ഫെമിനിച്ചികളും സ്ത്രീ വിരുദ്ധതയും

1

നമ്മൾ മലയാളികൾക്ക് കുറവില്ലാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് വിവാദങ്ങളാണ്. എന്തിനും ഏതിനും വിവാദമുണ്ടാകാറുണ്ട്. നല്ല കാര്യങ്ങൾക്കും അതിലേറെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയും. ഇപ്പോൾ മീഡിയയിൽ കത്തി നിൽക്കുന്ന വാക്കുകളാണ് സിനിമ, കസബ, മമ്മൂട്ടി, പാർവതി, സ്ത്രീ വിരുദ്ധത, ഫെമിനിച്ചി തുടങ്ങിയവ. അതിൽ തന്നെ പൊതുവെ ഒരു ക്യൂരിയോസിറ്റി ഉണർത്തുന്ന വാക്കാണ് ഫെമിനിച്ചി.

എന്താണ് ഫെമിനിച്ചി? ഈ വാക്ക് മുൻപേ ഉണ്ടായിരുന്നു എങ്കിലും നല്ല രീതിയിൽ പ്രചാരം ലഭിച്ചത് പാർവതി കസബയെ ‘സ്ത്രീ വിരുദ്ധ സിനിമ’ എന്ന് പറഞ്ഞതിന് ശേഷമാണ്. അപ്പോൾ ഫെമിനിച്ചി എന്ന് പറയുന്നത് സ്ത്രീ വിരുദ്ധതക്ക് എതിരെ പറയുന്നവരെയാണോ? അല്ലേയല്ല. അതിലേക്ക് കടക്കുന്നതിന് മുൻപ് പാർവതി പറഞ്ഞ ഈ സംഭവത്തിലേക്ക് എത്തിപ്പെടാനുള്ള കാരണം നോക്കാം.

വിമൻ ഇൻ കലക്ടീവ് എന്ന സംഘടനയിലെ പ്രതിനിധികൾ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിച്ചപ്പോൾ പാർവതി ചൂണ്ടിക്കാണിച്ച മലയാളത്തിലെ സ്ത്രീ വിരുദ്ധത നിറഞ്ഞ ഒരു സിനിമയെ പറ്റിയുള്ള അഭിപ്രായം. കസബ എന്ന മമ്മൂട്ടി സിനിമയിലെ ചില രംഗങ്ങൾ. തുടർന്ന് പാർവതി പറഞ്ഞത് സ്ത്രീ വിരുദ്ധമായ രംഗങ്ങൾ നായകൻ ചെയ്യുമ്പോൾ അത് ഗ്ലോറിഫൈ ആവുകയും അതിലൂടെ സമൂഹത്തിന് ഒരു മോശം സന്ദേശം കിട്ടുകയും ചെയ്യും എന്നാണ്.

പാർവതിക്ക് അഭിപ്രായ സ്വാതന്ത്ര്യം തീർച്ചയായും ഉണ്ട്. അത് പോലെ തന്നെ മമ്മൂട്ടി മഹത്തായ ഒരു അഭിനയ പ്രതിഭാസം ആണെന്നുള്ളത് വിമർശിക്കാൻ ഒരു തടസ്സം ആകാനും പാടില്ല. പിന്നെ കസബ എന്ന സിനിമ ഒരു ഫെസ്റ്റിവൽ/മാസ് ചിത്രം എന്നതിനപ്പുറം മഹത്തായ കലാ സൃഷ്ടി ആണെന്ന് അതിന്റെ പിന്നണി പ്രവർത്തകർ പോലും അവകാശപ്പെടുകയും ചെയ്തിട്ടില്ല. പിന്നെ എന്ത് കൊണ്ടാണ് ഇവിടെ വിവാദം ഉണ്ടായത്?

ഒന്നാമത്തെ കാര്യം. സിനിമയെ സിനിമയായി കാണണം എന്ന് മിനിട്ടിനു മിനിട്ടിനു മുറവിളി കൂട്ടുന്ന, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ആൾക്കാരാണ് ഒരു സിനിമയിൽ എന്ത് വേണം എന്ത് വേണ്ട എന്ന് വാദിക്കുന്നത് എന്നതാണ് ആദ്യത്തെ വിരോധാഭാസം! നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാവും പലപ്പോഴും സിനിമയായി വരിക. അതിൽ സർവഗുണ സമ്പന്നനായ നായകന്മാരുണ്ടാകും, ഉടായിപ്പിന്റെ അങ്ങേയറ്റം കാണിക്കുന്ന നായകന്മാരുണ്ടാകും, പെണ്ണ് പിടിയനും കഞ്ചാവ് അടിക്കുന്നവനും അസന്മാർഗ്ഗികളും നിർഗുണ പര ബ്രഹ്മങ്ങളുമായ നായകന്മാരുമുണ്ടാകും. അതേ പോലെ തന്നെ, സർവഗുണ സമ്പന്നയായ നായികമാരും, വില്ലത്തരങ്ങൾക്കും പീഡനങ്ങൾക്കും കൂട്ടു നിൽക്കുന്ന, കൂട്ടുകാരിയെ ചതിക്കുന്ന, ഒറ്റിക്കൊടുക്കുന്ന, നായകന്റെ ചന്തിയുടെ വലിപ്പം നോക്കുന്ന, ലിംഗം മുറിച്ചെടുക്കുന്ന നായികമാരും ഉണ്ടാകും. കാരണം അതാണ് സിനിമ.

22 ഫീമെയിൽ കോട്ടയത്തിലെ ഒരു സീൻ

നായകൻ എല്ലായ്പോഴും സർവ ഗുണസമ്പന്നൻ ആയിരിക്കണം എന്ന് വാശി പിടിക്കാൻ കഴിയില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന, എല്ലാവരെയും സഹായിക്കുന്ന എന്നാൽ കൂട്ടുകാരുടെ കൂടെ രണ്ട് വഷളത്തരം പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന എത്രയോ ആൺകുട്ടികളും പെൺകുട്ടികളും നമുക്കിടയിൽ തന്നെയുണ്ട്. കൂട്ടുകാരുടെ കൂടെ സ്വകാര്യതയിൽ
രണ്ട് കമന്റ് എതിർ ലിംഗക്കാരെ കുറിച്ച് പറയാത്ത വളരെ ചുരുക്കം പുണ്യവാൻമാരും പുണ്യവതികളും ഒഴിച്ച്. രാജൻ സക്കറിയ എന്ന കഥാപാത്രം തന്നെ ഒരു സ്ത്രീ ലമ്പടനായ
എന്നാൽ തന്റേതായ ഒരു ചിന്താഗതി കൊണ്ട് നടക്കുന്ന ഒരാളാണ്. ഈ പാർവതി പറഞ്ഞ പോലെ അങ്ങനെയൊരാളെ മമ്മൂട്ടി അഭിനയിപ്പിച്ച് കൈയടി നേടുക എന്ന് പറഞ്ഞാൽ അത് അഭിനയ മികവ് കൊണ്ടാണ്. സിഗരറ്റ് കൊണ്ട് കുത്തിയത് സ്നേഹം കൊണ്ടാണ് എന്ന് വിചാരിക്കുന്ന ചുരുക്കം ചിലരൊഴികെ തലയിൽ ആൾത്താമസമുള്ള ആരും കസബ
കണ്ട് കഴിഞ്ഞ് നേരെ പോയി പൊലീസായ സഹ പ്രവർത്തകയുടെ മടിക്കുത്തിന് പിടിക്കുകയോ അല്ലെങ്കിൽ ശരീരം വിറ്റു ജീവിക്കുന്ന ഒരാളെ സ്വന്തം ഭാര്യയാക്കുകയോ ചെയ്യാറില്ല.

അപ്പോൾ ഈ സ്ത്രീ വിരുദ്ധർ ആരാണ്? തനിക്ക് ഒട്ടും ദഹിക്കാത്ത, തന്റെ സങ്കൽപ്പങ്ങൾക്ക്, ചിന്തകൾക്ക് എതിരെയുള്ള ഒരു സ്ത്രീ കഥാപാത്രമുള്ള സിനിമയിൽ കാശ് കിട്ടും എന്നത് കൊണ്ട് മാത്രം സ്ത്രീ ഉന്നമനം പിന്നീട് ആദ്യം കാശ് എന്ന് വിചാരിക്കുന്നവർ. അൽപ സ്വല്പം തുണിയുരിഞ്ഞാൽ കൂടുതൽ കാശ് കിട്ടുമോ എന്ന ചിന്തയിൽ കഥാപാത്രം ആവശ്യപ്പെട്ടാൽ തുണിയുരിയും (അഭിനയ സാധ്യത ഉള്ള ഒന്നാണെങ്കിൽ ശരി ) എന്നു പറഞ്ഞു ഐറ്റം സോങ്ങിലും കാമുകന്റെ കൂടെ ആടിപ്പാടാനും വേണ്ടി തുണി കുറക്കുന്ന അഭിനവ നായികമാർ.

ഫെമിനിസ്റ്റ് ആണെന്ന് ന്യൂസ് കവറേജ് കിട്ടാൻ സാധ്യത ഉള്ളിടത്തെല്ലാം വിളിച്ചു കൂവി, സോഷ്യൽ മീഡിയകളിൽ വെണ്ടക്ക വലിപ്പത്തിൽ എഴുതി വെച്ച് പാവപ്പെട്ട സ്ത്രീകൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ക്രൗൺ പ്ലാസ ഹോട്ടലിൽ ഞങ്ങൾ നാലു ഫെമിനിസ്റ്റുകൾ അതിനെ പറ്റി ഘോര ഘോരം ചർച്ച നടത്തി ഫേസ്ബുക്കിലും ട്വിറ്ററിലും ഇട്ടു, പിന്നെ ന്യൂസ് മേക്കറിന്റെ ചർച്ചയിൽ വിശദീകരിക്കുകയും ചെയ്തു എന്നല്ലാതെ പത്തു പൈസയുടെ ഗുണം സ്ത്രീകൾക്ക് വേണ്ടി ചെയ്യാത്തവർ. അഭിപ്രായ സ്വാതന്ത്ര്യം എന്നു നാഴികക്ക് നാല്പത് വട്ടം വിളിച്ചു കൂവി എതിരഭിപ്രായം ആണെന്ന് തോന്നിയാൽ ഓട് മയിരെ എന്ന വിശ്വ വിഖ്യാതമായ തമിഴിൽ വെറും മുടിയും മലയാളത്തിൽ തെറിയുമായ വാക്ക് വിളിച്ചു കൊണ്ട് മാളത്തിൽ ഒളിക്കുന്ന, ഞാനെന്തൊക്കെയോ ആണ് എന്ന് കാണിക്കാൻ തത്രപ്പെടുന്ന ചില അഭിനേത്രികൾ!

ഇവരൊക്കെ തന്നെയാണ് ഫെമിനിച്ചികളും. താൻ പിടിച്ച മുയലിന്റെ ആസനത്തിൽ വരെ കൊമ്പ് ഉണ്ടെന്ന് പറഞ്ഞു കളയും ഇവർ! പീഡിപ്പിക്കപ്പെട്ട പെണ്കുട്ടികൾക്ക്‌ വേണ്ടി അഹോരാത്രം വാദിക്കും എന്നൊക്കെ ചാനലുകളായ ചാനലിൽ പോയിരുന്നു ചർദ്ദിക്കുമെങ്കിലും തന്നെ ആരാണ് പീഡിപ്പിച്ചതെന്ന് പറയാൻ മാത്രം ആ തിരുവാ ഇതു വരെ തുറന്നു കണ്ടിട്ടില്ല. പറഞ്ഞില്ലെങ്കിൽ ആ പീഡകൻ ഇനിയും പെൺകുട്ടികൾക്ക് പീഡിപ്പിക്കാൻ സാധ്യത ഉണ്ട് എന്നതൊന്നും ഫെമിനിച്ചികൾക്ക് പ്രശ്നമല്ല.

പ്രിയപ്പെട്ട സ്ത്രീ സുഹൃത്തുക്കളെ,

ഫെമിനിസം നല്ലതാണ്. ഇത് പോലെ വാർത്താ പ്രാധാന്യം നേടാൻ നടക്കുന്ന ഫെമിനിച്ചികൾ ഇല്ലെങ്കിൽ.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here