എല്ലാം ശരിയാക്കാം എന്ന് ആരാനും ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത കാലമാണിത്. കാരണം കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണം. ഏതു മേഖലയിലായാലും സമ്പൂര്‍ണ പരാജയമാണ് പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ സ്വന്തം കൈകളിലുള്ള വകുപ്പുകളുടെ അവസ്ഥ മാത്രം മതി പിടിപ്പുകേടിന്റെ തീവ്രത അളക്കാന്‍.
ആഭ്യന്തര വകുപ്പാണ് സംസ്ഥാന ഭരണത്തിലെ ഏറ്റവും കെടുകാര്യസ്ഥത നിറഞ്ഞ വകുപ്പ്. ശബരിമല, മുതല്‍ കസ്റ്റഡി മരണങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ എടുത്താല്‍ അറിയാം ഉപദേശിച്ച് ഇല്ലാതാക്കിയ ഈ വകുപ്പിന്റെ ഗുണഗണങ്ങള്‍. മറ്റൊന്നാണ് ധനകാര്യം, പിന്നൊന്ന് വ്യവസായം. നാടിന്റെ നട്ടെല്ലും നെഞ്ചുംകൂടും മോന്തായവുമെല്ലാം വളഞ്ഞും ഒടിഞ്ഞും തകര്‍ന്നും …
ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദിയാണ് എല്‍ഡിഎഫ് ഭരണസംവിധാനം. പാര്‍ട്ടിയും അതിനെ നിയന്ത്രിക്കുന്ന ചില നേതാക്കളും ചേര്‍ന്നാല്‍ കേരളത്തില്‍ ഭരണ സംവിധാനമായി. ഭരിക്കുന്നവന്റെ ഏറാന്‍മൂളികളും സ്തുതിപാഠകരുമായ ഒരു കൂട്ടം ഉപദേശികളാണ് സര്‍ക്കാരിന്റെ ഭരണചക്രത്തെ ഇട്ട് നട്ടം തിരിക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ആക്ഷേപം ഉയരുന്നു.
കേരളം നമ്പര്‍ വണ്‍ എന്ന് രാജ്യത്താകമാനം കോടികള്‍ മുടക്കി പരസ്യം ചെയ്യാന്‍ ശുഷ്‌കാന്തി കാണിക്കുന്ന സര്‍ക്കാര്‍ ചുവപ്പു നാടയും മെല്ലെപ്പോക്കും അലംഭാവവും എല്ലാം മുഖമുദ്രയാക്കി ഏവരേയും വലയ്ക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ച പുനലൂര്‍ സ്വദേശി സുഗതന്‍ (62) ഇടതുയുവജനസംഘടനയുടെ കൊടികുത്ത് സമരത്തില്‍ നട്ടം തിരിഞ്ഞും വിവിധ വകുപ്പുകളുടെ അനുമതി തേടിയും അലഞ്ഞും ഒടുവില്‍ നിരാശപൂണ്ട് ഉദ്ഘാടനത്തിന് തല്ലേന്ന് തന്റെ വര്‍ക്ക് ഷോപ്പിന്റെ ഉത്തരത്തില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
വായ്പയെടുത്തും വര്‍ഷങ്ങളോളം ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കിയും നേടിയ ചെറിയ സമ്പാദ്യം കൊണ്ടും ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാനിറങ്ങിയ സുഗതന്‍ പാട്ടത്തിന് എടുത്ത് കെട്ടിടം പണിത ഭൂമി പണ്ട് പാടം നികത്തിയതാണെന്ന ആരോപിച്ചാണ് സിപിഎമ്മും സിപിഐയുടെ യുവജന സംഘടനയും കൊടികുത്ത് സമരവും കുത്തിയിരിപ്പ് സമരവും നടത്തി സംരംഭകന്റെ സ്വപ്‌നം തകര്‍ത്തത്. ഇതേ ഭൂമിയില്‍ മറ്റാരോ പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന് ഇന്നും തടസമൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട് എന്നതും ഈ നാട്ടിലെ വിചിത്ര നിയമ സംവിധാനങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ്.
2018 ഫെബ്രുവരിയില്‍ നടന്ന ഈ ദാരുണ സംഭവത്തിനു ശേഷമാണ് 2019 ജൂലൈയില്‍ മറ്റൊരു പ്രവാസി സംരംഭകന് തന്റെ ജീവിതം ചുവപ്പു നാടകളുടെ ഊരാക്കുടുക്കില്‍ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. ആഫ്രിക്കയില്‍ വര്‍ഷങ്ങളായി സ്വന്തം ബിസിനസ് സംരംഭം നടത്തി വന്ന കണ്ണൂര്‍ കാരനും സിപിഎം അനുഭാവിയുമായ സാജന്‍ പാറായില്‍ എന്ന വ്യവസായിക്കാണ് ദുര്‍വിധി നേരിടേണ്ടി വന്നത്.
സിപിഎം പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉന്നത പാര്‍ട്ടി നേതാവിന്റെ ഭാര്യ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന ഓഫീസിലാണ് സാജന്‍ പാറായില്‍ എന്ന യുവ സംരംഭകന്റെ ജീവിതവും സ്വപ്‌നവും എല്ലാം ചുവപ്പു നാടയില്‍ കുടുങ്ങി അന്ത്യശ്വാസം വലിച്ചത്.
കോടികള്‍ മുടക്കിയ കണ്‍വെന്‍ഷന്‍ സെന്ററിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ നഗരസഭാ അദ്ധ്യക്ഷ ഇദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സാജന്‍ ജീവനൊടുക്കി പതിനാറ് ദിവസങ്ങള്‍ക്ക് ശേഷം പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തിക്കാനാവശ്യമായ ലൈസന്‍സ് നല്‍കി കേരളത്തിലെ സംരംഭ സൗഹൃദ അന്തരീക്ഷം ലോകത്തെയാകെ ഇക്കൂട്ടര്‍ അറിയിച്ചു.
ചെറിയ സമ്പാദ്യം സ്വരൂക്കൂട്ടി നാട്ടില്‍ വര്‍ക്ക് ഷോപ്പ് തുടങ്ങിയ പാവപ്പെട്ട ചെറുകിട സംരംഭകനും, പതിനഞ്ച് കോടി മുടക്കി കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയ ഇടത്തരം സംരംഭകനും ഉദ്യോഗസ്ഥ -ഭരണ മനോഭാവം മൂലം ജീവനൊടുക്കേണ്ടി വന്നത് പൊതുവെ മോശമായ വ്യവസായ അന്തരീക്ഷം എന്നു കുപ്രസിദ്ധിയുള്ള കേരളത്തിന് പുതിയ ഇരട്ട സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതായി .
ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതെന്ന് വിളിച്ച് നിസ്സാരവല്‍ക്കരിക്കുന്ന മുഖ്യമന്ത്രിയും മറ്റ് നേതാക്കളും നാണം കെട്ടത് ബഹുരാഷ്ട്ര ഭീമനായ നിസ്സാന്‍ കമ്പനി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായപ്പോഴാണ് .സംസ്ഥാനത്ത് തങ്ങള്‍ തുടങ്ങിയ ബൃഹദ് സംരംഭത്തിന് എംഒയു ഒപ്പിട്ടപ്പോള്‍ വാഗ്ദാനം ചെയ്ത സ്റ്റാംപ് ഡ്യുട്ടി-രജിസ്‌ട്രേഷന്‍ ഇളവുകള്‍ ലഭ്യമാക്കിയില്ലെന്നും ഒരോ അനുമതികള്‍ക്കുമായി വിവിധ വകുപ്പുകളുടെ വരാന്തകളില്‍ നിരങ്ങുകയാണെന്നും ആരോപിച്ചാണ് കമ്പനി കത്തെഴുതിയത്.
ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ആരംഭിച്ച ആഗോള ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് യാതൊരു പിന്തുണയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡെല്‍ഹി, ചെന്നൈ, മുംബൈ, ബാംഗ്‌ളൂര്‍ എന്നിവടങ്ങളിലേക്ക് സര്‍വ്വീസുകള്‍ അപര്്യാപ്തമാണെന്നും നിസാന്റെ ആസ്ഥാനമായ ടോക്കിയോവിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ലഭ്യമല്ലെന്നും ഒരു വര്‍ഷമായിട്ടും ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കിരിന് സാധിച്ചിട്ടില്ലെന്നും നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ സ്വാമിനാഥന്‍ ചീഫ് സെക്രട്ടറി ടോംജോസിന് എഴുതിയ നാലു പേജ് കത്തില്‍ അക്കമിട്ട് ആക്ഷേപിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ രാഷ്ട്രീയ വിരോധം വെച്ച് നഖശിഖാന്തം എതിര്‍ക്കുന്നതാണ് ഇടതുപക്ഷ നയാം. വിമാനത്താവള നടത്തിപ്പ് നഷ്ടത്തിലായതിനാലാണ് മേല്‍നോട്ടം ഏല്‍പ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചത്. ഇതില്‍ പങ്കെടുത്ത കേരള സര്‍ക്കാരിനേക്കാള്‍ മികച്ച ടെന്‍ഡര്‍ നല്‍കിയ അദാനിക്ക് വിമാനത്താവള നടത്തിപ്പ് ലഭിച്ചു, പക്ഷേ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന കേരള സര്‍ക്കാര്‍ വിമാനത്താവളത്തെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്.
ആളില്ലെന്ന കാരണത്താല്‍ വിവിധ വിമാന കമ്പനികള്‍ പല പ്രധാന സര്‍വ്വീസുകളും നിര്‍ത്തലാക്കി. കൊച്ചിയും കോഴിക്കോടും കണ്ണൂരും വിമാനത്താവളങ്ങള്‍ വന്നതോടൈ തിരുവനന്തപുരം വിമാനത്താവളത്തിലെ തിരക്കു കുരയുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. ഇതോടെ പല വിമാനസര്‍വ്വീസുകളും നിര്‍ത്തിവെച്ചു. നിസാന്റെ ആസ്ഥാനമായ ടോക്കിയോയിലേക്കുല്‌ള സില്‍ക് എയര്‍ വിമാനവും അടുത്തിടെ നിര്‍ത്തി.
നിസാനുമായി ഒപ്പിട്ട വ്യവസ്ഥകളിലൊന്നായിരുന്നു തിരുവനന്തപുരം ടോക്കിയോ നേരിട്ടുള്ള വിമാന സര്‍വ്വീസ്. എന്നാല്‍, വിജയന്‍ സര്‍ക്കാരിന്റെ നിഷേധാത്മക ഈഗോയിസ്റ്റിക് നിലപാടുകള്‍ മൂലംതലസ്ഥാനത്തിന്റെ അഭിമാനമായ വിമാനത്താവളം അടച്ചുപൂട്ടുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.
നിസാന്‍ കമ്പനി ചെന്നൈയിലേക്ക് പോയാല്‍ അതിന് പിന്നിലെ ഒരു കാരണം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ദുരവസ്ഥയാകും. ഏകജാലക സംവിധാനമെന്ന വാഗ്ദാനവും ആവശ്യത്തിന് വൈദഗ്ദ്ധ്യമുള്ള യുവഎഞ്ചിനീയറിംഗ് ഉദ്യോഗാര്‍ത്ഥികളെ കേരളത്തില്‍ നിന്നും ലഭിക്കില്ലെന്നതും അടച്ചുപൂട്ടലിന് മറ്റു ചില കാരണങ്ങളില്‍പ്പെടും. വിമാനത്താവള വിഷയം തങ്ങളുടെ കൈകളിലല്ലെന്ന തൊടുന്യായമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, വിമാനത്താവളം അദാനിക്ക് മേല്‍നോട്ടത്തിന് വിട്ടു കൊടുക്കില്ലെന്ന ഇടതു സര്‍ക്കാരിന്റെ പിടിവാശിയാണ് ഇതിനു കാരണമെന്ന്
ഇപ്പോള്‍ ഏവരും തിരിച്ചറിഞ്ഞിരിക്കുന്നു.
തങ്ങളുടെ ഉത്തരവാദിത്തം മറച്ചുവെച്ച്, കത്ത് പുറത്തുവിട്ട മാധ്യമങ്ങളെ പഴിപറഞ്ഞ് രക്ഷപ്പെടുക എന്ന തന്ത്രമാണ് പിണറായിയും പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്നത്.
ഫ്യുചറിസ്റ്റിക് ഡ്രൈവര്‍ ലെസ് കാറുകളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കുന്നതിനുള്ള ആഗോള ഗവേഷണ കേന്ദ്രം തുടങ്ങാന്‍ നിസാന്‍ പദ്ധതിയിട്ടപ്പോള്‍ കണ്ടുവെച്ച ഇടങ്ങളാണ് തിരുവനന്തപുരവും ചെന്നൈയും. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന സണ്ണി നിര്‍മിക്കുന്ന ചെന്നൈയിലെ ഫാക്ടറിയോട് ചേര്‍ന്ന് ഏക്കറുകണക്കിന് സ്ഥലം സൗജന്യ നിരക്കില്‍ നല്‍കാന്‍ തമിഴ് നാട് സര്ക്കാര്‍ ഒരുക്കമായിരുന്നിട്ടും നിസാന്‍ കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
ചെന്നെയെ ഒഴിവാക്കി തിരുവനന്തപുരം തിരഞ്ഞെടുക്കാന്‍ കാരണം നിസാന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ആന്റണി തോമസ് എന്ന മലയാളിയാണ്. പണ്ട് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ച ആന്റണി തോമസ് എല്ലാം ശരിയാക്കുന്ന ഇടതു സര്‍ക്കാരിനെ വിശ്വസിച്ചു. ആന്റണി തോമസിനെ നിസാനും.
നിസാന്റെ മേധാവികളെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തി മുഖ്യമന്ത്രിയുടെ വസതിയില്‍ മീന്‍കറി കൂട്ടി ചോറും കൊടുത്ത് സല്‍ക്കരിച്ചു. വിജയന്റെ ഉറപ്പില്‍ ആന്റണി തോമസും ഇദ്ദേഹത്തിന്റെ ഉറപ്പില്‍ നിസാനും വിശ്വസിച്ചാണ് മുവ്വായിരം പേര്‍ക്ക് ജോലി ലഭ്യമാക്കുന്ന സ്ഥാപനം ആരംഭിച്ചത്. ഏഴു വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ഒരു ബഹുരാഷ്ട്ര കമ്പനി സ്ഥാപനം തുടങ്ങുന്നത്. യുഎസ് ഐടി ഭീമനായ ഓറക്കിളാണ് കേരളത്തില്‍ അവസാനമായി സ്ഥാപനം തുടങ്ങിയത്. കൊക്കൊകൊളയുടെ പ്ലാച്ചിമട ഫാക്ടറി അടച്ചു പൂട്ടിച്ചതോടെ കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമല്ലെന്ന സന്ദേശമാണ് ആഗോളതലത്തില്‍ പ്രചരിച്ചിരുന്നത്.
വര്‍ഷം നൂറിലധികം ഹര്‍ത്താലുകളും സമര പരമ്പരകളും ട്രേഡ് യൂണിയന്‍ ഭീകരവാദവും എല്ലാം അരങ്ങുതകര്‍ക്കുന്ന കേരളത്തില്‍ പ്രതികൂലവും നിഷേധാത്മക സമീപനവും കൈമുതലുള്ള ഭരണസംവിധാനവും ചേര്‍ന്ന് വ്യവസായങ്ങളെ കൊല്ലാക്കൊല ചെയ്ത് കുഴിച്ചു മൂടുകയും സംറംഭകരെ പീഡിപ്പിച്ച് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഈ പ്രതിച്ഛായയുമായി, പരസ്യവാചകങ്ങളിലുടെ കേരളം നമ്പര്‍ വണ്‍ എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അതാരും അംഗീകരിച്ച് നല്‍കുകയില്ല. പാര്‍ട്ടിപ്പത്രവും നേതാക്കളും പറഞ്ഞാല്‍ അക്ഷരം പ്രതി വിശ്വസിക്കുന്ന അണികളല്ല സാധാരണ ജനങ്ങള്‍ എന്നത് പാര്‍ട്ടിയും മുഖ്യമന്ത്രിയും മനസിലാക്കുകയാണ് വേണ്ടത്.
കേരളത്തില്‍ നിന്ന് ക്യാംപസ് റിക്രൂട്ട്‌മെന്റിനു ശ്രമിച്ച നിസാന്‍ കമ്പനി സംസ്ഥാനത്ത് നിന്ന് പഠിച്ചിറങ്ങുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തില്‍ ആശ്ചര്യപ്പെട്ടു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന നിര്‍ദ്ദേശം പോലും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കന്വനി ആവശ്യപ്പെട്ടു. ഡ്രൈവര്‍ലെസ് കാറുകളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനത്തിലേക്ക് യുവനിപുണന്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച നിസാന്‍ കമ്പനിക്കാര്‍ സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പഠന നിലവാരം കണ്ട് ഞെട്ടി. ഫ്യൂചറിസ്റ്റിക് വെഹിക്കിളുകളെ കുറിച്ച് പഠന സിലിബസിലൊന്നും പരാമര്‍ശമില്ലത്രെ. ക്യാംപസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു മാത്രം ശ്രമിക്കുന്ന സിപിഎമ്മിന് തങ്ങളുടെ വിദ്യാര്‍ത്ഥി നേതാക്കളെ വ്യാജമായി വിജയപ്പിച്ചെടുത്ത് പോലീസിലെ ക്രിമിനല്‍ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്‌തെടുക്കുക എന്ന ഒരു അജണ്ടമാത്രമാണുള്ളതെന്ന് തോന്നും ഇപ്പോള്‍ പുരത്തു വരുന്ന വാര്‍ത്തകള്‍ കാണുന്നവര്‍ക്ക്.
യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും അവിടെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം നടത്തുന്ന കിരാത വാഴ്ചയും പുറത്തു കൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഭരണഘടനാ സ്ഥാപനമായ പിഎസ് സിയുടെ നിയമനങ്ങളും സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പും എല്ലാം പാര്‍ട്ടിയുടെ താളത്തിന് തുള്ളുന്ന ഏതാനും ഉദ്യോഗസ്ഥരുടെ അരാജക മേല്‍നോട്ടത്തിന്‍ നടക്കുന്ന പേക്കൂത്തുകളാണ്. പരീക്ഷയുടെ ഉത്തരക്കടലാസ് യൂണിയന്‍ ഭാരവാഹിയായ ക്രിമനലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത സംഭവത്തെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ വിജയരാഘവന്‍ നിസാരവല്‍ക്കരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ന്യായികരിച്ച് സ്വയം നാറിയത് മാത്രം മതി പിണറായി ഭരണത്തിന്റെ ഏകദേശ അവസ്ഥ മനസിലാക്കാന്‍.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ പുറംനാടുകളെ ആശ്രയിച്ച് കഴിയുന്ന കേരളമെന്ന് അടുത്തിടെ നമ്പര്‍ വണ്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അഭിമാനത്തോടെ വിശേഷിപ്പിച്ചിരുന്നു. സ്വന്തമായി ഒന്നും ഉത്പാദിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത അവസ്ഥയും വ്യവസായ സംരംഭകരെ വലയ്ക്കുകയും, ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ചുവപ്പുനാട പ്രേമികളായ ഉദ്യോഗസ്ഥ വൃന്ദവും ഒക്കെ സ്വന്തമായുള്ള മുഖ്യമന്ത്രി എല്ലാം ശരിയാക്കിത്തരാം എന്ന ഭാവത്തോടെ വീണ്ടും ഭരണം തുടരുകയാണ്. മതേതരം നാലു നേരം പുഴുങ്ങി വിഴുങ്ങിക്കഴിയുന്ന ചില പ്രബുദ്ധ മലയാളികള്‍ക്ക് നേരം വെളുക്കാന്‍ ഇനിയും കാലമേറെ പിടിക്കുക തന്നെ ചെയ്യും.തിരിച്ചറിവ് വരുന്ന കാലത്ത് കമ്യൂണിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുന്ന പണിയായിരിക്കും ഇക്കൂട്ടര്‍ക്കായി കാലം കരുതിവെച്ചിരിക്കുക.