വ്യക്തിപരമായ അധിക്ഷേപങ്ങളെ പോലും പുഞ്ചിരിയോടെ നേരിട്ട സൗമ്യ വ്യക്തിത്വം ഇനി രാജ്ഭവനിലേക്ക്..

1

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ച വാർത്ത തികച്ചും അവിചാരിതമായാണ് രാഷ്ട്രീയ കേരളം സ്വീകരിച്ചത്, 2015 ഡിസംബർ 18ന് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം എത്തിയതും ഇതുപോലെ തന്നെ പ്രവചനങ്ങൾക്ക് പിടി കൊടുക്കാതെയായിരുന്നു. നിലവിലെ ഗവർണർ നിർഭയ്‌ ശർമ്മ മെയ് 28ന് തന്റെ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് ശ്രീ കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചിട്ടുള്ളത്. 1980കളിൽ രാഷ്ട്രീയ സ്വയം സേവകനായി സജീവ പൊതുപ്രവർത്തനം ആരംഭിച്ച ശ്രീ കുമ്മനം രാജശേഖരൻ പൊതു സ്വീകാര്യനാണ്. തികച്ചും സൗമ്യമായ വ്യക്തിത്വം. കാവി ധരിക്കാത്ത സന്യാസി ശ്രേഷ്ഠൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യൻ. ഇങ്ങനെയൊക്കെ ആയിരിക്കെ, കേരളത്തിൽ വ്യക്തിപരമായി ഏറ്റവും അപഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ് എന്ന ദുർഗതിയും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. സന്ന്യാസി തുല്യനായ അദ്ദേഹം ഒരിക്കൽ പോലും താൻ നേരിടുന്ന വംശീയവും വ്യക്തിപരമായ ആക്രമണങ്ങളെ കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് മാത്രം കണക്കാക്കിയാൽ മതി ആ വ്യക്തിപ്രഭാവത്തിന്റെ ഉൾക്കാമ്പറിയാൻ.

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത് മുതലാണ് കുമ്മനത്തിനെതിരെയുള്ള സംഘടിതമായ ആക്രമണം തുടങ്ങിയത്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ആരും രാഷ്ട്രീയ വിമർശനത്തിന് അതീതരല്ല. പക്ഷേ, ബിജെപി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെയും കേന്ദ്രഗവൺമെന്റ് നടപ്പാക്കുന്ന നയങ്ങളെയും ഒഴിവാക്കി, കുമ്മനം രാജശേഖരന്റെ നിറത്തെയും വംശത്തെയും പേരിനെയും അധിക്ഷേപിക്കുന്നത് ഏത് രാഷ്ട്രീയ വിമർശനത്തിന്റെ പരിധിയിൽ വരും?

വംശീയ വിദ്വേഷം രക്തത്തിൽ അലിഞ്ഞ മലയാളികൾക്ക് അവരുടെ വെറുപ്പ് അണപൊട്ടിയൊഴുക്കാൻ കിട്ടിയ ഒരു ഈസി ടാർജറ്റ് ആയിരുന്നുവോ ശ്രീ കുമ്മനം രാജശേഖരൻ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഉയർന്ന ‘പ്രബുദ്ധത’ നടിക്കുന്ന കേരളത്തിൽ കറുപ്പ് നിറത്തെ കളിയാക്കുന്നതിന് പലകാരണങ്ങൾ കൊണ്ടും അഭികാമ്യമായ സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. ‘ദ്രാവിഡ നാടിന്’ വേണ്ടി കോപ്പുകൂട്ടുന്നവർ, തമിഴൻ താദാത്മ്യം പ്രാപിക്കുന്ന കറുപ്പഴകിനെ കളിയാക്കിയാൽ ബൂമറാങ്ങാകുമെന്ന് ഇവരുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് തന്നെയറിയാം. ദേശീയ തലത്തിൽ ‘ആദിവാസി-ദളിത്’ പ്രചാരണം നടത്തി വോട്ട് നേടാൻ ശ്രമിക്കുമ്പോൾ കറുപ്പിനെ വിമർശിക്കുന്നത് അവിടെയും തങ്ങളുടെ രാഷ്ട്രീയ പൊള്ളത്തരം വെളിവാക്കാൻ വഴിവെക്കും. അങ്ങിനെ ഉള്ളിന്റെ ഉള്ളിൽ വംശവിദ്വേഷവും കറുപ്പിനോടുള്ള അറപ്പും പേറി ജീവിക്കുന്ന കുറെ മലയാളികൾക്ക് അത് യഥേഷ്ടം ചൊരിയാനുള്ള ഒരു നിർദ്ദോഷ ഇരയാകുകയായിരുന്നു ശ്രീ കുമ്മനം രാജശേഖരൻ. കുമ്മനത്തിന്റെ നിറത്തെ പരിഹസിച്ച് അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ പോലും കേരളീയ സമൂഹത്തിൽ സ്വീകാര്യനാകുന്ന അവസ്ഥ. ഫാസിസതിനെതിരെയുള്ള പട പൊരുതലും ആവാം, കൂടെ തങ്ങളുടെ വംശീയ വിദ്വേഷവും ഇറക്കി വയ്ക്കാം എന്ന സവിശേഷ സാഹചര്യം!

അഴിമതിയിൽ മൂക്കറ്റം കുളിച്ചു നിൽക്കുന്ന അയോഗ്യരെ പോലും ഭയഭക്തി ബഹുമാനത്തോടെ സമീപിക്കുന്ന മലയാളികളുടെ മുഖത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു ശ്രീ കുമ്മനം രാജശേഖരൻ. മക്കളെ വളർത്താനും മണിമാളിക കെട്ടാനും പെണ്ണുപിടിക്കാനും ജനസേവനത്തിനിറങ്ങുന്ന നിരക്ഷര കുതുകികളുടെ നാട്ടിൽ തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. ECG സുദർശനെ പോലുള്ള പ്രതിഭകൾ പഠിച്ചിറങ്ങിയ കോട്ടയത്തെ CMS കോളേജിൽ നിന്ന് 1970കളിൽ ജേർണലിസത്തിൽ ബിരുദാന്തര ബിരുദം നേടിയ ആദ്ദേഹം, 1974ൽ ദീപികയുടെ സബ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വർഷത്തിന് ശേഷം ജേർണലിസത്തിൽ നിന്നും ഒരു ബ്രേക്കെടുത്ത് Food Corporation of India (FCI) യിൽ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്തു. തുടർന്ന് 1979ൽ ജോലി രാജിവച്ച് വിശ്വഹിന്ദു പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായാണ് അദ്ദേഹം സജീവ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്നത്.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവർ മുഖ്യമന്ത്രിയും മന്ത്രിമാരുമായുമായി നാടുഭരിക്കുന്ന കേരളത്തിന് പുച്ഛിച്ച് ആസ്വദിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ വ്യക്തിത്വം തന്നെ, അല്ലേ?

നാല് പതിറ്റാണ്ട് കാലത്തോളം പൊതുജീവിതം കറപുരളാതെ സൂക്ഷിക്കാൻ കഴിയുക എന്നത് ഒരു നിസ്സാര കാര്യമല്ല. മകന്റെ ഭാര്യയെ പ്രാപിച്ച ജോസ് തെറ്റയിലും, മകളുടെ ജാരനെ വഴിവിട്ട് സഹായിക്കുകയും ലൈംഗികാപവാദത്തിലും അഴിമതി കേസിലും ഇന്നും കോടതി കേറി ഇറങ്ങുന്ന മനോരമയുടെ സ്വന്തം കൂഞ്ഞൂഞ്ഞിനെയുമൊക്കെ സഹിക്കുന്ന നാടാണ് കേരളം. ‘മതേതത്വം’ ഊട്ടി ഉറപ്പിക്കാൻ മലയാളികൾ ചെയ്യേണ്ട ഒരു ത്യാഗമാണെന്ന് ഇതൊക്കെയെന്ന് മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങളെ മസ്തിഷ്ക പ്രഷാളനം ചെയ്ത് വച്ചിരിക്കുന്നു.

കറപുരളാത്ത പൊതുജീവിതത്തിന് ഉടമയായ കുമ്മനത്തെ നേരിടാൻ മറ്റായുധങ്ങൾ ഇല്ലാത്തത് കൊണ്ട് ഇവർ കണ്ടെത്തിയ ഒരുപായമാണ് വിലകുറഞ്ഞ വ്യക്തിപരമായ ആക്രമണങ്ങൾ. കുമ്മനത്തെ പോലുള്ള ഋഷിതുല്യരെ അധിക്ഷേപിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഇവർ ‘എല്ലാം തികഞ്ഞ’ ഓൺലൈൻ ട്രോളുന്തികൾക്ക് ആക്രമിക്കാൻ പാകത്തിന് അദ്ദേഹത്തെ ഇട്ട് കൊടുക്കുകയും ചെയ്യുന്നു. അതിന്റെ നേർക്കാഴ്ചയാണ് ഗവർണർ സ്ഥാനലബ്ധിയിൽ പോലും കുമ്മനത്തെ വിടാതെ പിന്തുടരുന്ന മനോരമത്യാദികളുടെ ആക്ഷേപ വാക്കുകൾ വ്യക്തമാക്കുന്നത്.

എതിർ രാഷ്ട്രീയത്തിന്റെ പേരിൽ ഒരാളെ ഇത്രയും അധിക്ഷേപിക്കാനുള്ള കാരണം എന്താവും? എതിർ രാഷ്ട്രീയ ചേരിയിലുള്ള എല്ലാവരും ഇതേപോലെ സംഘടിതമായ ആക്രമങ്ങൾക്ക് വിധേയരാകാറുണ്ടോ? വിമാന പീഡന കേസിൽ കുടുങ്ങിയ പി.ജെ ജോസഫും ദശാബ്ദങ്ങളോളം സംസ്ഥാന ബജറ്റ് വിട്ട് പുട്ടടിച്ച മാണിയും, തുണി ചുറ്റിയ കോലിൽ പോലും കാമം കണ്ടെത്താൻ കഴിവുള്ള മുസ്ലിം മന്ത്രിയും ഒന്നും ഇതുപോലെ നിരന്തരവും വ്യക്തിപരവുമായ മാധ്യമ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയാകാത്തത് എന്തുകൊണ്ടാവും? കേരള സമൂഹത്തിലെ സംഘടിത വർഗീയതുടെ അതിപ്രസരം വ്യക്തമാകുന്നത് ഇവിടെയാണ്. നിലക്കലിലെ കുരിശുനാട്ടലായാലും മാറാട് ഹിന്ദു കൂട്ടക്കൊലയാലും അവിടെയെല്ലാം ഓടിയെത്തി ഹിന്ദു സമാജത്തെ ഒരുമിപ്പിച്ചു നിർത്താൻ ശ്രമിച്ച ആ ഋഷിതുല്യനെതിരെയുള്ള സംഘടിത ന്യൂനപക്ഷങ്ങളുടെ പകയാണ് ഈ ട്രോളുകളിലൂടെ വെളിവാകുന്നത്. അവരുടെ കൂടെ കഥയറിയാതെ ആട്ടം കാണുന്ന കമ്യൂണിസ്റ്റ്‌വത്കരിക്കപ്പെട്ട കുറച്ച് ഹിന്ദു സഖാക്കളും ഉണ്ടെന്ന വസ്തുത ഞാൻ വിസ്മരിക്കുന്നില്ല.

രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി നേതാവായാൽ പിന്നെ മക്കളെയും മരുമക്കളെയും മറ്റു ബന്ധുക്കളെയും വളഞ്ഞ വഴിയിൽ കൂടി സർക്കാർ ശമ്പളം പറ്റുന്ന ജോലിക്കാരാക്കി, മണൽ, മദ്യം, ഖനി, റിയൽ എസ്റ്റേറ്റ്, ബ്ലേഡ് തുടങ്ങിയ മാഫിയകൾക്ക് വിളക്ക് കാണിച്ചു കൊടുത്തും സ്വന്തമായി മാഫിയ സംഘടിപ്പിച്ചും കോടികൾ ഉണ്ടാക്കി വാഴുന്ന കേരളത്തിലെ രാഷ്ട്രീയ കൂരിരുട്ടിൽ തെളിഞ്ഞ പൂർണ്ണ ചന്ദ്രനായിരുന്നു ശ്രീ കുമ്മനം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പൊതുഖജനാവിലെ പണം എടുത്ത് 50,000 രൂപയുടെ കണ്ണട വാങ്ങുന്നവർക്കും, ഉഴിച്ചിൽ നടത്തുന്നവർക്കും, ഇല്ലാത്ത തസ്തികയിൽ മക്കളെ തിരുകി കയറ്റുന്നവർക്കും, പൊതുപണം ഉപയോഗിച്ച് ഭർത്താവിന് ഫൈവ് സ്റ്റാർ ചികിത്സ തരപ്പെടുത്തുന്ന മന്ത്രിമാർക്കും മനസ്സിലാക്കാൻ പ്രയാസമുള്ള ലാളിത്യം നിറഞ്ഞ വ്യക്തി ജീവിതം. മക്കളെ അമേരിക്കയിലും മറ്റ് പാശ്ചാത്യ വികസിത രാജ്യങ്ങളിലും സെറ്റിൽ ആക്കി, മുതലാളിത്ത കുത്തകകൾക്കെതിരെ പോരാടാനും ‘വരമ്പത്ത് കൂലി’ കൊടുക്കാനും പ്രസംഗിക്കുന്ന ഇരട്ടത്താപ്പിന്റെ രാഷ്ട്രീയവും അദ്ദേഹത്തിന് വശമില്ല. വസ്തുത ഇതൊക്കെയായിരിക്കെ, ന്യൂട്രലും ഫേസും തിരിച്ചറിയാനുള്ള പ്രാഥമിക വിദ്യാഭ്യാസം പോലും നേടാതെ വൈദ്യുതി വകുപ്പ് മന്ത്രിയായി വിരാജിക്കുന്ന മണിയാശാൻ പോലും അദ്ദേഹത്തെ അപമാനിക്കുന്നത് കാണുമ്പോൾ, ചിരിക്കണോ കരയണോ എന്ന ചോദ്യം മാത്രമാണ് ഉള്ളിൽ ബാക്കി.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ബിജെപിക്ക് പുതിയ നേതൃത്വം വരും എന്നാണ് പത്ര മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. ബിജെപിയെ ഏതു രീതിയിലും എതിർത്ത് സംഘടിത ന്യൂനപക്ഷ വോട്ടുറപ്പിക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന കേരള രാഷ്ട്രീയത്തിൽ പുതിയ പ്രസിഡന്റിനും സമാന രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നേക്കാം. അന്ന് തളർന്ന് പോകാതെ വർധിത വീര്യത്തോടെ സമാജത്തിന് വേണ്ടി പൊരുതാനുള്ള ഊർജ്ജമാകട്ടെ സ്വാത്വികനായ കുമ്മനത്തിന്റെ ഈ നിറ പുഞ്ചിരി. കേരളത്തിലെ ഹിന്ദു സമാജത്തെ ഒരു കുടക്കീഴിൽ അണിനിരത്തി ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കാൻ പുതിയ അധ്യക്ഷന് കഴിയട്ടെ. അതോടൊപ്പം, കാർമേഘങ്ങൾ നിറഞ്ഞ മിസോറം എന്ന കൊച്ചു സംസ്ഥാനത്തെ രജത സൂര്യനായി പരിലസിക്കാൻ ഞങ്ങടെ രാജേട്ടന് കഴിയട്ടെ എന്നും ആത്മാർത്ഥമായി ആശംസിക്കുന്നു.

1 COMMENT

  1. തികച്ചും കൃത്യമായ അവലോകനം. ബിജെപിയെ എതിർത്താൽ ഏത് പീഡകനും മോഷ്ടാവിനും ഭൂമികൈയേറ്റകാരനും കേരളാ രാഷ്ട്രീയത്തിൽ ആളാകാം.

LEAVE A REPLY

Please enter your comment!
Please enter your name here