സ്വർണ്ണ കടത്തിന്റെ ഹബ്ബായി കേരളം, പിന്നിൽ രാഷ്ട്രീയക്കാരും, വ്യവസായികളും മത തീവ്രവാദികളും അടങ്ങുന്ന ലോബി.

0

സ്വർണ്ണ കള്ളക്കടത്തിന്റെ ഹബ്ബായി കേരളം. സ്വർണ്ണ കടത്തുകാരുടെ ഇഷ്ട വിമാനത്താവളമായ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കണ്ണൂരും വഴി കഴിഞ്ഞ കുറെ വർഷങ്ങളായി സ്വർണ്ണം ഒഴുകുകയാണ്. കഴിഞ്ഞ 4 വർഷത്തിനിടയിൽ രാജ്യത്ത് കള്ളക്കടത്ത് സ്വർണം ഏറ്റവും കൂടുതൽ പിടിച്ചത് കേരളത്തിൽ നിന്ന് എന്നാണ് കണക്കുകൾ. ഗൾഫിൽ മലയാളി പ്രവാസികളുടെ എണ്ണം കൂടുതലുള്ളതും കടത്തുകാർക്ക് കേരളത്തെ ഇഷ്ട സ്ഥലമാക്കാൻ കാരണമാകുന്നു. നാട്ടിലേക്ക് വരുന്നവരെ കാരിയർമാരാക്കി സ്വർണം കടത്തുന്നതാണ് രീതി.  

3,431 കേസുകളിലായി 2,408 കിലോഗ്രാ സ്വർണമാണ് 2019 മുതൽ കഴിഞ്ഞ മാസം വരെ കേരളത്തിൽ പിടിച്ചതെന്ന് കേന്ദ്രം കണക്ക് വ്യക്തമാക്കുന്നു. രാജ്യമാകെ 4 വർഷത്തിനിടെ പിടിച്ച സ്വർണത്തിന്റെ (11,294 കിലോ) 21 ശതമാനമാണിത്. 1,788 കിലോഗ്രാം സ്വർണ്ണം പിടിച്ച തമിഴ്‌നാടാണ് രണ്ടാമത്. തുടക്കത്തിൽ കൊടുവള്ളി മാഫിയയായിരുന്നു കടത്തുകാർ. പിന്നീട് താരശ്ശേരിക്കാരും എത്തി. ഇപ്പോൾ രാഷ്ട്രീയ കുറ്റവാളികളായ കണ്ണൂരിലെ ക്വൊട്ടേഷൻ ടീമുകളെ ഉപയോഗിച്ചും സ്വർണ്ണ കടത്ത് നടക്കുന്നു. തിരുവനന്തപുരത്തെ നയതന്ത്ര കടത്ത് അടക്കമുണ്ടായിട്ടും ആർക്കും കുലുക്കമില്ല. കൊടുവള്ളിയിലെ മാഫിയ ഇന്ന് കേരളമാകെ പടരുകയാണ്. രാഷ്ട്രീയ പിന്തുണയും കടത്തുകാർക്കുണ്ട്. സ്വർണ്ണത്തിന്റെ വില കുത്തനെ ഉയരുന്നത് സ്വർണ്ണ കടത്തുകാർക്ക് ലാഭമുണ്ടാക്കാനുള്ള സാധ്യതയും കൂട്ടുന്നു. പ്രമുഖ ജ്യൂലറികളാണ് കടത്തിന് പിന്നിലെന്നും സൂചനയുണ്ട്. എന്നാൽ ഇവർക്കെതിരെ അന്വേഷണം തിരിയാറില്ല.  

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വർണ കള്ളക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെ മുന്നിലാണ് കേരളം. 2019 ഒക്ടോബറിൽ തൃശൂരിൽ രജിസ്റ്റർ ചെയ്ത കേസായിരുന്നു കേരളത്തിലേക്കുള്ള സ്വർണക്കടത്ത് എത്രത്തോളം വിപുലമായി നടക്കുന്നുവെന്നതിന്റെ ഉദാഹരണം. തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി കസ്റ്റംസ് നടത്തിയ റെയ്ഡിൽ അന്നു പിടികൂടിയത് 123 കിലോ സ്വർണമാണ്. സ്വർണാഭരണങ്ങൾ നിർമ്മിക്കുന്ന 23 വീടുകൾ, റെയിൽ വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണം കണ്ടെത്തിയത്. ഏകദേശം 50 കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.  

കഴിഞ്ഞ ഒരു വർഷത്തിനുള്ള 200 ടൺ സ്വർണം കേരളത്തിലേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് പിടിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർക്കുന്നതാണ്  ലക്ഷം കോടികളുടെ രൂപയുടെ ഈ സ്വർണ കള്ളക്കടത്ത്. കസ്റ്റംസിന്റെ നേതൃത്വത്തിൽ വ്യാപകമായി സ്വർണക്കള്ളക്കടത്തിനെതിരേ നടപടികൾ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം മറികടന്നും കേരളത്തിൽ വിവിധ ഭാഗങ്ങളിലായി സ്വർണം കടത്തൽ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അനുദിനം വർധിക്കുന്ന പുതിയ കേസുകൾ.  

വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിൽ കള്ള സ്വർണത്തിന്റെ ഇടപാടുകൾ കൂടുതലും നടക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ഇടപാടുകളുടെ പ്രധാന കേന്ദ്രങ്ങൾ. ഇതിൽ കോഴിക്കോട് വിമാനത്താവളമാണ് സ്വർണക്കടത്തിന്റെ കാര്യത്തിൽ കൂടുതൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നതെങ്കിലും തിരുവനന്തപുരത്തെ നയതന്ത്ര കടത്ത് കേസോടെ തലസ്ഥാന നഗരിയിലെ വിമാനത്താവളത്തിലൂടെ എത്രമാത്രം കള്ളസ്വർണം കേരളത്തിൽ എത്തിയെന്ന് വ്യക്തമായി. ബിരിയാണി ചെമ്പിലെ കടത്തും പുതിയ തലം നൽകി.  

കേരളത്തിലെ സ്വർണക്കടത്തുകളെ കുറിച്ച് എൻ ഐ എ അന്വേഷിച്ചിറങ്ങുന്നുണ്ടെങ്കിൽ അവർക്ക് വിമാനത്താവളങ്ങൾ വിട്ട് പുറത്തേക്കും ഇറങ്ങേണ്ടി വരും. ഇപ്പോൾ വിമാനത്താവളങ്ങളെക്കാൾ മറ്റു മാർഗങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്. വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന കൂടുതൽ കർശനമാക്കിയതും പിടിക്കപ്പെടുന്ന സാഹചര്യം വർദ്ധിക്കുന്നതുമാണ് മറ്റു മാർഗങ്ങൾ തിരയാൻ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പ്രേരിപ്പിച്ചിരിക്കുന്നത്. അവിടെയാണ് രണ്ട് രാജ്യങ്ങൾക്കിടയിലെ നയതന്ത്രപരിരക്ഷ മുതലെടുത്ത് കോടികളുടെ സ്വർണം കടത്തിയെന്ന തിരുവനന്തപുരം കേസിനെ വ്യത്യസ്തമാക്കിയതും.  

വിമാനാത്താവളങ്ങളിലെ പരിശോധനയ്ക്ക് വിവിധ മാർഗങ്ങൾ ഉണ്ടെന്നത് കസ്റ്റംസിനെ സഹായിക്കുമെങ്കിലും റോഡ് മാർഗം നടത്തുന്ന കടത്തലുകൾ കണ്ടെത്താൻ ഏറെ പ്രയാസവുമാണ്. ബസ്, മറ്റ് സ്വകാര്യ വാഹനങ്ങൾ, ട്രെയിൻ എന്നിവയാണ് ഇപ്പോൾ സ്വർണം കടത്താൻ കൂടുതലും ഉപയോഗപ്പെടുന്നത്. കര മാർഗത്തിലൂടെ സ്വർണക്കടത്ത് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്. രഹസ്യവിവരങ്ങൾ കിട്ടുന്ന കേസുകളിലാണ് കസ്റ്റംസിന് പലപ്പോഴും സഹായകമാകുന്നത്. വിവരങ്ങൾ കൈമാറാൻ ആളുകളെ പ്രേരിപ്പിക്കാൻ വലിയ ഓഫറുകളും കസ്റ്റംസ് നൽകുന്നുണ്ട്. ഒരു കിലോ സ്വർണം പിടികൂടാൻ അധികൃതരെ സഹായിക്കുന്നവർക്ക് ഒന്നരലക്ഷം രൂപ പാരിതോഷികം നൽകും. ഈ തുകയുടെ അമ്പതു ശതമാനം അഡ്വാൻസ് ആയി കൊടുക്കുകയും ചെയ്യും.  

2018 ൽ ഇത്തരത്തിൽ വിവരം നൽകിയവർക്കായി 19 ലക്ഷം രൂപയാണ് കൈമാറിയത്. 2019 ൽ സെപ്റ്റംബർ വരെയുള്ള കണക്കു പ്രകാരം 30 പേർ രഹസ്യവിവരം നൽകുകയും അവർക്കു 19.28 ലക്ഷം രൂപ പാരിതോഷികം കൊടുക്കുകയും ചെയ്തു. ഇപ്പോഴും ഇത് നടക്കുന്നു. കസ്റ്റംസ് നൽകുന്ന വിശദീകരണമനുസരിച്ച് കേരളത്തിൽ പല വഴികളിലൂടെയാണ് സ്വർണക്കടത്ത് നടക്കുന്നത്. നികുതി വെട്ടിക്കാൻ വേണ്ടിയും വൻതോതിൽ കള്ളക്കടത്ത് മാർഗം ഉപയോഗിക്കുന്നുണ്ട്. സ്വർണക്കട്ടകളായിട്ടാണ് നികുതി വെട്ടിച്ചു കൊണ്ടു വരുന്ന സ്വർണം കേരളത്തിലെത്തുക്കുന്നത്. ഇത് പിന്നീട് ഉരുക്കും.  

കടത്തുന്നയാൾ അരയിൽ തുണികൊണ്ട് രൂപപ്പെടുത്തി ബൽറ്റ് ധരിക്കും. ഈ തുണി ബൽറ്റിന് പല അറകൾ ഉണ്ടായിരിക്കും. ഇതിനകത്തേക്ക് ഉരുക്കിയെടുത്ത സ്വർണം നിറയ്ക്കും. ഈ സ്വർണവുമായി ഇടനിലക്കാരൻ മിക്കവാറും ബസ്, ട്രെയിൻ തുടങ്ങി പൊതുവാഹനങ്ങളിലായിരിക്കും യാത്ര ചെയ്യുക. പെട്ടെന്ന് ആർക്കും സംശയം തോന്നുകയില്ല. ആഴ്‌ച്ചയിൽ ഒരിക്കൽ ആയിരിക്കും കടത്ത് നടക്കുന്നത്. എത്ര കിലോ സ്വർണം കടത്തുന്നു എന്നതിനനുസരിച്ചാണ് ഇടനിലക്കാരന് പ്രതിഫലം നിശ്ചയിക്കുക. യാത്രാക്കൂലിയും മറ്റു ചെലവുകൾക്കും പുറമെയാണ് പ്രതിഫലം. ഒറ്റ ദിവസം ആയിരങ്ങൾ കിട്ടുമെന്നതാണ് സ്വർണക്കടത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്.  

കേരളത്തിൽ എത്തിക്കുന്ന സ്വർണം ആഭരണങ്ങൾ ആക്കിയെടുക്കുകയാണ് രണ്ടാമത്തെ ഘട്ടം. സ്വർണപ്പണിക്കാരുടെ കൈവശമാണ് ആഭരണങ്ങളാക്കിയെടുക്കേണ്ട സ്വർണം എത്തുന്നത്. സ്വർണപ്പണി പരമ്പരാഗത കുലത്തൊഴിൽ ആണെങ്കിലും ഇന്നിത് പുറമെ നിന്നുള്ളവരും പഠിച്ചിട്ടുണ്ട്. പ്രധാനമായും കള്ളക്കടത്ത് സ്വർണം രൂപമാറ്റം നടത്താൻ വേണ്ടിയാണ് സ്വർണപ്പണി പലരും പഠിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ആർക്കും സംശയം തോന്നാത്ത വിധത്തിലും കസ്റ്റംസുകാരുടെ പരിശോധന ഉണ്ടാകില്ലെന്ന വിശ്വാസത്തിലും തങ്ങളുടെ ജോലി ചെയ്യാൻ സ്വർണപ്പണിയെന്ന ലേബൽ സഹായിക്കും.  

കടത്തിക്കൊണ്ടു വന്ന സ്വർണക്കട്ടികൾ ഇത്തരം പണിശാലകളിൽ രൂപം മാറ്റം വരുത്തി 916 ക്വാളിറ്റിയിൽ ആഭരണങ്ങളാക്കി മാറ്റിയാണ് തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത്. അവിടെ നിന്നും ഇതുപോലെ കള്ളക്കടത്ത് സ്വർണം വീണ്ടും വാങ്ങി ഈ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കും. ഇറക്കുമതി തീരുവയിലെ വർധനവ് സ്വർണ്ണവില ഉയരുന്നതിനനുസരിച്ച് സ്വർണക്കള്ളക്കടത്തും ഉയരുന്നതിനും പ്രധാന കാരണമാകും. നികുതി ഉയരുന്നതിന്റെ ഭാഗമായാണ് നികുതി വെട്ടിച്ച് കള്ളക്കടത്ത് കൂടുതൽ നടത്തുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. രാജ്യത്തിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം സ്വർണ്ണവും ഇറക്കുമതി ചെയ്യുന്നതാണ്. ദേശ വിരുദ്ധ ശക്തികൾക്ക് ഫണ്ട് കണ്ടെത്താനായും സ്വർണ്ണ കടത്ത് നടക്കുന്നുണ്ട്. അതിലൂടെ രാജ്യത്തെ സമ്പത് വ്യവസ്ഥയെ തളർത്താനും ആ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും ദേശ വിരുദ്ധ ശക്തികൾ ശ്രമിക്കുന്നു. കേരളം ഇത്തരം പ്രവർത്തനങ്ങളുടെ ഹബ്ബായി മാറിയത് മലയാളികൾക്ക് തന്നെ അപമാനമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here