തിരസ്‌കാരവും പുരസ്‌കാരവും ഏറ്റുമുട്ടുമ്പോള്‍

ഗരീബി ഹഠാവോ എന്ന് പതിറ്റാണ്ടുകളായി മുദ്രാവാക്യം മുഴക്കുകയും പട്ടിണി മാറ്റാന്‍ പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്ല് അവതരിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു വീണ്ടും പട്ടിണി മുദ്രാവാക്യം. മോദിയുടെ നേതൃത്വത്തില്‍ രണ്ടാമതും എന്‍ഡിഎ വരുന്നത് തടയാന്‍ നടത്തിയ റാഫേല്‍ അഴിമതി ചീറ്റിപ്പോയതിനു പിന്നാലെ ആഗോള കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കു വേണ്ടി ഫ്രീ മാര്‍ക്കറ്റ് ഇക്കണേിമിയുടെ മൗലികവാദം പ്രചരിപ്പിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള പ്രഫസറിനെയാണ് രാഹുല്‍ ഗാന്ധി വിശ്വസിപ്പിച്ച് അടുത്തപണി എല്‍പ്പിച്ചത്. യുഎസിലെ പ്രശസ്തമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അദ്ധ്യാപകനാണ് അഭിജിത് ബാനര്‍ജി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ന്യായ് എന്ന പേരില്‍ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പു നല്‍കുന്ന പദ്ധതി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനു ഉപദേശം നല്‍കിയ ഇന്തോ-യുഎസ് സാമ്പത്തിക വിദഗ്ദ്ധന്‍ അഭിജിത്ത് ബാനര്‍ജി നോബേല്‍ പുരസ്‌കാരം നേടിയതോടെ മാധ്യമങ്ങളുടെ താരമായി മാറി.

സോഷ്യലിസത്തിന്റെ തോലണിഞ്ഞ് മുതലാളിത്തത്തിനു വേണ്ടി പ്രചാര വേല നടത്തുകയാണെന്ന വിമര്‍ശനമാണ് അഭിജിത്ത് ബാനര്‍ജി നേരിടുന്നത്. വെല്‍ഫയര്‍ ഇക്കണോമിക്‌സിന്റെ യഥാര്‍ത്ഥ പ്രചാരകനാണെങ്കില്‍ കോര്‍പറേറ്റ് ഭീമന്‍മാരുടെ ആഗോള ലോബിയിസ്റ്റായ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുകയില്ല. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പടപൊരുതാനാണ് അദ്ദേഹം കൊല്‍ക്കത്തയിലെ പ്രസിഡന്‍സി, ഡെല്‍ഹിയിലെ ജെഎന്‍യു എന്നിവടങ്ങിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനകാലത്ത് പഠിച്ചിരുന്നത്.

ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമായി നിന്നുകൊണ്ട് സോഷ്യലിസത്തിന്റെ അടിസ്ഥാന പാഠമായ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെക്കുറിച്ച് ഗവേഷണം നടത്തുന്നത് തന്നെ വിരോധാഭാസമല്ലേ. ജനങ്ങളുടെ പട്ടിണി മാറ്റുക എന്നത് മുതലാളിത്ത സങ്കല്‍പ്പത്തിലെ സാമൂഹിക ശാസ്ത്രത്തിലുള്ള അദ്ധ്യായമല്ല. സര്‍വ്വവും സ്റ്റേറ്റിന്റെ സ്വന്തമായുള്ള വ്യവസ്ഥിതിയിലെ പൊതുജനത്തിന് ജീവിക്കാനായി സര്‍ക്കാര്‍ നല്‍കുന്ന മിനിമം വരുമാന ഗ്യാരണ്ടിയാണ് അഭിജിത്ത് ബാനര്‍ജിയുടെ ഗവേഷണമേഖല.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായി അവതരിപ്പിച്ച ന്യായ് പദ്ധതി ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ബാനര്‍ജിയായിരുന്നു കോണ്‍ഗ്രസിന്റെ ഉപദേഷ്ടാവ്. രാജ്യത്തെ ഏറ്റവും ദരിദ്രരായ 20ശതമാനം ജനങ്ങളെ മാത്രമാണ് പദ്ധതി ലക്ഷ്യം വെച്ചത്. പ്രതിമാസം ഇവരിലോരോര്‍ത്തര്‍ക്കും ആറായിരം രൂപ മിനിമം പ്രതിമാസവരുമാനം സര്‍ക്കാര്‍ നല്‍കും. ഇതിനായി വേണ്ടി വരുന്ന ചെലവ് സമ്പന്നരായ ബിസിനസ്‌കാരില്‍ നിന്നും ശമ്പളം വാങ്ങിക്കുന്ന മധ്യവര്‍ഗക്കാരില്‍ നിന്നും കനത്ത നികുതി ഈടാക്കി പിരിച്ചെടുക്കും.

പ്രതിവര്‍ഷം സര്‍ക്കാരിന് ചെലവ് 3.6 ലക്ഷം കോടി രൂപ. രാജ്യത്തിന്റെ മൊത്തം ചെലവിന്റെ 14 ശതമാനം വരും ഇത്. കേന്ദ്ര സര്‍ക്കാരിന്റെ ആകെ വരുമാനം ജിഡിപിയുടപത്തു ശതമാനം. ന്യായ് പദ്ധതിക്ക് വേണ്ടത് ജിഡിപിയുട രണ്ട് ശതമാനം.

നികുതി ഭീകരതയിലൂടെ പിരിച്ചെടുത്ത് സ്വരൂപിക്കുന്ന പണം. യഥാര്‍ത്ഥ അര്‍ഹര്‍ക്ക് ലഭിക്കുമെന്ന കാര്യത്തിന് യാതൊരു ഉറപ്പുമില്ല. ഇതിനായി മോദി ആവിഷ്‌കരിച്ച ജനധന്‍ യോജന മാത്രമാണ് കോണ്‍ഗ്രസിന് ആശ്രയിക്കാനായുണ്ടായിരുന്നത്.

പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ തോമസ് പിക്കിറ്റിക്ക് ഇതിലും സുന്ദരമായ നടക്കാത്ത സ്വപ്‌നപദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാള്‍ മാര്‍ക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത് സമ്പന്നരില്‍ നിന്നും എണ്‍പതു ശതമാനം ആദായ നികുതി പിരിക്കുക എന്ന നിര്‍ദ്ദേശമാണ്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇദ്ദേഹത്തേയും കണ്‍സള്‍ട്ട് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിനു മുമ്പ് ആന്റി കോര്‍പറേറ്റ് നയവും നിലപാടും സ്വീകരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പാവപ്പെട്ടവരുടെ വോട്ടുനേടി അധികാരത്തിലേറി കഴിഞ്ഞാല്‍ അടുത്ത അഞ്ചു വര്‍ഷവും ചങ്ങാത്ത മുതലാളിത്തത്തിന്റെ അടവു നയം നടപ്പിലാക്കുന്നവരായി മാറും. പട്ടിണിയെ വോട്ടുബാങ്കായി കാണുന്ന രാഷ്ട്രീയമാണ് ഇത്രയും കാലം കോണ്‍ഗ്രസ് നടപ്പിലാക്കി വന്നത്.

എന്നാല്‍, പ്രബുദ്ധരായ ജനത അഭിജിത്ത് ബാനര്‍ജിയുടെ പ്രഫഷണലിസത്തെയും തോമസ് പിക്കറ്റിയുടെ യുടോപ്യന്‍ നികുതി പരിഷ്‌ക്കാരത്തേയും പാടേ തള്ളി. രാഷ്ട്രീയത്തിലെ റോബിന്‍ ഹുഡ് വേഷമണിഞ്ഞെത്തി ഒടുവില്‍ ഫ്‌ളോപ് സിനിമയിലെ നായകനായ രാഹുല്‍ ഇളിഭ്യനായി ബാങ്കോക്കിലേക്കോ മറ്റോ പറന്നു.

മോദി വിരോധം മൂത്ത് വിദേശമാധ്യമങ്ങളിലും മറ്റും പതിവായി ഇന്ത്യാവിരുദ്ധ ലേഖനങ്ങള്‍ എഴുതി വിടുന്ന അഭിജിത്ത് ബാനര്‍ജിക്ക് ധനതത്വശാസ്ത്രത്തേക്കാളേറെഇണങ്ങുക രാഷ്ട്രമീമാംസയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭിജിത്ത് ബാനര്‍ജിയുടേതായി വന്ന ലേഖനങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇത് മനസിലാക്കാനാകും. യഥാര്‍ത്ഥ മോദി വിരുദ്ധനായ ഒരാളെയാണ് രാഹുലും അന്വേഷിച്ചു നടന്നത്.

നോബല്‍പുരസ്‌കാരത്തിന് വൈദഗ്ദ്ധ്യമായിരുന്നു മാനദണ്ഡമാക്കിയിരുന്നതെങ്കില്‍ ഇതൊക്കെ ലഭിക്കുന്നതിന് നൂറുകണക്കിന് പ്രതിഭകകള്‍ യുഎസ്-യൂറോപ്പ് ഭൂഖണ്ഡങ്ങള്‍ക്ക് പുറത്ത് യോഗ്യരായി ഉണ്ടായിരുന്നു. പക്ഷേ, ഇവര്‍ക്കൊന്നും നോബേല്‍ പുരസ്‌കാരം ലഭിക്കില്ല. ഇക്കണോമിക്‌സ്, സാഹിത്യം പിന്നെ സമാധാനം ഇവയ്ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപ്രചാരണത്തിനു വേണ്ടി മാത്രമുള്ളതാണ്.

ഒരു നൂറ്റാണ്ടിനു മുമ്പ് നോബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്ന പതിവ് ആരംഭിച്ചപ്പോള്‍ ഊര്‍ജ്ജ തന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ പ്രതിഭകളെയാണ് തെരഞ്ഞെടുത്തിരുന്നത്.

ഇവയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രതിഭയെച്ചൊല്ലി വിവാദമൊന്നും ഉയരുക പതിവുമില്ല. എന്നാല്‍, പിന്നീട് സ്വീഡിഷ് അക്കാദമി രാഷ്ട്രീയ ചായ് വുകളുടേയും ലോബിയിംഗിന്റേയും ഭാഗമായി സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നിവയ്ക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. ഇതില്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയത് സ്വീഡിഷ് സെന്‍ട്രല്‍ ബാങ്കാണ്. പുരസ്‌കാരം ബാങ്കിന്റെ സ്വന്തം പേരിലുമുള്ളതാണ്. സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുന്നു എന്നു മാത്രം.

ബാനര്ജിക്ക് നോബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി ട്വീറ്റുചെയ്തു. പുരസ്‌കാരത്തിന്റെ പേര് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇതിനുള്ളില്‍ പൊതിഞ്ഞുവെച്ച പരിഹാസത്തെ ചില മാധ്യമങ്ങള്‍ എടുത്തുകാട്ടുകയും ചെയ്തു.

ഇതിനു മുമ്പ് സാമ്പത്തിക ശാസ്ത്രത്തിന് പുരസ്‌കാരം ലഭിച്ച അമര്‍ത്യസെന്നും മോദി വിരോധിയാണെന്നത് യാദൃശ്ചികമൊന്നുമല്ല. ഇവരുടെയെല്ലാം സ്വഭാവസവിശേഷതയില്‍ ഏറിയും കുറഞ്ഞും ഇന്ത്യയെ ഇകഴ്ത്തുക എന്ന പാക്കേജ് അടങ്ങിയിട്ടുണ്ടാകും. ഇന്ത്യയെ ആഗോള ശക്തിയായി അംഗീകരിക്കാന്‍ വൈമനസ്യമുള്ള പാശ്ചാത്യ ലോകത്തിന് വേണ്ടിയാണ് ഇവരുടെ പ്രവര്‍ത്തനം.

ഇന്ത്യയിലെ പട്ടിണിയും പോഷകാഹാരക്കുറവും മറ്റും ഹൈലൈറ്റ് ചെയ്യുന്നത് ഇവരിലുടെയാണ്. ഇന്ത്യ ബഹിാാകാശ ശക്തിയാകുന്നതിനെ അംഗീകരിക്കാന്‍ കഴിയാത്ത പാശ്ചാത്യ ശക്തികള്‍ വെല്‍ഫെയര്‍ ഇക്കണോമിക്‌സിന്റെ പ്രചാരകന്‍മാര്‍ക്ക് നോബലിലൂുടെ അംഗീകാരം നല്‍കുന്നത് സംശയത്തോടെയാണ് കാണേണ്ടത്. നോബേല്‍ പുരസ്‌കാരത്തിന്റെ ചരിത്രത്തില്‍ വെല്‍ഫെയര്‍ ഇക്കണോമിക്‌സിന്റെ പക്ഷം പിടിച്ച അമര്‍ത്യാസെന്നിനും അഭിജിത്ത് ബാനര്ജിക്കും മാത്രമാണ് പുരസ്‌കാരയോഗ്യത ലഭിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു പേരും ഇന്ത്യന്‍ വംശജരാണെന്നത് മാത്രമാണ് ഇതിനു കാരണം. മറ്റവസരങ്ങളിലെല്ലാം ഫ്രീ മാര്‍ക്കറ്റ് ഇക്കണോമിയുടെ വക്താക്കള്‍ക്ക് മാത്രമാണ് നോബേല്‍ സമിതി പുരസ്‌കാരം നല്‍കിയിരുന്നത്.

മൂന്നാം ലോകത്തിന്റെ തടവറയില്‍ ഇന്ത്യയെ തളച്ചിടുന്നതിനുള്ള ശ്രമമാണ് ഈ ലോബിയിസ്റ്റുകള്‍ ചെയ്യുന്നത്. സത്യാര്‍ത്ഥിയ്ക്ക് സമാധാനത്തിനുള്ള നോബെല്‍ പുരസ്‌കാരം നല്‍കിയപ്പോഴും പിന്നിലെ ചേതോവികാരം വേറൊന്നായിരുന്നില്ല. ഇന്ത്യയിലെ തൊഴില്‍ശാലകളിലെ ബാലവേലയെ ആഗോള വേദിയില്‍ ഹൈലൈറ്റ് ചെയ്യുക എന്ന ഗൂഢലക്ഷ്യമായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചത്

മഹാത്മാഗാന്ധിയെ പരിഗണിക്കാത്ത അക്കാദമിയാണ് സത്യാര്‍ത്ഥിയെ ലോകസമാധാനത്തിന്റെ അപ്പസ്തലനായി അവതരിപ്പിച്ച് പുരസ്‌കാരം നല്‍കിയത്.. യുദ്ധത്തിനു മുന്‍കൈ എടുത്ത രാഷ്ട്ര നേതാക്കളായ ഹെന്‍ റി കിസിന്‍ജറും,. യാസര്‍ അരാഫതും, മിഖായേല്‍ ഗോര്‍ബച്ചോവും, ഷിമോണ്‍ പെരസും ബാരാക് ഒബാമയും എല്ലാം ഈ സമാധാന സമ്മാനത്തിന് അര്‍ഹരായിരിട്ടുണ്ട്. ജിമ്മി കാര്‍ട്ടര്‍, അല്‍ ഗോര്‍ എന്നിവര്‍ സമാധാനസമ്മാനം നേടിയത് ലോബിയിംഗിന്റെ ഭാഗമായിത്തന്നെയെന്ന് വിശ്വസിക്കേണ്ടിവരും. ലോകസമാധാനത്തിന് ഇവരൊക്കെ നല്‍കിയ സംഭാവന മഷിയിട്ടു നോക്കിയാല്‍ കാണാനാവില്ലെന്നതാണ് സത്യം.

1969 ലാണ് ധനതത്വശാസ്ത്രത്തിന് സ്വീഡിഷ് അക്കാദമി പുരസ്‌കാരം നല്‍കി തുടങ്ങിയത്. സ്വെറിജെസ് റിക്‌സ്ബാങ്ക് പുരസ്‌കാരമെന്നാണ് ഇത് അറിയപ്പെടുന്നത്. സ്വീഡനിലെ സെന്‍ട്രല്‍ ബാങ്കാണ് ഇത് ഏര്‍പ്പെടുത്തിയത്.

കോര്‍പറേറ്റ് ലോബിയിംഗിന്റെ ഭാഗമായാണ് പലര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്. സാമ്പത്തിക ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ജോണ്‍ നാഷിന് 1994ലുംം ഡാനിയല്‍ കാഹ് മെന്നിന് 2002 ലും സ്വീഡിഷ് അക്കാദമി ഇക്കണോമികിസിന് പുരസ്‌കാരം നല്‍കിയ വിചിത്ര ചരിത്രവുമുണ്ട്.

ഇക്കണോമിക്‌സിന് നല്‍കിയ പുരസ്‌കാരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ 80 ശതമാനവും യുഎസ- യുറോപ്പ് പൗരന്‍മാര്‍ക്കാണ് ഇത് ലഭിച്ചിട്ടുള്ളതെന്ന് കാണാം. യൂറോപ്പിനു വെളിയില്‍ പ്രത്യേകിച്ച് ജപ്പാന്‍, കൊറിയ, ചൈന. തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധരെ ബോധപൂര്‍വ്വം ഇവര്‍ തഴയുന്നതായും കാണാം.

ഫ്രീ മാര്‍ക്കറ്റ് ഇക്കണോമിക്ക് വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യക്കാരായ ജഗദീഷ് ഭഗവതിയേയോ. ബിആര്‍ ഷേണായിയേയാ സ്വീഡിഷ് അക്കാദമി അംഗീകരിച്ചിട്ടില്ല. എന്നാല്‍, ജഗദീഷ് ഭഗവതിയുടെ ശിഷ്യന്‍ പോള്‍ കിര്‍ഗ്മാന് ഇദ്ദേഹത്തിന്റെ തീസിസുകള്‍ ഉപയോഗിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നോബേല്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

വിദേശ ദാര്‍ശനിക സിദ്ധാന്തങ്ങള്‍ക്കു ബദലായി ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ സാമൂഹിക ശാസ്ത്ര ദര്‍ശനം ഇവിടെത്തന്നെ പിറവിയെടുത്തിട്ടുള്ളപ്പോള്‍ എന്തിന് അഭിജിത്ത് ബാനര്‍ജിയുടെ കടംകൊണ്ട പാക്കേജുകള്‍ .

പാശ്ചാത്യ ലോകത്തിന്റെ വ്യക്തി അധിഷ്ഠിതമായ മുതലാളിത്തത്തേയോ, മനുഷ്യനെ ഉള്ളവനന്നും ഇല്ലാത്തവനെന്നും തരംതിരിച്ച് സമരമുഖം തുറക്കുന്ന വര്‍ഗസിദ്ധാന്തമായ സോഷ്യലിസത്തേയോ അംഗീകരിക്കാതെ മനുഷ്യനെന്ന സാമൂഹ്യജീവിയെ കേന്ദ്രീകരിച്ച് വിവേചനമില്ലാതെ എല്ലാ ഗുണഫലങ്ങളും അവസാനത്തയാളിനും ലഭ്യമാക്കുന്ന ഇന്റഗ്രല്‍ ഹ്യുമനിസമാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവെച്ച സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ദര്‍ശനം.

കേവല ലൗകിക ലക്ഷ്യങ്ങള്‍ക്കുപരി, മനസിനും ശരീരത്തിനുമപ്പുറം ബുദ്ധിയും ആത്മാവും ചേര്‍ന്ന സമഗ്ര മാനവ ദര്‍ശനമാണിത്. അന്ത്യോദയ എന്ന തത്വത്തിലൂന്നിയാണ് ദാരിദ്ര്യനിര്‍മാര്‍ജ്ജനം. വ്യവസായവല്‍ക്കരണത്തിലൂന്നി സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന നെഹ് റൂവിയന്‍ സാമ്പത്തിക തത്വത്തെ തള്ളുന്നതാണ് ദീനദയാല്‍ ദര്‍ശനം.

അഭിജിത്ത് ബാനര്‍ജിയുടേതു പോലെ മധ്യവര്‍ഗത്തെയും സമ്പന്നരേയും നികുതി ഭീകരവാദത്തിലൂടെ പിഴിഞ്ഞെടുത്ത പണം ഉപയോഗിച്ച് ദരിദ്രര്‍ക്ക് പണം നല്‍കുന്ന വിഭാഗീയമായ ചിന്തയല്ല ഇന്ത്യക്ക് അഭികാമ്യം. സബ് കാ സാഥ് എന്ന തത്വമാണ് മോദി സര്‍ക്കാരിനെ നയിക്കുന്നത്. പട്ടിണിയെ വോട്ട് ബാങ്കാക്കി നിര്‍ത്തിയാലെ ദരിദ്രകോടികളുടെ പിന്തുണ എന്നും ലഭിക്കുകയുള്ളുവെന്ന കോണ്‍ഗ്രസ് തിരിച്ചറിവല്ല മോദിയെ നയിക്കുന്നത്.

ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ജീവിതസാഹചര്യങ്ങളാണ് മാറ്റേണ്ടത്. പ്രാഥമിക കൃത്യത്തിനുള്ള ശൗചാലയവും വൈദ്യുതിയും റോഡുകള്‍ പോലുള്ള അടിസ്ഥാന സൗകര്യവും തലചായ്ക്കാന്‍ വീടും ഒരുക്കിയ ശേഷമാണ് മോദി സര്‍ക്കാര്‍ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിവിധ സബ്‌സിഡികള്‍ നേരിട്ട് എത്തിക്കുന്നത്.

കര്‍ഷകര്‍ക്ക് മിനിമം വരുമാനം പദ്ധതി മോദി നടപ്പിലാക്കി കഴിഞ്ഞു. ചെറുകിടവ്യാപാരികള്‍ക്ക് വേണ്ടി പെന്‍ഷന്‍ പദ്ധതിയും വരുമാനം കുറഞ്ഞവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായസൗകര്യം ലഭിക്കുന്നതിന് ആയൂഷ് മാന്‍ ഭാരത് എന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും മോദി സര്‍ക്കാര്‍ ഒരുക്കിക്കഴിഞ്ഞു.

ഖജനാവിന് വന്‍ സാമ്പത്തിക ഭാരം വരുത്തിവെയ്ക്കുന്ന ന്യായ് എന്ന പദ്ധതിയുടെ പരിമിതികള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു തന്നെ ജനം ചര്‍ച്ച ചെയ്തിരുന്നു. ഒറ്റമൂലി പ്രയോഗമൊന്നും മാരക രോഗങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് മനസിലാക്കിയ പൊതുജനം അഭിജിത്ത് ബാനര്‍ജിയുടെ നിര്‍ദ്ദേശത്തെ തള്ളി..

ഇന്ത്യന്‍ ജനത തള്ളിയ നിര്‍ദ്ദേശത്തിന് ഇപ്പോള്‍ നോബേല്‍ പുരസ്‌കാര സമിതി അംഗീകാരം നല്‍കിയെങ്കില്‍ മുന്‍പ് സൂചിപ്പിച്ച പോലെ ലോബിയിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. പുരസ്‌കാരം ലഭിച്ചയുടനെ നടത്തിയ മാധ്യമ അഭിമുഖത്തിലെല്ലാം ഇന്ത്യന്‍ ഇക്കണോമിയെ താഴ്ത്തിക്കെട്ടാന്‍ അഭിജിത്ത് ശ്രമി്ച്ചിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യ വേളയിലും ലോകത്തിലെ ഏറ്റവും ത്വരിതഗതിയില്‍ വളരുന്ന ഇക്കണോമി ഇന്ത്യയാണൈന്ന് ഐഎംഎഫ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു.. 2020 യില്‍ ഇന്ത്യ ഏഴു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫ് പറയുന്നു.

പക്ഷേ, ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന നാരേറ്റീവ് ആവര്‍ത്തിച്ചു പറയുകയാണ് അഭിജിത്ത് ബാനര്‍ജി. എന്‍ഡിഎ സര്‍ക്കാരിനെതിരെ നിരന്തരം ലേഖനങ്ങള്‍ എഴുതുകയും കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഭിജിത് ബാനര്‍ജിയെ ബിജെപി മന്ത്രിമാരും നേതാക്കളും വിമര്‍ശിച്ചത് മൃദുവായ തലോടല്‍ പോലെയായിരുന്നു. മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത് അദ്ദേഹത്തിന് ഇടതു ചായ് വുണ്ടെന്ന് മാത്രമാണ്. ബംഗാിലെ ചില നേതാക്കള്‍ വ്യക്തിപരമായി പരാമര്‍ശം നടത്തിയെങ്കിലും രാഷ്ട്രീയക്കാരനായ സാമ്പത്തിക ശാസ്ത്രജ്ഞന് ലഭിക്കുന്ന പൊതുവായ മറുപടികള്‍ മാത്രമായി ഇതിനെ കണ്ടാല്‍ മതിയാകും.

മോദിയെ ഇന്ത്യന്‍ ജനത തിരഞ്ഞെടുത്തത് മറ്റ് യോഗ്യരായ നേതാക്കള്‍ ഇല്ലാഞ്ഞിട്ടാണെന്നു പോലും അഭിപ്രായപ്പെട്ട അഭിജിത്തിനെ ഇതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ബിജെപിക്കാരായ നേതാക്കള്‍ ബാധ്യസ്ഥരാണ്. ഇന്ത്യയിലെ സര്‍ക്കാരിനേതിരെ സംസാരിക്കുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം ഇപ്പോള്‍ ഡെല്‍ഹിയിലെത്തി ടെലിവിഷന്‍ സ്റ്റുുഡിയോകളില്‍ പറന്നു നടന്ന് അഭിമുഖങ്ങള്‍ നല്‍കുന്നത്. മറ്റാര്‍ക്കോ വേണ്ടി പ്രചാരവേല നടത്തുന്ന ഇത്തരം അജണ്ടകളെയും പ്രവര്‍ത്തനങ്ങളേയും ഇന്ത്യന്‍ ജനത ഇപ്പോള്‍ അവഗണിക്കാന്‍ പഠിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here