുമില്ല, പിണറായിയും കോടിയേരിയും പാടിപ്പുകഴ്ത്തുന്ന ചൈന ഇതെല്ലാം നടപ്പിലാക്കി കഴിഞ്ഞു പക്ഷേ, വര്‍ഗ ശത്രുവില്ലാതെ മുന്നോട്ടു പോകാനറിയാത്ത കമ്യൂണിസ്റ്റ് തിമിരം ഇവരുടെ വഴിമുടക്കിയിരിക്കുകയാണ്.
വ്യവസായ മേഖലയുടെ പുരോഗതിക്ക് ഏറ്റവും അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. പിണറായി അധികാരത്തിലേറി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു പുതിയ വ്യവസായമൊന്നും തുടങ്ങുന്നതിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. കൊട്ടിഘോഷിക്കപ്പെട്ട സ്മാര്‍ട്ട് സിറ്റിയെ കുറിച്ച് ആശങ്കള്‍ ഇപ്പോഴും ഒഴിയുന്നില്ല. സ്മാര്‍ട്ടി പൂട്ടിയെന്ന വാര്‍ത്തകള്‍ കമ്പനിയുടെ പുതിയ സിഇഒ മനോജ് നായര്‍ നിഷേധിക്കുന്നുണ്ട് എന്നാല്‍, അടിസ്ഥാന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ പല കമ്പനികളും ഇവിടേയക്ക് വരാന്‍ മടികാണിക്കുന്ന കാര്യം സിഇഒ സമ്മതിക്കുന്നുമുണ്ട്.
സ്മാർട്ട് സിറ്റി ദുബായിയും അതിന്റെ ഉടമകളായ ടീംകോമും പിരിച്ചു വിടുകയും ഇവരുടെ ഓഹരികള്‍ ദുബായ് ഹോള്‍ഡിംഗ്‌സിന് കൈമാറുകയും ചെയ്തു. ഇതോടെ, 84 ശതമാനം ഓഹരി പങ്കാളിത്തമുള്ള കൊച്ചി സ്മാര്‍ട്ട് സിറ്റി എന്ന ഐടി വ്യവസായ പാര്‍ക്ക് അവതാളത്തിലായി.
ദുബായ് ഹോള്‍ഡിംഗിസിന്റെ കൈവശമുള്ള ഓഹരികള്‍ കേരള സര്‍ക്കാരിന് തിരിച്ചു വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും കാലിയായ ഖജനാവും ധനമന്ത്രി ഇടയ്ക്കിടെ പറയുന്ന ഫണ്ടില്ലാത്ത കിഫ്ബിയും കെല്‍പ്പില്ലാതാക്കി.
ഇങ്ങിനെ ഒന്നിനൊന്ന് വ്യവസായ മേഖല തകര്‍ന്ന് തരിപ്പണമായി. അബ്കാരി ഇനത്തിലും ലോട്ടറിയിലും മാത്രമാണ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങള്‍ വന്‍ വ്യവസായ കുതിപ്പ് തുടരുമ്പോള്‍ കേരളത്തിന് അനുയോജ്യമാായ ടൂറിസം മേഖലയില്‍ പോലും പുതിയ വ്യവസായങ്ങള്‍ വരുന്നില്ല. കുമരകത്ത് നിരാമയ റിട്രീറ്റിന്റെ റിസോര്‍ട്ട് കെട്ടിടങ്ങള്‍ സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിഫിയുടെ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. കേരളത്തിലെ എന്‍ഡിഎയുടെ ചെയര്‍മാനായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടെന്ന ഒറ്റ കാരണത്തിലാണ് മാർക്സിസ്റ്റുകൾ ഇത് തല്ലിതകര്‍ത്തത്.
പക്ഷേ, രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മാർക്സിസ്റ്റുകൾ കാണിച്ച അതിസാഹസികത ടൂറിസം മേഖലയില്‍ നടത്താനിരുന്ന വരും കാല പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയാണ് ഉണ്ടായത്. കോടികളുടെ റിസോര്‍ട്ട് പദ്ധതികളില്‍ നിന്ന് പല പ്രമോട്ടര്‍മാരും പിന്‍വാങ്ങി. ആഗോളതലത്തില്‍ മൂന്നാറിനേയും തേക്കടിയേയും ബ്രാന്‍ഡു ചെയ്യാന്‍ കേരള ടൂറിസം വകുപ്പ് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലും മറ്റും ഇടം പിടിച്ചത്.
യുഡിഎഫും എല്‍ഡിഎഫും കേരളത്തിന്റെ വികസനത്തെ അഴിമതിയിലൂടേയും പണിമുടക്കുകളിലൂടേയും മത്സരിച്ച് തകര്‍ത്തു രസിക്കുകയാണ് . വികസനത്തിന് വേണ്ടി സംസ്ഥാനം ദാഹിക്കുകയാണ്. വികസന മുരടിപ്പിലൂടെയാണ് ബംഗാളിലും ത്രിപുരയിലും കമ്യൂണിസം തകര്‍ന്നടിഞ്ഞത് പാര്‍ട്ടിയുടെ സ്വാധീനം ഇപ്പോള്‍ തെക്കുമാത്രമായി ഒതുങ്ങി. ഇനിയും തെക്ക് ഇന്ത്യന്‍ മഹാസമുദ്രമാണുള്ളത്. അവിടേക്കുള്ള പ്രയാണത്തിലാണ് സിപിഎം. ചെകുത്താനും കടലിനുമിടയിലുള്ള കേരളത്തിനെ വ്യവസായ -സാമ്പത്തിക ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദൗത്യത്തിനു തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഇൗ കാത്തിരിപ്പ് അധികനാള്‍ വേണ്ടിവരില്ലെന്നാണ് സൂചനകള്‍.
Hi there, this weekend is good for me, since this time
i am reading this impressive informative piece of writing here at my home.
– Marta