ലഡാക്ക് മലനിരകളില്‍ യുദ്ധതന്ത്രങ്ങളുടെ മാറ്റുരയ്ക്കല്‍

32

വര്‍ഷം 2012. സ്ഥലം ആര്‍മി വാര്‍ കോളേജ്.
ഭാരത സേനയുടെ ഒരു ബ്രിഗേഡിയര്‍ ചൈനയുടെ വാര്‍ സോണ്‍ ക്യാംപെയിനെക്കുറിച്ച് തന്ത്രപ്രധാനമായ ഒരു പേപ്പര്‍ അവതരിപ്പിക്കുന്നു.

വലിയതോതിലുള്ള ഒരു സൈനിക നടപടിവഴിയോ അങ്ങനെ സൃഷ്ടിക്കാവുന്ന സമ്മർദം വഴിയോ ലഡാക്കിനെ ചൈന ആക്രമിക്കാൻ സാധ്യത സാധ്യതയുണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസന്റേഷന്‍..

അരുണാചൽ പ്രദേശിനെ ചൈന തങ്ങളുടെ പ്രദേശമായി പരസ്യമായി മോഹിക്കുമ്പോള്‍ കിഴക്കൻ ലഡാക്കിലെ പദ്ധതി മറ്റൊന്നായിരുന്നു. കാരണം കൊട്ടിഘോഷിക്കപ്പെട്ട കാരക്കോറം ഹൈവേ മഞ്ഞുകാലത്തു ഉപയോഗശൂന്യമാകും. അതുകൊണ്ടു ഗാൽവാൻ-മർഗോ അച്ചുതണ്ടിലൂടെ കാരക്കോറം ഹൈവേക്കു സമാന്തരമായി എല്ലാകാലാവസ്ഥയിലും ഉപയോഗസാധ്യമായ ഒരു റോഡ് സൃഷ്ടിച്ചു ഖുഞ്ജെറാബ് പാസ് വഴി പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നു, Daulet Beg Oldi യിലെ ഇന്ത്യൻ പോസ്റ്റുകൾക്കു വടക്കു ഭാഗത്തുകൂടി. മാത്രുവുമല്ല ചൈന ഇതെങ്ങനെ നടപ്പിലാക്കും എന്നതും ആ ആർമി ഓഫീസർ തൻറെ പേപ്പറിൽ പറയുന്നു. പ്രധാനമായും 3 ഘട്ടങ്ങളിൽ ആവും ഇവ നടപ്പിലാക്കുക.

ഘട്ടം 1 . ആദ്യത്തേത് domination-cum-deterrence (ഡിസിഡി) ഘട്ടമായിരിക്കും, അവിടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) ശത്രുവിനെ പിന്തിരിപ്പിക്കുന്നതിനായി സംശയാസ്പദമായ പ്രദേശത്ത് അതിന്റെ സാന്നിധ്യം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും, അതിനു ശേഷം കൈവശം വച്ചിട്ടില്ലാത്ത ചില സ്ഥലങ്ങൾ അല്ലെങ്കിൽ ഉയർന്ന മൂല്യമുള്ള ടാർഗെറ്റുകൾ ഏതെങ്കിലും എലൈറ്റ് ഫോഴ്‌സിനെ ഉപയോഗിച്ച് പിടിച്ചെടുക്കും

ഘട്ടം 2 . ഗെയിനിംഗ് ഇനിഷ്യേറ്റീവ് ബൈ സ്ട്രൈക്കിംഗ് ഫസ്റ്റ് (ജി‌ഐ‌എസ്‌എഫ്), ശത്രുക്കളിൽ നിന്ന് മുൻകൈയെടുക്കുന്നതിന് ആദ്യം ആക്രമിക്കാൻ ദ്രുത പ്രതികരണ യൂണിറ്റുകളെ വിന്യസിക്കും. നിലവിൽ ചൈന നടപ്പിലാക്കാൻ ശ്രെമിച്ചതും അങ്ങനെ ഉള്ള ഒരു പദ്ധതിയാണ്.

ഘട്ടം 3 . അവസാന ഘട്ടം Quick Battle Quick Resolution, അവിടെ പി‌എൽ‌എ ഒരു പ്രത്യേക ഡിവിഷൻ ലെവൽ ഫോഴ്‌സ് ഉപയോഗിക്കും. ദില്ലി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസ് പ്രസിദ്ധീകരിച്ച സ്കോളർ വാരിയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സെമിനൽ പേപ്പറിൽ ആദ്യ രണ്ട് ഘട്ടങ്ങളിൽ ലക്ഷ്യം കൈവരിക്കുമെന്ന് പ്രവചിക്കുന്നു.

2002 ൽ ഇരുവിഭാഗവും മധ്യമേഖലയിലെ (ഡോക്ലാം മുതൽ ലെ വരയുള്ള ഭാഗം) തർക്കപ്രദേശങ്ങളുടെ മാപ്പുകൾ കൈമാറിയതിനുശേഷം മധ്യമേഖലയിലെ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അതിനാൽ തർക്കമുള്ള പ്രദേശത്തെക്കുറിച്ച് ഇരുവിഭാഗത്തിനും ഇപ്പോൾ അറിയാം. പാശ്ചാത്യ മേഖലയിലെ ഭൂപടങ്ങൾ പങ്കിട്ടെങ്കിലും ചൈനയുടെ നിർദേശപ്രകാരം കൈമാറ്റം ചെയ്യപ്പെട്ടില്ല; കിഴക്കൻ മേഖലയിലെ ഭൂപടങ്ങൾ പോലും പങ്കിട്ടിട്ടില്ല.കിഴക്കും പടിഞ്ഞാറൻ മേഖലയിലും ഇരുപക്ഷവും അതാത് സ്ഥാനങ്ങളുടെ മാപ്പുകൾ കൈമാറുന്നില്ലെങ്കിൽ ഈ സംഘർഷം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

2014 ൽ ന്യൂഡൽഹി അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ വടക്കൻ അതിർത്തികൾ കുറച്ചു കാലത്തേക്ക് പ്രക്ഷുബ്ധമായി തുടരുമെന്ന് ഭാരതം മുന്നേ കണക്കുകൂട്ടിയതാണ്‌. അതിർത്തി വികസനം നടക്കുന്ന സമയത്തു തന്നെ ഭാരതസൈന്യത്തിന്റെ ചൈനയോടുള്ള മനോഭാവത്തിലും മാറ്റം വരുത്തി തുടങ്ങിയിരുന്നു. 2014 ശേഷം തുറിച്ചുനോക്കുന്ന ശത്രുവിന്റെ മുന്നിൽ ബാനർ ഉയർത്തി കാണിച്ചു ഇത് ഞങ്ങടെ മണ്ണാണെന്നു പറഞ്ഞിട്ട് പിന്മാറുന്ന ശീലം ITBP യും ഭാരത സൈന്യവും പാടെ ഉപേക്ഷിച്ചു.

കണ്ണിലേക്കു തുറിച്ചു നോക്കുന്ന ശത്രുവിന്റെ കണ്ണിൽ നോക്കി നിൽക്കാനും വേണ്ടിവന്നാൽ കിട്ടുന്ന അതെ അളവിൽ തിരിച്ചു അടിക്കാനും ഭാരതം തുടങ്ങി. രാഷ്ട്രതാല്പര്യത്തിനു വിരുദ്ധമായ നിർമാണപ്രവർത്തനങ്ങൾ കണ്ടപ്പോൾ അതിർത്തിമറികടന്നു ഭാരത സൈന്യം ഡോക്ലാമിൽ ഭൂട്ടാന്റെ മേഖലയിൽ പ്രവേശിച്ചു. നിലവിലെ ധാരണകൾ മറികടന്നു അതിർത്തിയിൽ അനിയന്ത്രിതമായി നിർമാണപ്രവർത്തനം നടത്തിവന്ന ചൈനക്ക് അതൊരു തിരിച്ചടി ആയിരുന്നു.

മാത്രവുമല്ല ഡോകലാമിൽ നിന്നും ഭാരത സപ്ലൈലൈനുകൾക്കു നേരെ ഉണ്ടാവമായിരുന്ന ചൈനീസ് ആർട്ടിലറിയുടെ നിരീക്ഷണത്തിൽ നിന്നും ചിക്കൻ നെക് എന്നറിയപ്പെടുന്ന സിലിഗുരി കോറിഡോറിനെ രക്ഷിക്കാൻ വേണ്ടിയും ആയിരുന്നു. ഭാരതത്തിലെ സിലിഗുരിയിൽ നിന്നും ഡോക്ലമിലേക്കുള്ള ദൂരം 27 Km മാത്രമാണ്.നിലവിലുള്ള ആർട്ടിലറി തോക്കുകൾക്കു അനായാസമായി ഈ ദൂരം തങ്ങളുടെ അധീനതയിൽ നിയന്ത്രിക്കാൻ സാധിക്കും .

ശക്തമായ ഭരണകൂടങ്ങൾ ഭാരതത്തിന്റെ എല്ലാ അതിർത്തി സംസ്ഥാനങ്ങളിലും സ്ഥാപിക്കുകവഴി അതിർത്തി വികസനം മോദിസർക്കാർ വേഗത്തിലാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന പല പദ്ധതികളും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കിയത് ചൈനയുടെ എതിർപ്പ് വിളിച്ചു വരുത്തി. അങ്ങനെ Daulet Beg Oldi യിലെ ഇന്ത്യൻ പോസ്റ്റിലേക്കുള്ള റോഡിൻറെ പണിയും ഭാരതം ദ്രുതഗതിയിലാക്കി. ലെയിൽ തുടങ്ങി ചൈനയുടെ കാരക്കോറം അതിർത്തിവരെ നീളുന്ന (Daulat Beg Oldi ) റോഡിന്റെ പണികൾ 2001 ൽ തുടങ്ങി എങ്കിലും ചൈനയെ ഭയപ്പെട്ടിരുന്ന UPA ഭരണകൂടം പണികൾ ഒച്ചിഴയും വേഗത്തിലാക്കി. സമുദ്രനിരപ്പിൽ നിന്നും 13,000–16,000 അടിവരെ ഉയരത്തിൽ 255 കിലോമീറ്റർ നീളമുള്ള DSDBO (Darbuk–Shyok–DBO) റോഡ് 2014 ൽ തീരേണ്ടതായിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ മോദിസർക്കാർ ഈ റോഡിൻറെ പണികളിലെ ചുവപ്പുനാടകൾ അഴിച്ചുതുടങ്ങി, പൂര്ണതോതിലുള്ള മിലിറ്ററി നീക്കങ്ങൾ നടക്കത്തക്ക വണ്ണം റോഡിൻറെ അലൈൻമെന്റ് മാറ്റി മികച്ച പാലങ്ങൾ പണിയിപ്പിച്ചു.

അതിനോടൊപ്പം ഗിൽജിത് ബാൾട്ടിസ്ഥാനിലേക്കു ഭാരതത്തിനു ഏതു കാലാവസ്ഥയിലും ആക്രമണം നടത്താം എന്ന അവസ്ഥ കൈവന്നു. CPEC (ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ) യിൽ ആവശ്യത്തിലധികം പണം മുടക്കിയ ചൈനക്ക് ഭാരതത്തിന്റെ ഈ നീക്കം അംഗീകരിക്കാൻ സാധ്യമല്ലാതെ വന്നു. അതിനോടൊപ്പം തന്നെ നിരന്തരമായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് ഒരുതിരിച്ചടി എന്നോണം ഗിൽജിത് ബാൾടിസ്ത്താൻ മേഖലയിലെ അവകാശവാദം ശക്തപ്പെടുത്തിയത് തങ്ങളുടെ CPEC പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ചൈനയെ ഭയപ്പെടുത്തുന്നു. അത് ലഡാക്കിന്മേലുള്ള ചൈനയുടെ പദ്ധതികൾ കടലാസ്സിൽ നിന്നും കരയിലേക്ക് വിന്യസിച്ചു

ഒരേസമയം ലഡാക്കിന്റെ കിഴക്കൻ പടിഞ്ഞാറൻ മേഖലകളിൽ യുദ്ധമുഖങ്ങൾ തുറക്കുന്ന ചൈനീസ് തന്ത്രങ്ങൾക്ക് പിൻബലം അവരുടെ അത്യാധുനിക ടൈപ്പ് 15 ടാങ്കുകളും ഹൈഅൾട്ടിട്യൂഡിൽ വിന്യസിക്കാവുന്ന PCL-181 ഹൊവിതസർ പീരങ്കികൾ, GJ -2 ഡ്രോൺ എന്നിങ്ങനെ 2017 ഡോകലാമിൽ നടന്ന മുഖാമുഖത്തിനു ശേഷം സേനയിലേക്ക് കൂട്ടിച്ചേര്ക്കപ്പെട്ട ആയുധങ്ങൾ, അത്യാധുനിക ISR (Intelligence, Surveillance and Reconnaissance) സംവിധാങ്ങൾ ഇവയൊക്കെ ആണ്. 2012 ൽ ചൈനയുടെ നീക്കം പ്രവചിച്ച അന്നത്തെ ബ്രിഗേഡിയർ ആണ് ഇന്നത്തെ ആർമി ജെനെറൽ മനോജ് മുകുന്ദ് നർവാനെ. ആദ്യത്തെ രണ്ടുഘട്ടങ്ങളെയും തകർക്കുക വഴി ചൈനയുടെ നീക്കങ്ങളുടെ മുന ഓടിക്കാം എന്ന് മറ്റാരേക്കാളും നന്നായി അറിയുന്ന ആളാണ് അദ്ദേഹം. ലോകം മുഴുവൻ മഹാമാരിയുടെ പേരിൽ ഒറ്റപ്പെടുത്തുമ്പോഴും, ഹോങ്കോങ്ങിലേയും, ടിബറ്റിലെയും, തായ്‌വാനിലേയും ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്രാപിക്കുമ്പോഴും ഈ കടുകൈ ചെയ്യാൻ ചൈനയെ പ്രേരിപ്പിച്ചത് മുകളിൽ പറഞ്ഞ ഘടകങ്ങൾ ആണ്.

എന്തുകൊണ്ടാണ് ലഡാക് ഇത്രമേൽ നിർണായകമാകുന്നത്?

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലഡാക്കിലെ ജനവിഭാഗമോ ഭരണകൂടങ്ങളോ മെയിൻലാൻഡ് ചൈനയുമായി യാതൊരുവിധത്തിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്നില്ല.എന്നാൽ ടിബറ്റൻ ഭരണകൂടവുമായി മികച്ച സാംസകാരിക ബന്ധം അവർ കാത്തുസൂക്ഷിച്ചിരുന്നു. 7 – 9 AD യിൽ നിലനിന്നിരുന്ന ടിബറ്റൻ സാമ്രാജ്യം തകർന്നതോടു കൂടി അവർ ഏറെക്കുറെ സ്വതന്ത്രരാജ്യമായി മാറി.

രാജ ഹരിസിംഗിന്റെ കാലമായപ്പോഴേക്കും ടിബറ്റ് ഏതാണ്ട് അക്‌സായി-ചിൻ വരെ ഉള്ള ഭാഗങ്ങൾ രാജഭരണത്തിന്റെ കീഴിൽ വന്നു. അതുകൊണ്ടു തന്നെ ജമ്മുകശ്മീർ ലയനം പൂർണമാവണമെങ്കിൽ POK , ആസാദ് കശ്മീർ എന്നിവയോടൊപ്പം അക്‌സായി-ചിൻ കൂടെ ഡൽഹിയുടെ കീഴിൽ വരണം. ചൈനയുടെ അനിഷേധ്യ നേതാവായിരുന്ന മാവോയുടെ അഭിപ്രായത്തിൽ ടിബറ്റിനൊപ്പം ചൈന പിടിച്ചടക്കേണ്ട അഞ്ചു വിരലുകൾ ആണ് ലഡാക്, ഭൂട്ടാൻ, അരുണാചൽ പ്രദേശ്, നേപ്പാൾ, സിക്കിം എന്നിവ.

അതിർത്തിയിലെ നിലവിലെ സാഹചര്യം പരിഗണിച്ചാൽ 2 സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്

1 . ഭാരതം ആവശ്യപ്പെടുന്ന ഏപ്രിൽ മാസത്തിനു മുൻപുള്ള സാഹചര്യം അതിർത്തിയിൽ പുനഃസ്ഥാപിക്കുക

2 . ഓഗസ്റ്റ് മാസത്തിലോ അതിനു മുൻപോ ഉണ്ടാകാൻ സാധ്യത ഉള്ള ഒരു ചെറിയ യുദ്ധം

ഇതിൽ ഒന്നാമത്തെ സാധ്യത നടപ്പിലാക്കാനുള്ള മുൻകരുതൽ എല്ലാം ഭാരതം സ്വീകരിച്ചു കഴിഞ്ഞു. ചൈനയുമായുള്ള മുഴുവൻ അതിർത്തി പ്രദേശങ്ങളിൽ ആർമിയെ വിന്യസിക്കുക വഴി ഭാരതം ചൈനക്ക് മുന്നേറാനുള്ള സാധ്യത അടച്ചു. എന്നാൽ യുദ്ധസാധ്യത പൂർണമായും ഒഴിയുന്നില്ല താനും. നിലവിൽ ലഡാക്കിന്റെ കിഴക്കൻ പടിഞ്ഞാറൻ മേഖലയിൽ സൈനിക നീക്കം നടത്തുന്നത് ജനറൽ മനോജ് മുകുന്ദ് നരവനെ പ്രവചിച്ചപോലെ ഒരുനീക്കം ചൈനക്ക് മറ്റേതെങ്കിലും മേഖലയിലേക്കും വ്യാപിപ്പിക്കാനും മതി. ഉന്നം വയ്ക്കുന്ന അഞ്ചു വിരലുകളിൽ എന്തുവേണം എന്നത് ചൈനയുടെ തീരുമാനം ആണ്.

ചിക്കൻ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരി കോറിഡോറിൽ പോലും നിലനിൽക്കുന്നത് വലിയ ഭീഷണി ആണ്, എന്നാൽ ചൈനയുടെ നീക്കങ്ങളെ സൈനികപരമായി നേരിടാനും നയതന്ത്രത്തലത്തിൽ നേരിടാനും ആണ് ഭാരതത്തിന്റെ ശ്രെമം. ഭാരതത്തിന്റെ UNSC അംഗത്വം, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പരസ്യ പ്രസ്താവന, റഷ്യയുടെ ഇടപെടൽ ഇവയെല്ലാം വിരൽ ചൂണ്ടുന്നത് നയതന്ത്രത്തലത്തിൽ ഭാരതം നടത്തിയ ശ്രെമങ്ങൾ എത്രകണ്ട് മുന്നോട്ടു പോകുന്നു എന്നാണ്. വസ്തുതകൾ ഇങ്ങനെ ഇരിക്കെ ചൈന കൂടുതൽ ഭൂപ്രദേശങ്ങൾക്കു മുകളിൽ തങ്ങളുടെ അവകാശം ഉന്നയിക്കാനാണ് സാധ്യത. ഇത് ലഡാക് എന്ന തങ്ങളുടെ ദീർഘകാല സാമ്രാജ്യത്തമോഹത്തെ ഒരു അതിർത്തി പ്രശ്നമായി നിലനിർത്തുവാൻ അവരെ സഹായിക്കും .

യുദ്ധസജ്ജമാണോ ചൈന എന്നതാണ് പ്രസക്തമായ ചോദ്യം !!എന്തൊക്കെ ആണ് ചൈനയുടെ മേന്മയും പോരായ്മയും?

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അതിർത്തിയിൽ ഉടനീളം നടത്തിയ റോഡ്-റെയിൽ ശൃംഖലയുടെ മുൻ‌തൂക്കം, മുൻപ് സൂചിപ്പിച്ച അത്യാധുനിക ആയുധങ്ങൾ, ഇലക്ട്രോണിക് യുദ്ധഉപകരണങ്ങളുടെ വൈവിധ്യത, സൗത്ത് ചൈന കടൽ മുതൽ മഡഗാസ്കർ വരെ നീണ്ടു കിടക്കുന്ന കോളനികൾ, പാക്കിസ്ഥാന്റെയും, നേപ്പാളിന്റെയും പിന്തുണ, 80 ഓളം വരുന്ന അന്തർവാഹിനികൾ, ഭാരതത്തിന്റെ അഞ്ചിരട്ടി വലിപ്പം ഉള്ള സമ്പത്ത്ഘടന ഇവയ്‌ക്കെല്ലാം ഉപരി സ്വന്തം നാട്ടിലെ അഞ്ചാം പത്തികളെ ഭാരതത്തിൽ സഹിക്കുന്നപോലെ സഹിക്കേണ്ടിവരില്ല എന്ന അവസ്ഥ.

ഇതൊക്കെ ആണെങ്കിലും ചൈന ശരിക്കും ഭാരതവുമായി പൂർണതോതിൽ യുദ്ധ സജ്ജമാണോ? അല്ല എന്ന് പറയേണ്ടി വരും !!

1 . PLA ഒരു പൂർണ തോതിൽ യുദ്ധസജ്ജമായ സേന അല്ല എന്ന് പറയേണ്ടി വരും. ഭാരതത്തിൽ CRPF ചെയ്യുന്ന പോലുള്ള ജോലികൾ ആണവർ അധികവും ചെയ്യുന്നത്. ആഭ്യന്തര പ്രശ്നങ്ങളെ അമർച്ചചെയ്യാനും PLA യെ തന്നെ ആണ് ചൈനീസ് ഭരണകൂടം ആശ്രയിക്കുന്നത്.

2 . 25 ലക്ഷം വരുന്ന ചൈനീസ് സേനകളുടെ നിലവിലുള്ള വിന്യാസം എല്ലാം തന്നെ പ്രശ്‌നബാധിത മേഖലകളിൽ ആണ്. ചൈനീസ് നേവി സൗത്ത് ചൈന കടലിൽ തുടങ്ങി പടിഞ്ഞാറൻ കടലിലെ ജപ്പാനുമായി വരെ ഒരേ സമയം ഏഴു രാജ്യങ്ങളുമായി കൊമ്പുകോർക്കുന്നു, അതിനിടക്ക് ജപ്പാനെ സഹായിക്കാൻ അമേരിക്കയും എത്തുന്നു.

3 . തായ്‌വാൻ പ്രദേശത്താണ് ചൈനയുടെ എയർ ഫോഴ്‌സിന്റെ ശ്രെധ, നിരന്തരമായി തായ്‌വാന്റെ പ്രദേശങ്ങളിലേക്ക് കടക്കുന്ന ചൈനീസ് യുദ്ധവിമാനങ്ങൾ മേഖലയിൽ അശാന്തി പടർത്തുന്നു

4 . അതിനിടയിൽ ഹോംഗ് കോങ്ങിലെ ജനാധിപത്യവാദങ്ങൾ അമർച്ച ചെയ്യാൻ ചൈന ഇരട്ടിയിലധികം സൈനിക വിന്യാസം നടത്തി

5 . ഔട്ടർ മംഗോളിയയെ ചൈനയോട് ചേർക്കാൻ നടത്തുന്ന ശ്രമങ്ങൾ, ടിബറ്റിലെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ, ഷിൻജിയാങ് പ്രവിശ്യയിലെ ഉയിഗറുകളുടെ കൂട്ടക്കൊലകൾ, ബെയ്‌ജിങ്ങിലെ രണ്ടാം കൊറോണാ വ്യാപനം എന്നിവ നിയന്ത്രിക്കാൻ ചൈനക്ക് PLA കൂടിയേ തീരൂ. ഇതിൽ ഏതെങ്കിലും മേഖലകളിൽ നിന്നും സൈന്യത്തെ ഭാരതത്തിനു എതിരായി തിരിച്ചുവിടാൻ സാധ്യത കുറവാണ്. സങ്കല്പികമായി അവർ അങ്ങനെ ചെയ്യുന്നു എന്ന് വന്നാലും ഒരു പൂർണതോതിലുള്ള യുദ്ധത്തിന് ചൈനയുടെ സാമ്പത്തികരംഗം ഇപ്പോൾ സജ്‌ജമല്ല. 1992 നു ശേഷം ആദ്യമായി ചൈനയുടെ സാമ്പത്തിക രംഗം തുടർച്ചയായി ഇടിവ് കാണിക്കുന്നു. ജിഡിപി ആദ്യപാദത്തിൽ 6.8% ഇടിവ് രേഖപ്പെടുത്തി. വ്യാവസായിക മേഖല 9.6 ശതമാനവും സേവനമേഖല 5.2 ശതമാനവും പ്രാഥമിക മേഖല 3.2 ശതമാനവും ഇടിഞ്ഞു. കാർ ഉൽ‌പാദനത്തിൽ ഏറ്റവും കുത്തനെ ഇടിവ് രേഖപ്പെടുത്തി (-44.6 ശതമാനം) ഇതിനെല്ലാം പുറമെ അമേരിക്കയുമായി വ്യാപാരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈനക്ക് മറ്റൊരു യുദ്ധം കൂടി താങ്ങാൻ സാധിക്കില്ല.ഇന്ത്യയുമായുള്ള യുദ്ധത്തോടെ ഇന്ത്യൻ മാർക്കറ്റ് കൂടെ അവർക്കു നഷ്ടമാവും.

6 . യുദ്ധത്തിൽ ഏറ്റവും ആവശ്യം സഖ്യകക്ഷികളാണ്. അമേരിക്കയും, ജപ്പാനും, ഓസ്‌ട്രേലിയയും പരസ്യമായി തന്നെ ഭാരതപക്ഷത്തു (The Quadrilateral Security Dialogue) നിലയുറപ്പിക്കുമ്പോൾ കടക്കെണിയിലായ പാകിസ്ഥാനും ദുർബലരായ നേപ്പാളും ആണ് ചൈനീസ് പക്ഷത്തു.

മുൻപ് സൂചിപ്പിച്ചതുപോലെ ചൈനയുടെ വിവിധഘട്ടങ്ങളിലൂടെ ഉള്ള അധിനിവേശത്തിന്റെ ശ്രമം ഭാരതം ഏതാണ്ട് പൂർണമായി തടഞ്ഞു എന്ന് ചൈനക്കും അറിയാം. എന്നാൽ ഇത്ര തിടുക്കം പിടിച്ചു ചൈന നടത്തിയ സൈനിക നീക്കങ്ങൾക്കു പുറകിൽ വേറെയും കാരണങ്ങൾ ഉണ്ട്.

ഭാരതം മംഗോളിയയുമായി അടുക്കുന്നു, തായ്‌വാൻ പ്രെസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ബിജെപി എംപി മീനാക്ഷി ലേഖി പങ്കെടുത്തു, വിറ്റ്നാമിൽ ONGC നടത്തിവരുന്ന പര്യവേഷണങ്ങൾ, ജപ്പാനോടും അമേരിക്കയോടും ഓസ്‌ട്രേലിയയോടും ചേർന്ന് ഭാരതം നടത്തിവരുന്ന സൈനിക സഹകരണങ്ങൾ, മാലിദ്വീപിലെ വർധിപ്പിച്ച ഭാരത സ്വാധീനം, ശ്രീലങ്കയുടെ ചൈന നിലപാടിലെ മലക്കം മറിച്ചിൽ, മാത്രവുമല്ല നേപ്പാളിൽ പോലും ഉയർന്നുവരുന്ന കമ്മ്യൂണിസ്റ്റു വിരുദ്ധവികാരം ഇതിനെല്ലാം ഉപരി കൊറോണയുടെ വ്യാപനം ചൈനയുടെ വിശ്വാസ്യതക്ക് ഇളക്കം തട്ടുന്നുണ്ട്.

സൗത്ത് ചൈന കടലിനു വെളിയിൽ നടത്തുന്ന പേൾ സ്ട്രിങ്ങിനെ മോഡി വിദഗ്ധമായി പൊളിക്കുന്നു. മലാക്കകടലിടുക്കിൽ ഇന്നും ഭാരതത്തിന്റെ ഒരു വിമാനവാഹിനികപ്പൽ നിലയുറപ്പിച്ചാൽ ചൈനയിലേക്ക് എണ്ണകൊണ്ടുപോകുന്നത് ഏറെക്കുറെ നിലക്കും. മാത്രവുമല്ല മേഖലയിലെ ശക്തിയായി ഭാരതം കടന്നുവരുന്നത് ചൈനക്ക് സഹിക്കാൻ കഴിയില്ല.

ഇതിനെല്ലാം പുറമെ 2022 നടക്കാൻ പോകുന്ന കമ്യൂണിസ്റ്റു പാർട്ടി സമ്മേളനത്തിൽ രാജ്യം ഭീഷണിയെ നേരിടുന്നു എന്നുള്ളവാദം ഉയർത്തിക്കൊണ്ടുവരാൻ ഷി ജിൻ പിംഗ് ശ്രെമിക്കും അതുവഴി കൊറോണമൂലം കൈമോശം വന്ന പ്രതിച്ഛായ തിരിച്ചു പിടിക്കാം എന്ന് ഷി കണക്കുകൂട്ടുന്നു

പല കമ്പനികളും ചൈനയിൽനിന്നും ഭാരതത്തിലേക്ക് പലായനം ചെയ്യുന്ന ഈ വേളയിൽ ആവശ്യത്തിലധികം അന്താരാഷ്ട്ര സമ്മർദം നേരിടുന്ന ചൈനയ്ക്കു യുദ്ധരംഗത്തെ ചൂടുകൂടെ താങ്ങുവാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. ഭാരതവുമായുള്ള സൈനിക നടപടികൾ സഖ്യകക്ഷികളുടെ ഇടപെടലുകളിലേക്കു നയിക്കും. അതുകൊണ്ടു ഏപ്രിൽ മാസത്തിലെ നിലയിലേക്കുള്ള തിരിച്ചു പോക്ക് അംഗീകരിക്കുകയോ അല്ലങ്കിൽ ഓഗസ്റ്റ് മാസത്തോടുകൂടി ലഡാക്കിൽ അല്ലങ്കിൽ അതിർത്തിയിൽ ചൈനക്ക് മുൻ‌തൂക്കം ലഭിക്കാൻ ഇടയുള്ള മറ്റേതെങ്കിലും സ്ഥലങ്ങളിലോ സൈനിക നടപടികൾക്ക് ചൈന മുതിർന്നേക്കാം. അതിനുശേഷം മേഖലയിൽ ശൈത്യകാലം ആരംഭിക്കുമ്പോഴേക്കും കാരക്കോറം മഞ്ഞുവീണു ഉപയോഗൂന്യമാകുമ്പോൾ പിന്മാറ്റത്തിനും സാധ്യത ഉണ്ട്.

32 COMMENTS

  1. നമസ്തേ
    ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു നൽകി നമ്മുടെ ആൾക്കാരെ ബോധ വന്മാരാക്കുന്നതിനു ള്ള ശ്രെമം കൂടുതൽ വിജയിക്കട്ടെ ,എല്ലാ അഭിനന്ദങ്ങളും പിന്തുണയും

  2. Great indeed. A Deeply researched informative article. Thanks for the informative article of high academic caliber. Wish all success for further writing ..

LEAVE A REPLY

Please enter your comment!
Please enter your name here