ഇടതുപ്രഭുത്വം: കള്ളവും കൺകെട്ടും സ്ത്രീവിരുദ്ധതയും

4

നിങ്ങൾ കേരളത്തിലെ ഒരു ശരാശരി ഫേസ്ബുക്ക് ഉപയോക്താവാണെങ്കിൽ, നിങ്ങൾ ഫേസ്ബുക്കിലെ രാഷ്ട്രീയ വീക്ഷണങ്ങൾ ശ്രദ്ധിക്കുന്നയാളാണെങ്കിൽ, തീർച്ചയായും നിങ്ങൾ ബിജെപിയെയും മോദിയെയും കണക്കറ്റു പരിഹസിക്കുന്ന അഭിപ്രായങ്ങൾ വായിച്ചിട്ടുണ്ടാവും. എല്ലാ ധാർമ്മികതയെയും ലംഘിക്കുന്ന, സ്ത്രീകളെയും സ്ത്രീത്വത്തെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ മുതൽ പച്ചക്കള്ളങ്ങൾ വരെ ഈ അഭിപ്രായങ്ങളിൽ പെടും. അത്തരത്തിലുള്ള അഭിപ്രായങ്ങളും വിലകുറഞ്ഞ പരാമർശങ്ങളും ഒരു സമൂഹമാദ്ധ്യമത്തിൽ സാധാരണമല്ലേയെന്നും ഇതിൽ എടുത്തുപറയത്തക്കതായി എന്താണിത്ര പ്രാധാന്യമുള്ളതെന്നും ചോദ്യം വരാം. ഒരു സമൂഹമാദ്ധ്യമത്തിൽ പ്രകടിതമാവുന്ന അഭിപ്രായങ്ങളിലെ സ്വാഭാവികമായ അപഭ്രംശങ്ങളായി അവഗണിക്കാവുന്ന വീക്ഷണങ്ങളെക്കുറിച്ചല്ല പറയുന്നത്. സാമൂഹികമായ ഏതു കൂട്ടായ്മയിലും കെട്ടഴിച്ചു വിട്ടതു പോലെ വായിൽ തോന്നുന്ന അഭിപ്രായങ്ങൾ പറയുന്നവർ കാണും എന്നതു വസ്തുതയാണ്. നമ്മുടെയൊക്കെ സാമൂഹികജീവിതത്തിന്റെ പരിച്ഛേദമാണല്ലോ ഇന്റർനെറ്റിലും ഉള്ളത്.

അതുകൊണ്ട്, തെറിവാക്കുകൾ, കറുത്ത നർമ്മങ്ങൾ, അധിക്ഷേപങ്ങൾ, ഇതൊക്കെ ഇന്റർനെറ്റിലും കാണും. സാധാരണക്കാരുടെ ഇടമാണ് ഫേസ്ബുക്ക് പോലുള്ള സമൂഹമാദ്ധ്യമങ്ങൾ. സാധാരണക്കാരുടെ ചിന്ത, വലിയ തോതിൽ തേച്ചുമിനുക്കാതെ, സമൂഹമാദ്ധ്യമങ്ങളിൽ കാണും എന്നുള്ളതു ശരിതന്നെ. എന്നാൽ അങ്ങനെയുള്ള അഭിപ്രായങ്ങളല്ല ഇവിടെ വിവക്ഷ. അങ്ങനെയുള്ള സാധാരണക്കാർക്കപ്പുറത്ത് പൊതുബോധത്തെ സ്വാധീനിക്കുന്ന, പൊതുവികാരത്തെയും പൊതുചിന്തയെയും രൂപപ്പെടുത്തുന്ന ചില ഇടതുപ്രഭുക്കന്മാരുണ്ട്. ഫേസ്ബുക്ക്/ട്വിറ്റർ സെലിബ്രിറ്റീസ്. ഈ പ്രഭുക്കന്മാരെയാണ്, ഇവരെഴുതുന്ന കള്ളങ്ങളെയാണ്, ഇവരെഴുതുന്ന അധിക്ഷേപങ്ങളെയാണ്, ഇവരെഴുതുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചാണു പറയുന്നത്.

പ്രധാനമന്ത്രിയെ കുറിച്ചും സ്മൃതി ഇറാനിയെ കുറിച്ചും വില കുറഞ്ഞ
(ഒരു സ്ത്രീയാണെങ്കിൽ തലകുനിഞ്ഞു പോവുന്ന വിധത്തിലുള്ള)
അഭിപ്രായങ്ങൾ, ഇടതുപ്രഭുക്കന്മാരിൽ നിന്ന്, ഒരു ശരാശരി മലയാളി
നിത്യേനയെന്നോണം കേൾക്കുന്നു.

പ്രഭുത്വത്തെയും അതിന്റെ രാഷ്ട്രീയത്തെയും നിഷേധിച്ചുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇടതുപ്രഭുക്കന്മാർ പ്രഭുക്കന്മാരായി മാറിയത് എന്നതു രസകരമാണ്. അഭിപ്രായങ്ങളെ രൂപീകൃതമാക്കുന്ന ദുഷ്പ്രഭുത്വം സമൂഹമാദ്ധ്യമത്തിന്റെ ഘടനയിൽ ഉൾച്ചേർന്നതാണ്. സമൂഹമാദ്ധ്യമങ്ങളുടെ ഈയൊരു രസതന്ത്രം സങ്കീർണ്ണമാണ്. എത്ര സോഷ്യലിസം പ്രസംഗിച്ചാലും എത്ര ഇടതുസിദ്ധാന്തമെഴുതിയാലും സമൂഹമാദ്ധ്യമങ്ങൾ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന അഭിപ്രായപ്രഭുത്വത്തെ കുടഞ്ഞെറിഞ്ഞ് ഫേസ്ബുക്കിലോ ട്വിറ്ററിലോ സമത്വം കൊണ്ടുവരാൻ എളുപ്പത്തിൽ പറ്റില്ല. ഇത് ഇടതുപ്രഭുക്കന്മാർക്കെല്ലാം വ്യക്തമായിത്തന്നെ അറിയാം. അവരുടെ പ്രഭുത്വമാണ്, പ്രഭുത്വത്തിനെതിരെയുള്ള അവരുടെ ഓസ്റ്റൻസിബ്‌ൾ നിലപാടുകൾക്ക് ശക്തി പകരുന്നത്. അവരുടെ പ്രഭുത്വമാണ് പൊതുബോധത്തെ രൂപപ്പെടുത്താൻ അവരെ സഹായിക്കുന്നത്. (പ്രമാദമായ ഒരു വാർത്ത കേൾക്കുമ്പോൾ ഫേസ്ബുക്കിൽ ഇന്നയാള്‍ അതേക്കുറിച്ച് എന്തുപറയുന്നു എന്നത് നിങ്ങളും ആലോചിക്കാറുള്ളതല്ലേ? അയാളുടെ അഭിപ്രായം വായിച്ചുകഴിഞ്ഞ് ‘അതു ശരിയാണല്ലോ!’ എന്നു നിങ്ങൾ ചിന്തിക്കാറില്ലേ?)

“ഈ ഇടതുപ്രഭുക്കന്മാരോളം കാപട്യവും കുടിലതയും

സത്യസന്ധതയില്ലായ്മയും നിറഞ്ഞ വർഗ്ഗം വേറെ കണ്ടുകിട്ടാൻ

പ്രയാസമാണ്”

ഈ ഇടതുപ്രഭുക്കന്മാരോളം കാപട്യവും കുടിലതയും സത്യസന്ധതയില്ലായ്മയും നിറഞ്ഞ വർഗ്ഗം വേറെ കണ്ടുകിട്ടാൻ പ്രയാസമാണ്. ഇവർ പൊതുവേ സമൂഹമാദ്ധ്യമങ്ങളെ വിശ്വസിപ്പിച്ചു വെച്ചിട്ടുള്ളത്, ബിജെപിയെയാണു വിമർശിക്കുന്നതെങ്കിൽ എല്ലാ ധാർമ്മികതയും മാറ്റി വെക്കാവുന്നതാണെന്നാണ്. അതുകൊണ്ട്, പ്രധാനമന്ത്രിയെ കുറിച്ചും സ്മൃതി ഇറാനിയെ കുറിച്ചും വില കുറഞ്ഞ (ഒരു സ്ത്രീയാണെങ്കിൽ തലകുനിഞ്ഞു പോവുന്ന വിധത്തിലുള്ള) അഭിപ്രായങ്ങൾ, ഇടതുപ്രഭുക്കന്മാരിൽ നിന്ന്, ഒരു ശരാശരി മലയാളി നിത്യേനയെന്നോണം കേൾക്കുന്നു. അതിൽ ഒരു അസാധാരണത്വവും അയാൾക്കു തോന്നുന്നില്ല. പ്രഭുക്കന്മാർ നിത്യേനയെന്നോണം കുമ്മനം രാജശേഖരനെ വ്യക്തിപരമായി അവഹേളിക്കുന്നു. അതിൽ പ്രത്യേകിച്ചൊരു പരാതിയും മലയാളിക്കു തോന്നുന്നില്ല. ‘ട്രോൾ’ എന്ന രണ്ടക്ഷരങ്ങളിലൂടെ ഈ രൂക്ഷനിന്ദയെ പ്രഭുക്കന്മാർ ന്യായീകരിക്കുന്നു. നവമാദ്ധ്യമങ്ങൾ സൃഷ്ടിച്ചു വെച്ച, ആക്ഷേപ ഹാസ്യത്തിന്റെയും സാമൂഹ്യ വിമർശനത്തി

ന്റെയും കലയാണ് ട്രോൾ എന്നും ഇങ്ങനെയുള്ള വ്യക്തിനിന്ദയും സ്ത്രീവിദ്വേഷവും മൂർച്ചയേറിയ ട്രോളാണെന്നും, ഇത് ഏറെ ഫലപ്രദമായ എന്തോ നവീനവിമർശനപദ്ധതിയാണെന്നും, അവർ മലയാളിയോടു പറഞ്ഞുകൊണ്ടേയിരിക്കുന്നു.

അബോധമായെങ്കിലും ആ വാദത്തെ മലയാളി അംഗീകരിക്കുകയും അടുത്തയാളുടെ പോസ്റ്റ് വായിക്കാൻ പേജിനു താഴേക്കു സ്ക്രോൾ ചെയ്തു

പോവുകയും ചെയ്യുന്നു. ദീപാ നിഷാന്തിനു നേരിടേണ്ടി വരുന്ന അവഹേളനം പക്ഷെ ട്രോളിന്റെ സ്വഭാവത്തിൽ നിന്നു വേറിട്ടു നിൽക്കുന്നവയാണെന്നും പ്രഭുക്കന്മാർ മലയാളികളോടു പറയുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്നത്, സ്ത്രീത്വത്തെ അവഹേളിക്കുന്നത്, ട്രോൾ എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് ധർമ്മരോഷത്തോടെ പ്രഭുക്കന്മാർ ചോദിക്കുമ്പോൾ ‘അതു ശരിയാണല്ലോ’ എന്നു മലയാളി ഉള്ളിൽ പറയുന്നു.

ബൃന്ദാ കാരാട്ട് അവരുടെ വിവാഹപൂർവ്വ ജീവിതത്തിൽ എയർഹോസ്റ്റസായിരുന്നു എന്ന്, പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ആരോ പറയുമ്പോൾ, അവരുടെ രാഷ്ട്രീയപ്രവർത്തനത്തെ മുൻനിർത്തിയാവണം അവരെക്കുറിച്ചു പറയേണ്ടത് എന്നു പ്രഭുക്കന്മാർ പറയുന്നു. മറിച്ചൊരു പരാമർശം അവരുടെ സ്ത്രീത്വത്തെ അവഹേളിക്കലാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സ്മൃതി ഇറാനിയുടെ ഭൂതകാലത്തെക്കുറിച്ച്, അവരെയും പ്രധാനമന്ത്രിയെയും ചേർത്ത്, കേട്ടാലറയ്ക്കുന്ന നിരീക്ഷണങ്ങൾ ഇതേ പ്രഭുക്കന്മാർ പറയാറില്ലേ എന്നു തിരിച്ചു ചോദിക്കാൻ മലയാളി പെട്ടെന്നു മറന്നു പോവുന്നു. അതു നർമ്മം കലർന്ന സാമൂഹ്യവിമർശനമായിരുന്നല്ലോ!

ഇടതുപ്രഭുക്കന്മാരുടെ ICUപോലുള്ള facebook അക്കൌണ്ടുകള്‍ ചില പാര്‍ട്ടികളെയും വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്നതില്‍ മാത്രം തല്പരരാണ്.

എംഎം മണിയുടെ നിറത്തെക്കുറിച്ചോ, ജയരാജന്റെ തടിയെക്കുറിച്ചോ വില കുറഞ്ഞ തമാശകൾ വരുമ്പൊഴൊക്കെയും പ്രഭുക്കന്മാരുടെ അഭിപ്രായങ്ങൾ ഉച്ചത്തിൽ മുഴങ്ങുന്നു. ഇത്, ‘അഡ്-ഹോമിനം’ ആണെന്നു പ്രഭുക്കന്മാർ മുഖം ചുളിച്ചുകൊണ്ടു പറയുന്നു. ഒരു വ്യക്തിയെ രാഷ്ട്രീയമായി വിലയിരുത്തേണ്ടത് അയാളുടെ നിറമോ തടിയോ വെച്ചല്ലെന്നും അങ്ങനെയുള്ള നിരീക്ഷണങ്ങളെല്ലാം സംസ്കാരശൂന്യമാണെന്നും മലയാളി അംഗീകരിക്കുന്നു. പ്രഭുക്കന്മാർ വീണ്ടും ‘കുമ്മനടിയെ’ കുറിച്ചുള്ള കഥകളും തമാശകളും പറയുന്നു. മലയാളി അതിലെ നർമ്മം ആസ്വദിക്കുന്നു; നവമാദ്ധ്യമങ്ങളുടെ രീതി വ്യത്യസ്തമാണെന്നും എത്ര പെട്ടെന്നാണു രാഷ്ട്രീയവിമർശനം പുതിയ ഭാഷാപ്രയോഗങ്ങളെ സൃഷ്ടിക്കുന്നതെന്നും മലയാളി അതിശയിക്കുന്നു. അപ്പോൾ അഡ്-ഹോമിനം? ഇല്ല, ട്രോളുകൾ ചിലപ്പോഴൊക്കെ മൂർച്ചയേറിയതാവും. എല്ലായ്പ്പഴും രാഷ്ട്രീയശരി നോക്കി വിമർശിക്കാൻ പറ്റില്ലല്ലോ എന്നു പ്രഭുക്കന്മാർ പറയുന്നു. ‘അതു ശരിയാണല്ലോ’ എന്ന് മലയാളി ഉള്ളിൽ പറയുന്നു. ‘പിണുവടി’ പോലുള്ള പ്രയോഗങ്ങൾ ബിജെപി അനുഭാവികളും ഉപയോഗിക്കാറില്ലേയെന്നും ഇതെല്ലാം സ്വാഭാവികമല്ലേയെന്നും പ്രഭുക്കന്മാർ ചോദിക്കുന്നു. ഗതികെടുമ്പോൾ ചിലർ ഡിഫൻസീവാവാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമല്ലേയത് എന്നോ ആ പ്രയോഗങ്ങൾ ഒരിക്കലും ഒരു പരിധിയിൽ കവിഞ്ഞ് ജനകീയമാക്കാൻ ആരും ശ്രമിച്ചില്ലല്ലോ എന്നോ മലയാളി ചോദിക്കാൻ മറക്കുന്നു. അതെല്ലാം വിടൂ, മെട്രോ യാത്രയിൽ കുമ്മനം രാജശേഖരൻ പ്രോട്ടോക്കോൾ ലംഘിച്ചു എന്നതു തന്നെ നിങ്ങൾ പറയുന്ന പച്ചനുണയല്ലേ എന്ന ചോദ്യം പോലും അപ്രസക്തമാവുന്നു. അതല്ല നമ്മൾ ചർച്ച ചെയ്യുന്നത്. അല്ലേയല്ല! കുമ്മനടിക്കുക എന്ന പ്രയോഗത്തിന്റെ രസികത്തമാണു നമ്മൾ ചർച്ച ചെയ്യുന്നത്. ആ പ്രയോഗത്തിന്റെ നർമ്മസാദ്ധ്യതകളാണ് നമ്മൾ ആലോചിക്കുന്നത് എന്നു പ്രഭുക്കന്മാർ ധ്വനിപ്പിക്കുന്നു.

പൊതുബോധത്തെ ഉണ്ടാക്കിയെടുക്കുന്ന പ്രഭുക്കന്മാർ ഫേസ്ബുക്കിലോ ട്വിറ്ററിലോ ഒതുങ്ങുന്നില്ല. നേരത്തെപ്പറഞ്ഞ പോലെ, നമ്മുടെയൊക്കെ ഓഫ്‌ലൈൻ ജീവിതങ്ങളുടെ പകർപ്പാണു നമ്മുടെ ഓൺലൈൻ ജീവിതങ്ങൾ. “എന്റെ ബാങ്ക് അക്കൗണ്ടിൽ മോദി പതിനഞ്ചു ലക്ഷം ഇടുമെന്നു പറഞ്ഞിട്ട് എന്തേ ഇടാത്തൂ…” എന്ന് കവല തോറും ആളുകൾക്ക് പച്ചനുണ പ്രസംഗിക്കാൻ കഴിയുന്നത് ഈ പ്രഭുക്കന്മാർ നിർമ്മിച്ചെടുത്ത നുണകൾ കാരണമാണ്. ഇന്ത്യ കണ്ടിട്ടുള്ള ഭീകരമായ സ്വേച്ഛാധിപത്യത്തെ എളുപ്പം മറക്കാൻ സാധിക്കുന്നത്, അടിയന്തരാവസ്ഥ എന്നത് പുതിയ തലമുറ അറിയാതെ പോവുന്നത്, പ്രഭുക്കന്മാർ അതിനെ മറച്ചുപിടിച്ചുകൊണ്ട് വാചാടോപങ്ങളുടെ കൺകെട്ടു തീർക്കുന്നതുകൊണ്ടാണ്. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗ്ഗീയകലാപം ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നാണെന്ന് നിങ്ങൾ പറയുമ്പോൾ “സംഘീ” എന്ന പൂച്ചക്കരച്ചിലുയരുന്നത് പ്രഭുക്കന്മാരുടെ കണ്ടീഷനിംഗ് കാരണമാണ്.

“ഇടതുപക്ഷത്തിന് ഇന്ത്യൻ ചരിത്രമേഖലയിലെ

അപ്രമാദിത്വം നഷ്ടപ്പെടുമെന്നായപ്പോൾ ഉണ്ടായ നെറേറ്റിവാണ്

ഹിന്ദുത്വചരിത്രകാരന്മാരുടെ ഹിസ്റ്ററി ഹൈജാക്കിംഗ്”

ഈ പ്രകാരത്തിലുള്ള നുണകൾക്ക് കേരളത്തിനും ഇന്ത്യക്കുമപ്പുറം ആഗോളതലത്തിൽ തന്നെ വിപണിയുണ്ട്. ഇന്ത്യയിലെ പ്രമുഖനായ ഒരു ചരിത്രകാരൻ, എങ്ങനെയാണ് ഇടതുപക്ഷം ഇന്ത്യയുടെ ചരിത്രമേഖലയെ ഹൈജാക്ക് ചെയ്തു വെച്ചിരിക്കുന്നത് എന്ന് ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു കേട്ടിരുന്നു. (എങ്ങനെയാണ് ഇന്ത്യയുടെ ചരിത്രമേഖലയെ ഹിന്ദുത്വം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നത് എന്ന കഥകളാണ് കൂടുതൽ പേരും കേട്ടിട്ടുണ്ടാവുക. അതിൽ വാസ്തവമുണ്ട്. ഇടതുപക്ഷം പതിറ്റാണ്ടുകളായി കൈവശം വെച്ചുപോരുന്നതാണ് ഇന്ത്യൻ ചരിത്രമേഖല. ഇന്ത്യയുടെ പൊതുബോധത്തിൽ ആഴത്തിലുള്ള തെറ്റിദ്ധാരണകൾ പടർത്താനും, ഇന്ത്യൻ മതവിശ്വാസത്തെ കുറിച്ചും ഇസ്ലാമികാധിനിവേശത്തെ കുറിച്ചും കെട്ടുകഥകൾ മെനഞ്ഞെടുക്കാനും, ഒരു തലമുറയുടെയും രാജ്യത്തിന്റെയും ചിന്തയിൽ തന്നെ വിഷം പാകാനും ഇടതുപക്ഷത്തിനു സാധിച്ചത് ചരിത്രമേഖലയെ അവർക്കു തട്ടിയെടുക്കാൻ സാധിച്ചു എന്നതു കൊണ്ടും അവിടെ ഇടതുപക്ഷപ്രഭുത്വത്തിനു വേരുറപ്പിക്കാൻ സാധിച്ചു എന്നതുകൊണ്ടുമാണ്. ഈ ഭീകരതയെ എതിർത്തത് ഹിന്ദു ചരിത്രകാരന്മാർ മാത്രമാണ്. കോൺഗ്രസിന് എക്കാലവും എങ്ങനെ കീശ വീർപ്പിക്കാം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഇടതുപക്ഷത്തിന് ഇന്ത്യൻ ചരിത്രമേഖലയിലെ അപ്രമാദിത്വം നഷ്ടപ്പെടുമെന്നായപ്പോൾ ഉണ്ടായ നെറേറ്റിവാണ് ഹിന്ദുത്വചരിത്രകാരന്മാരുടെ ഹിസ്റ്ററി ഹൈജാക്കിംഗ്.)

ചരിത്രരംഗത്തെ കൈക്കലാക്കിയ ഇടതുപ്രഭുക്കന്മാരുടെ വർഗ്ഗമാണ് ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ മറയ്ക്കുന്നത്. ഈ വർഗ്ഗമാണ് സിഖ് കൊലയെ മറയ്ക്കുന്നത്. ഈ വർഗ്ഗമാണ് ഗോധ്രയെ മറയ്ക്കുന്നത്. ഈ ഇടതുപ്രഭുക്കന്മാർ തന്നെയാണ് മോദി ഇടാമെന്നു പറഞ്ഞ പതിനഞ്ചു ലക്ഷത്തെ പറ്റി നിങ്ങളോടു ചോദിക്കുന്നത്. ഈ ഇടതുപ്രഭുക്കന്മാരാണ് ശശികലയെ ‘ട്രോളു’ന്നതും മദനിയുടെ പേര് അക്ഷരസ്ഫുടതയോടെ പറയാൻ സാധിക്കാത്തതിനു മാദ്ധ്യമങ്ങളെ വിമർശിക്കുന്നതും. ദീപാ നിശാന്തിനു വേണ്ടി ഫെമിനിസ്റ്റാവുന്നതും സ്മൃതി ഇറാനിയുടെ പങ്കാളിയെ പറ്റി കൊക്കിക്കൊക്കി ചിരിക്കുന്നതും ഈ ഇടതുപ്രഭുക്കന്മാരാണ്. കുമ്മനടിയെ പറ്റി തമാശ പറയുന്നതും എം‌എം മണിയുടെ നിറത്തെ പറ്റിയുള്ള വില കുറഞ്ഞ അഡ്-ഹോമിനത്തെ വിമർശിക്കുന്നതും ഇതേ ഇടതുപ്രഭുക്കന്മാരാണ്.

പ്രഭുക്കന്മാർ നിത്യേനയെന്നോണം കുമ്മനം
രാജശേഖരനെ വ്യക്തിപരമായി അവഹേളിക്കുന്നു.

ആഗോളതലത്തിൽ തന്നെ മുഖ്യധാരമാദ്ധ്യമങ്ങൾക്ക് ഇടതുചായ്‌വുണ്ട് എന്നത് ഇവർക്കനുഗ്രഹമാണ്. ഈ ഇടതുചായ്‌വ്, ഇവരുടെ അജണ്ട ഒളിപ്പിച്ചു കടത്താൻ ഇവരെ സഹായിക്കും. കോൺഗ്രസിന്റെ ഭരണത്തിനു കീഴിൽ നടന്ന ഭീതിദമായ വർഗ്ഗീയകലാപങ്ങൾ, അഴിമതികൾ, ലഘൂകരിക്കാനോ ചർച്ചകൾ നിശ്ശബ്ദമാക്കാനോ എളുപ്പത്തിൽ കഴിയും. തീവ്രവലതുപക്ഷത്തിന്റെ വളർച്ചയെയാണ്, അവരുടെ ഭരണത്തിനു കീഴിലെ പോരായ്മകളാണ് കൂടുതൽ ചർച്ച ചെയ്യേണ്ടത് എന്ന (ആഗോള) മുഖ്യധാരാമാദ്ധ്യമങ്ങളുടെ പൊതുനിലപാട് ഇന്ത്യൻ ഇടതുപക്ഷപ്രഭുത്വത്തിന് അനുഗ്രഹമാണ്. പ്രഭുത്വം, ബിജെപിയുടെ പോരായ്മകളെ ഹിമാലയത്തോളം വലുതാക്കുകയും കോൺഗ്രസിന്റെ ഭീകരതയെ അണുവോളം ചെറുതാക്കുകയും ചെയ്യുന്ന കൺകെട്ടു കാണിക്കുന്നു. ദി ഗാഡിയൻ മുതൽ ഹഫിങ്ടൺ പോസ്റ്റ് വരെ ബിജെപി വിമർശകരാവുന്നു. രാഹുൽ ഗാന്ധിയുടെ പരിഹാസ്യമായ നേതൃത്വം വാർത്തയേ അല്ലാതാവുന്നു. പറഞ്ഞല്ലോ, തീവ്രവലതുപക്ഷത്തിന്റെ വളർച്ചയാണ് കൂടുതൽ ചർച്ച ചെയ്യേണ്ടത്. പക്ഷെ ആ ചർച്ചക്കും ചില നിയമങ്ങളൊക്കെയുണ്ടു കേട്ടോ. ‘മുസ്ലിം പ്രോബ്ലം’ വേണ്ടവിധത്തിൽ അഭിസംബോധന ചെയ്യാത്തതല്ലേ ആഗോളതലത്തിൽ തന്നെ തീവ്രവലതുപക്ഷത്തിന്റെ വളർച്ചക്കു സഹായകമായത് എന്ന ചോദ്യം ചോദിക്കരുത്. ഡോണ്ട് ബി ആൻ ഇസ്ലാമോഫോബ്. ഡോണ്ട് ബി റിഡിക്യുലസ്. ആ നേരത്ത് നമുക്കു അമിത് ഷായെ പറ്റി ഒരു ട്രോളിറക്കാം.

4 COMMENTS

  1. മണിയാശാന്റെ കറുപ്പിനെ പറഞ്ഞാൽ കമ്മി ബുജികൾക്ക് കുരു പൊട്ടും. മണിയാശാന്റെ വിദ്യാഭ്യാസത്തെയോ സംസ്കാരം ഇല്ലാത്ത വർത്തമാനത്തെയോ പറഞ്ഞാൽ അത് “ഗ്രാമീണനെ സവർണ്ണർ അപമാനിക്കുന്നേ..” എന്നാക്കി മാറ്റും! അതേ കമ്മികളും സ്വയം പ്രഖ്യാപിത ഇടത് ബുജികളും കുമ്മനത്തിന്റെ നിറത്തെ പരിഹസിക്കുന്നതും കാണാം!

  2. ഇവരാണ് മനുഷ്യസംസ്കൃതിയുടെ വക്താക്കൾ എന്ന് സ്വയം അവരോധിക്കയും നാമത് അനുവദിച്ച് കൊടുക്കയും…
    ഒരു തരം മഞ്ഞപ്പിത്തം… അത്രന്നെ..
    ടി.ജി മോഹൻദാസിനെയും
    ഡോ:ഗോപാലകൃഷ്ണനെയും പോലുള്ളവർക്ക് മുന്നിലീ അല്പബുദ്ധികൾ കിലുകിലേ വിറയ്ക്കുന്നതെത്ര കണ്ടിരിക്കുന്നു… പച്ചകള്ളങ്ങളും അർദ്ധ-സത്യങ്ങളും വാരിവിതറുക സത്യത്തെ പേടിക്കുക.. ഇതാണ് So called Champagne Marxistകളുടെ സാമാന്യ മനോനില..
    പടിഞ്ഞാറത് ക്യാപ്പിറ്റലിസത്തോടും സായിപ്പ് നിരങ്ങി എച്ചിലായ ഭാരതത്തിലത് സാംസ്കാരിക-നവോഥാന ഗരിമയെ എത്തിപ്പിടിക്കുമ്പോൾ വിപ്ലവമാകുമെന്നും പാവങ്ങൾ ധരിച്ചു പോയി… അപ്പോ വിപ്ലവ ശത്രുക്കൾ…?
    ഇടക്കാലത്ത് നാട്ടിലെ ബഹുഭൂരിപക്ഷത്തിന് ഇടിവ് തട്ടിയ വിശ്വാസങ്ങൾ.. അവയുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന പരിവാർ സംഘടനകൾ..
    ഇഞ്ഞീ എളുപ്പല്ലേ… ആരൊക്കെ ദേശത്തിനൊപ്പമെന്നോ അവർ വിപ്ലവ ശത്രുക്കൾ അവരെ എതിർക്കുന്ന നാം മിത്രങ്ങൾ..
    അത് SDPi-NDF ജിഹാദികളാട്ടേ.. ചൈനീസ് കടന്ന് കയറ്റമാട്ടെ.. സഖാവിന്റെ ന്യായീകരണം ദദ് നിർബന്ധാ..
    ഇൻക്വലാബ് ഉലൈക്കും സലാം..
    പച്ച-ചെങ്കൊടി അള്ളാഹു അക്ബർ..

LEAVE A REPLY

Please enter your comment!
Please enter your name here