ശമ്പളം വേണ്ടെന്ന് വെച്ച് ഓണറേറിയം ചോദിച്ച കെ.വി തോമസിന്റെ ബുദ്ധി വിമാനമല്ല റോക്കറ്റാ..ഇങ്ങനെയുമുണ്ടോ പണത്തോട് ആർത്തി..!!!

0

എങ്ങനെ വീണാലും നാലു കാലിൽ വീഴുന്ന രാഷ്ട്രീയക്കാരനാണ് കെ വി തോമസ് എന്നാണ് പണ്ടേ രാഷ്ട്രീയ ഉപശാലകളിലെ അടക്കം പറച്ചിൽ. സോണിയ ഗാന്ധിക്ക് തിരുതക്കറി വെച്ചു കൊടുത്തു കേന്ദ്രത്തിൽ പിടിപാടുണ്ടാക്കി അധികാര കസേരയിൽ ഇരുന്ന അദ്ദേഹം സ്ഥാനമാനങ്ങൾ പോയതോടെ നേരെ മറുകണ്ടം ചാടി പിണറായി വിജയന്റെ അടുപ്പക്കാരനുമായി. ഇതോടെ സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി ആയി കെ വി തോമസിനെ നിയമിച്ചു. 

ഈ നിയമനം സർക്കാറിന് അധികബാധ്യത ഉണ്ടാക്കുമെന്ന വിമർശനം ഉയർന്നതോടെ തനിക്ക് ശമ്പളം വേണ്ടെന്ന് പറഞ്ഞ് രംഗത്തു വരികയായിരുന്നു കെ വി തോമസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് കത്തു നല്കുകയും ചെയ്തു. കെ വി തോമസ് ഉദാരമനസ്‌ക്കൻ ആണല്ലോയെന്ന് പൊതുവേ എല്ലാവരും ചിന്തിക്കുകയും ചെയ്തു. എന്നാൽ, ഇതിന് പിന്നിലും പോക്കറ്റ് നിറയ്ക്കാനുള്ള തോമസിന്റെ തന്ത്രമാണെന്ന് വൈകിയാണ് മലയാളികൾ അറിയുന്നത്. 

കെ വി തോമസിന് ഓണറേറിയമാണ് നൽകുക എന്നാണ് മുഖ്യമന്ത്രി ഇന്നലെയും നിയമസഭയിൽ വ്യക്തമാക്കിയത്. നിയമസഭയിൽ എൻ.ഷംസുദ്ദീന്റെ ചോദ്യത്തിനാണു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം ഓണറേറിയം എത്രയെന്നു വ്യക്തമാക്കിയില്ല. ഈ തുക എന്തായാലും ഉയർന്നതു തന്നെയാകുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാരുമായി സൗഹാർദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. സംസ്ഥാന സർക്കാരിന്റെ നയങ്ങളും നിലപാടുകളും കേന്ദ്രത്തിനു മുൻപിൽ വ്യക്തമായി അവതരിപ്പിക്കുകയും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് അതു വേണ്ട. നിരക്ക് കുറവുള്ള ക്ലാസുകളിൽ വിമാനയാത്ര മതിയെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കെവി തോമസിന് ശമ്പളത്തിന് പകരം ഓണറേറിയം നൽകിയാൽ അദ്ദേഹത്തിന് പെൻഷനും ഓണറേറിയവും ഒന്നിച്ച് വാങ്ങാൻ അർഹതയുണ്ടാകും. ഇവിടെയാണ് കെ വി തോമസ് ഓണറേറിയം മതിയെന്ന് പറഞ്ഞതിലെ ഗുട്ടൻസ് പിടികിട്ടുക. 

അതേസമയം മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു. 33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെ മാസം 92,423 രൂപ ആകെ ശമ്പളമായി നൽകി. എന്നാൽ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളത്തിനു പകരം ഓണറേറിയമാണു നൽകിയത്. 2021 സെപ്റ്റംബറിലായിരുന്നു നിയമനം. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപ ചെലവിട്ടു. സമ്പത്തിനു ശമ്പളമായി മാസം 92423 രൂപ ലഭിച്ചെങ്കിൽ വേണു രാജാമണിക്ക് ഓണറേറിയമായി ലഭിച്ചതു മാസം 96,666 രൂപയാണെന്നു മുഖ്യമന്ത്രി സഭയിൽ വച്ച കണക്കിൽ നിന്നു വ്യക്തമാകുന്നു. 

കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വിലക്ക് അവഗണിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതു മുതൽ ആരംഭിച്ച സഹകരണത്തിന്റെ തുടർച്ചയായാണ് കെ വി തോമസിന്റെ പുതിയ നിയമനം. കേന്ദ്രമന്ത്രിയായും എംപിയായും ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ് കെ.വി.തോമസ്. ഡൽഹിയിൽ അധികാരത്തിന്റെ എല്ലാ ഇടനാഴികളിലും കൃത്യമായി സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനു സാധിക്കുമെന്ന വിശ്വാസം സിപിഎമ്മിനുണ്ട്. ഡൽഹിയിൽ കെ.വി.തോമസിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടി കണക്കിലെടുത്താണ് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായുള്ള നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായുള്ള വ്യക്തിബന്ധങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ബന്ധങ്ങളും പുതിയ നിയമനത്തിൽ നിർണായകമായി. 

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്. പിന്നീട് ഇദ്ദേഹം തൃക്കാക്കരയിൽ സിപിഎം സ്ഥാനാർത്ഥിയാകുമെന്നു വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹം ഇടതു രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്നുവെന്ന തോന്നൽ ശക്തമാകുന്നതിനിടെയാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായുള്ള തിരിച്ചുവരവ്. 

LEAVE A REPLY

Please enter your comment!
Please enter your name here