ഇത് കുമ്മനം രാജശേഖരൻ…
സമഃ ശത്രൗ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖ ദുഃഖേഷു സമഃ സംഗ വിവർജ്ജിതഃ
തുല്യ നിന്ദാസ്തുതിർ മൗനീ സന്തുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിർ ഭക്തിമാൻ മേ പ്രിയോ നരഃ
(ഭഗവത് ഗീത. ഭക്തിയോഗം)
ശ്രീമദ് ഭാഗവതത്തിൽ അംബരീഷ ചക്രവർത്തിയുടെ കഥയുണ്ട്.
അംബരീഷ ചക്രവർത്തി ബ്രഹ്മനിഷ്ഠനായി രാജ്യം വാണു. സർവ സുഖങ്ങളുമനുഭവിച്ച് ധർമ്മനിഷ്ഠനായി രാജ്യഭരണം നടത്തി. ധർമ്മാനുഷ്ഠാനങ്ങളിൽ അൽപ്പം പോലും വീഴ്ചവരുത്താത്ത അദ്ദേഹം ദ്വാദശീവൃതമെടുത്തു. ഏകാദശി ദിനത്തിൽ നിരാഹാരവൃതമെടുത്ത് ദ്വാദശി ദിനത്തിൽ വൃതം അവസാനിപ്പിയ്ക്കാനൊരുങ്ങുന്ന സമയമായപ്പോൾ ദുർവ്വാസാവു മഹർഷി അവിടെയെത്തി.
ദുർവ്വാസാവു മഹർഷി ഒരുപാട് സിദ്ധികളൊക്കെയുള്ള ലോകപ്രശസ്ത്രനായ മഹർഷിയാണ്. അംബരീഷൻ അതീവബഹുമാനത്തോടെ മുനിയെ സ്വീകരിച്ചാനയിച്ചു. വൃതം മുറിയ്ക്കുന്നത് ഒരുമിച്ചാവാം എന്ന് എന്ന് പറഞ്ഞ ശേഷം മുനി സ്നാനത്തിനായി നദിയിലേയ്ക്ക് പോയി.
മഹർഷിയും പരിവാരങ്ങളും വിസ്തരിച്ച് കുളിയ്ക്കുകയാണ്. ദ്വാദശിവൃതം അവസാനിപ്പിയ്ക്കാനുള്ള സമയമായി വരുന്നു. മഹർഷിയെ കാണുന്നില്ല. അവിടെ കൂടിയിരുന്ന മുനിജനങ്ങളുമായി ആലോചിച്ച് അംബരീഷൻ രണ്ടു തുള്ളി ജലം പാനം ചെയ്ത് വൃതം അവസാനിപ്പിച്ചതായി വരുത്തി. ഭക്ഷണം മുനി വന്നിട്ട് ഒരുമിച്ചാകാമെന്ന് കരുതി മുനിയെ കാത്തിരുന്നു.
ദുർവാസാവു വന്നപ്പോൾ ആതിഥേയനായ രാജാവ് വൃതം അവസാനിപ്പിച്ചിരിയ്ക്കുന്നു. സാങ്കൽപ്പികമായെങ്കിലും ജലം പാനം ചെയ്ത് ഭക്ഷണവും കഴിച്ചിരിയ്ക്കുന്നു. തന്നെ വിളിച്ചിട്ട് കളിയാക്കുകയല്ലേ? അതും വെറുമൊരു ലൗകികൻ? മുനിയുടെ “ഈഗോ” ഇളകി. ഇത്രയ്ക്ക് ധിക്കാരമോ? ഞാനാരണെന്ന് ഈ മൂഢനു ഒന്ന് കാട്ടിക്കൊടുക്കണം.
ദുർവാസാവ് ഒരു മുടി പറിച്ചു തറയിലെറിഞ്ഞു. മുടിയിൽ നിന്ന് വലിയൊരു ഭീകരസത്വം, ഒരു രാക്ഷസി വന്ന് അംബരീഷനെ കൊല്ലാനായി ചെന്നു. അംബരീഷൻ നിന്ന നിൽപ്പിൽ നിന്നനങ്ങിയില്ല.
പക്ഷേ അംബരീഷൻ മേൽപ്പറഞ്ഞ ഗീതാശ്ലോകത്തിലെപ്പോലെ ബ്രഹ്മനിഷ്ഠനായി രാജ്യഭരണം ചെയ്തുവരുന്ന ഒരു സത്യജ്ഞാനിയാണ്. അദ്ദേഹത്തെ അങ്ങനെയൊന്നും ഉപദ്രവിയ്ക്കാൻ ലോകപാലന്മാർ സമ്മതിയ്ക്കില്ല. സാക്ഷാൽ സുദർശനചക്രത്തെ തന്നെ അംബരീഷന്റെ രക്ഷയ്ക്കായി പറഞ്ഞുനിർത്തിയിരുന്നു ഭഗവാൻ നാരായണൻ. അംബരീഷനു ഇതറിയുമായിരുന്നില്ല താനും. സുദർശനം പാഞ്ഞെത്തി രാക്ഷസിയെ കൊന്നു. നേരേ ദുർവാസാവിന്റെ നേർക്ക് പാഞ്ഞുചെന്നു.
കഴിഞ്ഞില്ലേ കഥ. മുടിപറിച്ച് രാക്ഷസിയെ ഉണ്ടാക്കാനും വിധം കരുത്തനും സിദ്ധനുമാണ് ദുർവ്വാസാവ്. പക്ഷേ സുദർശനത്തിന്റെ മുന്നിൽ ഇതൊന്നും വിലപ്പോവില്ല. ഓടുക തന്നെ. ഓടിച്ചെന്ന് ബ്രഹ്മലോകത്തെത്തി ബ്രഹ്മദേവനെ കണ്ടു. സുദർശനചക്രത്തിന്റെ മുന്നിൽ എനിയ്ക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞ അദ്ദേഹം ദുർവ്വാസാവിനെ പരമശിവന്റെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. മഹാപരാക്രമിയാണല്ലോ പരമശിവൻ. രക്ഷിയ്ക്കുമായിരിയ്ക്കും. പക്ഷേ ദുർവ്വാസാവേ, സുദർശനം തടയാൻ ഞാനാളല്ല എന്ന് പരമശിവനും അറിയിച്ചു. അപ്പോൾ സാക്ഷാൽ നാരായണനെ രക്ഷ പ്രാപിയ്ക്കുക തന്നെ.
വിഷ്ണുലോകത്തെത്തിയപ്പോൾ നാരായണൻ പറഞ്ഞു. ദുർവ്വാസാവേ, ഞാനും അശക്തനാണ്. ഭക്തന്റെ ഹൃദയത്തിലാണ് ഭഗവാന്റെ വാസം. അവൻ എന്റെ ഹൃദയത്തിലും ഞാൻ അവന്റെ ഹൃദയത്തിലും വസിയ്ക്കുന്നു. എന്നെ അംബരീഷൻ തടവിലിട്ടിരിയ്ക്കുന്നു. അംബരീഷനെ രക്ഷിയ്ക്കാൻ വേണ്ടത് ചെയ്യുക മാത്രമേ എനിയ്ക്ക് കഴിയൂ. അതുകൊണ്ട് അങ്ങ് ചെന്ന് അംബരീഷനെ തന്നെ അഭയം പ്രാപിയ്ക്കുക.
എന്ത് ചെയ്യാം? ദുർവ്വാസാവിനു കാര്യം മനസ്സിലായി, ഇത് വെറും ഓട്ടമല്ല, കാര്യം മനസ്സിലായാൽപ്പിന്നെ ഒന്നും പറയാനില്ല. നേരേ ചെന്ന് അംബരീഷന്റെ കാൽക്കൽ വീണു. അംബരീഷൻ നിന്നിടത്ത് തന്നെ അനങ്ങാതെ നിൽക്കുകയാണ്. അദ്ദേഹത്തിനൊരു ദേഷ്യവുമില്ല. സമചിത്തനായി നിൽക്കുന്നു. അദ്ദേഹം ചക്രത്തെ തൊഴുതു വണങ്ങി പ്രാർത്ഥിച്ചു. ചക്രം അടങ്ങി.
ദുർവ്വാസാവ് ഭഗവത് ഭക്തരുടെ മഹിമ നേരിട്ടുകണ്ടു. ദ്രോഹിയ്ക്കുന്നവരോടു പോലും അനുതാപമായി പെരുമാറുന്ന ആ അചഞ്ചലത,
“സമഃ ശത്രൗ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖ ദുഃഖേഷു സമഃ സംഗ വിവർജ്ജിതഃ
തുല്യ നിന്ദാസ്തുതിർ മൗനീ സന്തുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിർ ഭക്തിമാൻ മേ പ്രിയോ നരഃ ”
ശത്രു മിത്രം മാനാപമാനങ്ങൾ തണുപ്പ് ഉഷ്ണം സുഖം ദുഃഖം എല്ലാത്തിനോടും തുല്യനില പുലർത്തി സമനില കൈവരിയ്ക്കുന്നവനും, ഒന്നിനോടും എന്റേതെന്ന് പറ്റലില്ലാത്തവനും നിന്ദയും സ്തുതിയും ഒരുപോലെ കണക്കാക്കുന്നവനും സങ്കൽപ്പവും സംഭാഷണവും ചുരുക്കി ആത്മനിഷ്ഠയിൽ കഴിയുന്നവനും സ്വന്തമായി വീടില്ലാത്തവനും സ്ഥിരബുദ്ധിയുള്ളവനും ഭക്തിമാനായവനും എനിയ്ക്ക് പ്രീയപ്പെട്ടവനാണ്.
(ഭഗവത് ഗീത. ഭക്തിയോഗം)
ഇത് കുമ്മനം രാജശേഖരൻ.
താൻ തുല്യനിന്ദാ സ്തുതിർമൗനിയായി നിൽക്കുന്നു അദ്ദേഹം തന്നെ പറഞ്ഞതാണ്.
സുദർശനം വടിവെട്ടാൻ പോയിട്ടേയുള്ളൂ…..
ധർമ്മത്തിനെ രക്ഷിക്കുന്നവരെ ധർമം സംരക്ഷിക്കും .. ഓർക്കുക.. ഓർത്താൽ നന്ന്.
ഭക്തന്റെ ഹൃദയത്തിലാണ് ഭഗവാന്റെ വാസം?